ADVERTISEMENT

ന്യൂയോർക്ക് ∙ യുഎസിലെ ഇൻഡ്യാനപ്പലിസിൽ അക്രമി വെടിവച്ചു കൊന്ന 8 പേരിൽ നാല് പേർ ഇന്ത്യക്കാരെന്ന് സൂചന. ഇൻഡ്യാനപ്പലിസിലെ സിഖ് വിഭാഗത്തിൽ പെട്ടവരാണ് മരിച്ച നാല് പേരെന്നും സിഖ് സമുദായിക നേതാവിനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചെന്നും സിഖ് സമുദായിക നേതാവ് ഗുരിന്ദർ സിങ് ഖൽസ മാധ്യമങ്ങളോട് പറഞ്ഞു. 

ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ തന്റെ മുത്തശ്ശിയും ഉൾപ്പെട്ടതായി ഇൻഡ്യാനപ്പലിസിലെ നിയമ വിദ്യാർഥി രാജ്യാന്തര മാധ്യമത്തോട് പറഞ്ഞു. എന്നാൽ ഇൻഡ്യാനപ്പലിസ് പൊലീസ് ഈ വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 

ഇൻഡ്യാനപ്പലിസ് രാജ്യാന്തര വിമാനത്താവളത്തിനു സമീപം ഡെലിവറി സർവീസ് കമ്പനി ഫെഡെക്സിന്റെ കേന്ദ്രത്തിൽ വ്യാഴാഴ്ച അർധരാത്രിയിൽ നടന്ന വെടിവയ്പിൽ ഗുരുതരമായി പരുക്കേറ്റ ഒരാളടക്കം 5 പേർ ആശുപത്രിയിലാണ്. ഇതിൽ ഇന്ത്യൻ വംശജനായ ഒരു കുട്ടിയുമുണ്ട്. കൊല്ലപ്പെട്ടവരിൽ ഫെഡെക്സ് ജീവനക്കാരുമുണ്ടെന്നു കമ്പനി അറിയിച്ചു.

കോവിഡ് വ്യാപനത്തെത്തുടർന്ന് 2020 ൽ യുഎസിൽ വെടിവയ്പ്പുകൾ കുറഞ്ഞിരുന്നെങ്കിൽ ഈ വർഷം വർധിക്കുകയാണ്. 2021ൽ ഇതുവരെ 147 വെടിവയ്പ് അക്രമങ്ങളാണുണ്ടായത്. കഴിഞ്ഞ മാസം രാജ്യത്തു വെടിവയ്പ്പിൽ മുപ്പതിലേറെപ്പേരാണു കൊല്ലപ്പെട്ടതെന്ന് ഇൻഡ്യാനപ്പലിസ് പൊലീസ് വക്താവ് ജെനെ കുക്ക് പറഞ്ഞു.

മാർച്ച് 16ന് അറ്റ്ലാന്റയിലെ മസാജ് കേന്ദ്രത്തിൽ യുവാവു നടത്തിയ വെടിവയ്പ്പിൽ ഏഷ്യൻ വംശജരായ 6 സ്ത്രീകളടക്കം 8 പേർ കൊല്ലപ്പെട്ടിരുന്നു. ഒരാഴ്ച കഴിഞ്ഞ് കൊളറാഡോയിലെ സൂപ്പർ മാർക്കറ്റിലുണ്ടായ വെടിവയ്‌പ്പിൽ പൊലീസ് ഉദ്യോഗസ്ഥനടക്കം 10 പേർ കൊല്ലപ്പെട്ടു. തൊട്ടുപിന്നാലെ ദക്ഷിണ കലിഫോർണിയയിൽ ഓഫിസ് കെട്ടിടത്തിലെ വെടിവയ്പ്പിൽ 4 പേർക്കു ജീവൻ നഷ്ടമായി.

English Summary: Four members of Sikh community among dead in Indianapolis FedEx shooting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com