ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് വാക്സീൻ പാഴാക്കിയതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി. ജനങ്ങളെ വേർതിരിക്കരുതെന്നും എല്ലാവർക്കും വാക്സീൻ ആവശ്യമാണെന്നും കോടതി പറഞ്ഞു. രാജ്യത്ത് വാക്സീൻ ക്ഷാമം രൂക്ഷമാകുന്നതിനിടെ ആസൂത്രണയില്ലായ്മ കൊണ്ട് 44.78 ലക്ഷം ഡോസ്‌ പാഴായി പോയെന്ന് വിവരാവകാശ രേഖ പുറത്തുവന്നിരുന്നു. 

വാക്സീൻ വിതരണത്തിൽ കേന്ദ്രത്തിന്റേത് മോശം ആസൂത്രണമാണ്. സ്ഥിതിഗതികൾ മുൻകൂട്ടി കാണാൻ സാധിക്കേണ്ടിയിരുന്നു. റോക്കറ്റ് സയൻസ് പോലെ സങ്കീർണമായ കാര്യമല്ല ഇതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് വിപിൻ സാംഗി, രേഖ പല്ലി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചത്. 

ഓക്സിജനും മരുന്നുകളും ആവശ്യക്കാർക്ക് ലഭിക്കുന്നില്ലെന്നും കോടതി പറഞ്ഞു. പെട്രോളിയം, സ്റ്റീൽ വ്യവസായങ്ങൾക്ക് ഓക്സിജൻ വിതരണം ചെയ്യുന്നത് നിർത്തുകയും രോഗികൾക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണം. സമ്പത്തിക ലാഭത്തേക്കാൾ മനുഷ്യ ജീവനാണു വില നൽകേണ്ടത്. ദുരന്തത്തിലേക്കാണ് നമ്മൾ പോകുന്നതെന്നും കോടതി വിലയിരുത്തി.

ഏപ്രിൽ 22 മുതൽ വ്യാവസായിക ആവശ്യത്തിന് ഓക്സിജൻ ഉപയോഗിക്കുന്നത് തടഞ്ഞുവെന്ന് കേന്ദ്രം അറിയിച്ചു. ഇന്നുമുതൽ എന്തുകൊണ്ട് വിതരണം തടഞ്ഞുകൂടാ എന്ന് കോടതി ചോദിച്ചു. ഓക്സിജൻ ആവശ്യമുള്ള രോഗികളോട് 22 വരെ കാത്തിരിക്കൂ എന്നു പറയാനാണോ ഉദ്ദേശിക്കുന്നതെന്നും കോടതി ചോദിച്ചു. 

2,59,170 കോവിഡ് കേസുകളാണ് രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. 20,31,977 പേർ ചികിത്സയിലുണ്ട്. 12,71,29,113 പേർ വാക്സീൻ സ്വീകരിച്ചു. ഉത്തർ പ്രദേശിലെ പ്രയാഗ്‌രാജ്, ലക്നൗ, വാരാണസി, കാൻപുർ നഗർ, ഗൊരഖ്പുർ എന്നിവിടങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി തടഞ്ഞു. കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ  പല സംസ്ഥാനങ്ങളും ലോക്ഡൗൺ ഏർപ്പെടുത്തുകയാണ്.

English Summary: Delhi HC on Vaccine wastage

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com