ADVERTISEMENT

ന്യൂഡൽഹി ∙ ഡോക്ടറുൾപ്പെടെ 8 കോവിഡ് രോഗികൾ ഡൽഹിയിലെ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ മരിച്ചു. ബത്ര ആശുപത്രിയിലാണ് ദാരുണമായ സംഭവം. രോഗികളിൽ ആറു പേർ ഐസിയുവിലും രണ്ടു പേർ വാർഡിലും ചികിത്സയിലായിരുന്നു. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം തലവൻ ഡോ. ആർ.കെ.ഹിംതാനിയാണ് മരിച്ചവരിൽ ഒരാൾ.

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം അനുഭവപ്പെടുന്നത്. ഏപ്രിൽ 24നും ഓക്സിജൻ മുടങ്ങിയെങ്കിലും വൈകാതെ വിതരണം പുനഃരാരംഭിക്കാൻ സാധിച്ചിരുന്നു. 230 രോഗികൾക്ക് 80 മിനിറ്റ് നേരം ഓക്സിജൻ മുടങ്ങിയതായി ആശുപത്രി അധികൃതർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.

‘പകൽ 11.45 നാണ് ഓക്സിജൻ മുടങ്ങിയത്. 1.30നാണ് വിതരണം പുനഃരാരംഭിക്കാനായത്. ഒരു മണിക്കൂറും 20 മിനിറ്റും ഓക്സിജൻ മുടങ്ങി.’ – ആശുപത്രി അധികൃതർ കോടതിയെ അറിയിച്ചു. മരണങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നു പ്രതീക്ഷിക്കുന്നതായി കോടതി പ്രതികരിച്ചു. മരണങ്ങളുണ്ടായെന്നും ബത്ര ആശുപത്രിയിലെ ഡോക്ടറും അതിൽ ഉൾപ്പെടുമെന്നും ആശുപത്രി അധികൃതർ മറുപടി നൽകി.

എട്ടു മരണങ്ങൾ ഉണ്ടായെന്നും ജനങ്ങൾ മരിക്കുമ്പോൾ കണ്ണടച്ചിരിക്കണോ എന്നും കേന്ദ്ര സർക്കാരിനോട് കോടതി ആരാഞ്ഞു. ഡൽഹിയിൽ ഉടൻ 490 മെട്രിക് ടൺ ഓക്സിജൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. ഉടൻ ഓക്സിജൻ എത്തിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പും നൽകി.

ഏപ്രിൽ 20 നാണ് വിഹിതം അനുവദിച്ചതെങ്കിലും ഒരു ദിവസം പോലും അനുവദിച്ചയത്ര ഡൽഹിക്കു ലഭിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. ഡൽഹിക്കുള്ള ഓക്സിജൻ വിഹിതം 100 മെട്രിക് ടൺ കൂട്ടിയെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. 

English Summary: Eight covid patients including a doctor died in Batra hospital as it ran out of oxygen for 80 minutes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com