ADVERTISEMENT

ന്യൂഡൽഹി∙ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാര തുക കെട്ടിവച്ചാൽ മാത്രമേ കേസ് അവസാനിപ്പിക്കാനാകുകയെന്നു സുപ്രീംകോടതി. നഷ്ടപരിഹാര തുക കെട്ടിവച്ചതിന്റെ രേഖകൾ‌ കണ്ട് ബോധ്യപ്പെട്ടാൽ മാത്രമേ കടൽക്കൊല കേസ് അവസാനിപ്പിക്കൂയെന്നു വ്യക്തമാക്കിയ കോടതി നഷ്ടപരിഹാര തുക കൈമാറാൻ ഇറ്റലി നടപടി ആരംഭിച്ചുവെന്ന കേന്ദ്രസർക്കാരിന്റെ ഉറപ്പിൻമേൽ കേസ് അവസാനിപ്പിക്കാൻ വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. ഇറ്റാലിയൻ നാവികർക്കെതിരായ കേസ് അവസാനിപ്പിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ഹർജി പരിഗണയ്ക്കായി അടുത്ത ആഴ്ചയിലേക്കു മാറ്റി. 

കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും ബോട്ടുടമയ്ക്കുമായി നൽകാനുള്ള 10 കോടി രൂപ കെട്ടിവെച്ചാൽ കേസ് അവസാനിപ്പിക്കാമെന്നു നേരത്തെ തന്നെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിർദ്ദേശിക്കുന്ന അക്കൗണ്ടിൽ പണം നിക്ഷേപിക്കാൻ തയാറാണെന്നു ഇറ്റലി കഴിഞ്ഞ ആഴ്ച സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു. 

എന്തുകൊണ്ടാണ് തുക ഇതുവരെ റജിസ്ട്രിയിൽ നിക്ഷേപിക്കാത്തതെന്ന ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിനു പണം കൈമാറാനുള്ള നടപടികൾ ഇറ്റലി ആരംഭിച്ചുവെന്നും പണം കിട്ടിയാൽ 24 മണിക്കൂറിനികം പണം റജിസ്ട്രിയിയിൽ കെട്ടിവയ്ക്കാമെന്നും കേന്ദ്രസർക്കാരിനു വേണ്ടി ഹാജാരായ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. തുടർന്നാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. സോളിസിറ്റർ ജനറൽ തുഷാർ െമഹ്തയുടെ ജൂനിയർ രജത് നായരാണ് ഇന്ന് സോളിസിറ്റർ ജനറൽ തുഷാർ െമഹ്തയ്ക്കു പകരം കേസിൽ ഹാജരായത്.

2012 ഫെബ്രുവരിയിലാണ് ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികൾ കേരള തീരത്ത് കൊല്ലപ്പെട്ടത്. മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകിയതിനാൽ കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ െമഹ്ത സുപ്രീം കോടതിയോട് അഭ്യർഥിച്ചിരുന്നു. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള സുപ്രധാന വിഷയമാണ് കടൽക്കൊല കേസിലെ നടപടികൾ എന്നും അദ്ദേഹം പറഞ്ഞു. 

കടൽക്കൊല കേസിലെ നടപടികൾ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ജൂലൈയിൽ ആണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ഇക്കാര്യത്തിൽ വിചാരണ കോടതിയുടെ നിലപാട് അറിയട്ടെ എന്നായിരുന്നു അന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നത്. കേസിലെ മറ്റ് കക്ഷികളെ കേൾക്കാതെ നടപടികൾ അവസാനിപ്പിക്കാൻ സാധിക്കില്ലെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചിരുന്നു.

വെടിയേറ്റു മരിച്ച അജേഷ് പിങ്കിയുടെ ബന്ധുവും ബോട്ടിൽ ഉണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത മത്സ്യത്തൊഴിലാളി പ്രിജിന്റെ അമ്മയും തങ്ങളുടെ വാദം കേൾക്കാതെ കേസിലെ നടപടികൾ അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. 

English Summary: Supreme Court Adjourns Italian Marines Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com