ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് ലക്ഷണങ്ങൾ കൂടുതലുള്ള സി കാറ്റഗറിയിൽപ്പെട്ട രോഗികളെ മെഡിക്കൽ കോളജിലേക്കു മാറ്റുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ലക്ഷണങ്ങൾ ഇല്ലാത്തവരെ വീട്ടിൽ നിരീക്ഷണത്തിൽ പാർപ്പിക്കും. ശുചിമുറി സൗകര്യം ഉള്ള മുറികൾ ഇല്ലെങ്കിൽ ഇവരെ പഞ്ചായത്ത് കെയർ സെന്ററിലേക്ക് അയയ്ക്കും. ഇതിനു തദ്ദേശസ്ഥാപനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്.

ചെറിയ ലക്ഷണങ്ങളുള്ള ബി വിഭാഗത്തിൽപ്പെട്ടവരെ ജില്ലാ ആശുപത്രിയിലേക്കു മാറ്റും. കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തുറക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ടര ലക്ഷം പേരുടെ പരിശോധനാഫലം പുറത്തുവരുമ്പോൾ മാത്രമേ സി വിഭാഗത്തിൽ എത്ര പേർ ഉണ്ടെന്നു പറയാൻ കഴിയൂ. ഈ വിഭാഗത്തിൽ ആളുകൾ കുറയാനാണു സാധ്യത.

കേന്ദ്ര സർക്കാർ കൂടുതൽ വാക്സീൻ തന്നില്ലെങ്കിൽ വാക്സിനേഷൻ ക്യാംപുകൾ മുടങ്ങുമെന്നു ആരോഗ്യമന്ത്രി പറഞ്ഞു. കേരളത്തിൽ 89% പേർക്കും കോവിഡ് വന്നിട്ടില്ല. അതിനാലാണ് വാക്സിനേഷൻ കൂട്ടുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ കോവിഡ് ഏതുവരെയും പോകുന്ന സാഹചര്യം നേരത്തെയും ഉണ്ട് ഇപ്പോഴും ഉണ്ട്. ജനങ്ങൾ സഹകരിക്കുകയും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുകയും ചെയ്താൽ അസുഖത്തെ നിയന്ത്രിക്കാൻ ആകുമെന്നും മന്ത്രി പറഞ്ഞു.

കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീർക്കും. രാജ്യത്ത് കോവിഡ് വ്യാപനത്തിൽ വൻ വർധനയുണ്ടെന്നാണ് വിലയിരുത്തൽ. കേരളത്തിൽ പരിശോധനകൾ വർധിപ്പിച്ചു. കൂട്ടപ്പരിശോധനാ ഫലം വന്നാലും രോഗികളെ പരിചരിക്കാൻ കേരളം സജ്ജമാണ്. 50 ലക്ഷം ഡോസ് വാക്സീനുകൾ ഉടൻ സംസ്ഥാനത്തിനു വേണം. അഞ്ചര ലക്ഷം മാത്രമേ സ്റ്റോക്കുള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്ത് കോവിഡ് വാക്സീൻ എടുക്കാനുള്ള തിരക്ക്. ചിത്രം: മനോജ് ചേമഞ്ചേരി
തിരുവനന്തപുരത്ത് കോവിഡ് വാക്സീൻ എടുക്കാനുള്ള തിരക്ക്. ചിത്രം: മനോജ് ചേമഞ്ചേരി

അതേസമയം, കോവിഡ് കൂട്ടപ്പരിശോധനയുടെ ഫലം ഇന്ന് പ്രസിദ്ധീകരിച്ചേക്കും. രോഗവ്യാപന നിരക്ക് ഉയര്‍ന്നാല്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് ആലോചന. അതിനിടെ ഇന്നലെ രണ്ട് ലക്ഷം ഡോസ് കൂടിയെത്തിയതോടെ വാക്സീന്‍ ക്ഷാമത്തിനു താല്‍കാലിക പരിഹാരമായി.

രണ്ടാം തരംഗത്തെ പ്രതിരോധിക്കാന്‍ കേരളം പരീക്ഷിക്കുന്ന ആദ്യ ആയുധങ്ങളാണ് കൂട്ടപ്പരിശോധനയും കൂട്ടവാക്സിനേഷനും. ഇവ രണ്ടും ഇതുവരെ കാര്യക്ഷമമായി പുരോഗമിക്കുന്നുണ്ട്. ഇന്നലെയും ഇന്നുമായി രണ്ട് ലക്ഷം പരിശോധനയെന്നതാണു ലക്ഷ്യം. അതുവഴി രോഗമുള്ളവരെ വേഗത്തില്‍ കണ്ടെത്തി ക്വാറന്റീനിലാക്കി വ്യാപനം തടയുകയാണ് ഉദേശിക്കുന്നത്. ഇന്നലെ 1,33,836 പേരെ പരിശോധിച്ചു. ഇന്നും ഇതേ നിലതുടര്‍ന്നാല്‍ കൂട്ടപ്പരിശോധന വിജയകരമാവും. ഇന്നു വൈകിട്ടുള്ള കോവിഡ് കണക്കില്‍ ആദ്യ ദിവസത്തെ കൂട്ടപ്പരിശോധനയുടെ ഫലം ഉള്‍പ്പെടുത്തിയേക്കും. പരിശോധന കൂടിയതുകൊണ്ട് സ്വാഭാവികമായും പ്രതിദിന രോഗബാധ വലിയ തോതില്‍ ഉയര്‍ന്നേക്കും.

അതില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള ജില്ലകളില്‍ പ്രാദേശിക നിരോധനാഞ്ജയടക്കം നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് ആലോചന. അതിനിടെ, ഇന്നലെ രണ്ട് ലക്ഷം വാക്സീന്‍ കൂടിയെത്തിയതോടെ ഭൂരിഭാഗം ജില്ലകളിലും വാക്സിനേഷന്‍ നടപടികള്‍ വേഗത്തിലായി. തിരുവനന്തപുരത്തെ ക്യാംപുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. വാക്സീന്‍ ക്ഷാമമുണ്ടാകുമെന്ന ആശങ്കയോടെ ഒട്ടേറെപ്പേര്‍ കൂട്ടത്തോടെയെത്തിയതിനാല്‍ നീണ്ട നിരയും രൂപപ്പെട്ടു. അമ്പത് ലക്ഷം ഡോസ് ആവശ്യപ്പെട്ടിടത്താണ് രണ്ട് ലക്ഷം ഡോസ് ലഭിച്ചത്. എങ്കിലും വരും ദിവസങ്ങളിലും കൂടുതല്‍ വാക്സീന്‍ ലഭിക്കുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.

English Summary: KK Shailaja on Kerala's Covid defence measures
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com