ADVERTISEMENT

കോട്ടയം∙ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുള്‍പ്പെടെ വമ്പന്‍ നേതാക്കള്‍ പ്രചാരണക്കളം നിറഞ്ഞാടിയിട്ടും കേരളത്തില്‍ ഉണ്ടായിരുന്ന സീറ്റ് പോലും നേടാനാകാതെ തകര്‍ന്നടിഞ്ഞ് ബിജെപി. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളും വിവാദങ്ങളും ശബരിമല സ്ത്രീപ്രവേശന വിഷയവും ഉയര്‍ത്തിക്കാട്ടി വമ്പന്‍ പ്രചാരണം അഴിച്ചുവിട്ട ബിജെപിക്ക് വിജയപ്രതീക്ഷയുണ്ടായിരുന്ന നേമം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ പോലും വന്‍ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. പെട്രോള്‍, ഡീസല്‍ വില വര്‍ധനയുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ബിജെപിക്ക് തിരിച്ചടിയായത്. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മെട്രോമാന്‍ ഇ. ശ്രീധരനെ ഒപ്പം നിര്‍ത്തി താമരചിഹ്നത്തില്‍ മത്സരിപ്പിക്കാന്‍ കഴിഞ്ഞത് നിഷ്പക്ഷ വോട്ടുകള്‍ അനുകൂലമാക്കുമെന്ന പാര്‍ട്ടി പ്രതീക്ഷയും പാളി. 

ഒരിക്കൽക്കൂടി തകർന്നടിഞ്ഞ ദുരവസ്ഥയിലാണ് കേരളത്തിലെ എൻഡിഎയും ബിജെപിയും. പ്രചാരണരംഗത്ത് പടഹമുയർത്തിയ ബിജെപിക്കു കേരളത്തിന്റെ മനം കവരാനായില്ല. പ്രചാരണത്തിൽ തുടക്കത്തിൽ കാട്ടിയ കോലാഹലം വോട്ടായി മാറിയില്ല. 2016 ൽ കേരളത്തിൽ ബിജെപി ആദ്യമായി നേടിയ നേമത്തെ അക്കൗണ്ട് പൂട്ടിക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം യാഥാർഥ്യമായി. ഫലപ്രഖ്യാപനത്തിനിടെ നാലിടത്ത് മുന്നേറിയെങ്കിലും അവസാനം നാലും കൈവിട്ട് ബിജെപി കേരള നിയമസഭയിൽ നിന്നു പുറത്തായി. 

ഇടതുമുന്നണിക്കൊപ്പമോ അൽപം കൂടുതലായോ പണമൊഴുക്കി രംഗം കൊഴുപ്പിക്കുന്നതിൽ ബിജെപി ഏറെ മുന്നിലായിരുന്നു. എണ്ണയിട്ട യന്ത്രം പോലെ നേതാക്കൾ തലങ്ങും വിലങ്ങും പാഞ്ഞെങ്കിലും അതെല്ലാം വെറും ഉപരിപ്ലവം മാത്രമായിരുന്നുവെന്നാണ് തിരഞ്ഞെടുപ്പു ഫലം നൽകുന്ന സൂചന. 2016 ലേക്കാൾ വോട്ടുവിഹിതം കാര്യമായി ഉയരാത്തത് അടിത്തട്ടിലെ പ്രവർത്തനങ്ങളിൽ പാളിച്ചയുണ്ടെന്നും വ്യക്തമാക്കുന്നു. ഇടതുമുന്നണിയുടെ തേരോട്ടത്തിൽ പല മണ്ഡലങ്ങളിലും ബിജെപി വോട്ടും നഷ്ടമായി എന്ന പ്രതീതിയും ഉണ്ട്. സംഘടനാ സംവിധാനവും പ്രവർത്തന രീതിയും പൊളിച്ചെഴുതിയില്ലെങ്കിൽ കേരളത്തിൽ പാർട്ടിയുടെ ഭാവി നിലവിലെ സംവിധാനത്തിൽ  നിന്ന് ഉയരില്ലെന്നുതന്നെ വേണം കരുതാൻ.

നരേന്ദ്രമോദിയും അമിത്ഷായും പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദയും പ്രചാരണ രംഗത്തിറങ്ങിയിട്ടും ഇത്തവണ ഒരു സീറ്റു പോലും ജയിക്കാത്തത് നേതൃത്വത്തെ പ്രതിക്കൂട്ടലാക്കുന്നു. നേമം കൈവിട്ടതും അവസാനംവരെ വിജയ പ്രതീക്ഷ നൽകിയ മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും പാലക്കാട് മെട്രോമാൻ ഇ.ശ്രീധരനും തൃശൂരിൽ  സുരേഷ്ഗോപിയും പരാജയപ്പെട്ടതിനു സംസ്ഥാന നേതൃത്വം കാരണം പറയേണ്ടിവരും. അവസാന നിമിഷം കേന്ദ്ര നേതൃത്വം ഇടപെട്ട് സീറ്റു നൽകിയിട്ടും ശോഭ സുരേന്ദ്രനും ജയിക്കാനായില്ലെന്നതും തിരിച്ചടിയായി. രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങളിലും കാര്യമായ മാറ്റമുണ്ടായിട്ടില്ല. 

അഞ്ച് സീറ്റിൽ വിജയവും ഇരുപതോളം സീറ്റിൽ നിർണായക ശക്തിയുമാവും എന്നായിരുന്നു പാർട്ടി നേതൃത്വത്തിന്റെ അവസാനംവരെയുള്ള പ്രവചനം. അതുകൊണ്ട് തന്നെയാണ് മറ്റു മുന്നണികളെപ്പോലെ മെട്രോമാൻ ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിച്ചതും. എന്നാൽ,അവസാനം വരെ പൊരുതിയ അദ്ദേഹത്തിനുപോലും ജയിക്കാനായില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ 85 ശതമാനത്തോളം വാർഡുകളിൽ മത്സരിച്ചത് അധ്യക്ഷനായി എത്തിയ കെ. സുരേന്ദ്രന്റെ നേട്ടമായി വിലയിരുത്തിയാണ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോയത്. മത്സരിക്കുന്ന എല്ലായിടത്തും മറ്റു മുന്നണികളെപ്പോലെ പ്രവർത്തിക്കാൻ ആളുണ്ടെന്ന പ്രതീതി ഇതുവഴി ഉണ്ടാക്കി. എന്നാൽ തോന്നിപ്പിക്കലിനപ്പുറം പ്രവർത്തനം അടിത്തട്ടിലേക്ക് നീണ്ടില്ലെന്നാണ് ഫലം നൽകുന്ന സൂചന. 

ബിജെപി എ ക്ലാസ് മണ്ഡലങ്ങളായി നിശ്ചയിച്ച സ്ഥലങ്ങളിൽപോലും പ്രവർത്തനം ഉപരിപ്ലവമായിരുന്നുവെന്ന് പരാതി പലയിടത്തുമുണ്ട്. എന്നാൽ പ്രചാരണത്തിലെ പണക്കൊഴുപ്പും കെ.സുരേന്ദ്രൻ പ്രചാരണ യാത്രയ്ക്ക് ഹെലികോപ്റ്റർ ഉപയോഗിച്ചതും രണ്ടിടത്തു മത്സരിച്ചതും ശോഭാ സുരേന്ദ്രനെ അവസാനം വരെ സീറ്റു നൽകാതെ മാറ്റി നിർത്തിയതും ബാലശങ്കർ നടത്തിയ വിമർശനവുമെല്ലാം ജനത്തിനു മുന്നിൽ ബിജെപിക്ക് അവമതിപ്പുണ്ടാക്കിയെന്ന് കരുതുന്ന പ്രവർത്തകരും നേതാക്കളും ഏറെയാണ്. സംസ്ഥാന സർക്കാരിനെതിരായ പോരാട്ടം വേണ്ട രീതിയിലല്ല നടത്തിയതെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. അഴിമതിയും മറ്റും തുറന്നുകാട്ടുന്നതിനപ്പുറം ശബരിമല പ്രശ്നത്തിൽ പ്രചാരണം ഊന്നിയതും നഷ്ടമുണ്ടാക്കിയെന്നു ഒരു വിഭാഗം വിലയിരുത്തുന്നു. അഴിമതി ആരോപണങ്ങളുംമറ്റും ഉന്നയിക്കുന്നതിനപ്പുറം അവ ജനങ്ങളിൽ എത്തിക്കുന്ന തരത്തിലുള്ള പ്രവർത്തനവും ഉണ്ടായില്ലെന്ന ആക്ഷേപമുണ്ട്.

ബൂത്ത് തലത്തിൽ വീടുകയറിയുള്ള പ്രചാരണം മിക്കയിടത്തും കാര്യമായി നടന്നില്ലെന്നു പലയിടത്തും സ്ഥാനാർഥികൾ തന്നെ പരാതിപ്പെട്ടതായാണ് വിവരം.  പ്രകടന പത്രികയും പൊതു പ്രചാരണ വസ്തുക്കളോ കേന്ദ്രസർക്കാർ പദ്ധതികളെക്കുറിച്ചുള്ള വിവരണങ്ങളോ ജനങ്ങളിലെത്തിക്കുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവന്നും ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. 

നേതാക്കളെല്ലാം മത്സരത്തിനിറങ്ങിയതോടെ പ്രചാരണം ഏകോപിപ്പിക്കാൻപോലും ആളില്ലെന്ന സ്ഥിതിയുണ്ടായി എന്നും ആക്ഷേപമുണ്ട്. തിരഞ്ഞെടുപ്പു പടിവാതിലിൽ നിൽക്കേ തുടങ്ങിയ വിജയ് യാത്രയ്ക്കിടെ  തിരഞ്ഞടുപ്പു പ്രഖ്യാപിച്ചത് അതിലേറെ ആശയക്കുഴപ്പമുണ്ടാക്കി. സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളെ ഇത് ബാധിച്ചു. ഉത്തരേന്ത്യൻ ശൈലിയിൽ അവസാന നിമിഷം സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന രീതിയും ബിജെപിയുടെ പ്രവർത്തനത്തെ ബാധിച്ചെന്നു പറയുന്നു. മറ്റു മുന്നണികൾ പ്രവർത്തനം തുടങ്ങിയിട്ടും പലയിടത്തും ബിജെപിക്കു തുടങ്ങാനായിരുന്നില്ല. 

പാർട്ടിക്ക് നല്ല വോട്ടുള്ള തലശേരി, ഗുരുവായൂർ എന്നിവിടങ്ങളിൽ പത്രിക തള്ളിയത് ഏകോപനത്തിലെ പോരായ്മായണെന്ന് പ്രവർത്തകർ പോലും പരാതിപ്പെടുന്നുണ്ട്.  ചാനൽ ചർച്ചകളിലും മറ്റും എത്തുന്നവരും ശ്രദ്ധേയരായ ചില സംസ്ഥാന നേതാക്കളും കഴിഞ്ഞാൽ പല സ്ഥാനാർഥികളും മണ്ഡലങ്ങളിൽ പരിചിതരല്ലാത്താത് പാർട്ടി വോട്ടിനെപോലും സ്വാധീനിക്കാനായില്ലെന്ന് പാർട്ടിയിലെ ഒരു വിഭാഗം വിലയിരുത്തുന്നുണ്ട്. 

വിജയ പ്രതീക്ഷ പുലർത്തിയ പാലക്കാട്,തൃശൂർ,മലമ്പുഴ,കഴക്കൂട്ടം പോലുളള മണ്ഡലങ്ങളിൽ പോലും പ്രവത്തന ഏകോപനം ഉണ്ടായില്ലെന്ന ആക്ഷേപവും സംഘടനാ സംവിധാനത്തിൽ ബിജെപിയുടെ പോരായ്മയായി. ഇരിങ്ങാലക്കുട, തൃപ്പൂണിത്തുറ, തിരൂർ തുടങ്ങിയ മണ്ഡലങ്ങളിൽ  മത്സരിച്ചവർക്ക് തനിയെ പ്രവർത്തനം നടത്തേണ്ടി വന്നതായി പറയപ്പെടുന്നു.

ഇതിനിടെ ബിജെപി മുൻകാലങ്ങളിലെക്കാൾ ഗ്രൂപ്പു പോരിലേക്ക് പോകുന്ന  കാഴ്ചയാണ് സുരേന്ദ്രന്റെ വരവോടെ  കേരളം കണ്ടത്. കേന്ദ്രമന്ത്രി വി. മുരളീധരനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമായി ചേരി തിരിഞ്ഞത് പാർട്ടി സംഘടനാ സംവിധാനത്തെ തന്നെ ദുർബലമാക്കി.  സുരേന്ദ്രൻ ചുമതലയേറ്റതോടെ അധ്യക്ഷ പദവി മോഹിച്ച ശോഭാ സുരേന്ദ്രൻ എതിരായതും. മുൻ അധ്യക്ഷൻ പി.കെ.കൃഷ്ണദാസ്, എം.ടി രമേശ്  തുടങ്ങിയവർ തുടക്കത്തിൽ സഹകരിക്കാതായതും കല്ലുകടിയായി. ദേശീയ നേതൃത്വം ഇടപെട്ടാണ് അവരെ അനുനയിപ്പിച്ചതും തിരഞ്ഞെടുപ്പിൽ രംഗത്തിറക്കിയതും. 

മുന്നണിയിലെ ഒരു പ്രധാന ഘടകക്ഷിയായ ബിഡിജെഎസിനെ കാര്യമായി പരിഗണിച്ചില്ലെന്ന പരാതിയും ഈ തിരഞ്ഞെടുപ്പിൽ എൻഡിഎക്കു തിരിച്ചടിയായതായി വേണം വിലയിരുത്താൻ. ഒരിക്കൽക്കൂടി ബിജെപിയുടെ വോട്ടും നയവും ചർച്ചയാവുകായാണ്. മൂന്നു പതിറ്റാണ്ട് മുൻപേ കേട്ടു തുടങ്ങിയ വോട്ടുമറിക്കൽ ഇത്തവണയും ആരോപിക്കുമ്പോൾ അത് പങ്കുപറ്റാൻ രണ്ടു മുന്നണിയുമുണ്ട്. ആര് ആർക്ക് മറിച്ചെന്നത് വരുംദിവസങ്ങളിൽ ഏറെ ചർച്ചയാവും. 

English Summary : Failure of BJP in Kerala Assembly Elections 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com