ADVERTISEMENT

2016ലെ തിരഞ്ഞെടുപ്പിന്റെ ആവർത്തനമാണ് ഇത്തവണയും കാസർകോട് ജില്ലയിലെ മണ്ഡലങ്ങളിൽ. എൽഡിഎഫ് 3, യുഡിഎഫ് 2. കാസർകോടും മഞ്ചേശ്വരവും ലീഗ് നിലനിർത്തിയപ്പോൾ ഉദുമയും തൃക്കരിപ്പൂരും സിപിഎമ്മും കാഞ്ഞങ്ങാട് സിപിഐയും നിലനിർത്തി. താരപരിവേഷത്തോടെ പ്രചാരണം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തുടർച്ചയായ മൂന്നാം തവണയും മഞ്ചേശ്വരത്തു പരാജയം. കോൺഗ്രസ് ഏറെ പ്രതീക്ഷയോടെ മത്സരിച്ച ഉദുമ മണ്ഡലത്തിൽ എൽഡിഎഫിന് വൻ  വിജയം. മന്ത്രി ഇ. ചന്ദ്രശേഖരൻ തുടർച്ചയായ മൂന്നാം തവണയും കാഞ്ഞങ്ങാട് മണ്ഡലത്തിൽ വിജയിച്ചു.

കഴിഞ്ഞ തവണ 89 വോട്ടിന് നഷ്ടമായ മഞ്ചേശ്വരം പിടിച്ചെടുക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എത്തിയതോടെയാണ് ജില്ലയിലാകെ മത്സരച്ചൂട് ഏറിയത്. 2016ല്‍ ആകെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ തൃക്കരിപ്പൂരും കാഞ്ഞങ്ങാടും ഉദുമയും എല്‍ഡിഎഫിനൊപ്പവും കാസര്‍കോടും മഞ്ചേശ്വരവും യുഡിഎഫിനൊപ്പവുമായിരുന്നു. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നര പതിറ്റാണ്ടത്തെ ഇടത് മുന്നേറ്റം അവസാനിപ്പിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ജില്ലയെയാകെ ഞെട്ടിച്ചു. 40,438 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ണിത്താന്‍ നേടിയത്.

മഞ്ചേശ്വരം

AKM-Ashraf

ബിജെപിയുടെ കെ. സുരേന്ദ്രനെ പരാജയപ്പെടുത്തി മുസ്‌ലിം ലീഗ് സ്ഥാനാർഥി എ.കെ.എം. അഷറഫിന് മഞ്ചേശ്വരത്ത് വിജയം. 745 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലീഗ് സ്ഥാനാർഥി മഞ്ചേശ്വരത്തുനിന്നു ജയിച്ചുകയറിയത്. അഷറഫിന് ലഭിച്ചത് 65,758 വോട്ട്. കെ. സുരേന്ദ്രൻ 65,013 വോട്ടു നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി വി.വി. രമേശൻ മൂന്നാമതായി

ഭൂരിപക്ഷം 745

ആകെ വോട്ട്: 2,21,682

പോൾ ചെയ്തത്: 1,72,774

എ.കെ.എം.അഷ്റഫ് (ലീഗ്): 65,758

കെ.സുരേന്ദ്രൻ (ബിജെപി):  65,013

വി.വി.രമേശൻ (സിപിഎം) :  40,639

89 വോട്ടിന്റെ ലീഡില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് ബിജെപിയെ രണ്ടാമതാക്കിയ മണ്ഡലമാണ് മഞ്ചേശ്വരം. എന്നാല്‍, പി.ബി.അബ്ദുല്‍ റസാഖ് എംഎല്‍എയുടെ മരണത്തെത്തുടര്‍ന്ന് 2019ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എം.സി. ഖമറുദീന്‍ 7927 വോട്ടുകളിലേക്ക് യുഡിഎഫിന്റെ ഭൂരിപക്ഷം ഉയര്‍ത്തി. അതിനാല്‍ ഇനി ഭയക്കാന്‍ ഒന്നുമില്ലെന്നു യുഡിഎഫ് കരുതിയിരിക്കെ കെ.സുരേന്ദ്രന്‍ തന്നെ മത്സരരംഗത്തെത്തിറക്കിയാണ് ബിജെപി കളിച്ചത്. 2006ല്‍ സി.എച്ച്.കുഞ്ഞമ്പു വിജയിച്ചതിനു ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം എല്‍ഡിഎഫ് ഇവിടെ മൂന്നാം സ്ഥാനത്താണ്. 2016ല്‍ ലീഗിന്റെ പി.ബി.അബ്ദുല്‍ റസാഖിന് ലഭിച്ചത് 56,870 വോട്ടായിരുന്നു. കെ. സുരേന്ദ്രന് 56,781 വോട്ടും സിപിഎമ്മിന്റെ സി.എച്ച് കുഞ്ഞമ്പുവിന് 42,565 വോട്ടും ലഭിച്ചു.

കാസര്‍കോട്

NA Nellikunnu

ഹാട്രിക്ക് വിജയത്തോടെ കാസര്‍കോട് നിലനിര്‍ത്തി മുസ്‌ലിം ലീഗിലെ എന്‍.എ.നെല്ലിക്കുന്ന്. ബിജെപിയുടെ വിജയപ്രതീക്ഷ തകര്‍ത്താണ് നെല്ലിക്കുന്ന് 12901 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫ് കോട്ട കാത്തത്.

ഭൂരിപക്ഷം–12,901

ആകെ വോട്ട്: 2,01,812

പോൾചെയ്തത്: 1,43,861

എൻ.എ.നെല്ലിക്കുന്ന് (ലീഗ്): 63,296

കെ.ശ്രീകാന്ത് (ബിജെപി): 50,395

എം.എ.ലത്തീഫ് (ഐഎൻഎൽ): 28,323

യുഡിഎഫിന് ഏറെ മുന്‍തൂക്കമുള്ള മണ്ഡലം പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ടുള്ള മത്സരമാണ് ബിജെപി കാഴ്ചവച്ചത്. മുസ്ലിം ലീഗിലെ എന്‍.എ.നെല്ലിക്കുന്നാണ് മൂന്നാം തവണയും രംഗത്തിറങ്ങിയത്. ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്താണു ബിജെപിക്കു വേണ്ടി ജനവിധി തേടിയത്. പതിവായി തോല്‍ക്കുന്ന സീറ്റിനു പകരം വേറെ സീറ്റ് നല്‍കണമെന്ന് ഐഎന്‍എല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എല്‍ഡിഎഫ് അംഗീകരിച്ചില്ല. എല്‍ഡിഎഫിനു വേണ്ടി ഐഎന്‍എല്ലിലെ എ.എ.ലത്തീഫാണു മത്സരിച്ചത്. 2016ല്‍ എന്‍.എ. നെല്ലിക്കുന്നിന്റെ ഭൂരിപക്ഷം 8,607 വോട്ടായിരുന്നു. 64,727 വോട്ടാണ് അദ്ദേഹത്തിനു ലഭിച്ചത്. ബിജെപിയുടെ രവീഷ തന്ത്രി കുണ്ടാര്‍ 56,120 വോട്ടും ഐഎന്‍എല്ലിന്റെ എ.എ. അമീന്‍ 21,615 വോട്ടും നേടി.

ഉദുമ

സി.എച്ച്.കുഞ്ഞമ്പു
സി.എച്ച്.കുഞ്ഞമ്പു

ഇടതു കോട്ടയായ ഉദുമ ഇക്കുറിയും എല്‍ഡിഎഫിനൊപ്പം നിന്നു. സിപിഎം സ്ഥാനാര്‍ഥി സി.എച്ച് കുഞ്ഞമ്പു 13322 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കാസര്‍കോട് ഡിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയയെ വീഴ്ത്തിയത്. 

ഭൂരിപക്ഷം 13,322

ആകെ വോട്ട്: 2,14,209

പോൾ ചെയ്തത്: 1,65,341

സി.എച്ച്.കുഞ്ഞമ്പു (സിപിഎം): 78,664

ബാലകൃഷ്ണൻ പെരിയ (കോൺഗ്രസ്) 65,342 

എ.വേലായുധരൻ (ബിജെപി) 20,360

പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് അടക്കം ഉള്‍ക്കൊള്ളുന്നതാണു മണ്ഡലം. കൊലപാതക രാഷ്ട്രീയത്തിന്റെ പേരില്‍ സിപിഎമ്മിനോടുള്ള അതൃപ്തി അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു യുഡിഎഫ്. 1987ല്‍ കെ.പി.കുഞ്ഞിക്കണ്ണന്‍ ജയിച്ചതിനു ശേഷം ഉദുമയില്‍നിന്നു കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച ഒരാളും നിയമസഭയിലെത്തിയിട്ടില്ല. എങ്കിലും ഇക്കുറി കോണ്‍ഗ്രസ് ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ മണ്ഡലമാണ് ഉദുമ. 2016ല്‍ കോണ്‍ഗ്രസിലെ കരുത്തനായ കെ.സുധാകരന്‍ തന്നെ ഉദുമ പിടിക്കാനെത്തിയെങ്കിലും സിറ്റിങ് എംഎല്‍എയായ സിപിഎമ്മിലെ കെ.കുഞ്ഞിരാമനോട് 3832 വോട്ടുകള്‍ക്കു പരാജയപ്പെട്ടു. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 8937 വോട്ടുകളുടെ പ്രതീക്ഷിക്കാത്ത ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന് ഉദുമയില്‍ ലഭിച്ചത്. 2016ല്‍ കെ. കുഞ്ഞിരാമന് 70,679 വോട്ടും കെ. സുധാകരന് 66,847 വോട്ടും എന്‍ഡിഎയുടെ കെ. ശ്രീകാന്തിന് 21,231 വോട്ടും ലഭിച്ചു. 2011ല്‍ കെ. കുഞ്ഞിരാമന്റെ ലീഡ് 11,380 ആയിരുന്നു.

കാഞ്ഞങ്ങാട്

E Chandrasekharan

കാഞ്ഞങ്ങാട്ട് ഹാട്രിക്ക് വിജയവുമായി സിപിഐ സ്ഥാനാര്‍ഥി മന്ത്രി ഇ. ചന്ദ്രശേഖരന്‍. 27,139 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.വി. സുരേഷിനെ ചന്ദ്രശേഖരന്‍ പരാജയപ്പെടുത്തിയത്.

ഭൂരിപക്ഷം 27,139

ആകെ വോട്ട്: 2,18,385

പോൾ ചെയ്ത വോട്ട്: 1,62,511

ഇ.ചന്ദ്രശേഖരൻ (സിപിഐ): 84,615 

പി.വി.സുരേഷ് (കോൺഗ്രസ്): 57,476 

എം.ബൽരാജ് (ബിജെപി): 21,570

1987നു ശേഷം കാഞ്ഞങ്ങാട് മണ്ഡലത്തില്‍ യുഡിഎഫ് വിജയിച്ചിട്ടില്ല. സിപിഎമ്മിന്റെ കോട്ടകള്‍ ഏറെയുള്ള മണ്ഡലത്തില്‍ സിപിഐയുടെ മന്ത്രി ഇ.ചന്ദ്രശേഖരനാണ് മൂന്നാമതും മത്സരിച്ചത്. ചന്ദ്രശേഖരന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ സിപിഐയില്‍ തന്നെ ഒരുവിഭാഗം കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു. എല്‍ഡിഎഫ് മണ്ഡലം കണ്‍വീനറും സിപിഐ നേതാവുമായ ബങ്കളം പി.കുഞ്ഞിക്കൃഷ്ണന്‍ രാജിവയ്ക്കുകയും ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 26,011 വോട്ടുകള്‍ക്കായിരുന്നു ചന്ദ്രശേഖരന്റെ വിജയം. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് 2221 വോട്ടുകളായി കുറയ്ക്കാനായതാണ് യുഡിഎഫിനു പ്രതീക്ഷ നല്‍കിയത്. 2016ല്‍ ഇ. ചന്ദ്രശേഖരന് 80,558 വോട്ട് ലഭിച്ചു. യുഡിഎഫിന്റെ ധന്യ സുരേഷിന് 54,547 വോട്ടും ബിഡിജെഎസിന്റെ എം.പി. രാഘവന് 21,104 വോട്ടുമാണ് ലഭിച്ചത്.

തൃക്കരിപ്പൂര്‍

M Rajagopalan

ഇടതു കോട്ടയായ തൃക്കരിപ്പൂര്‍ ഇക്കുറിയും എല്‍ഡിഎഫിനൊപ്പം ഉറച്ചുനിന്നു. സിപിഎം സ്ഥാനാര്‍ഥി എം. രാജഗോപാലന്‍ 26137 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.പി. ജോസഫിനെ പരാജയപ്പെടുത്തിയത്. കെ.എം. മാണിയുടെ മരുമകന് പിജെ. ജോസഫ് തൃക്കരിപ്പൂരില്‍ സീറ്റ് നല്‍കിയത് ഏറെ ചര്‍ച്ചയായിരുന്നു.

ഭൂരിപക്ഷം –26,137

ആകെ വോട്ട്: 2,02,249

പോൾ ചെയ്തത്: 1,61,141

എം.രാജഗോപാലൻ (സിപിഎം): 86,151

എം.പി.ജോസഫ് (കേരള കോൺഗ്രസ്)–60,014

ടി.വി.ഷിബിൻ (ബിജെപി) 10,961

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 16,959 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് തൃക്കരിപ്പൂരില്‍ വിജയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പക്ഷേ, ഭൂരിപക്ഷം വെറും 1899 വോട്ടുകള്‍ മാത്രമായി. അവസാനം നടന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ പക്ഷേ, എല്‍ഡിഎഫ് ഭൂരിപക്ഷം 18,262 വോട്ടുകളായി ഉയര്‍ന്നു. 2016ല്‍ സിപിഎം സ്ഥാനാര്‍ഥി എം. രാജഗോപാലിന് 79,286 വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസിന്റെ കെ.പി. കുഞ്ഞിക്കണ്ണന് 62,327 വോട്ടും ബിജെപിയുടെ എം. ഭാസ്‌കരന് 10,767 വോട്ടും ലഭിച്ചു.

English Summary: Kerala Assembly Elections- Kasargod District

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com