ADVERTISEMENT

വാഷിങ്ടൻ∙ മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി എന്ന നിലയിൽ ഫെഡറൽ എത്തിക്സ് നിയമങ്ങൾ കാറ്റിൽ പറത്തിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് നിരീക്ഷണ സമിതിയുടെ വിലയിരുത്തൽ. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഇൻസ്പെക്ടർ ജനറൽ വെള്ളിയാഴ്ച പുറത്തു വിട്ട റിപ്പോർട്ടിൽ മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ, ഭാര്യ സൂസൻ പോംപെയോ എന്നിവർക്കെതിരെ അതിഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത്.

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ്  ജീവനക്കാരെ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തിയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ആരോപണം. ഔദ്യോഗിക ജോലികൾക്കു പുറമേ വളർത്തുനായ്ക്കളെ പരിപാലിക്കാനും ഷോപ്പിങ്ങിനും റസ്റ്റോറന്റ് ബുക്കിങ്ങിനും സലൂൺ ബുക്കിങ്ങിനുമെല്ലാം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് സ്റ്റാഫിന്റെ സേവനം പോംപെയോ ഉപയോഗപ്പെടുത്തിയിരുന്നതായി നിരീക്ഷണ സമിതി റിപ്പോർട്ടിൽ പറയുന്നു. അധിക ജോലികൾക്ക് യാതൊരു തരത്തിലുള്ള ആനുകൂല്യങ്ങളോ പണമോ പോംപെയോ നൽകിയിരുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഫെഡറൽ എത്തിക്സ് നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയെന്ന നിലയിൽ മൈക് പോംപെയോ നടത്തിയതെന്നും സർക്കാർ ജീവനക്കാരെ വ്യക്തിപരമായ ആവശ്യങ്ങൾക്കു ഉപയോഗിക്കുന്നത് നീതീകരിക്കാൻ സാധിക്കാത്തതാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് നിരീക്ഷണ സമിതി വിലയിരുത്തുന്നു. ട്രംപ് ഭരണകൂടത്തിൽ ഉന്നത പദവി അലങ്കരിക്കുകയും ജനുവരി 20 ന്  ഓഫിസ് ഒഴിയുകയും ചെയ്ത പോംപെയോയ്ക്കെതിരെ എന്ത് നടപടിയാണ് ഉണ്ടാകുന്നതെന്ന കാര്യത്തിൽ റിപ്പോർട്ടിൽ വ്യക്തതയില്ല. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനുള്ള നിർദേശങ്ങളാണ് റിപ്പോർട്ടിൽ ഉള്ളതെന്നാണു വിവരം.  

poempeo
മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ (Photo by Andrew Harnik / POOL / AFP)

നൂറിലേറെ തവണയാണ് മൈക്  പോംപെയോയും സൂസനും വ്യക്തിപരമായ കാര്യങ്ങൾക്കായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗപ്പെടുത്തിയത്. 30 ഓളം തവണ റസ്റ്റോറന്റ് ബുക്കിങ്ങിനായാണു ജീവനക്കാരെ ഉപയോഗിച്ചത്. ക്രിസ്മസ് കാർഡുകളും ആശംസകളും വരെ പോംപെയോയ്ക്കായി അയച്ചിരുന്നത് ഉദ്യോഗസ്ഥരായിരുന്നു. നിരവധി പേരാണ് മൈക് പോംപെയോയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയതെന്നും പോംപെയോ യുഎസ് സ്റ്റേറ്റ് സെക്രട്ടറി എന്ന നിലയിൽ ഓഫിസിനെ ദുരുപയോഗം ചെയ്തുവെന്നും ഫോറിൻ അഫയേഴ്സ് കമ്മിറ്റി ചെയർമാൻ ഗ്രിഗറി മീക്സ് അഭിപ്രായപ്പെട്ടു. എന്നാൽ റിപ്പോർട്ട് രാഷ്ട്രീയ പ്രേരിതമാണെന്നും വസ്തുതാ വിരുദ്ധമാണെന്നും മൈക് പോംപെയോ പ്രതികരിച്ചു. 

English Summary: Pompeo, Wife Asked Staff To Make Reservations, Take Care Of Dog: Watchdog

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com