പ്രതീക്ഷിച്ചത് ‘ഈസി വാക്കോവർ’; യുഡിഎഫ് ഇക്കുറിയും പ്രതിപക്ഷത്തെന്ന് വിധിച്ച് ജനങ്ങൾ

Kerala Assembly Election 2021- UDF
നേമത്തെ യുഡിഎഫ് പ്രചാരണം (ഫയൽ ചിത്രം)
SHARE

ളരെ പതുക്കെ തുടങ്ങി, ആവേശത്തിന്റെ പിരിമുറുക്കത്തിലേക്കു ചുവടുമാറ്റി, ക്ലൈമാക്സിൽ കൈവിട്ടുപോയ ഇന്നിങ്സ്. യു‍ഡിഎഫിന്റെ നിയമസഭാ പോരാട്ടത്തെ ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ജയിക്കുമെന്നു പുറമേയ്ക്കു തോന്നിപ്പിക്കാത്ത ശരീരഭാഷയിൽ തുടങ്ങിയ കളി അങ്ങനെത്തന്നെ അവസാനിപ്പിക്കേണ്ടി വന്നിരിക്കുന്നു. ഇടതിനെതിരെ പതിവുമുറകളുമായി അടർക്കളത്തിൽ അടരാടി തോറ്റതിന്റെ മുറിപ്പാട് കാലമേറെ കഴിഞ്ഞാലും യുഡിഎഫിനെ നോവിപ്പിക്കും.

കേരള ചരിത്രത്തിൽ ആദ്യമായി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് തുടർഭരണത്തിലേക്കു കാലെടുത്തു വയ്ക്കുമ്പോൾ, തുടർച്ചയായി പ്രതിപക്ഷത്തിരിക്കാനുള്ള ആദ്യാവസരം സ്വന്തമാക്കാനേ യുഡിഎഫിനു കഴിഞ്ഞുള്ളൂ. കഴിഞ്ഞ തവണത്തേക്കാൾ സീറ്റു നേടി ആധികാരികമാണ് ഇടതുജയം. ഭരണം പിടിക്കുക പോയിട്ട്, ഇടതിനെ പോറലേൽപ്പിക്കാൻ പോലും യുഡിഎഫിനു സാധിച്ചില്ല. നേമത്തെ പരീക്ഷണം പാളിയപ്പോൾ വടകരയിലും പാലായിലും പാലക്കാടും ജയിച്ചത് ആശ്വാസമായി.

6 സീറ്റ് നഷ്ടമായി യുഡിഎഫ് 41 മണ്ഡലങ്ങളിൽ ഒതുങ്ങി. 8 സീറ്റ് അധികം നേടിയ എൽഡിഎഫ് 99 സീറ്റിലേക്ക് കുതിച്ചു. ജീവന്മരണ പോരാട്ടമായിട്ടും അതിന്റെ ഭാവമൊന്നുമില്ലാതെ ‘ഈസി വാക്കോവർ’ പ്രതീക്ഷിച്ചതിനു ജനം നൽകിയ തിരിച്ചടി. കേരളത്തിൽ മാത്രമല്ല, ദേശീയ തലത്തിൽ വരെ അലയൊലി സൃഷ്ടിക്കുന്ന പരാജയമാണിത്. പ്രകടമായ ഭരണവിരുദ്ധ തരംഗമില്ലാതിരുന്നതും സ്ഥാനാർഥി നിർണയം വൈകിയതുമെല്ലാം യുഡിഎഫിനുമേൽ ഇടതുപക്ഷത്തിനു മേൽക്കൈ നൽകിയിരുന്നു.

പുതുമുഖങ്ങൾക്ക് ഇടം നൽകിയുള്ള സ്ഥാനാർഥി പ്രഖ്യാപനത്തിനൊപ്പം, സർക്കാരിനെതിരായ ആക്രമണങ്ങൾക്കു പ്രതിപക്ഷം മൂർച്ച കൂട്ടി. പക്ഷേ പാളയത്തിൽതന്നെ പടയായിരുന്നു. അധികാരം കിട്ടുന്നതിനു മുൻപേ തമ്മിലടിയും പാരവയ്പും തുടങ്ങി. ചിലപ്പോഴെങ്കിലും മേധാവിത്തം കാണിച്ച യുഡിഎഫിനെ സകല ഊർജവുമെടുത്ത് എൽഡിഎഫ് അടിച്ചിരുത്തി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആവേശം വിതറിയിട്ടും അതൊന്നും വോട്ടാക്കി മാറ്റാനായില്ല. ഭരണമാറ്റമെന്ന ‘തുടർച്ച’യ്ക്കല്ല, ഭരണത്തുടർച്ചയെന്ന ‘മാറ്റത്തിനു’ തന്നെയാണു കേരളത്തിന്റെ വോട്ടെന്നു യുഡിഎഫിന്റെ പരാജയം അടിവരയിടുന്നു.

അടുത്തകാലത്തെങ്ങും കണ്ടിട്ടില്ലാത്ത വിധം താരപ്രചാരകരും ദേശീയ നേതാക്കളും ഇക്കുറി കേരളത്തിൽ മൂന്നു മുന്നണികൾക്കും സജീവമായിരുന്നു. പുറത്തുവന്ന സർവേകളിൽ ഭൂരിഭാഗവും ഭരണത്തുടർച്ച പ്രവചിച്ചപ്പോഴും, ജനഹിതം ഒപ്പമാണെന്നു പറഞ്ഞാണു യുഡിഎഫ് കളത്തിലിറങ്ങിയത്. എൽഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ചപ്പോൾ, രമേശ് ചെന്നിത്തല– ഉമ്മൻ ചാണ്ടി– മുല്ലപ്പള്ളി രാമചന്ദ്രൻ എന്നീ കോൺഗ്രസ് നേതാക്കളുടെ ത്രയമാണു യു‍ഡിഎഫിന്റെ കുന്തമുനയായത്.

സർക്കാരിന്റെ തുടക്കം മുതൽ ആരോപണങ്ങൾ തൊടുത്തിരുന്ന ചെന്നിത്തല, തിരഞ്ഞെടുപ്പ് അടുത്തതോടെ ആക്രമണത്തിനു മൂർച്ച കൂട്ടി. തിരഞ്ഞെടുപ്പിൽ 81 സീറ്റ് വരെ നേടി യുഡിഎഫ് ജയിക്കുമെന്നായിരുന്നു കോൺഗ്രസ് നേതൃയോഗ വിലയിരുത്തൽ. ഇരുപതോളം മണ്ഡലങ്ങളിൽ ഇരുമുന്നണികൾക്കും ഒപ്പത്തിനൊപ്പവും സാധ്യത പറഞ്ഞു. മൂന്നു സീറ്റുകളിൽ ഉറച്ച വിജയ സാധ്യതയുണ്ടെന്നും 80 കടന്നേക്കുമെന്നുമായിരുന്നു കണക്കുകൂട്ടൽ. എല്ലാം വെറുതെയായി.

സർക്കാരിനെതിരായ ആരോപണങ്ങൾക്ക് ഒട്ടും പഞ്ഞമുണ്ടായിരുന്നില്ല. പല ഘട്ടങ്ങളിലായി അഞ്ചു മന്ത്രിമാരുടെ രാജിക്കു പിണറായി സർക്കാർ സാക്ഷിയായി. അദാനി ഗ്രൂപ്പിന് 1000 കോടി ലാഭം കിട്ടത്തക്കവിധം ഉയർന്ന വിലയ്ക്കു വൈദ്യുതി വാങ്ങാൻ പിണറായി സർക്കാർ കരാറുണ്ടാക്കിയെന്നാണ് ഒടുവിലായി പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണം. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും അദാനിയും സംസ്ഥാന സർക്കാരും തമ്മിലുള്ള ബന്ധത്തിൽ ദുരൂഹത ഉന്നയിച്ച് രംഗത്തെത്തി.

ഇരുമുന്നണികളും ഒപ്പത്തിനൊപ്പം പോരാടുന്ന സംസ്ഥാനത്ത് 4 ലക്ഷത്തിലേറെ ഇരട്ട വോട്ട് ഉണ്ടെന്നു സ്ഥാപിക്കാനും പ്രതിപക്ഷ നേതാവിനു കഴിഞ്ഞു. 4.34 ലക്ഷം ഇരട്ട/വ്യാജ വോട്ട് സംബന്ധിച്ചു കണ്ടെത്തിയ വിവരങ്ങൾ www.operationtwins.com എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ലോകത്തിനു മുന്നിൽ കേരളത്തെ കള്ളവോട്ടർമാരുടെ നാടായി ചിത്രീകരിക്കാനാണു പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നു കുറ്റപ്പെടുത്തുകയാണു മുഖ്യമന്ത്രി ചെയ്തത്.

തിരഞ്ഞെടുപ്പിന്റെ അജൻഡ തീരുമാനിച്ചെന്ന ആത്മവിശ്വാസത്തിലായിരുന്നു പ്രതിപക്ഷ നേതാക്കൾ. തദ്ദേശത്തിൽ ഹിറ്റായ ‘കിറ്റ് പ്രയോഗം’ ചെറുക്കാനും പ്രതിപക്ഷം ഇറങ്ങി. തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ രോഷത്തിനു കാരണമായ ആഴക്കടൽ മത്സ്യബന്ധന ധാരണാപത്രം എന്ന വിവാദ കൊടുങ്കാറ്റിനെ അഴിച്ചുവിട്ട് സർക്കാരിനെ പ്രതിരോധത്തിലാക്കി.

പ്രചാരണ രംഗത്തു സിപിഎം ചർച്ച ചെയ്യാൻ ആഗ്രഹിക്കാതിരുന്ന ശബരിമല വിഷയത്തെ വിശ്വാസികളുടെ മനസ്സിൽ ഊതിക്കത്തിക്കാനും ബിജെപിക്കൊപ്പം യുഡിഎഫിനും സാധിച്ചു. വിശ്വാസ സംരക്ഷണത്തിനു നിയമം കൊണ്ടുവരുമെന്നായിരുന്നു യുഡിഎഫിന്റെ വാഗ്ദാനം. ജനം ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നു വോട്ടെടുപ്പു ദിവസം എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ തുറന്നടിച്ചതു പ്രതിപക്ഷത്തിനു നിനച്ചിരിക്കാതെ കിട്ടിയ ലോട്ടറിയായി.

പക്ഷേ, തുടർഭരണം ആവശ്യമാണെന്ന ഇടതുപ്രചാരണത്തെ പ്രതിരോധിക്കാനും ബദലായി മാറാനുള്ള ഇച്ഛാശക്തി ജനങ്ങളെ ബോധ്യപ്പെടുത്താനും ഐക്യ ജനാധിപത്യ മുന്നണിക്കു സാധിച്ചില്ല. 10 വർഷത്തേക്ക് ജനം തുടർച്ചയായി അധികാരത്തിൽനിന്നു മാറ്റിനിർത്തിയ ഈ തിരിച്ചടിയിൽനിന്ന് യുഡിഎഫ് എങ്ങനെ കരകയറുമെന്നു കണ്ടറിയണം. കോൺഗ്രസിലുൾപ്പെടെ വലിയ പൊട്ടിത്തെറികളും  സംഭവിച്ചേക്കാം.

English Summary: Kerala Assembly Election 2021- UDF Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS