എൻഡിഎ വോട്ടുകൾ എൽഡിഎഫിലേക്ക്? പൊന്നാനിയിൽ അടിത്തറയിളകി യുഡിഎഫ്

പൊന്നാനിയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യാൻ‌ വേദിയിലേക്ക് വരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥാനാർഥി പി.നന്ദകുമാർ, സിപിഎം ജില്ലാ കമ്മിറ്റി അംഗം ടി.എം.സിദ്ദീഖ് എന്നിവർ സമീപം. ചിത്രം: മനോരമ
SHARE

പൊന്നാനി ∙ മലപ്പുറത്തെ പൊന്നാനി മണ്ഡലത്തിൽ അടിത്തറയിളകി യുഡിഎഫ്. തകർന്നടിഞ്ഞ നഗരസഭാ തിര‍ഞ്ഞെടുപ്പിലെ കണക്കിനേക്കാൾ 2239 വോട്ട് വീണ്ടും ചോർന്നത് മുസ്‍ലിം ലീഗിനും കോൺഗ്രസിനും കനത്ത പ്രഹരമായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും നാട്ടുകാരനുമായ എ.എം.രോഹിത്തിനെ ഏറെ പ്രതീക്ഷയോടെയാണ് യുഡിഎഫ് മത്സരരംഗത്ത് കൊണ്ടുവന്നതെങ്കിലും എല്‍ഡിഎഫിലെ പി.നന്ദകുമാര്‍ 17043 വോട്ടിനാണ് ജയിച്ചത്. 2006ന് ശേഷം യുഡിഎഫ് ഇവിടെ ജയിച്ചിട്ടില്ല.

പൊന്നാനിയിൽ തീരദേശവും നഗരപ്രദേശവും യുഡിഎഫിനെ കൈവിട്ടു. മണ്ഡലത്തിലെ ഉന്നത നേതാക്കളുടെ ബൂത്തുകളിലെല്ലാം എൽഡിഎഫിന്റെ തേരോട്ടമാണ്. കെപിസിസി സെക്രട്ടറി, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്, കെപിസിസി അംഗം തുടങ്ങിയവരുടെ ബൂത്തുകളിൽ വോട്ടുനില ദയനീയമായിരുന്നു. മണ്ഡലത്തിൽ യുഡിഎഫ് ഭരിക്കുന്ന ഏക തദ്ദേശ സ്ഥാപനമായ വെളിയങ്കോട് പഞ്ചായത്തിൽ 2442 വോട്ടിനാണ് എൽഡിഎഫ് ലീഡ് ചെയ്തത്. വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റുകൂടിയായ ഷംസു കല്ലാട്ടേൽ യുഡിഎഫ് മണ്ഡലം കൺവീനറാണ്.

പോസ്റ്റൽ വോട്ടിൽ പോലും മുന്നേറ്റമുണ്ടാക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല. ആകെ പോൾ ചെയ്ത പോസ്റ്റൽ വോട്ടിൽ പകുതിയോളം വോട്ട് എൽഡിഎഫ് നേടിയപ്പോൾ യുഡിഎഫ് വളരെ പിറകോട്ടുപോയി. നഗരസഭാ തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയ എൽഡിഎഫിന് അതിനേക്കാൾ ഭൂരിപക്ഷമാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചത്. 51 വാർഡുകളിലായി 7126 വോട്ടിന്റെ ഭൂരിപക്ഷമാണ് നഗരസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടിയിരുന്നത്.

അടുത്തകാലത്ത് എൽഡിഎഫ് നഗരസഭയിൽ നേടിയ ഏറ്റവും മികച്ച മുന്നേറ്റമായി എൽഡിഎഫിന്റെ ഇൗ മുന്നേറ്റം വിലയിരുത്തപ്പെട്ടിരുന്നു. ഇൗ റെക്കോർഡ് മറികടന്നാണ് ഏതാനും മാസങ്ങൾക്കു ശേഷം നടന്ന നിയമസഭാ തിര‍ഞ്ഞെടുപ്പിൽ ഭൂരിപക്ഷം തിരുത്തിക്കുറിച്ചിരിക്കുന്നത്. പൊന്നാനി നഗരസഭ, മാറഞ്ചേരി, വെളിയങ്കോട്, നന്നംമുക്ക്, ആലങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പൊന്നാനി നിയസഭാ‌ മണ്ഡലം. 9365 വോട്ടിന്റെ ഭൂരിപക്ഷം പി.നന്ദകുമാർ പൊന്നാനി നഗരസഭയിൽനിന്നു മാത്രം നേടിയെടുത്തു. കോൺഗ്രസും ലീഗും തകർന്നടിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിൽനിന്നും 2239 വോട്ടിന്റെ ചോർച്ച വീണ്ടും നഗരസഭയിൽ യുഡിഎഫിനു സംഭവിച്ചത് ചർച്ചയായി. പ്രവർത്തകർക്കിടയിൽ രോഷപ്രകടനം പല ഭാഗത്തും ഉയർന്നുകഴിഞ്ഞു.

എൻഡിഎ വോട്ടുകൾ എൽഡിഎഫിലേക്ക്?

പൊന്നാനിയില്‍ എൻഡിഎ വോട്ടുകൾ എൽഡിഎഫിലേക്കു പോയെന്ന് വിലയിരുത്തൽ. പൊന്നാനി മണ്ഡലത്തിൽ എൻഡിഎയ്ക്ക് സ്വാധീനമുള്ള ബൂത്തുകളിലെല്ലാം എൽഡിഎഫാണ് ലീഡ് ചെയ്തിരിക്കുന്നത്. വിലരിലെണ്ണാവുന്ന സ്ഥലങ്ങളിൽ മാത്രമാണ് യുഡിഎഫിന് ഗുണം ലഭിച്ചിരിക്കുന്നത്. 15000 വോട്ടുള്ള എൻഡിഎ വോട്ട് ചോർച്ചയെ കുറിച്ചുള്ള പ്രവർത്തകർക്കിടയില്‍ ഗൗരവമായ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. ലോക്സഭയിൽ ലഭിച്ച കണക്ക് പരിശോധിച്ചാല്‍ പകുതിയിലധികം വോട്ടിന്റെ കുറവാണ് എൻഡിഎയ്ക്കുണ്ടായിരിക്കുന്നത്.

വെറും 7419 വോട്ട് കൊണ്ട് ഇത്തവണ എൻഡിഎ പൊന്നാനിയിൽ തൃപ്തിപ്പെടേണ്ടി വന്നത് മുന്നണിയിൽ ഏറെ ചർച്ചകൾക്കിടയാക്കിയിരിക്കുകയാണ്. ബിഡിജെഎസ് സ്ഥാനാർഥിയാണ് പൊന്നാനിയിൽ മത്സരിച്ചിരുന്നത്. ബിജെപി ചിഹ്നമില്ലാത്തതും ബിഡിജെഎസ് സ്ഥാനാർഥി മത്സരിച്ചതും വോട്ട് ചോർച്ചയ്ക്ക് കാരണമായതായി മുന്നണി വിലയിരുത്തുന്നുണ്ട്.

പാർട്ടിക്ക് വോട്ട് നഷ്ടപ്പെട്ട മേഖലകളെക്കുറിച്ചും വോട്ടുകൾ എങ്ങോട്ട് പോയി എന്നതിനെക്കുറിച്ചും മുന്നണി പരിശോധിച്ചു വരികയാണെന്ന് എൻഡിഎ പൊന്നാനി മണ്ഡലം കൺവീനർ പ്രസാദ് പടി‍ഞ്ഞാക്കര പറഞ്ഞു. നഗരസഭയിൽ ബിജെപി ജയിച്ച 3 വാർഡുകളുണ്ട്. രണ്ടാം സ്ഥാനത്തു വന്ന വാർഡുകളും പൊന്നാനിയിലുണ്ട്. ഇത്രയും അടിത്തറയുള്ള എന്‍ഡിഎയ്ക്ക് വോട്ട് ചോർച്ച സംഭവിച്ചത് മുന്നണിക്കുള്ളിൽ തന്നെ ഏറെ മുറുമുറുപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. 291 ബൂത്തുകളുള്ള മണ്ഡലത്തിൽ ഒരു ബൂത്തിൽ പോലും ബിജെപിക്ക് നല്ല മത്സരം കാഴ്ചവയ്ക്കാൻ കഴിഞ്ഞിട്ടില്ല.

English Summary: Heavy Blow for UDF at Ponnani Constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA