‘വൈറസ് ലോഡ്’ കുറച്ചു, ഇനി ക്ലിനിക്കല്‍ ട്രയൽ;അദ്ഭുതമാകുമോ നമ്മുടെ ആയുർവേദം?

HIGHLIGHTS
  • മൂന്ന് ആയുർവേദ മരുന്നുകൾ കോവിഡ് ക്ലിനിക്കൽ ട്രയലിലേക്ക്
  • പ്രകൃതിദത്ത മരുന്നുകളാണ് ഉപയോഗിക്കുന്നതെന്നത് ആശ്വാസകരം
  • രാജ്യത്തെതന്നെ നശിപ്പിക്കുന്ന മഹാമാരിയെപ്പറ്റി ചരകസംഹിതയിലുണ്ട്
Covid And Ayurveda
Representative Image
SHARE

മുൾമുനയിലാണു രാജ്യം, കാരണം കോവിഡ്ഭീതിയും. കോവിഡ് ചികിത്സയിൽ ആയുർവേദത്തിന് എന്തൊക്കെ ചെയ്യാനാകും എന്ന കാര്യം കേന്ദ്രസർക്കാരിന്റെ വകുപ്പായ ആയുഷ് മന്ത്രാലയത്തിന്റെ സജീവ പരിശോധനയിലാണ്. 1980ൽ മലേറിയയ്ക്ക് എതിരെ വികസിപ്പിച്ചെടുത്ത ആയുർവേദ മരുന്നായ ‘ആയുഷ് 64’ കോവിഡ് ബാധിതർക്കു ഗുണകരമാണെന്ന് ആയുഷ് മന്ത്രാലയം ഇപ്പോൾ നിർദേശിച്ചിട്ടുണ്ട്. കോവിഡ് ബാധിതരിൽ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പ്രഖ്യാപനം. കോവിഡ് തുടങ്ങിയ ഘട്ടത്തിൽതന്നെ കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ഗവേഷണ വിഭാഗം ഈ ദിശയിൽ അന്വേഷണങ്ങൾ ആരംഭിച്ചിരുന്നു. ആയുർവേദം ഈ രംഗത്ത് നടത്തിയ ഇടപെടലുകളെക്കുറിച്ച് കോട്ടയ്ക്കൽ ആര്യവൈദ്യ ശാലയിലെ ഗവേഷണ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഡോ. രമേഷ് പി.കെ. വാരിയർ സംസാരിക്കുന്നു.

കേന്ദ്ര സർക്കാർ നിർദേശിച്ച ‘ആയുഷ് 64’ എന്ന മരുന്ന് കോവിഡ് ബാധിതർക്ക് എത്രത്തോളം ഫലപ്രദമാണ്?

മലേറിയ രോഗത്തിനായി എൺപതുകളിൽ വികസിപ്പിച്ചെടുത്തതാണെങ്കിലും ‘ആയുഷ് 64’ പലതരം പനികൾക്കെതിരെ ഉപയോഗിക്കുകയും ഫലപ്രദമാണെന്നു കണ്ടെത്തുകയും ചെയ്തതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ബഹുതല പരീക്ഷണം (മൾട്ടി സെൻട്രിക് സ്റ്റഡി) നടത്തി കോവിഡിനായി നിർദേശിക്കുകയാണ് ചെയ്തിട്ടുള്ളത്. തിരുവനന്തപുരത്ത് ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ ഒരു ലക്ഷം പേർക്ക് ഈ മരുന്ന് നൽകിയിരുന്നു. ഇതു സ്വീകരിച്ചവരിൽ വളരെ കുറച്ചുപേർക്കു മാത്രമേ കോവിഡ് ബാധ ഉണ്ടായുള്ളൂ. വന്നവരിൽതന്നെ രോഗം ഒട്ടും ഗുരുതരമായില്ല. ഇതുസംബന്ധിച്ച പഠനം അടുത്തുതന്നെ പ്രസിദ്ധീകരിക്കുമെന്നാണ് വിവരം. 

covid-ayurveda

ആര്യ വൈദ്യശാല കോവിഡിനെതിരായ മരുന്നുകൾ കണ്ടെത്താൻ എന്തൊക്കെയാണു ചെയ്യുന്നത്?

കഴിഞ്ഞ വർഷം കോവിഡ് തുടങ്ങിയ സമയത്തുതന്നെ ആര്യവൈദ്യശാല ഈ ദിശയിൽ പരീക്ഷണങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. വില്വാദി ഗുളിക, മുക്കാമുക്കടുകാദി ഗുളിക, ഇന്ദുകാന്തം കഷായം എന്നിവയിലെ ഘടകങ്ങൾ കോവിഡിനു ഫലപ്രദമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ഇവയുടെ വിശദമായ പരീക്ഷണം നടത്താൻ ആര്യവൈദ്യശാല തയാറായി. ഹൈദരാബാദിലെ സെല്ലുലർ മോളിക്യുലാർ ബയോളജി ലാബുമായി ചേർന്നായിരുന്നു ഗവേഷണം. 

ഈ 3 മരുന്നുകളിൽനിന്ന് വികസിപ്പിച്ചെടുത്ത മരുന്ന് ഹൈദരാബാദിൽ കൊണ്ടുപോയി പരീക്ഷിച്ചു. പുതിയ മരുന്ന് വൈറസിന്റെ ശക്തി കുറയ്ക്കുന്നു എന്നാണു കണ്ടെത്തിയത്. ആന്റി വൈറൽ, ആന്റി ഓക്സിഡന്റ്, ആന്റി ഇൻഫ്ലമേഷൻ എന്നീ ഗുണങ്ങൾ പുതിയ മരുന്നിന് ഉണ്ടെന്നും ഗവേഷണത്തിൽ കണ്ടെത്തി. കോവിഡ് ചികിത്സയ്ക്കും ഈ 3 കാര്യങ്ങളാണ് വേണ്ടത്. ഈ മരുന്നുകൾ ആയുർവേദത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ അനുസരിച്ചുള്ളതും മുൻപേ തന്നെ പല രോഗങ്ങൾക്കും  ഉപയോഗിച്ചുവരുന്നതുമാണ്. 

Covid-Vaccine

ഈ 3 മരുന്നുകൾ തിരഞ്ഞെടുത്തത് എന്തുകൊണ്ട്? അതിൽ എന്തു മാറ്റമാണ് ഉദ്ദേശിക്കുന്നത്?

വൈറസ് രോഗങ്ങൾക്ക് എതിരായ ഘടകങ്ങൾ ഇവയിൽ ഉള്ളതിനാലാണ് ഈ മരുന്നുകൾ ഗവേഷണത്തിനായി പരിഗണിച്ചത്. ഇതിനു പുറമേ മരുന്നിന്റെ  ലഭ്യത, വിലക്കുറവിൽ കിട്ടാനുള്ള സാധ്യത എന്നിവയും പരിഗണിച്ചു. കോവിഡ് രോഗത്തിന് ഈ മരുന്നുകൾ ഉപയോഗിക്കുന്ന കാര്യത്തിൽ റീവാലിഡേറ്റ് ചെയ്യുക എന്ന കാര്യമാണ് ചിന്തിച്ചത്. കോവിഡ് വൈറസ് പുതുതായി കണ്ടെത്തിയതാണല്ലോ. കൊറോണവൈറസ് മനുഷ്യശരീരത്തിലുണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് ഈ മരുന്നുകൾ എത്രത്തോളം ഫലപ്രദമാണെന്നു കണ്ടെത്താനാണു ശ്രമിച്ചത്.

തുടർന്നുള്ള ഗവേഷണ നടപടികൾ എന്തൊക്കെയായിരുന്നു? 

ലോക്ഡൗൺ കാരണം ആര്യവൈദ്യശാല അടച്ചിട്ട സന്ദർഭമായിരുന്നു അത്. സർക്കാരിൽനിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് ഗവേഷണ കേന്ദ്രം തുറന്ന് അഞ്ച് സാംപിളുകൾ ശേഖരിച്ചത്. തയാറാക്കിയ മരുന്നുകൾ ഹൈദരാബാദിലേക്ക് കാറിൽ നേരിട്ട് എത്തിച്ചു. ആര്യവൈദ്യശാലയിലെ ഗവേഷണവിഭാഗത്തിലെ ഡോ. സുലൈമാൻ, ഡോ. മഹേഷ് എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത്. ആദ്യമായിട്ടാണ് ഹൈദരാബാദിലെ സെല്ലുലർ മോളിക്യുലാർ ബയോളജി ലാബിൽ ഇത്തരമൊരു ഗവേഷണം നടന്നത്. 

ഹൈദരാബാദിലെ പഠനഫലം എന്തായിരുന്നു?

വൈറസ് ലോഡ് 43 ശതമാനം കുറയ്ക്കാൻ ഈ മരുന്നുകൾ ഫലപ്രദമാണെന്നാണ് ലാബിൽ കണ്ടെത്തിയത്. തുടർന്ന് 5 ഫോർമുല കൊടുത്തു. 90 ശതമാനവും രോഗം കുറയ്ക്കാൻ അവ പര്യാപ്തമാണെന്നാണ് കണ്ടെത്തിയത്. എന്നാൽ ഇത് ലാബിലെ സെൽലൈൻ പരീക്ഷണത്തിന്റെ ഫലം മാത്രമാണ്. കോവിഡ് ബാധിച്ച ഒരു വ്യക്തിയിൽ അത് എങ്ങനെ പ്രവർത്തിക്കും എന്ന കാര്യം ഇപ്പോൾ പറയാനാവില്ല. അതിന് ക്ലിനിക്കൽ ട്രയൽ നടത്തണം.

US-HEALTH-VIRUS-VACCINE

ആധുനിക മരുന്നുകളുടെ രീതിയിലുള്ള ക്ലിനിക്കൽ ട്രയൽ ആണോ ഉദ്ദേശിക്കുന്നത്?

അതെ. അതിന് സമയം വേണ്ടിവരും. ആയുഷ്തന്നെ കഴിഞ്ഞ വർഷം ആരംഭിച്ച ക്ലിനിക്കൽ ട്രയലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ മരുന്ന് നിർദേശിച്ചിട്ടുള്ളത്. അതിനാൽ കൂടുതൽ സമയമെടുത്ത് ട്രയൽ നടത്തി, മരുന്നിന്റെ ഡോസ് തീരുമാനിക്കണം. അതിനു ശേഷമേ ഈ മരുന്നിന്റെ കാര്യത്തിൽ തീരുമാനം അറിയിക്കാനാവൂ. ക്ലിനിക്കൽ ട്രയൽ നടന്നുവരികയാണ്.

ഫലത്തെപ്പറ്റി എത്രത്തോളം പ്രതീക്ഷയാണ് ഉള്ളത്?

മികച്ച ഫലം ഉണ്ടാകും. കാരണം എത്രയോ കാലമായി നമ്മൾ ഉപയോഗിച്ചുവരുന്ന ശുദ്ധമായ പ്രകൃതിദത്ത മരുന്നുകളാണ് ഇവ. ലോഹങ്ങളുടെ സാന്നിധ്യമില്ലാത്തവയാണ് ഈ മിശ്രിതങ്ങൾ. കടുക്ക, ഇഞ്ചി, ചുക്ക് തുടങ്ങിയവ നമ്മുടെ അടുക്കളയിൽ ഉപയോഗിച്ചുവരുന്നതാണ്. ഇവയുടെ ഓവർഡോസ് ആണ് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നത്.  ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് ഇഞ്ചി ഫലപ്രദമാണെന്ന് വിവിധ രാജ്യങ്ങളിലെ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മഞ്ഞളിന്റെ രോഗപ്രതിരോധ ശക്തിയും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. എത്രയോ നൂറ്റാണ്ടുകളായി നമ്മൾ സുഗന്ധ ദ്രവ്യങ്ങൾ ഉപയോഗിച്ചുവരുന്നുണ്ട്. എങ്കിലും ആധുനിക മരുന്നായി ഇവയെ മാറ്റുന്നതിന് ഇത്തരം അനുഭവങ്ങൾ പോര. അതിനു പഠനങ്ങൾ വേണം. ഈ പശ്ചാത്തലത്തിലാണ് കോട്ടയ്ക്കൽ ആര്യവൈദ്യശാല ആധുനിക ഗവേഷണത്തിനു തയാറെടുത്തത്.

കോവിഡ് പോലുള്ള മഹാമാരികളെപ്പറ്റി ആയുർവേദത്തിന്റെ സമീപനം എന്താണ്?

മഹാമാരികളെപ്പറ്റി ആയുർവേദ ഗ്രന്ഥങ്ങളിൽ പരാമർശം ഉണ്ട്. വായു, ജലം, അന്തരീക്ഷം, ഭൂമി തുടങ്ങിയവ ഒരുമിച്ച് മലിനമാകുന്ന അവസ്ഥയെപ്പറ്റി ചരകസംഹിതയിൽ പറയുന്നുണ്ട്. ജനപദോധ്വംസനീയം എന്നാണു പറയുന്നത്. രാജ്യത്തെതന്നെ നശിപ്പിച്ചുകളയുന്ന മഹാമാരിയെപ്പറ്റിയാണ് പരാമർശം. ഈ അവസ്ഥ മനുഷ്യനിർമിതമാണെന്നും പറയുന്നു. പ്രതിരോധശക്തി വർധിപ്പിക്കുകയും വൃത്തി ശീലമാക്കുകയും ചെയ്യാനാണ് ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ടത്. കാലം മാറുന്നതിന് അനുസരിച്ച് രോഗങ്ങളിലും മാറ്റങ്ങൾ വരുമെന്നും പറയുന്നു. പ്രകൃതിയിൽ എന്തു മാറ്റം സംഭവിച്ചാലും അതു മനുഷ്യരെ ബാധിക്കും. അതിനാൽ പ്രകൃതിയിലെ മാറ്റങ്ങളുമായി സമരസപ്പെട്ടുപോകുന്ന ജീവിതരീതി സ്വീകരിക്കണമെന്നാണ് ആയുർവേദ കാഴ്ചപ്പാട്. 

പ്രതിരോധം വർധിപ്പിക്കുന്നതെങ്ങനെ? പ്രതിരോധം വർധിപ്പിച്ചെടുക്കാൻ കഴിയുന്നതല്ലെന്ന് ആധുനിക വൈദ്യശാസ്ത്രം വാദിക്കുന്നുണ്ടല്ലോ?

പ്രതിരോധം വർധിപ്പിക്കുക എന്നു പറയുമ്പോൾ നമ്മുടെ പ്രതിരോധ സംവിധാനത്തെ വൈബ്രന്റ് ആക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ആയുർവേദ സിദ്ധാന്തം അനുസരിച്ച് പ്രകൃതിദത്ത മരുന്നുകൾ നൽകുമ്പോൾ ശരീരം അതിന്റെ ‘വിസ്ഡം’ ഉപയോഗിച്ചു കറക്ട് ചെയ്യുകയാണ് ചെയ്യുന്നത്. വൈറസ് രോഗങ്ങൾക്ക് മരുന്നില്ലല്ലോ. അപ്പോൾ ശരീരംതന്നെയാണ് ചികിത്സിക്കുന്നത്. അതിനാൽ ശരീരത്തെ സഹായിക്കുന്ന കാര്യമാണ് നാം ചെയ്യേണ്ടത്. ബൂസ്റ്റ് അപ് ചെയ്യുകയല്ല, മോഡുലേറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. അത് ശരീരത്തിന്റെ സ്വാഭാവിക പ്രക്രിയയാണ്. പ്രതിരോധം വർധിപ്പിച്ചെടുക്കാൻ കഴിയില്ല എന്നു പറയുന്നതിൽ അടിസ്ഥാനമില്ല. അങ്ങനെയാണെങ്കിൽ വൈറ്റമിൻ ഗുളികകളും മറ്റും നൽകുന്നതിലും അർഥമില്ലല്ലോ. 

ayurveda

കോവിഡ് കാലഘട്ടത്തിൽ പൊതുവായി അനുവർത്തിക്കേണ്ട ജീവിതശീലങ്ങൾ എന്തൊക്കെയാണ്?

ഭക്ഷണത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. ‘ജങ്ക് ഫൂഡ്’ എന്നു വിവക്ഷിക്കുന്ന സാധനങ്ങൾ ഒഴിവാക്കണം. ഡീപ് ഫ്രൈഡ് ആയ ഭക്ഷ്യസാധനങ്ങളും പാടില്ല. നമ്മൾ പരമ്പരാഗതമായി ശീലിച്ച ഭക്ഷണം വീട്ടിൽ ഉണ്ടാക്കി കഴിക്കുന്നതാണ് നല്ലത്. അപ്പോഴും ഫ്രിഡ്ജിൽ വച്ച സാധനങ്ങൾ പരമാവധി ഒഴിവാക്കുക. ഒരു സമയത്ത് ഭക്ഷണം കഴിച്ചത് ദഹിച്ച ശേഷം മാത്രം അടുത്ത തവണ കഴിക്കുക. വിരുദ്ധാഹാരം എന്ന സമീപനം ആയുർവേദത്തിലുണ്ട്. ഉദാഹരണത്തിന് കോഴിയിറച്ചിയും തൈരും കഴിക്കുന്നത്. ഫ്രീ റാഡിക്കലുകളുടെ ഉല്‍പാദനത്തിന് വിരുദ്ധാഹാരം വഴിയൊരുക്കും എന്നതാണ് ആയുർവേദത്തിന്റെ സമീപനം. ചുരുക്കത്തിൽ നല്ല ഭക്ഷണം ആവശ്യമായ അളവിൽ കഴിക്കുക, വ്യായാമം ചെയ്യുക എന്നിവ വേണം. 

നാരങ്ങ, അമുക്കുരം തുടങ്ങി പലതും ഉപയോഗിക്കണമെന്ന പ്രചാരണങ്ങൾ നടക്കുന്നു. എന്താണ് ആയുർവേദ കാഴ്ചപ്പാട്?

നാരങ്ങയിലെ വിറ്റാമിൻ സി പ്രതിരോധം വർധിപ്പിക്കുന്നതു തന്നെയാണ്. അമുക്കുരവും അദ്ഭുതകരമായ ഫലങ്ങളുണ്ടാക്കുന്ന മരുന്നാണ്. അതുപോലെ പ്രമേഹം ഇല്ലാത്ത വ്യക്തിക്ക് ച്യവനപ്രാശവും നാരസിംഹരസായനവും ഗുണം ചെയ്യുന്നതാണ്. എന്നാൽ ഓരോ വ്യക്തിക്കും പലതരം കോംബിനേഷനിലുള്ള മരുന്നുകളാണു വേണ്ടത്. അതിനാൽ എപ്പോഴും ഒരു ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം മരുന്ന് കഴിക്കുന്നതാണ് ഉചിതം. അതേസമയം ആയുഷ്ക്വാഥ ചൂർണം പോലുള്ള മരുന്നുകൾ ഈ സന്ദർഭത്തിൽ എല്ലാവർക്കും കഴിക്കാവുന്നതാണ്. 

English Summary: How to Prevent Coronavirus and Treat COVID19 with Ayurveda?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

നല്ല ഇടയന് വിട

MORE VIDEOS
FROM ONMANORAMA