ADVERTISEMENT

കോഴിക്കോട്∙ തിരഞ്ഞെടുപ്പുകാലത്ത് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന സ്ത്രീകളുടെ ഹൃദയം കവർന്ന പ്രചാരണ വാചകം ‘ഉറപ്പാണ് എൽഡിഎഫ്’ ആണെന്ന് പഠന റിപ്പോർട്ട്. എന്നാൽ തൊഴിലാളികൾ ഏറ്റെടുത്ത വാചകം ‘നാടുനന്നാവാൻ യുഡിഎഫ്’ ആണെന്നും റിപ്പോർട്ട്. തിരഞ്ഞെടുപ്പു പ്രചാരണത്തിലും പോളിങ്ങിലും സമൂഹമാധ്യമങ്ങളുടെ സ്വാധീനം എത്രയാണെന്നു കണ്ടെത്താൻ കാലിക്കറ്റ് സർവകലാശാല റജിസ്ട്രാർ ഡോ.ഇ.കെ.സതീഷിന്റെ നേതൃത്വത്തിൽ കൊമേഴ്സ് ഗവേഷക വിദ്യാർഥികളായ പി.പി.റഷാദ്, അയൂബ്, നിഖിൽ ദാസ് എന്നിവരാണു പഠനം നടത്തിയത്.

സംസ്ഥാനത്തെ വിവിധഭാഗങ്ങളിൽ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന 1295 പേരിൽനിന്ന് ചോദ്യാവലി വഴിയാണ് അഭിപ്രായം സ്വരൂപിച്ചത്. 915 പേർ പുരുഷൻമാരാണ്. 380 പേർ സ്ത്രീകളാണ്. 1295 പേരിൽ 937 പേർ എല്ലാ സമയത്തും സമൂഹമാധ്യമം ഉപയോഗിക്കുന്നവരാണ്. 358 പേർ ഇടയ്ക്കുമാത്രം ഉപയോഗിക്കുന്നവരാണ്.സ്ഥാനാർഥികൾക്കുവേണ്ടി റെക്കോർഡ് ചെയ്ത ഫോൺകോൾ തങ്ങളുടെ മൊബൈലിൽ ലഭിച്ചത് 463 ആളുകൾക്കാണ്. എന്നാൽ പകുതിയോളം പേർ‍ ഈ കോൾ മുഴുവനായി കേട്ടിട്ടേയില്ല. 225 പേർ മാത്രമാണ് കോളുകൾ പൂർണമായും കേട്ടത്.

സമൂഹമാധ്യമത്തിലെ ഇടപെടൽ സ്ഥാനാർഥിയുടെ പ്രതിച്ഛായ മാറ്റുന്നതിന് ഒരു പരിധി വരെ സഹായിച്ചേക്കാമെന്ന മൃദുനിലപാടാണു ഭൂരിഭാഗം പേരും സ്വീകരിച്ചത്. 706 പേർ ഈ നിലപാട് സ്വീകരിച്ചപ്പോൾ 408 പേർ സമൂഹമാധ്യമ ഇടപെടൽ തീർച്ചയായും സ്ഥാനാർഥിയുടെ പ്രതിച്ഛായ മാറ്റുമെന്ന് ഉറച്ചുപറഞ്ഞു. എന്നാൽ 14 % പേർ ഇതൊന്നും പ്രതിച്ഛായ കൂട്ടാൻ സഹായിക്കല്ലെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്.

സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന, എന്നാൽ ഒരു മുന്നണിയോടും ആഭിമുഖ്യമില്ലാത്തവരിൽ 35% പേരും സമൂഹമാധ്യമങ്ങളിലെ പ്രചാരണ മാർഗങ്ങൾ കണ്ട്, തങ്ങൾ നേരത്തെ വോട്ടുചെയ്യാൻ തീരുമാനിച്ച സ്ഥാനാർഥിയ്ക്കു പകരം മറ്റൊരു സ്ഥാനാർഥിക്കു വോട്ടുചെയ്തതായും പഠനഫലം പറയുന്നു. 1295 പേരിൽ 24% പേരും വ്യത്യസ്ത പ്രചാരണമാർഗങ്ങളിൽ ആകൃഷ്ടരായിട്ടുണ്ട്. ഇവർ തങ്ങൾ നേരത്തെ നിശ്ചയിച്ചിരുന്ന സ്ഥാനാർഥിക്കു പകരം മറ്റൊരു സ്ഥാനാർഥിക്ക് വോട്ടു നൽകി. 

ട്രോളുകൾ ഏറ്റവുമധികം സ്വാധീനിച്ചത് വിദ്യാർഥികളായ വോട്ടർമാരെയാണ്. ഇതിൽ 25 % പേരും ട്രോളു കണ്ട് വോട്ടുമാറിക്കുത്തിയവരാണ്. വിവരശേഖരണത്തിൽ പങ്കെടുത്തവരിൽ 90 % പേരും സമൂഹമാധ്യമങ്ങളിലെ പ്രചാരണം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നുവെന്നാണ് അഭിപ്രായം രേഖപ്പെടുത്തിയത്.

English Summary: Kerala election campaign study report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com