ADVERTISEMENT

കേരള കോൺഗ്രസിന്റെ (എം) കരുത്തിൽ യുഡിഎഫിന്റെ പരമ്പരാഗത കോട്ടയിൽ എൽഡിഎഫിന്റെ കൊടി പാറി. കേരള കോൺഗ്രസ് (എം) മികച്ച വിജയം നേടിയപ്പോൾ പാർട്ടിയുടെ തട്ടകമായ പാലായിൽ പരാജയപ്പെട്ട ചെയർമാൻ ജോസ് കെ. മാണി രാഷ്ട്രീയത്തിലെ കടങ്കഥയായി. ഇരുമുന്നണികളെയും വെല്ലുവിളിച്ച് പൂഞ്ഞാറിൽ ഒറ്റയ്ക്ക് രണ്ടാമതും മത്സരിച്ച പി.സി. ജോർജിന് അടി തെറ്റി. കോട്ടയം ജില്ലയിലെ 9 സീറ്റിൽ അ‍ഞ്ചിടത്ത് എൽഡിഎഫിനും നാലിടത്ത് യുഡിഎഫിനും ജയം. 

ഉമ്മൻ ചാണ്ടിയുടെയും തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും മോൻസ് ജോസഫിന്റെയും ഭൂരിപക്ഷം കുറഞ്ഞു. കാഞ്ഞിരപ്പള്ളിയിൽ വിജയപ്രതീക്ഷയുണ്ടായിരുന്ന മുൻ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം തോറ്റു. മൂവാറ്റുപുഴയ്ക്കു പകരം കാഞ്ഞിരപ്പള്ളിയിൽ മത്സരിച്ച കെപിസിസി ഉപാധ്യക്ഷൻ ജോസഫ് വാഴയ്ക്കനും പരാജയം. പാലാ സീറ്റിൽ ജോസ് കെ. മാണിക്കെതിരെ മാണി സി. കാപ്പൻ തിളക്കമാർന്ന ജയം സ്വന്തമാക്കിയതു മാത്രമാണു യുഡിഎഫിന് അഭിമാനിക്കാവുന്ന നേട്ടം. 

പാലായിൽ തോറ്റെങ്കിലും കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ചങ്ങനാശേരി സീറ്റുകളിലെ ജയത്തോടെ കേരള കോൺഗ്രസ് (എം) ജില്ലയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോൺഗ്രസ്– 2, കേരള കോൺഗ്രസ്–1, എൻസികെ–1 എന്നിങ്ങനെയാണു യുഡിഎഫിലെ കക്ഷിനില. കേരള കോൺഗ്രസ് (എം)– 3, സിപിഎം–1, സിപിഐ–1 എന്നതാണ് എൽഡിഎഫിലെ കക്ഷിനില. 

2016ലെ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസും കോൺഗ്രസും ഒന്നിച്ചു മത്സരിച്ചപ്പോൾ കോൺഗ്രസ് 2 സീറ്റിലും കേരള കോൺഗ്രസ് 4 സീറ്റിലും ജയിച്ചിരുന്നു. ഏറ്റുമാനൂർ, വൈക്കം സീറ്റുകൾ മാത്രമാണു 2016ൽ എൽഡിഎഫിനു ലഭിച്ചത്. 

ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ശ്രദ്ധിക്കപ്പെട്ടത് കേരള കോൺഗ്രസ് (എം) ന്റെ മുന്നണിമാറ്റം കൊണ്ടാണ്. കെ.എം. മാണി അന്തരിച്ച ശേഷം പാർട്ടിയിൽ നടന്ന അധികാരവടംവലിക്കൊടുവിൽ ജോസ് കെ.മാണി ഇടതുമുന്നണിയിലേക്കു പോയപ്പോൾ രണ്ടില ചിഹ്നവും കേരള കോൺഗ്രസ് (എം) എന്ന പേരും ഒപ്പം കൊണ്ടുപോയി. കരുത്തു തെളിയിക്കാനുള്ള അവസരമെന്ന നിലയിൽ ജോസ് കെ. മാണിക്കും പി.ജി. ജോസഫിനും അഭിമാനപ്പോരാട്ടം കൂടിയായിരുന്നു ഈ തിരഞ്ഞെടുപ്പ്. 9 മണ്ഡലങ്ങളുള്ള കോട്ടയത്ത് 2016 ൽ എൽഡിഎഫ് –2, യുഡിഎഫ് –6, സ്വതന്ത്രൻ –1 എന്ന നിലയായിരുന്നു. പക്ഷേ കെ.എം. മാണിയുടെ നിര്യാണത്തെ തുടർന്നു പാലായിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ജയിച്ചത് എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പനായിരുന്നു.

Mani-C-Kappan-2

∙ പാലാ

ഇത്തവണ സംസ്ഥാനത്തെ ഏറ്റവും ആവേശകരവും അപ്രവചനീയവുമായിരുന്ന മൽസരങ്ങളിലൊന്നിന്റെ ഫലം വന്നപ്പോൾ പാലാ വീണ്ടും മാണി സി. കാപ്പനെ ചേർത്തുപിടിച്ചു. മുന്നണി മാറി മൽസരിക്കാനിറങ്ങിയ ജോസ് കെ. മാണിക്ക്15386 വോട്ടിന്റെ തോൽവി.  മാണി സി. കാപ്പൻ (എൻസികെ) : 69804 വോട്ട്, ജോസ് കെ. മാണി (കേരള കോൺഗ്രസ് – എം): 54418 വോട്ട്, ജെ. പ്രമീളാ ദേവി (ബിജെപി) : 10869 വോട്ട്.

1965ൽ മണ്ഡലം നിലവിൽവന്നതു മുതൽ പാലാ നിയമസഭയിലേക്കയച്ചത് കെ.എം. മാണിയെ മാത്രമായിരുന്നു. 2019 ൽ മാണിയുടെ നിര്യാണത്തിനു ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ പാലായുടെ മനസ്സ് തിരിഞ്ഞത്, അതിനുമുമ്പ് മൂന്നു തിരഞ്ഞെടുപ്പുകളിൽ മാണിയോടു തോറ്റ എൻസിപി സ്ഥാനാർഥി മാണി സി. കാപ്പനിലേക്കായിരുന്നു. യുഡിഎഫിനെയും കേരള കോൺഗ്രസ് (എം) ലെ ജോസ് വിഭാഗത്തെയും ഞെട്ടിച്ച ഫലം.

ഇടതുമുന്നണിയും സിപിഎമ്മും ചരിത്രവിജയമായാണ് അത് ആഘോഷിച്ചത്. 2010 ല്‍ കേരള കോൺഗ്രസുമായി ലയിച്ച പി.ജെ. ജോസഫ്, അധികാരത്തർക്കത്തെ തുടർന്ന് അപ്പോഴേക്കും ജോസ് കെ. മാണിയുമായി പോരു തുടങ്ങിയിരുന്നു. നിയമയുദ്ധത്തിനൊടുവിൽ രണ്ടില ചിഹ്നവും കേരള കോൺഗ്രസ് (എം) എന്ന പേരുപയോഗിക്കാനുള്ള അവകാശവും കോടതി ജോസ് പക്ഷത്തിനു നൽകി. ജോസ് കെ. മാണി എൽഡിഎഫിലേക്കു പോയപ്പോൾ പി.ജെ.ജോസഫ് യുഡിഎഫിൽത്തന്നെ തുടർന്നു.

ഇടതുമുന്നണിയിലെത്തിയപ്പോൾ പാലാ സീറ്റിനു വേണ്ടി ജോസ് കെ. മാണി പിടിമുറുക്കി. പക്ഷേ വിട്ടുകൊടുക്കാനാവില്ലെന്ന ഉറച്ച നിലപാടിലായിരുന്നു മാണി സി. കാപ്പൻ. പാലാ ജോസ് കെ. മാണിക്കു തന്നെ നൽകുമെന്ന് ഉറപ്പായ ഘട്ടത്തിൽ മാണി സി. കാപ്പൻ അനുയായികളുമായി യുഡിഎഫിലെത്തി. യുഡിഎഫ് പാലായിലെ സ്ഥാനാർഥിയായി കാപ്പനെ പ്രഖ്യാപിക്കുകയും ചെയ്തു.

1200-monce-joseph

∙ കടുത്തുരുത്തി

കേരള കോൺഗ്രസുകൾ ഏറ്റുമുട്ടിയ കടുത്തുരുത്തിയിൽ മോൻസ് ജോസഫിന് അഞ്ചാം വിജയം. കേരള കോൺഗ്രസ് സ്ഥാനാർഥിയായ മോൻസിന്റെ, മണ്ഡലത്തിലെ തുടർച്ചയായ നാലാം വിജയമാണിത്. എതിരാളിയും കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയുമായ സ്റ്റീഫൻ ജോർജിനെ .4256 വോട്ടിനു പരാജയപ്പെടുത്തിയാണ് മോൻസ് മണ്ഡലം നിലനിർത്തിയത്.

ഇത്തവണ കോട്ടയം ജില്ലയിൽ കേരള കോൺഗ്രസുകൾ നേർക്കുനേർ ഏറ്റുമുട്ടിയ രണ്ടു മണ്ഡലങ്ങളിലൊന്നാണ് കടുത്തുരുത്തി. കേരള കോൺഗ്രസ് (എം) എന്ന പേരും രണ്ടില ചിഹ്നവും അനുവദിച്ചു കിട്ടിയ ജോസ് വിഭാഗം എൽഡിഎഫിലെത്തി സ്റ്റീഫൻ ജോർജിനെ സ്ഥാനാർഥിയാക്കിയപ്പോൾ യുഡിഎഫിലുള്ള ജോസഫ് വിഭാഗം സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ മോൻസ് ജോസഫും കെ.എം. മാണിയുടെ രാഷ്ട്രീയ പാരമ്പര്യം പറഞ്ഞാണ് വോട്ടു തേടിയത്.

ഇത്തവണ ജോസ് കെ. മാണി തന്നെ കടുത്തുരുത്തിയിൽ മൽസരിക്കാനെത്തുമെന്നായിരുന്നു ആദ്യ സൂചനകൾ. പിന്നീട് സ്റ്റീഫൻ ജോർജ് നിയോഗിക്കപ്പെട്ടു. താങ്ങുവില പ്രശ്നവും വിളകളുടെ വിലയിടിവും കൂലിവർധനയുമൊക്കെക്കൊണ്ട് വലയുന്ന കർഷകരടക്കമുള്ള വോട്ടർമാരെയാണ് ഇരുമുന്നണികളും നേരിട്ടത്. രണ്ടു മുന്നണികളും മണ്ഡലത്തോട് അലംഭാവം കാട്ടിയെന്നാരോപിച്ചായിരുന്നു ബിജെപി സ്ഥാനാർഥി ജി.ലിജിൻ ലാലിന്റെ പ്രചാരണം. പാർട്ടി ജില്ലാ ജനറൽ സെക്രട്ടറിയാണ് ലിജിൻ ലാൽ.

ck-asha-cpi

∙ വൈക്കം (എസ്‍സി)

വൈക്കം ഇത്തവണയും ഇടതുകോട്ട. സിറ്റിങ് എംഎൽഎയും സിപിഐ സ്ഥാനാർഥിയുമായ സി.കെ.ആശ 29122 വോട്ടിന് കോൺഗ്രസ് സ്ഥാനാർഥി പി.ആർ സോനയെ പരാജയപ്പെടുത്തി.

സംസ്ഥാനത്ത് ഇത്തവണ അപൂർവമായൊരു മൽസരം നടന്ന മണ്ഡലമാണ് വൈക്കം– മൂന്നു മുന്നണികളുെടയും സ്ഥാനാർഥികൾ സ്ത്രീകൾ! സിപിഐയുടെ കോട്ട എന്നറിയപ്പെടുന്ന വൈക്കത്ത്, 1957 ൽ മണ്ഡലം നിലവിൽ വന്ന കാലം മുതലുള്ള 14 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ജയിച്ചത് മൂന്നു വട്ടം മാത്രം. 1977 മുതല്‍ എസ്‌സി സംവരണമണ്ഡലമായ വൈക്കത്ത് പിന്നീടുള്ളതെല്ലാം സിപിഐ വിജയങ്ങൾ. വൈക്കം നഗരസഭയും ചെമ്പ്, കല്ലറ, മറവന്‍തുരുത്ത്, ടി.വി.പുരം, തലയാഴം, തലയോലപ്പറമ്പ്, ഉദയനാപുരം, വെച്ചൂര്‍, വെള്ളൂര്‍ പഞ്ചായത്തുകളും ചേരുന്നതാണ് വൈക്കം മണ്ഡലം.

വിജയമുറപ്പിച്ച വൈക്കത്ത് സി.കെ. ആശയ്ക്ക് രണ്ടാമൂഴമായിരുന്നു ഇത്തവണ. സപിഐ കോട്ടയം ജില്ലാ കൗൺസിൽ അംഗംകൂടിയായ ആശ 2016 ൽ 24,584 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ ജയിച്ചത്. മണ്ഡലം പിടിക്കാൻ കോൺഗ്രസ് രംഗത്തിറക്കിയത് കോട്ടയം നഗരസഭാ കൗൺസിലർ ഡോ. പി.ആർ. സോനയെയാണ്. കോട്ടയം നഗരസഭാ മുൻ അധ്യക്ഷ കൂടിയായ സോന കെപിസിസി ജനറൽ സെക്രട്ടറി കൂടിയാണ്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അജിതാ സാബുവായിരുന്നു ബിഡിജെഎസ് സ്ഥാനാർഥി.

വി.എൻ. വാസവൻ. ചിത്രം: ഹരിലാൽ
വി.എൻ. വാസവൻ. ചിത്രം: ഹരിലാൽ

∙ ഏറ്റുമാനൂർ

ഏറ്റുമാനൂരിൽ സിപിഎമ്മിനു വിജയത്തുടർച്ച. വി.എൻ. വാസവൻ 14303 വോട്ടിനാണ് ജയിച്ചുകയറിയത്.യുഡിഎഫ് സ്ഥാനാര്‍ഥി പ്രിന്‍സ് ലൂക്കോസ് 43976 വോട്ടും ബിജെപിയുടെ ടി.എന്‍. ഹരികുമാര്‍ 13,747 വോട്ടും സ്വതന്ത്രയായി മത്സരിച്ച ലതികാ സുഭാഷ് 7624 വോട്ടും നേടി.

സംസ്ഥാനമാകെ ശ്രദ്ധിച്ച ചതുഷ്കോണ മൽസരമായിരുന്നു ഇത്തവണ ഏറ്റുമാനൂരിൽ. 1991 മുതൽ 2006 വരെ നാലു ടേം എംഎൽഎ ആയിരുന്ന കേരള കോൺഗ്രസ് (എം) ന്റെ തോമസ് ചാഴികാടനിൽനിന്ന് 2011ൽ സിപിഎമ്മിനു വേണ്ടി സുരേഷ് കുറുപ്പ് 1801 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്ത മണ്ഡലം 2016 ലും അദ്ദേഹം നിലനിർത്തി. 8,899 വോട്ടിനായിരുന്നു 2016ൽ കുറുപ്പ് ചാഴികാടനെ തോൽപിച്ചത്.

ഏറ്റുമാനൂർ നിലനിർത്താൻ ഇത്തവണ ഇടതുമുന്നണി നിയോഗിച്ചത് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ വി.എൻ വാസവനെയായിരുന്നു. യുഡിഎഫിൽ സ്ഥാനാർഥിത്വത്തെച്ചൊല്ലി പോരുമുറുകി. കേരള കോൺഗ്രസിനു വിട്ടുനൽകിയ സീറ്റിൽ പ്രിൻസ് ലൂക്കോസിനെ പ്രഖ്യാപിച്ചതോടെ ഇടഞ്ഞ ലതിക സുഭാഷ് തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനു മുന്നിൽ തല മുണ്ഡനം ചെയ്തതും സ്വതന്ത്രയായി മൽസരിക്കുമെന്നും പ്രഖ്യാപിച്ചതും വാർത്തയായി.

എൻഡിഎയിലും സ്ഥാനാർഥിയുടെ പേരിൽ തർക്കം നടന്നു. ബിഡിജെഎസിനു നൽകിയ സീറ്റ് പിന്നീട് ബിജെപി തിരിച്ചെടുക്കുകയും ടി.എൻ. ഹരികുമാറിനെ മൽസരിപ്പിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കിയതിനു ശേഷം പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ വീട്ടിലെത്തി മടങ്ങുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. 								   ചിത്രം : മനോരമ
തിരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കിയതിനു ശേഷം പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ വീട്ടിലെത്തി മടങ്ങുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ചിത്രം : മനോരമ

∙ കോട്ടയം

കോട്ടയം വീണ്ടും തിരുവ‍ഞ്ചൂരിന്റെ കോട്ട. സിപിഎം സ്ഥാനാർഥി കെ. അനിൽകുമാറിനെതിരെ 18743 വോട്ടിനാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഹാട്രിക് ജയം.

യുഡിഎഫ് ഇത്തവണ വിജയമുറപ്പിച്ച മണ്ഡലങ്ങളിലൊന്നായിരുന്നു കോട്ടയം മുനിസിപ്പാലിറ്റിയും പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളും ചേർന്ന കോട്ടയം. ഇടതു ചായ്‌വ് കാട്ടിയിരുന്ന കോട്ടയത്ത് ടി.കെ. രാമകൃഷ്ണന്റെ മൂന്നു ടേം നീണ്ട തുടർവിജയങ്ങൾക്കു ശേഷം 2001 ലാണ് മേഴ്സി രവി കോൺഗ്രസിന്റെ വിജയക്കൊടി നാട്ടിയത്. 2006 ൽ പക്ഷേ വി.എൻ. വാസ‌വൻ സിപിഎമ്മിനുവേണ്ടി മണ്ഡലം തിരിച്ചുപിടിച്ചു. 2011 ൽ തിരുവ‍ഞ്ചൂർ രാധാകൃഷ്ണനെ കളത്തിലിറക്കി കോൺഗ്രസ് ജയിച്ചുകയറി. 2016 ൽ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 33,632 വോട്ടിനാണ് തിരുവഞ്ചൂർ ജയിച്ചത്. 

കോട്ടയം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിപിഎം ജില്ലാ കമ്മിറ്റിയംഗവും സിഐടിയു ജില്ലാ വൈസ് പ്രസിഡന്റുമായ കെ. അനിൽകുമാറിനെ എൽഡിഎഫ് മൽസരത്തിനിറക്കിയത്. അനിൽ കുമാർ നദീ പുനരുദ്ധാരണ പദ്ധതിയുടെ അമരക്കാരൻ, പരിസ്ഥിതി പ്രവർത്തകൻ എന്നീ നിലകളിൽ ജില്ലയിൽ പരിചിതനാണ്. കോട്ടയം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്ന മിനർവ മോഹനായിരുന്നു ബിജെപി സ്ഥാനാർഥി.

ഉമ്മൻ ചാണ്ടി
ഉമ്മൻ ചാണ്ടി

∙ പുതുപ്പള്ളി

പുതുപ്പള്ളിയിൽ ഇത്തവണയും ഉമ്മൻ ചാണ്ടി തന്നെ. സിപിഎം സ്ഥാനാർഥി ജെയ്ക് സി. തോമസിനെതിരെ 9044 വോട്ടിനാണ് ജയം. ഉമ്മൻ ചാണ്ടിയുടെ തുടർച്ചയായ 12 ാം ജയമാണിത്. 2016 ലും ജെയ്ക് തന്നെയായിരുന്നു എതിരാളി. അന്ന് 27,092 വോട്ടിനായിരുന്നു ഉമ്മൻ ചാണ്ടിയുടെ ജയം. 1957 ലെ ആദ്യ തിരഞ്ഞെടുപ്പിലും 60 ലെ രണ്ടാം തിരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ പി.സി. ചെറിയാനായിരുന്നു പുതുപ്പള്ളിയിൽ ജയം.

67ൽ സിപിഎം സ്ഥാനാർഥി ഇ.എം. ജോർജ് ജയിച്ചുകയറി. 70ൽ ജോർജിൽനിന്ന് പുതുപ്പള്ളി കോൺഗ്രസിനു വേണ്ടി തിരിച്ചുപിടിക്കാനിറങ്ങിയത് ഉമ്മൻ ചാണ്ടിയായിരുന്നു; 27 ാം വയസ്സിൽ. അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ മൽസരം. പിന്നീട് ഇന്നുവരെ ഉമ്മൻചാണ്ടിതന്നെയാണ് നിയമസഭയിൽ പുതുപ്പള്ളിയെ പ്രതിനിധീകരിക്കുന്നത്. ഇത്തവണ നേമത്ത് ഉമ്മൻചാണ്ടിയെ സ്ഥാനാർഥിയാക്കാനുള്ള നീക്കമുണ്ടായെങ്കിലും കോൺഗ്രസ് പ്രവർത്തകരുടെ വികാരം മാനിച്ച് പുതുപ്പള്ളിയിൽത്തന്നെ മൽസരിക്കുമെന്ന് ഉമ്മൻ ചാണ്ടി പ്രഖ്യാപിക്കുകയായിരുന്നു.

ബിജെപി സംസ്ഥാന സമിതിയംഗവും മുൻ ജില്ലാ പ്രസിഡന്റുമായ എൻ. ഹരിയായിരുന്നു പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർഥി.

ചങ്ങനാശേരി നിയോജകമണ്ഡലത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ജോബ് മൈക്കിൾ വോട്ടെണ്ണൽ കേന്ദ്രമായ എസ്ബി സ്കൂളിൽ നിന്നു പ്രവർത്തകരോടൊപ്പം പുറത്തേക്കു വരുന്നു.            
ചിത്രം : മനോരമ
ചങ്ങനാശേരി നിയോജകമണ്ഡലത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ജോബ് മൈക്കിൾ വോട്ടെണ്ണൽ കേന്ദ്രമായ എസ്ബി സ്കൂളിൽ നിന്നു പ്രവർത്തകരോടൊപ്പം പുറത്തേക്കു വരുന്നു.  ചിത്രം : മനോരമ

∙ ചങ്ങനാശേരി

കേരള കോൺഗ്രസുകളുടെ പോരിൽ ചങ്ങനാശേരിയിൽ ഇത്തവണ ജയം കോൺഗ്രസ് (എം) സ്ഥാനാർഥി ജോബ് മൈക്കിളിന്. കേരള കോൺഗ്രസ് സ്ഥാനാർഥി വി.ജെ. ലാലിയെ 6059 വോട്ടിനാണ് ജോബ് മൈക്കിൾ തോൽപിച്ചത്.

കേരള കോൺഗ്രസുകൾ തമ്മിൽ പൊരിഞ്ഞ പോരാട്ടം നടന്ന, കോട്ടയം ജില്ലയിലെ മണ്ഡലങ്ങളിലൊന്നായിരുന്നു ചങ്ങനാശേരി. 1970 മുതൽ കേരള കോൺഗ്രസ് സ്ഥാനാർഥികൾ മാത്രം ജയിച്ചുകയറിയ, 1980 മുതൽ സി.എഫ്. തോമസിന്റെ കുത്തകയായിരുന്ന മണ്ഡലം. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയും കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി പഞ്ചായത്തുകളും ചേർന്ന മണ്ഡലത്തിൽ ഇത്തവണ ഏറ്റുമുട്ടിയത് സിഎഫിന്റെ രണ്ടു ശിഷ്യന്മാർ തന്നെയായിരുന്നു; എൽഡിഎഫിനായി കേരള കോൺഗ്രസ് (എം) സ്ഥാനാർഥി ജോബ് മൈക്കിളും യുഡിഎഫിനായി കേരള കോൺഗ്രസ് സ്ഥാനാർഥി വി.ജെ. ലാലിയും. സിഎഫിന്റെ കേരള കോൺഗ്രസ് (എം) നുവേണ്ടിയാണ് ജോബ് മൈക്കിൾ ഇറങ്ങിയതെങ്കിലും ഇത്തവണ എൽഡിഎഫിന്റെ പേരിലാണെന്നതാണ് കൗതുകം.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജി. രാമൻ നായരായിരുന്നു ബിജെപി സ്ഥാനാർഥി.

എൻ. ജയരാജ്
എൻ. ജയരാജ്

∙ കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളിയിൽ സിറ്റിങ് എംഎൽഎയും എൽഡിഎഫ് സ്ഥാനാർഥിയുമായ എൻ. ജയരാജിന് തുടർച്ചയായ നാലാം ജയം. യുഡിഎഫ് സ്ഥാനാർഥി ജോസഫ് വാഴയ്ക്കനെ 13703 വോട്ടുകൾക്കാണ് കേരള കോൺഗ്രസ് (എം) സ്ഥാനാർഥി ജയരാജ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ മൂന്നുവട്ടവും (2006 ൽ വാഴൂരിലും 2011 ലും 2016 ലും കാഞ്ഞിരപ്പള്ളിയിലും) കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയായിരുന്ന ജയരാജ് യുഡിഎഫിലായിരുന്നു.

പഴയ വാഴൂർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളുടെ ഭാഗങ്ങൾ ചേർത്ത് 2011 ലാണ് ഇപ്പോഴത്തെ കാഞ്ഞിരപ്പള്ളി മണ്ഡലം രൂപീകരിച്ചത്. ഇത്തവണ കേരള കോൺഗ്രസ് (എം) ഇടതുമുന്നണിയിലേക്കു വന്നതോടെ കാഞ്ഞിരപ്പള്ളി സീറ്റിന്റെ പേരിലുളള തർക്കം മുന്നണിയിൽ പുകയുന്നുണ്ടായിരുന്നു. കേരള കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ കാഞ്ഞിരപ്പള്ളിയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിൽനിന്നു മൽസരിച്ചിരുന്നത് സിപിഐയാണ്. വിട്ടുകൊടുക്കില്ലെന്നു സിപിഐ നിലപാടെടുത്തെങ്കിലും സീറ്റ് കേരള കോൺഗ്രസ് (എം) നുതന്നെ ലഭിച്ചു.

മുന്നണി മാറിയിറങ്ങിയ കേരള കോൺഗ്രസിൽനിന്നു കാഞ്ഞിരപ്പള്ളി പിടിച്ചെടുക്കാൻ കോൺഗ്രസ് നിയോഗിച്ചത് എഐസിസി അംഗവും മുൻ മൂവാറ്റുപുഴ എംഎൽഎയുമായ ജോസഫ് വാഴയ്ക്കനെയായിരുന്നു. സ്ഥാനാർഥിത്വത്തിന്റെ പേരിൽ യുഡിഎഫിലും ആദ്യം അഭിപ്രായ വ്യത്യാസങ്ങളുണ്ടായെങ്കിലും പിന്നീട് മുന്നണി പ്രചാരണത്തിൽ സജീവമായി. ബിജെപി മൽസരരംഗത്തിറക്കിയത് കേന്ദ്രമന്ത്രിയും പഴയ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ എംഎൽഎയുമായിരുന്ന അൽഫോൻസ് കണ്ണന്താനത്തെയാണ്. കണ്ണന്താനം 2011 ൽ കാഞ്ഞിരപ്പള്ളിയിൽ മൽസരിച്ചത് ഇടതു സ്വതന്ത്രനായായിരുന്നു. ജോസഫ് വാഴയ്ക്കനെയാണ് അന്നു പരാജയപ്പെടുത്തിയത്. രാഹുൽ ഗാന്ധിയും അമിത് ഷായും സീതാറാം യച്ചൂരിയും പ്രചാരണത്തിനെത്തിയത് മൂന്നു മുന്നണികളെയും ആവേശത്തിലാക്കിയിരുന്നു.

kottayam-sebastian-kalathumkal

∙ പൂഞ്ഞാർ

പി.സി. ജോര്‍ജിനെ വീഴ്ത്തി കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി സെബാസ്റ്റിയന്‍ കുളത്തുങ്കല്‍. എല്‍ഡിഎഫിനു വേണ്ടി കളത്തിലിറങ്ങിയ സെബാസ്റ്റിയന്‍ കുളത്തുങ്കള്‍ 16817 വോട്ട് ഭൂരിപക്ഷത്തിനാണ് പി.സി. ജോര്‍ജിനെ പരാജയപ്പെടുത്തിയത്. പി.സി. ജോര്‍ജി് 41851 വോട്ടാണ് ലഭിച്ചത്.

കേരളം കൗതുകത്തോടെ ശ്രദ്ധിച്ച മൽസരമായിരുന്നു ഇത്തവണ പൂഞ്ഞാറിലേത്. മൂന്നു മുന്നണികൾക്കുമെതിരെ പി.സി. ജോർജ് മൽസരിക്കുവെന്നതിനപ്പുറം, പിസിയുടെ നിലപാടുകളും പ്രഖ്യാപനങ്ങളും വിവാദമാകുകയും ചെയ്തു. 1957 ൽ കോൺഗ്രസ് സ്ഥാനാർഥി ടി.എ. തൊമ്മൻ ജയിച്ച പൂഞ്ഞാറിന് എക്കാലവും ചായ്‌വ് കേരള കോൺഗ്രസിനോടായിരുന്നു. 1980 ലാണ് പി.സി. ജോർജ് ആദ്യം പൂഞ്ഞാറിൽനിന്ന് നിയമസഭയിലേക്കു ജയിച്ചത്. 82 ലും ജയം ആവർത്തിച്ചു. 87 ൽ പക്ഷേ ജനതാ പാർട്ടിയുടെ എൻ.എം. ജോസഫിനോട് 1076 വോട്ടിനു പരാ‍ജയപ്പെട്ടു. 96 ൽ കേരള കോൺഗ്രസ് സ്ഥാനാർഥിയായി വീണ്ടും മൽസരിക്കാനിറങ്ങി ജയിച്ചുകയറിയ പി.സി. ജോർജ് തന്നെയാണ് കഴിഞ്ഞ അഞ്ചു ടേമുകളിലായി പൂഞ്ഞാറിന്റെ എംഎൽഎ.

2016 ൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയായിരുന്ന ജോർജ് ഇത്തവണ മുന്നണികളോടിടഞ്ഞ് കേരളജനപക്ഷം എന്ന പാർട്ടിയുണ്ടാക്കിയാണ് പോരാട്ടത്തിനിറങ്ങിയത്. യുഡിഎഫിന്റെ ഭാഗമായി മൽസരിക്കാൻ ആഗ്രഹണമുണ്ടെന്ന് ജോർജ് പലവട്ടം വ്യക്തമാക്കിയിട്ടും അനുകൂലനിലപാടുണ്ടാകാതിരുന്നതിനെ തുടർന്നാണ് തനിച്ചു മൽസരിക്കാനുള്ള തീരുമാനമെടുത്തത്.

ഇത്തവണ കോൺഗ്രസ് രംഗത്തിറക്കിയത് കെപിസിസി ജനറൽ സെക്രട്ടറി ടോമി കല്ലാനിയെയായിരുന്നു. എൽഡിഎഫ് കേരള കോൺഗ്രസ് (എം) നു നൽകിയ സീറ്റിൽ മൽസരിച്ചത് സെബാസ്റ്റ്യൻ കുളത്തുങ്കലായിരുന്നു. എം.പി. സെന്നായിരുന്നു ബിഡിജെഎസ് സ്ഥാനാർഥി.

English Summary: Kottayam District Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com