ADVERTISEMENT

ഗുവാഹത്തി ∙ പൗരത്വ പ്രതിഷേധവും എൻആർസിയും ആയുധമാക്കി, കൈവിട്ടുപോയ അസം തിരിച്ചുപിടിക്കാനിറങ്ങിയ കോൺഗ്രസിന് അടിതെറ്റി. അസമിൽ 126 മണ്ഡലങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ 75 സീറ്റുകളിൽ എൻഡിഎ മുന്നേറുന്നു. പൗരത്വ നിയമം അസമിൽ ഭരണവിരുദ്ധവികാരം ഉയർത്തിയെങ്കിലും അത് തിരഞ്ഞെടുപ്പിൽ കാര്യമായി പ്രതിഫലിച്ചില്ലെന്നാണ് ഫലം പുറത്തുവരുമ്പോൾ‌ വ്യക്തമാകുന്നത്. 30 വർഷം മുൻുപ് അസമിൽ നാമമാത്ര സാന്നിധ്യമായിരുന്ന ബിജെപി, അസം പ്രക്ഷോഭത്തിന്റെ നേതൃത്വത്തിൽ നിൽക്കുകയും സംസ്ഥാന ഭരണം കുറച്ചുനാൾ കയ്യാളുകയും ചെയ്ത അസം ഗണം പരിഷത്തിനെ കൂടെക്കൂട്ടി ഉണ്ടാക്കിയ അടിത്തറ ഇന്ന് തുടർഭരണത്തിലേക്ക് എത്തുകയാണ്. ഒന്നുമല്ലാതിരുന്നതിൽനിന്ന് ഇന്ന് ഭരണത്തിലെ രണ്ടാമൂഴത്തിലേക്കു ബിജെപിയെത്തുമ്പോൾ വിജയിക്കുന്നത് സ്വത്വരാഷ്ട്രീയം തന്ത്രപൂർവം കൈകാര്യം ചെയ്യാനുള്ള കൗശലവും 2016 ൽ കിട്ടിയ അധികാരത്തിൽ തന്റെ കേന്ദ്ര പദ്ധതികൾ അസമിലെത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിച്ച വൈദഗ്ധ്യവുമാണ്.

കിഴക്കൻ അസമിലെ ബിജെപിയുടെ ശക്തികേന്ദ്രത്തിൽ നിന്നാണ് കഴിഞ്ഞ തവണ ബിജെപി കൂടുതൽ സീറ്റുകൾ നേടിയത്. കഴിഞ്ഞ 5 വർഷത്തിനിടെ, മേഖലയിലെ വോട്ടർമാർക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാനും ക്ഷേമപദ്ധതികൾ വഴി 2 തവണ അക്കൗണ്ടിലേക്ക് പണം നൽകാനും സർക്കാരിന് കഴിഞ്ഞത് ഇത്തവണ നേട്ടമായി. ഒപ്പം അസമിൽ കത്തിക്കയറിയ പൗരത്വ പ്രക്ഷോഭത്തിൽ കാട്ടിയ മൗനവും എൻആർസി ഇപ്പോൾ നടപ്പാക്കില്ലെന്ന പ്രഖ്യാപനവും ഗുണമായി. മോദിയും അമിത് ഷായും അടക്കമുള്ള ദേശീയ നേതാക്കളെ ഇറക്കിയുള്ള പ്രചാരണവും വൻ വിജയം കണ്ടുവെന്ന് പറയാം. 

മാത്രമല്ല, അധികാരത്തിലെത്തിയാൽ പൗരത്വ നിയമത്തിനെതിരെ നിയമം കൊണ്ടുവരുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തപ്പോഴും  സംസ്ഥാനത്തെ പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുക്കാനായില്ല എന്നതും കോൺഗ്രസിനു തിരിച്ചടിയും ബിജെപിക്കു നേട്ടവുമായി. മുഖ്യമന്ത്രി സർബാനന്ദ സോനോവാളും മുതിർന്ന നേതാവ് ഹിമന്ത ബിശ്വ ശർമയും തമ്മിലുള്ള പോര് രമ്യതയിലെത്തിക്കാനായതും തരുൺ ഗൊഗോയിയുടെ അഭാവത്തിൽ മറ്റൊരു നേതാവിനെ ഉയർത്തിക്കാട്ടാൻ കോൺഗ്രസിനു കഴിയാഞ്ഞതും ബിജെപിക്കു മേൽക്കൈ നൽകി.

പൗരത്വനിയമവും അസമും

മതത്തിനപ്പുറത്തേക്ക് സംസ്കാരവും ഭാഷയും സ്വത്വവും നയിക്കുന്ന രാഷ്ട്രീയമാണ് അസമിന്. 1979 ൽ ബംഗ്ലദേശിൽ നിന്നുള്ള കുടിയേറ്റക്കാർക്കെതിരെ 6 വർഷം നീണ്ട ശക്തമായ പ്രക്ഷോഭം അസമിൽ‌ പൊട്ടിപ്പുറപ്പെട്ടിരുന്നു. അതിൽ മതരാഷ്ട്രീയത്തിന് സ്ഥാനമുണ്ടായിരുന്നില്ല. ഹിന്ദുവായാലും മുസ്‌ലിം ആയാലും, ബംഗ്ലദേശിൽനിന്ന് അനധികൃതമായി കുടിയേറിയവർക്കെതിരായിരുന്നു സമരം. ബംഗാളി സംസാരിക്കുന്നവരുടെ ബാഹുല്യം അസമിന്റെ സംസ്കാരത്തെ തകർക്കുമെന്ന് അന്നാട്ടുകാർ കരുതി. 

2016 ൽ കേന്ദ്രം പാസാക്കിയ പൗരത്വ നിയമമനുസരിച്ച് 2014 നു ശേഷം ബംഗ്ലദേശിൽനിന്നു വന്ന ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും. അതുകൊണ്ടുതന്നെ, പൗരത്വ ഭേദഗതി നിയമമായിരുന്നു അസം തിരഞ്ഞെടുപ്പിലെ പ്രധാന വിഷയം. പൗരത്വ നിയമത്തിനെതിരെ കനത്ത പ്രതിഷേധം അരങ്ങേറിയ സംസ്ഥാനങ്ങളിൽ മുന്നിൽ അസമായിരുന്നു. കേന്ദ്ര സർക്കാർ പൗരത്വ നിയമം പാസാക്കി 24 മണിക്കൂറിനുള്ളിൽ, പ്രക്ഷോഭം കനത്ത അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിൽ പൊലീസിന്റെ വെടിയേറ്റു വീണത് അഞ്ചു സ്കൂൾ കുട്ടികളായിരുന്നു. അത്രയധികം പൗരത്വ പ്രക്ഷോഭം അസമിൽ ചലനങ്ങൾ സൃഷ്ടിച്ചു. 2016 ൽ അധികാരത്തിലേറിയ ബിജെപിക്കെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ഉടലെടുക്കാൻ ഇത് ധാരാളമായിരുന്നു. 

അധികാരത്തിലേറിയാൽ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് കോൺഗ്രസ് ഉറപ്പു നൽകിയപ്പോൾ, പൗരത്വം നിയമം നടപ്പാക്കുമെന്ന് ബംഗാളിൽ ഉറപ്പ് നൽകിയും അസമിൽ അതേക്കുറിച്ച് മിണ്ടാതെയുമായിരുന്നു ബിജെപിയുടെ പ്രചാരണം. എന്നാൽ, സംസ്ഥാനത്ത് 2019 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച ദേശീയ പൗര റജിസ്റ്റർ (എൻആർസി) തിരുത്തുമെന്ന വാഗ്ദാനവുമുണ്ട്. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനായി കൊണ്ടുവന്ന എൻആർസിയുടെ അന്തിമ പട്ടികയിൽ 19 ലക്ഷം ആളുകളാണ് ഉൾപ്പെട്ടത്. ഇതോടെ സംസ്ഥാനത്തെ ഹിന്ദുക്കളുൾപ്പെടെ ബിജെപിക്കെതിരെ തിരിഞ്ഞതിനെ തുടർന്നാണ് ഇത് ഒഴിവാക്കുമെന്ന വാഗ്ദാനമുണ്ടായത്. 

ചരിത്രം

2001ൽ 8 സീറ്റുകൾ മാത്രം നേടിയ ബിജെപി കഴിഞ്ഞ തവണ 60 സീറ്റുകളാണ് ഒറ്റയ്ക്ക് നേടിയത്. ഇത്തവണ 55 ഇടത്താണ് മുന്നേറുന്നത്. എൻഡിഎയുടെ മറ്റു ഘടകകക്ഷികളായ അസം ഗണ പരിഷത്ത് (എജിപി) 11 സീറ്റുകളിലും ബോഡോ പാർട്ടിയായ യുണൈറ്റഡ് പീപ്പിൾസ് ലിബറൽ (യുപിപിഎൽ) 9 സീറ്റുകളിലുമാണ് മുന്നേറുന്നത്.

2011 ൽ 70 സീറ്റുകൾ നേടി അധികാരത്തിലേറിയ കോൺഗ്രസ് 2011 ൽ അത് 78 ആയി ഉയർത്തിയിരുന്നു. എന്നാൽ 2016 ൽ 26 സീറ്റുകളിലേക്ക് ഒതുങ്ങിയ കോൺഗ്രസ് ഇത്തവണ 32 ഇടത്ത് ലീഡ് നേടിയെങ്കിലും അത് വിജയത്തിലേക്ക് എത്തിച്ചില്ല. കോൺഗ്രസിന്റെ സഖ്യ കക്ഷികളായ ഓൾ ഇന്ത്യ യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) 13 ഇടത്തും ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) 12 ഇടത്തും മുന്നേറുമ്പോൾ സിപിഎം , സിപിഐ എന്നിവർക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് കഴിഞ്ഞ തവണ ബിജെപിയുടെ കൂടെയായിരുന്നു. ഇത്തവണ പാർട്ടി മഹാസഖ്യത്തിനൊപ്പം അണിചേരുകയായിരുന്നു.

English Summary : Assam Assembly Election Results 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com