ADVERTISEMENT

2001 ൽ നേപ്പാളിലെ ഒരു വേനൽക്കാല രാത്രിയിൽ നാരായൺഹിതി കൊട്ടാരത്തിൽ മദ്യപിച്ചെത്തിയ കിരീടാവകാശി അവിടെയുണ്ടായിരുന്ന രാജകുടുംബാംഗങ്ങളുടെമേൽ നിർദയം വെടിയുതിർത്തു. തന്റെ പിതാവായ രാജാവ് ഉൾപ്പെടെ 9 പേരുടെ ജീവനെടുത്തശേഷം സ്വയം വെടിയുതിർത്ത് മരണത്തിലേക്കു നടന്നു. ഒറ്റരാത്രി കൊണ്ട് നേപ്പാൾ രാജകുടുംബത്തെ അപ്പാടെ ഇല്ലാതാക്കുകയായിരുന്നു അടുത്ത രാജാവാകാൻ നിയോഗിക്കപ്പെട്ട ദീപേന്ദ്ര ബിക്രം ഷാ ചെയ്തത്. പിതാവ് മരിച്ചതിനുപിന്നാലെ ആശുപത്രി കിടക്കയിൽ കോമ അവസ്ഥയിൽ കഴിഞ്ഞ ദീപേന്ദ്രയെ അടുത്ത രാജാവായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ രണ്ടു ദിവസത്തിനുള്ളിൽ ദീപേന്ദ്രയും അവസാനശ്വാസം വലിച്ചു.

രാജാവ് ബീരേന്ദ്ര ബിർ ബിക്രം ഷാ ദേവ്, രാജ്ഞി ഐശ്വര്യ രാജ്യ ലക്ഷ്മി ദേവി ഷാ, ഇവരുടെ മകൾ ശ്രുതി രാജകുമാരി, ഇളയ മകൻ നിരജൻ, ബീരേന്ദ്രയുടെ സഹോദരൻ ധീരേന്ദ്ര, ബീരേന്ദ്രയുടെ മുതിർന്ന സഹോദരി ശാന്തി, ബീരേന്ദ്രയുടെ മറ്റൊരു സഹോദരി ശാരദ, ശാരദയുടെ ഭർത്താവ് കുമാർ ഖഡ്ഗ, ബീരേന്ദ്രയുടെ ബന്ധുവായ ജയന്തി രാജകുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്. ബീരേന്ദ്രയുടെ മറ്റൊരു സഹോദരിയായ ഷോവ, ശ്രുതി രാജകുമാരിയുടെ ഭർത്താവ് കുമാർ ഗോരഖ്, ബീരേന്ദ്രയുടെ മറ്റൊരു സഹോദരനും പിന്നീടു രാജാവുമായ ഗ്യാനേന്ദ്രയുടെ ഭാര്യ കോമൾ, ബീരേന്ദ്രയുടെ ബന്ധുവായ കേതകി ചെസ്റ്റർ എന്നവർക്കു പരുക്കേറ്റു.

പ്രണയം സമ്മതിച്ചില്ല, അവസാനം കൊന്നു?

തന്റെ പ്രണയിനിയെ വിവാഹം ചെയ്യാൻ മാതാപിതാക്കൾ സമ്മതിക്കാതിരുന്നതാണ് ദീപേന്ദ്രയെക്കൊണ്ട് ഈ കടുംകൈ ചെയ്യിപ്പിച്ചതെന്നാണ് വാദം. ദീപേന്ദ്രയുടെ അമ്മയാണ് പ്രണയത്തെ എതിർത്തത് എന്നാണ് റിപ്പോർട്ടുകൾ. റാണാ രാജകുടുംബത്തിലെ പശുപതി ഷംഷെർ ജാങ് ബഹാദുർ റാണയുടെയും ഗ്വാളിയർ രാജകുടുംബാംഗമായിരുന്ന ഉഷ രാജെ സിന്ധ്യയുടെയും മകളായ ദേവയാനി റാണെയായിരുന്നു ദീപേന്ദ്രയുടെ കാമുകി. ഇരുവരും യുകെയിലെ പഠനകാലത്തു വച്ചാണ് കണ്ടുമുട്ടിയതും പ്രണയിച്ചതും. അതേസമയം, ദേവയാനിയുടെ അമ്മയ്ക്കും ഈ ബന്ധത്തോട് താൽപര്യമില്ലായിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അതേസമയം, രാജഭരണത്തിന് അറുതി കുറിച്ച് ഭരണഘടനാപരമായ രാജഭരണമെന്നതിലേക്ക് നേപ്പാളിനെ മാറ്റാനുള്ള രാജാവിന്റെ തീരുമാനങ്ങളാണ് ദീപേന്ദ്രയെക്കൊണ്ട് ഈ കടുംകൈ ചെയ്യിച്ചതെന്ന മറുവാദവും ഉയർന്നിരുന്നു. ദീപേന്ദ്രയ്ക്ക് വ്യക്തിത്വ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന വിവരവും പിന്നീടു പുറത്തുവന്നിരുന്നു. കൂട്ടക്കൊലപാതകത്തിനു മൂന്നു ദിവസങ്ങൾക്കുശേഷം രാജകുടുംബാംഗമായ ഗ്യാനേന്ദ്ര രാജാവായി. ഏഴു വർഷത്തിനുള്ളിൽ നേപ്പാളിലെ രാജഭരണം അവസാനിക്കുകയും ചെയ്തു.

ബീരേന്ദ്ര രാജാവ്, ഐശ്വര്യ രാജ്ഞി, ദീപേന്ദ്ര എന്നിവർ, 2000 നവംബർ 25ന് എടുത്ത ചിത്രം. (Photo by DEVENDRA MAN SINGH / AFP)
ബീരേന്ദ്ര രാജാവ്, ഐശ്വര്യ രാജ്ഞി, ദീപേന്ദ്ര എന്നിവർ, 2000 നവംബർ 25ന് എടുത്ത ചിത്രം. (Photo by DEVENDRA MAN SINGH / AFP)

കുടുംബാംഗങ്ങൾ ഒത്തുചേർന്നു, മരണത്തിലേക്ക്

രാജകുടുംബാംഗങ്ങളുടെ ഒത്തുചേരലായിരുന്നു 2001 ജൂൺ 1ന് രാത്രി കഠ്മണ്ഡുവിലെ കൊട്ടാരത്തിൽ നടന്നത്. കൊട്ടാരത്തിലെ ബില്യാർഡ്സ് മുറിയിൽ ഭക്ഷണത്തിനും സംസാരത്തിനുമായി എല്ലാവരും ഒരുമിച്ചുകൂടി. തികച്ചും സ്വകാര്യ ചടങ്ങായതിനാൽ അംഗരക്ഷകർ പുറത്തുനിന്നു. പുറത്ത് വൻ സുരക്ഷയാണ് ഒരുക്കിയിരുന്നത്. എന്നാൽ കിരീടാവകാശി തന്നെ ആക്രമണത്തിനു മുതിരുമെന്ന് അവർ കരുതിയിരുന്നില്ല. അതിനാൽത്തന്നെ കൊട്ടാരത്തിലെ ഏറ്റവും സുരക്ഷിതമായ മുറിയിൽ നടന്ന ചടങ്ങിൽനിന്ന് അംഗരക്ഷകർ മാറിനിന്നു.

അതിനിടെ 29 കാരനായ ദീപേന്ദ്ര സബ് മെഷീൻ ഗണ്ണും റൈഫിളുമായെത്തി പിതാവിനെയും മാതാവിനെയും രണ്ടു സഹോദരങ്ങളെയും ഉൾപ്പെടെ വെടിവച്ചു. പിന്നീട് സ്വന്തം ശിരസ്സിലേക്കും വെടിയുതിർത്തു.

ദീപേന്ദ്രയ്ക്ക് ദ്വന്ദ്വ വ്യക്തിത്വം?

ആധുനിക നേപ്പാളിനു പ്രിയപ്പെട്ട രാജാവും രാജ്ഞിയുമായിരുന്നു ബീരേന്ദ്രയും ഐശ്വര്യയും ഇവരുടെ മൂത്തമകനായ ദീപേന്ദ്രയെ നാട്ടുകാർ സ്നേഹത്തോടെ ഡിപ്പിയെന്നാണ് വിളിച്ചിരുന്നത്. എന്നാൽ ചെറുപ്പം മുതലേ ദീപേന്ദ്രയ്ക്ക് ആവശ്യത്തിനു സ്നേഹം ലഭിച്ചിരുന്നില്ലെന്നും അതാവാം ഇത്തരമൊരു കൊലപാതകത്തിലേക്ക് അദ്ദേഹത്തെ നയിച്ചതെന്നും 26 വർഷത്തോളം കൊട്ടാരത്തിന്റെ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന ലഫ്. ജനറൽ വിവേക് കുമാർ ഷാ പറയുന്നു.

ദീപേന്ദ്രയുടെ പ്രണയിനി ദേവയാനിയുടെ മാതാവ് ഉഷ ഗ്വാളിയർ രാജകുടുംബത്തിലെ രാജകുമാരിയായിരുന്നു. അതിനാൽ ദീപേന്ദ്രയും ദേവയാനിയും തമ്മിലുള്ള വിവാഹത്തിന് ഇരുകുടുംബങ്ങളിലും കാര്യമായ എതിർപ്പുണ്ടായിരുന്നില്ലെന്നായിരുന്നു സൂചന. എന്നാൽ ഐശ്വര്യ രാജ്ഞിക്ക് ഈ ബന്ധത്തോട് എതിർപ്പായിരുന്നു. ഷാ കുടുംബത്തിലെ അകന്ന ബന്ധുവിനെ തന്റെ മകൻ വിവാഹം കഴിക്കണമെന്നാണ് അവർ താൽപര്യപ്പെട്ടത്.

ദേവയാനിയുടെ അമ്മയ്ക്കും ഈ ബന്ധത്തോടു താൽപര്യമുണ്ടായില്ല. നേപ്പാളിന്റെ ഭാവി രാജ്ഞിയായി തന്റെ മകൾ മാറിയേക്കാമെങ്കിലും ആ അമ്മയും പിടിവാശി തുടർന്നു. രണ്ടുപേരുടെയും അമ്മമാർ എതിർത്തെങ്കിലും ഇരുവരും രഹസ്യമായി കണ്ടിരുന്നുവെന്ന് നേപ്പാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 30 വയസ്സായിട്ടും അടുത്ത കിരീടാവകാശി കല്യാണം കഴിക്കാതിരിക്കുന്നത് രാജവംശത്തെത്തന്നെ വെല്ലുവിളിക്കുന്നതിനു തുല്യമായാണ് കണക്കാക്കിയത്.

ബീരേന്ദ്ര രാജാവും ഐശ്വര്യ രാജ്ഞിയും നാരായൺഹിതി കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ. 2000 ഏപ്രിൽ 20ന് എടുത്ത ചിത്രം. (Photo by DEVENDRA MAN SINGH / AFP)
ബീരേന്ദ്ര രാജാവും ഐശ്വര്യ രാജ്ഞിയും നാരായൺഹിതി കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ. 2000 ഏപ്രിൽ 20ന് എടുത്ത ചിത്രം. (Photo by DEVENDRA MAN SINGH / AFP)

അന്നു രാത്രി സംഭവിച്ചത്

കൊട്ടാരത്തിലെ അത്താഴവിരുന്നിൽ മദ്യപിച്ച് ലക്കുകെട്ടാണ് ദീപേന്ദ്ര എത്തിയത്. ധാരാളം പുകവലിക്കുകയും ചെയ്തിരുന്നു. ഹഷീഷ് അടങ്ങിയ സിഗററ്റാണ് ദീപേന്ദ്ര ഉപയോഗിച്ചതെന്ന് പിന്നീടു സർക്കാർ നടത്തി അന്വേഷണത്തിന്റെ റിപ്പോർട്ട് പറയുന്നു. വിരുന്നിനെത്തിയ ഒരാളുമായി വാക്കുതർക്കം ഉണ്ടായതിനെത്തുടർന്ന് ദീപേന്ദ്രയെ നിരജനും ഒരു ബന്ധുവും ചേർന്ന് മറ്റൊരു മുറിയിലേക്കു കൊണ്ടുപോയി.

മുറിയിൽ വച്ച് മൂന്നുതവണ ദീപേന്ദ്ര ദേവയാനിയെ വിളിച്ചു. അവസാനം വിളിച്ചപ്പോൾ ഉറങ്ങാൻ പോകുന്നുവെന്നാണ് ദീപേന്ദ്ര പറഞ്ഞതെന്ന് ദേവയാനി പറഞ്ഞു. എന്നാൽ ഈ ഫോൺ വിളിക്കുശേഷം സൈനിക വേഷം ധരിച്ച് തോക്കുകളുമായി മുറിയിൽനിന്ന് ദീപേന്ദ്ര കുതിച്ചിറങ്ങുകയായിരുന്നു. തോക്കുകളുമായി ദീപേന്ദ്ര പോകുന്നത് കൊട്ടാരത്തിലെ സഹായി കണ്ടെങ്കിലും തോക്കുകൾ ശേഖരിക്കുന്നത് ദീപേന്ദ്രയുടെ ഹരമായതിനാൽ മറ്റൊന്നും ചിന്തിച്ചില്ല. അംഗരക്ഷകർ ഇല്ലാത്ത ബില്യാർഡ്സ് മുറിയിലെ അത്താഴ വിരുന്നിലേക്കു കടന്നുചെന്ന അദ്ദേഹം പിതാവിനുനേരെ വെടിയുതിർക്കുകയായിരുന്നു.

വെടിയൊച്ച കേട്ട് അംഗരക്ഷകർ എത്തി ഗ്ലാസ് വാതിലുകൾ ചവിട്ടിപ്പൊട്ടിച്ച് മറ്റു രാജകുടുംബാംഗങ്ങളെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. അത്താഴവിരുന്നിൽ നിരവധിപ്പേരെ കൊന്നൊടുക്കിയ ശേഷം അമ്മയെത്തേടി ദീപേന്ദ്ര പൂന്തോട്ടത്തിലേക്കു പോയി. അമ്മയെയും സംരക്ഷിച്ചു നിന്ന ഇളയ അനുജൻ നിരജനെയും അവിടെവച്ച് ദീപേന്ദ്ര വധിച്ചു. കൂട്ടക്കൊലപാതകത്തിനുപിന്നാലെ പിതാവിന്റെ സഹോദരൻ ഓടിയെത്തി ദീപേന്ദ്രയോട് സംസാരിച്ച് തോക്ക് താഴെവയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ സ്വന്തം തലയ്ക്കു നേരെയാണ് അയാൾ വെടിയുതിർത്തത്.

പ്രവചനം യാഥാർഥ്യമായി?

കൂട്ടക്കൊലപാതകത്തെക്കുറിച്ച് പല ആരോപണങ്ങളും ഊഹാപോഹങ്ങളും ഗൂഢസിദ്ധാന്തങ്ങളും ഉയർന്നെങ്കിലും ഇതൊരു വിധിയാണെന്നു വിശ്വസിക്കുന്നവരും ഒട്ടേറെ. ഇതിന് അനുബന്ധമായി പറയുന്നത് ഇങ്ങനെയാണ് – 1769ൽ പൃഥ്വി നാരായൺ ഷാ മൂന്ന് രാജ്യങ്ങളും കീഴടക്കി സ്വയം രാജാവായി അവരോധിച്ചു. വിജയശ്രീലാളിതനായി കഠ്മണ്ഡു താഴ്‌വരയിലേക്ക് എത്തിയ അദ്ദേഹം ഒരു സന്യാസിയെ കാണാനിടയായി. ഈ സന്യാസിക്ക് രാജാവ് കുറച്ച് തൈര് നൽകിയെന്നും അദ്ദേഹം അതു രുചിച്ചുനോക്കി ബാക്കി രാജാവിനു തിരിച്ചു നൽകിയെന്നുമാണ് ഐതിഹ്യം. തൈരിനെ അനുഗ്രഹിച്ചെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഒരാൾ കഴിച്ചതിന്റെ ബാക്കി കഴിക്കാൻ വിസമ്മതിച്ച രാജാവ് അതു വലിച്ചെറിഞ്ഞു കളഞ്ഞു.

രാജാവിന്റെ അഹങ്കാരത്തെ വിമർശിച്ച സന്യാസി അദ്ദേഹത്തെ ശപിച്ചു. തൈര് കഴിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചേനെയെന്നും പകരം തന്റെ പത്തു വിരലുകൾക്കുനേരെ അതു വലിച്ചെറിഞ്ഞതിനാൽ 10 തലമുറയ്ക്കുശേഷം രാജവംശം നശിച്ചുപോകുമെന്നുമായിരുന്നു ശാപം. ഷാ രാജകുടുംബത്തിലെ പതിനൊന്നാം ഭരണാധികാരിയായിരുന്ന ബീരേന്ദ്ര രാജാവിന്റെ മരണം ഈ ശാപത്തിന്റെ ഫലമാണെന്നു നേപ്പാളിൽ ചിലരെങ്കിലും വിശ്വസിക്കുന്നു.

എന്നാൽ 20 വർഷങ്ങൾക്കുശേഷവും ആ കൊലപാതകങ്ങൾക്കുപിന്നിലെ യഥാർഥ കാരണം ഇപ്പോഴും പുറത്തുവന്നിട്ടില്ല.

English Summary: A royal massacre: 20 years ago, a lovesick Nepalese prince murdered his family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com