ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തില്‍ വരും ദിവസങ്ങളില്‍ കോവിഡ് വ്യാപനം വന്‍തോതില്‍ ഉയര്‍ന്നേക്കാമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ചികിത്സാ സംവിധാനങ്ങള്‍ സജ്ജമെന്ന് വിലയിരുത്തിയ ആരോഗ്യമന്ത്രി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാട്ടുകാരുടെ പൂര്‍ണ സഹകരണം വേണമെന്നും അഭ്യര്‍ഥിച്ചു. അമ്പത് ലക്ഷം ഡോസ് വാക്സീന്‍ ലഭിച്ചില്ലെങ്കില്‍ മെഗാ ക്യാംപുകള്‍ മുടങ്ങുമെന്ന ആശങ്കയും കേരളം കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിച്ചു.

ഓരോ ദിനവും രോഗവ്യാപനം കൂടുകയാണ്. രണ്ടാം തരംഗത്തെ പ്രതിരോധിക്കാന്‍ പരിശോധന വര്‍ധിപ്പിക്കുകയെന്ന തീരുമാനമാണ് ആരോഗ്യവകുപ്പ് ആദ്യം സ്വീകരിച്ചത്. രണ്ട് ദിവസം കൊണ്ട് രണ്ടരലക്ഷം പരിശോധനയെന്ന ലക്ഷ്യം വിജയകരമായി. ഇതിന്റെ ഫലം കൂടി വരുന്നതോടെ പ്രതിദിന രോഗബാധ ഇരുപതിനായിരത്തിന് മുകളിലെത്തിയേക്കാം. അതില്‍ രോഗലക്ഷണമില്ലാത്തവരെ ക്വാറന്റീന്‍ സൗകര്യമു‌ണ്ടെങ്കില്‍ വീട്ടിലേക്കും രോഗലക്ഷണമുള്ളവരെ കോവിഡ് കേന്ദ്രത്തിലേക്കും മാറ്റും. ഗുരുതര രോഗലക്ഷണമുള്ളവരെ മാത്രമേ ആശുപത്രികളിലാക്കൂ. രോഗവ്യാപനം കൂടിയാലും ഗുരുതര രോഗലക്ഷണമുള്ളവര്‍ കുറവായിരിക്കുമെന്നാണു സര്‍ക്കാരിന്റെ പ്രതീക്ഷ.

വാക്സീനേഷനാണ് പ്രതിരോധത്തിന്റെ മറ്റൊരു മാര്‍ഗം. ഇന്നലെ രണ്ട് ലക്ഷം ഡോസുകള്‍ കൂടിയെത്തിയതോടെ ഇന്ന് ക്യാംപുകള്‍ സജീവമായെങ്കിലും ഇനി അഞ്ചരലക്ഷത്തോളം ഡോസ് മാത്രമാണ് അവശേഷിക്കുന്നത്. ഓക്സിജന്‍ ഉള്‍പ്പെടെ മരുന്നുകള്‍ക്കൊന്നും നിലവില്‍ ക്ഷാമമില്ലെങ്കിലും രോഗവ്യാപനം കൂടുന്നതനുസരിച്ചു കൂടുതല്‍ ലഭ്യത ഉറപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള അവലോകനയോഗത്തില്‍ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

English Summary: Covid spread, health department in high alert

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com