ADVERTISEMENT

കൊല്ലൂർ∙ ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷനായ കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ സനു മോഹൻ(40) കൊല്ലൂർ വനമേഖലയലിലേക്കു കടന്നതായി സൂചന. ഇതേത്തുടർന്നു വനമേഖലയിലെ അന്വേഷണത്തിനായി കേരള പൊലീസ് കൊല്ലൂർ വനം വകുപ്പ് അധികൃതരുടെ സഹായം തേടി. ഇയാൾ കൊല്ലൂർ വിട്ടിട്ടില്ലെന്ന നിഗമനത്തിലാണു പൊലീസ്.

സനു മോഹൻ 6 ദിവസം കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിനു തൊട്ടടുത്ത സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ തങ്ങിയതായി വ്യക്തമായി. ഏപ്രിൽ 10നു മുറിയെടുത്ത സനു മോഹൻ 16നു രാവിലെ 9.30നു മുറി വാടക നൽകാതെ മുങ്ങുകയായിരുന്നെന്ന് ജീവനക്കാരനായ ഡിജോ പറഞ്ഞു. 5,700 രൂപയാണു മുറി വാടകയായി നൽകാനുള്ളത്.

മുറിയെടുക്കുമ്പോൾ തിരിച്ചറിയൽ കാർഡായി സനു മോഹൻ ആധാർ കാർഡാണു നൽകിയത്. അഡ്വാൻസ് നൽകിയിരുന്നില്ല. 16നു രാവിലെ 8.45ഓടെ റിസപ്ഷനു സമീപത്തിരുന്ന് പത്രം വായിച്ചിരുന്നു. തുടർന്ന് മുറി ഒഴിയുന്നതായി ഹോട്ടൽ ജീവനക്കാരെ അറിയിച്ചു. വൈകിട്ട് 4.45നു മംഗളൂരുവിൽനിന്നു വിമാനത്തിൽ പോകാനുള്ളതാണെന്നും വിമാനത്താവളത്തിലേക്കു പോകാൻ ഉച്ചയ്ക്ക് 1 മണിക്ക് ഒരു കാർ ഏർപ്പെടുത്തണമെന്നും പറഞ്ഞിരുന്നു. തുടർന്നു ക്ഷേത്രത്തിൽനിന്നു പ്രസാദം വാങ്ങി വരാമെന്നു പറഞ്ഞാണ് ഹോട്ടലിൽനിന്ന് ഇറങ്ങിയത്. ഇയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവിക ഒന്നും തോന്നിയിരുന്നില്ലെന്നും ജീവനക്കാർ പറയുന്നു.

ഉച്ചയ്ക്ക് 1നു വിമാനത്താവളത്തിലേക്കു കൊണ്ടു പോകാൻ കാർ എത്തിയെങ്കിലും ഇയാൾ എത്തിയില്ല. ഇതോടെയാണ് സനു മോഹൻ മുങ്ങിയതായിരിക്കാമെന്നു ടൂറിസ്റ്റ്‌ ഹോം ജീവനക്കാർക്കു സംശയം ഉയർന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കേരള പൊലീസ് തിരയുന്ന സനു മോഹൻ ആണെന്നു വ്യക്തമായത്. വെള്ളിയാഴ്ച ഇതു സംബന്ധിച്ചു വിവരം ലഭിച്ച കേരള പൊലീസ് ഇന്നലെ രാവിലെ കൊല്ലൂരിലെത്തി അന്വേഷണം ആരംഭിച്ചു. ഇവരുടെ അന്വേഷണത്തിലാണു സനു മോഹൻ വനമേഖലയിലേക്കു കടന്നതായി സൂചന ലഭിച്ചത്.

സനു മോഹൻ കൊല്ലൂർ ബസ് സ്റ്റാൻഡിൽനിന്നു സ്വകാര്യ ബസിൽ കയറി വനമേഖലയിൽ ഇറങ്ങിയതായാണു പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. സനു മോഹന്റെ ദൃശ്യങ്ങൾ കണ്ട നാട്ടുകാരാണ് ഇതു സംബന്ധിച്ചു പൊലീസിനു വിവരം നൽകിയത്. ഒരു ചെറിയ ബാഗും ഇയാളുടെ കൈയിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ടൂറിസ്റ്റു ഹോമിൽനിന്നു ക്ഷേത്രത്തിലേക്കു പോകുമ്പോൾ ചെറിയ ബാഗ് ഉണ്ടായിരുന്നതായി ഇവിടുത്തെ ജീവനക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്നു ബസ് കണ്ടക്ടറെയും പൊലീസ് ചോദ്യം ചെയ്തു. നാട്ടുകാർ സനു മോഹനെ കണ്ടെന്നു പറയുന്ന സ്റ്റോപ്പിൽ ഒരാൾ ഇറങ്ങിയതായി കണ്ടക്ടറും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഫോട്ടോ കണ്ട് ആളെ തിരിച്ചറിയാൻ കണ്ടക്ടർക്കു സാധിച്ചിട്ടില്ല.

ഈ സൂചനകളുടെ അടിസ്ഥാനത്തിലാണു വനം മേഖലയിൽ തിരച്ചിൽ നടത്തുന്നത്. തിരച്ചിലിനു കേരള പൊലീസ് കർണാടക വനം വകുപ്പിന്റെ സഹായവും തേടിയിട്ടുണ്ട്. വനമേഖലയിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ അടക്കം വനം വകുപ്പ് പരിശോധിച്ചു വരികയാണ്.

മാർച്ച് 20ന് ആണ് സനു മോഹനെയും മകൾ വൈഗയെയും(13) കാണാതായത്. വൈഗയെ പിറ്റേന്നു കൊച്ചി മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സനു മോഹനെ കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇയാളുടെ കാർ കോയമ്പത്തൂർ വരെ എത്തിയതായി കണ്ടെത്തി. തുടർന്നു രണ്ടാഴ്ചയോളം തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് ഇയാൾ കൊല്ലൂരിൽ 10 മുതൽ 16 വരെ താമസിച്ചതായി വ്യക്തമായത്.

Content Highlights: Sanu Mohan, Vaiga Death Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com