ADVERTISEMENT

കൊല്ലം∙ കോവിഡിന്റെ രണ്ടാം തരംഗം രാജ്യമെങ്ങും വൻ പ്രതിസന്ധി തീർക്കുകയാണ്. കഴിഞ്ഞ വർഷത്തേക്കാൾ മാരകമായി രോഗം പലരെയും ബാധിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്യുകയാണ്. നിസാരമായി കാണരുത് എന്ന് അനുഭവത്തിൽ നിന്നും വ്യക്തമാക്കി രംഗത്തെത്തുകയാണ് കെ.ബി ഗണേഷ് കുമാർ എംഎൽഎ.

കോവിഡ് മുക്തനായ ശേഷം തനിക്ക് നേരിടേണ്ടി വന്ന അനുഭവം അദ്ദേഹം വിഡിയോ പങ്കുവച്ച് തുറന്നു പറയുന്നു. ‘രോഗം വന്നവർക്ക് ഇത് അറിയാം. ചിലർക്ക് വല്യ പ്രശ്നങ്ങളില്ലാതെ വന്നു പോകുമെങ്കിലും ഇത് ന്യുമോണിയയിലേക്കും മറ്റും കടക്കുന്നൊരു അവസ്ഥ വന്നാൽ മരണത്തെ മുഖാമുഖം കാണുന്ന സ്ഥിതിയുണ്ടാകും.

മറ്റു രോഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ രോഗത്തിന് നമ്മൾ ആശുപത്രിയിൽ കിടന്നാൽ ഒരു മുറിയിൽ കിടക്കാനെ കഴിയൂ. സഹായത്തിന് ഒരു ബൈസ്റ്റാൻഡറു പോലും ഉണ്ടാവില്ല. പിപിഇ കിറ്റ് ധരിച്ച ഡോക്ടർമാരുടെയും നഴ്സുമാരുടെയും പരിചരണം മാത്രമേ ഉണ്ടാകൂ. അവരുടെപോലും മുഖം തിരിച്ചറിയാനാകില്ല. ബന്ധുക്കളോ സുഹൃത്തുക്കളോ ആരും ഒപ്പമുണ്ടാകില്ല.

രോഗത്തിന്റെ സ്വഭാവം എപ്പോൾ വേണമെങ്കിലും മാറാം. ഒറ്റപ്പെട്ട മാനസികാവസ്ഥയിൽ പ്രാർഥനയും ദൈവവും മാത്രമേയുള്ളൂ. നിങ്ങൾ വളരെയധികം ശ്രദ്ധിക്കാനായാണ് ഞാൻ ഇത് പറയുന്നത്. നിസ്സാരമായി ഈ രോഗത്തെ കാണരുത്. ഇത് നമ്മളെ ശാരീരികമായും മാനസികമായും ആകെ തളർത്തും. വന്നു കഴിഞ്ഞു ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിലും നല്ലത് വരാതിരിക്കാൻ കരുതൽ എടുക്കുന്നതാണ്.’– ഗണേഷ് പറ‍ഞ്ഞു. ഒറ്റപ്പെട്ടുപോകുമെന്നും പരിചയമുള്ള ഒരു മുഖവും സഹായത്തിന് ഉണ്ടാവില്ലെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. നിസാരമായി എടുക്കരുതെന്ന് ആവർത്തിച്ച് ഓർമിപ്പിക്കുന്നുണ്ട് അദ്ദേഹം.

English Summary : KB Ganesh Kumar MLA shares his covid experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com