ADVERTISEMENT

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നഷ്ടമായ കോട്ടകൾ ഇരുമുന്നണികളും തിരിച്ചുപിടിച്ചു; കൊടുവള്ളി യുഡിഎഫും കുറ്റ്യാടി എൽഡിഎഫും. വടകരയിലെ എൽഡിഎഫ് കോട്ട ആർഎംപി തകർത്തപ്പോൾ സിറ്റിങ് സീറ്റായ കോഴിക്കോട് സൗത്ത് യുഡിഎഫിനു നഷ്ടമായി.

ഇരുവശത്തും നഷ്ടവും നേട്ടവും തുല്യമായതോടെ കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അതേ കക്ഷിനില തന്നെ; എൽഡിഎഫ്–11, യുഡിഎഫ്–2.

തുടർച്ചയായ 4–ാം തിരഞ്ഞെടുപ്പിലും ജില്ലയിൽനിന്ന് കോൺഗ്രസിന് എംഎൽഎമാരില്ല. ജനതാ പാർട്ടി ഒപ്പം നിന്ന 1980 ലെ തിരഞ്ഞെടുപ്പിൽ മാത്രം യുഡിഎഫ് വിജയിച്ച വടകരയിൽ ഇക്കുറി ആർഎംപിയിലൂടെ യുഡിഎഫ് നേട്ടമുണ്ടാക്കി. എൽജെഡി ഒപ്പമുണ്ടായിരുന്ന 2 തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന് വിജയിക്കാൻ കഴിയാതിരുന്ന വടകരയിൽ അവർ മുന്നണി വിട്ടതോടെ യുഡിഎഫിന് നേട്ടമുണ്ടാക്കാനായി. ജില്ലയിലെ മികച്ച പ്രകടനത്തിനിടയിലും വടകരയിലെ ആർഎംപി വിജയം സിപിഎമ്മിന് ആഘാതമായി. ജില്ലയിലെ തിരഞ്ഞെടുപ്പ് പര്യടനം പൂർത്തിയാക്കി മടങ്ങിയ പിണറായി വിജയൻ വടകരയിലെ പ്രചാരണത്തിനു വേണ്ടി മാത്രമായി വീണ്ടുമെത്തിയിരുന്നു.

പാർട്ടിയെ അണികൾ തിരുത്തിയ കുറ്റ്യാടിയിലെ വിജയം നേതൃത്വത്തിനും അണികൾക്കും ഒരു പോലെ ആശ്വാസം. സീറ്റ് കേരള കോൺഗ്രസി(എം)നു വിട്ടു നൽകിയതിന് എതിരെയായിരുന്നു സിപിഎം അണികളുടെ പ്രതിഷേധം. സീറ്റ് തിരിച്ചെടുത്ത സിപിഎം വിജയം നേടുകയും ചെയ്തു.

കഴിഞ്ഞ വട്ടം നഷ്ടമായ കൊടുവള്ളി എം.കെ. മുനീറിനെ ഇറക്കി പിടിച്ചെടുത്തെങ്കിലും മുനീറിന്റെ സിറ്റിങ് സീറ്റായ കോഴിക്കോട് സൗത്ത് യുഡിഎഫിന് നഷ്ടമായി. ബാലുശ്ശേരിയിൽ നടൻ ധർമജൻ ബോൾഗാട്ടിയുടെ താരത്തിളക്കവും വോട്ടായില്ല. ജില്ലയിലെ എ ക്ലാസ് മണ്ഡലങ്ങളിൽ പോലും ബിജെപി പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ല.

പരീക്ഷണങ്ങളുടെ പല രുചിക്കൂട്ടുകളാണ് ഇക്കുറി കോഴിക്കോട് പരീക്ഷിച്ചത്. മുസ്‌ലിം ലീഗിന്റെ സീറ്റില്‍ സ്വതന്ത്രനായി കോണ്‍ഗ്രസ് നേതാവ്, കോണ്‍ഗ്രസിനു വേണ്ടി സിനിമാതാരം, ലീഗില്‍ 25 വര്‍ഷത്തിനു ശേഷം വനിതാ സ്ഥാനാര്‍ഥി, യുഡിഎഫ് സ്വതന്ത്രനായി വ്യവസായി എന്നിങ്ങനെ പരീക്ഷണങ്ങള്‍ പലവിധം. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോടിന് ഇടത്തേക്കാണു ചായ്‌വ് കൂടുതല്‍. യുഡിഎഫ് ഭരണത്തിലെത്തിയ 2011ലെ തിരഞ്ഞെടുപ്പില്‍പോലും ജില്ലയിലെ 13 സീറ്റില്‍ പത്തും നേടിയത് എല്‍ഡിഎഫ്.

2016ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചത് 11 സീറ്റില്‍. വടകര, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശേരി, ഏലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളാണ് എല്‍ഡിഎഫിനൊപ്പം നിന്നത്. കുറ്റ്യാടിയും കോഴിക്കോട് സൗത്തും മാത്രമാണ് യുഡിഎഫിനെ തുണച്ചത്. എന്നാല്‍, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 13 മണ്ഡലങ്ങളിലും യുഡിഎഫിനായിരുന്നു ലീഡ്. തദ്ദേശതിരഞ്ഞെടുപ്പിലെ വോട്ടുകണക്കില്‍ 10 സീറ്റില്‍ എല്‍ഡിഎഫായിരുന്നു മുന്നില്‍.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ അവസാനമായി കോണ്‍ഗ്രസ് ജയിച്ചതു 2001ല്‍ ആണ്. കോഴിക്കോട് നോര്‍ത്തില്‍ എ.സുജനപാലും കൊയിലാണ്ടിയില്‍ പി.ശങ്കരനും. അന്നു രണ്ടുപേരും മന്ത്രിമാരുമായി. എന്നാല്‍, പിന്നീട് ഒരു എംഎല്‍എ പോലും ജില്ലയില്‍ കോണ്‍ഗ്രസിനുണ്ടായില്ല. സിപിഎം മത്സരിച്ച 7 സീറ്റില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഒഴികെ 6 പേരും പുതുമുഖങ്ങളായിരുന്നു.

kk-rema-lead

വടകര

7491 വോട്ടിന്റെ ഭൂരിപക്ഷവുമായാണ് യുഡിഎഫ് സ്ഥാനാർഥിയായി മൽസരിച്ച ആർഎംപി നേതാവ് കെ.കെ. രമയുടെ ചരിത്രജയം. വോട്ടെണ്ണലിന്റെ എല്ലാ ഘട്ടത്തിലും രമ ശക്തമായ മുന്‍തൂക്കം നേടിയെടുത്തിരുന്നു.

ഭൂരിപക്ഷം: 7,491

ആകെ വോട്ട്: 1,67,406

പോൾ ചെയ്തത്: 1,36,673

കെ.കെ.രമ (ആർഎംപി): 65,093

മനയത്ത് ചന്ദ്രൻ (എൽജെഡി):   57,602

എം.രാജേഷ് കുമാർ (ബിജെപി): 10,225

വടകരയില്‍ യുഡിഎഫ് പിന്തുണയോടെ കെ.കെ.രമ മത്സരത്തിനിറങ്ങിയതോടെ ടിപി വധമാണ് വീണ്ടും ചര്‍ച്ചയായത്. തദ്ദേശതിരഞ്ഞെടുപ്പില്‍ വടകരയിലെ 3 തദ്ദേശസ്ഥാപനങ്ങളില്‍ ആര്‍എംപിയുഡിഎഫ് സഖ്യം ഭരണം നേടിയതാണ് പ്രതീക്ഷയായത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ 3 മുന്നണികള്‍ക്കുമെതിരെ മത്സരിച്ച രമ 20,504 വോട്ടു നേടിയിരുന്നു. അന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.കെ.നാണുവിന്റെ വിജയം 9511 വോട്ടിനായിരുന്നു. ജെഡിഎസ് സ്ഥാനാര്‍ഥി സി.കെ. നാണു 49,211 വോട്ടും ജെഡിയു സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രന്‍ 39,700 വോട്ടും നേടിയിരുന്നു. ബിജെപിയുടെ സ്ഥാനാര്‍ഥി എം. രാജേഷ് കുമാര്‍ 13,937 വോട്ടാണ് നേടിയത്.

കെ.പി. കുഞ്ഞമ്മദ്കുട്ടി
കെ.പി. കുഞ്ഞമ്മദ്കുട്ടി

കുറ്റ്യാടി

പ്രാദേശിക സിപിഎം  പ്രവർത്തകർ അഭിമാനപോരാട്ടമായി കണ്ട കുറ്റ്യാടിയിൽ കെ.പി. കുഞ്ഞമ്മദ്കുട്ടിക്ക് 333 വോട്ടിന്റെ ജയം. കഴിഞ്ഞ വട്ടം 1157 വോട്ടിന് മുസ്‍ലിം ലീഗ് പിടിച്ചെടുത്ത ഇടതുകോട്ട ഇത്തവണ അണികൾ നേരിട്ടിറങ്ങി തിരിച്ചുപിടിച്ച വിജയത്തിന് മധുരമേറും. മുസ്‍ലിം ലീഗിലെ പാറക്കൽ അബ്ദുല്ലയെ ആണ് കുഞ്ഞമ്മദ് കുട്ടി തോൽപ്പിച്ചത്.

ഭൂരിപക്ഷം: 333

ആകെ വോട്ട്: 2,02,211

പോൾ ചെയ്തത്: 1,70,002

കെ.പി.കുഞ്ഞമ്മദ് കുട്ടി (സിപിഎം): 80,143

പാറക്കൽ അബ്ദുല്ല (ലീഗ്): 79,810

പി.പി.മുരളി (ബിജെപി): 9,139

സീറ്റ് ഘടകകക്ഷിക്ക് വിട്ടുനല്‍കിയ തീരുമാനത്തിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി നേതൃത്വത്തെ തിരുത്തിയ മണ്ഡലമാണ് കുറ്റ്യാടി. അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ സിപിഎം സ്ഥാനാര്‍ഥി വേണമെന്ന് ആവശ്യം ഒടുവില്‍ അംഗീകരിച്ച് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കുഞ്ഞമ്മദ്കുട്ടിയെ തന്നെ സിപിഎം സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. 2016ല്‍ ലീഗിന്റെ പാറയ്ക്കല്‍ അബ്ദുല്ല 1,901 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ ജയിച്ചത്. അദ്ദേഹം 71,809 വോട്ട് നേടിയിരുന്നു. സിപിഎമ്മിന്റെ .െകെ. ലതിക 70,652 വോട്ട് നേടി. എന്‍ഡിഎ സ്ഥാനാര്‍ഥി രാമദാസ് മണലേരി 12,327 വോട്ടാണ് നേടിയത്. 2011ല്‍ കെ.കെ. ലതിക 6,972 വോട്ടിന് ജയിച്ച മണ്ഡലമാണിത്.

എ.കെ. ശശീന്ദ്രന്‍
എ.കെ. ശശീന്ദ്രന്‍

എലത്തൂര്‍

ഹാട്രിക് വിജയവുമായി എലത്തൂര്‍ നിലനിര്‍ത്തി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍. 38502 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശശീന്ദ്രന്‍ എന്‍സികെ സ്ഥാനാര്‍ഥി സുള്‍ഫിക്കര്‍ മയൂരിയെ പരാജയപ്പെടുത്തിയത്.

ഭൂരിപക്ഷം: 38,502

ആകെ വോട്ട്: 2,03,267

പോൾ ചെയ്തത്: 1,64,613

എ.കെ.ശശീന്ദ്രൻ (എൻസിപി): 83,639

സുൽഫിക്കർ മയൂരി (എൻസികെ): 45,137

ടി.പി.ജയചന്ദ്രൻ (ബിജെപി): 32,010

എലത്തൂരില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി യുഡിഎഫില്‍ കലഹം പുകഞ്ഞിരുന്നു. മാണി സി. കാപ്പന്റെ എന്‍സികെയ്ക്ക് നല്‍കിയ സീറ്റില്‍ ആലപ്പുഴ സ്വദേശിയായ സുള്‍ഫിക്കര്‍ മയൂരിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടയാക്കിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എന്‍സിപി നേതാവ് ഗതാഗത മന്ത്രി സി.കെ. ശശീന്ദ്രനാണ് വീണ്ടും കളത്തിലിറങ്ങിയത്. 2016ല്‍ 29,057 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശശീന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി. കിഷന്‍ചന്ദിനെ തോല്‍പിച്ചത്. ശശീന്ദ്രന് 76,387 വോട്ടും കിഷന്‍ ചന്ദിന് 47,330 വോട്ടും എന്‍ഡിഎയുടെ വി.വി. രാജന് 29,070 വോട്ടും നേടിയിരുന്നു. 2011ല്‍ എ.കെ. ശശീന്ദ്രന്‍ 14,654 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചിരുന്നത്.

കോഴിക്കോട് നോര്‍ത്ത്

തോട്ടത്തില്‍ രവീന്ദ്രന്‍
തോട്ടത്തില്‍ രവീന്ദ്രന്‍

ശക്തമായ ത്രികോണ മത്സരത്തിനൊടുവില്‍ സിപിഎം നേതാവും മുന്‍മേയറുമായ തോട്ടത്തില്‍ രവീന്ദ്രന്‍ 12928 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെ പരാജയപ്പെടുത്തിയത്. 

ഭൂരിപക്ഷം: 12,928

ആകെ വോട്ട്: 1,80,909

പോൾ ചെയ്തത്: 1,37,662

തോട്ടത്തിൽ രവീന്ദ്രൻ (സിപിഎം): 59,124

കെ.എം.അഭിജിത്ത് (കോൺ): 46,196

എം.ടി.രമേശ് (ബിജെപി): 30,952

15 വര്‍ഷത്തോളം എ. പ്രദീപ് കുമാറിലൂടെ ഇടതു കോട്ടയാക്കിയ മണ്ഡലം തിരിച്ചു പിടിക്കാന്‍ ഇരുപത്തിയാറുകാരനായ കെ.എം. അഭിജിത്തിനെയാണ് ഇക്കുറി കോണ്‍ഗ്രസ് ഇറക്കിയത്. സിപിഎം നേതാവ് തോട്ടത്തില്‍ രവീന്ദ്രനും ബിജെപി നേതാവ് എം.ടി. രമേശും കളം നിറഞ്ഞതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലം വേദിയായത്. 2016ല്‍ എ. പ്രദീപ് കുമാറിന്റെ ഭൂരിപക്ഷം 27,873 ആയിരുന്നു. 64,192 വോട്ടാണ് പ്രദീപ്കുമാര്‍ നേടിയത്. യുഡിഎഫിന്റെ പി.എം. സുരേഷ് ബാബു 36,319 വോട്ടും എന്‍ഡിഎയുടെ കെ.പി. ശ്രീശന്‍ 29,860 വോട്ടും നേടിയിരുന്നു. 2011ല്‍ എ. പ്രദീപ്കുമാര്‍ 8,998 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

കുന്നമംഗലം

പി.ടി.എ. റഹീം
പി.ടി.എ. റഹീം

ഇടതു സ്വതന്ത്രന്‍ പി.ടി.എ. റഹീം, 10276 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഡിസിസി ജനറല്‍ സെക്രട്ടറി ദിനേശ് പെരുമണ്ണയെ പരാജയപ്പെടുത്തിയത്

ഭൂരിപക്ഷം: 10,276

ആകെ വോട്ട്: 2,31,284

പോൾ ചെയ്തത്: 1,94,218

പി.ടി.എ. റഹീം (സ്വത): 85,138

ദിനേശ് പെരുമണ്ണ (സ്വത): 74,862

വി.കെ.സജീവൻ (ബിജെപി):  27,672

ഡിസിസി ജനറല്‍ സെക്രട്‌റി ദിനേശ് പെരുമണ്ണ അപ്രതീക്ഷിതമായി ലീഗ് ടിക്കറ്റില്‍ യുഡിഎഫ് സ്വതന്ത്രനായി എത്തിയതോടെയാണ് കുന്നമംഗലം ശ്രദ്ധാകേന്ദ്രമായത്. 2011, 2016 തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മണ്ഡലം പിടിച്ച പി.ടി.എ. റഹിമിനെ വീഴ്ത്താനായി ഹിന്ദു വോട്ടുകള്‍ കൂടി ലക്ഷ്യമിട്ടുള്ള യുഡിഎഫിന്റെ കടുത്ത തന്ത്രമായിരുന്നു ഇത്. 2016ല്‍ പി.ടി.എ. റഹിം 11,205 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഫ് സ്ഥാനാര്‍ഥി ടി. സിദ്ദിഖിനെ തോല്‍പിച്ചത്. റഹിം 77,410 വോട്ടും സിദ്ദിഖ് 66,205 വോട്ടും എന്‍ഡിഎയുടെ സി.കെ. പത്മനാഭന്‍ 32,702 വോട്ടും നേടിയിരുന്നു. 2011ല്‍ റഹിം 3,269 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

തിരുവമ്പാടി

ലിന്റോ ജോസഫ്
ലിന്റോ ജോസഫ്

ഇരുപത്തിയെട്ടുകാരനായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലിന്റോ ജോസഫിനു വിജയം. അധ്യാപകനും ദീര്‍ഘനാള്‍ വിദ്യാഭ്യാസ മന്ത്രിമാരുടെ പഴ്സനല്‍ സെക്രട്ടറിയുമായിരുന്ന ലീഗ് സ്ഥാനാര്‍ഥി സി.പി. ചെറിയ മുഹമ്മദിനെ 4,643 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലിന്റോ പരാജയപ്പെടുത്തിയത്. 

ഭൂരിപക്ഷം: 4,643

ആകെ വോട്ട്: 1,80,289

പോൾ ചെയ്തത്: 1,43,009

ലിന്റോ ജോസഫ് (സിപിഎം): 67,867

സി.പി.ചെറിയ മുഹമ്മദ് (ലീഗ്):   63,224

ബേബി അമ്പാട്ട് (ബിജെപി): 7,794

ഇക്കുറി ആര്‍ക്കൊപ്പമെന്ന് എളുപ്പത്തില്‍ പറയാന്‍ കഴിയാത്ത തരത്തില്‍ പ്രവചനാതീതമായിരുന്നു തിരുവമ്പാടിയിലെ മത്സരം. മണ്ഡലം നിലനിര്‍ത്താന്‍ ഇരുപത്തിയെട്ടുകാരനായ ലിന്റോ ജോസഫിനെയാണ് യുഡിഎഫ് രംഗത്തിറക്കിയത്. അധ്യാപകനും ദീര്‍ഘനാള്‍ വിദ്യാഭ്യാസ മന്ത്രിമാരുടെ പഴ്‌സണല്‍ സെക്രട്ടറിയുമായിരുന്ന സി.പി. മുഹമ്മദാണ് യുഡിഎഫിനായി കളത്തിലിറങ്ങിയത്. 2016ല്‍ സിപിഎമ്മിന്റെ ജോര്‍ജ് എം. തോമസ് 3,008 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ ജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി വി.എം. ഉമമര്‍ 59,316 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി പിരി പാമ്പനാല്‍ 8,749 വോട്ടും നേടി. 2011ല്‍ യുഡിഎഫിന്റെ സി. മോയിന്‍കുട്ടി 3,833 വോട്ടിന് ജയിച്ച മണ്ഡലമാണിത്. യുഡിഎഫിന്റെ സ്ഥിരം കോട്ടയെന്ന് അറിയിപ്പെട്ട മണ്ഡലം 2006ല്‍ മത്തായി ചാക്കോയിലൂടെയാണ് ഇടത്തേക്കു ചാഞ്ഞത്.

കൊടുവള്ളി

MK Muneer

കോഴിക്കോട് സൗത്തിലെ എംഎൽഎ ആയിരുന്ന എം.കെ. മുനീറെന്ന കരുത്തനെ ഇറക്കിയ ലീഗ് തന്ത്രം ഫലംകണ്ടു. 6,344 വോട്ടിനാണ് എൽഡിഎഫ് സ്വതന്ത്രൻ കാരാട്ട് റസാഖിനെ മുനീർ തോൽപ്പിച്ചത്.

ഭൂരിപക്ഷം: 6,344

ആകെ വോട്ട്: 1,83,388

പോൾ ചെയ്തത്: 1,51,154

ഡോ.എം.കെ.മുനീർ (ലീഗ്): 72,336

കാരാട്ട് റസാഖ് (സ്വത): 65,992

ടി.ബാലസോമൻ (ബിജെപി): 9498

വിഭാഗീയതയുടെ പേരില്‍ ചെറുഭൂരിപക്ഷത്തിനു കൈവിട്ട കോട്ട തിരിച്ചുപിടിക്കാന്‍ കോഴിക്കോട് സൗത്തില്‍നിന്ന് ലീഗിന്റെ എം.കെ. മുനീറിനെ യുഡിഎഫ് കളത്തിലിറക്കിയതോടെയാണ് കൊടുവള്ളിയില്‍ മത്സരം കടുത്തത്. മണ്ഡലം ഇടത്തേക്കു ചരിച്ച സിറ്റിങ് എംഎല്‍എ കാരാട്ട് റസാഖ് തന്നെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 2016ല്‍ വെറും 573 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്വതന്ത്രന്‍ കാരാട്ട് റസാഖ് കൊടുവള്ളി പിടിച്ചത്. 61,033 വോട്ടാണ് കാരാട്ട് റസാഖ് നേടിയത്. ലീഗിന്റെ എം.എ റസാഖിന് ലഭിച്ചത് 60,460 വോട്ട്. എന്‍ഡിഎ സ്ഥാനാര്‍ഥി അലി അക്ബര്‍ 11,537 വോട്ട് നേടി. 2011ല്‍ യുഡിഎഫിന്റെ വി.എം. ഉമ്മര്‍ 16,552 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

നാദാപുരം

ഇ.കെ. വിജയന്‍
ഇ.കെ. വിജയന്‍

കടുത്ത മത്സരത്തിനൊടുവില്‍ സിറ്റിങ് എംഎല്‍എ ഇ.കെ. വിജയന്‍ 4,035 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെപിസിസി ജനറല്‍ സെക്രട്ടറി കെ. പ്രവീണ്‍കുമാറിനെ പരാജയപ്പെടുത്തിയത്.

ഭൂരിപക്ഷം: 4,035

ആകെ വോട്ട്: 2,16,141

പോൾ ചെയ്ത വോട്ട്: 1,75,503

ഇ.കെ.വിജയൻ (സിപിഐ): 83,293

കെ.പ്രവീൺ കുമാർ (കോൺ): 79,258

എം.പി.രാജൻ (ബിജെപി): 10,290

ജില്ലയില്‍ സിപിഐ മത്സരിക്കുന്ന ഏകസീറ്റായ നാദാപുരത്ത് കടുത്ത പോരാട്ടമാണ് നടന്നത്. സിറ്റിങ് എംഎല്‍എ ഇ.കെ. വിജയനെതിരെ കഴിഞ്ഞ തവണത്തെ എതിരാളി കെ. പ്രവീണ്‍കുമാര്‍ തന്നെയാണ് രംഗത്തിറങ്ങിയത്. 2016ല്‍ ഇടതു തരംഗം അലയടിച്ചപ്പോഴും 4,759 വോട്ടിന്റെ ഭൂരിപക്ഷമാണ് വിജയന് ലഭിച്ചത്. 74,742 വോട്ടാണ് ഇ.കെ. വിജയന് ലഭിച്ചത്. പ്രവീണ്‍ കുമാറിന് 69,983 വോട്ടും എന്‍ഡിഎയുടെ എം.പി. രാജന് 14,493 വോട്ടും ലഭിച്ചു. 2011ല്‍ ഇ.കെ. വിജയന്റെ ഭൂരിപക്ഷം 7,546 ആയിരുന്നു.

കൊയിലാണ്ടി

 കാനത്തില്‍ ജമീല
കാനത്തില്‍ ജമീല

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കസേരയില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കളത്തിലിറങ്ങിയ കാനത്തില്‍ ജമീല 8472 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രണ്ടാം അങ്കത്തിനിറങ്ങിയ കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യനെ പരാജയപ്പെടുത്തിയത്.

ഭൂരിപക്ഷം: 8,472

ആകെ വോട്ട്: 2,05,993

പോൾ ചെയ്തത്: 1,61,592

കാനത്തിൽ ജമീല (സിപിഎം):     75,628

എൻ.സുബ്രഹ്മണ്യൻ (കോൺ): 67,156

എൻ.പി.രാധാകൃഷ്ണൻ (ബിജെപി): 17,555

കോണ്‍ഗ്രിന്റെ ഉറച്ച കോട്ടയായിരുന്ന കൊയിലാണ്ടി ഇടത്തേക്കു കൂറു മാറിയിട്ട് കുറച്ചുവര്‍ഷങ്ങളായി. 2001ലാണ് അവസാനമായി ഇവിടെനിന്ന് കോണ്‍ഗ്രസ് എംഎല്‍എ നിയമസഭയിലെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ സ്വീകാര്യതയുള്ള കാനത്തില്‍ ജമീലയാണ് ഇക്കുറി ഇടതു സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ തോറ്റെങ്കിലും മണ്ഡലത്തില്‍ സജീവമായ എന്‍ സുബ്രഹ്മണ്യനെ തന്നെയാണ് യുഡിഎഫ് പരീക്ഷിച്ചത്. 2016ല്‍ സിപിഎമ്മിന്റെ കെ. ദാസന്‍ 13,369 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. 70,509 വോട്ടാണ് ദാസന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി എന്‍. സുബ്രഹ്മണ്യന്‍ 57,224 വോട്ടും എന്‍ഡിഎയുടെ കെ. രജിനേഷ് ബാബു 22,087 വോട്ടും നേടി. 2011ല്‍ കെ. ദാസന്‍ 4,139 വോട്ടിനാണ് ജയിച്ചത്.

ബേപ്പൂര്‍

പി.എ. മുഹമ്മദ് റിയാസ്
പി.എ. മുഹമ്മദ് റിയാസ്

ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി പി.എ. മുഹമ്മദ് റിയാസ് 28,747 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് വിജയക്കൊടി പാറിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.എം. നിയാസ് 53418 വോട്ടും ബിജെപിയുടെ പ്രകാശ് ബാബു 26267 വോട്ടും നേടി.

ഭൂരിപക്ഷം: 28,747

ആകെ വോട്ട്: 2,08,059

പോൾ ചെയ്തത്: 1,64,589

മുഹമ്മദ് റിയാസ് (സിപിഎം): 82,165

പി.എം.നിയാസ് (കോൺ): 53,418

പ്രകാശ് ബാബു (ബിജെപി): 26,267

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി പി.എ. മുഹമ്മദ് റിയാസ് എത്തിയതോടെയാണ് ഇടതു കോട്ടയെന്നു കരുതുന്ന ബേപ്പൂരില്‍ മത്സരം ഉഷാറായത്. 2016ല്‍ 14,363 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാര്‍ഥി വി.കെ.സി. മമ്മദ് കോയ സഭയിലെത്തിയത്. 69,114 വോട്ടാണ് അദ്ദേഹം നേടിയത്. യുഡിഎഫ് സ്ഥാനാര്‍ഥി എം.പി.. ആദംമുല്‍സി 54,751 വോട്ടും ബിജെപിയുടെ കെ.പി. പ്രകാശ്ബാബു 27,958 വോട്ടും നേടി. 2011ല്‍ എളമരം കരീം 5,316 വോട്ടിനാണ് ജയിച്ചത്.

ബാലുശേരി

കെ.എം. സച്ചിൻദേവ്
കെ.എം. സച്ചിൻദേവ്

ധർമജൻ ബോൾഗാട്ടിയെന്ന ചലച്ചിത്രതാരത്തെ ഇറക്കിയിട്ടും ബാലുശ്ശേരിയിൽ യുഡിഎഫിന് വിജയം നേടാൻ സാധിച്ചില്ല. താരത്തിളക്കത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ കെ.എം. സച്ചിൻദേവ് 20,372 വോട്ടിനാണ് ജയിച്ചു കയറിയത്. 

ഭൂരിപക്ഷം: 20,372

ആകെ വോട്ട്: 2,24,239

പോൾ ചെയ്തത്: 1,82,253

കെ.എം. സച്ചിന്ദേവ് (സിപിഎം): 91,839

ധർമജൻ ബോൾഗാട്ടി (കോൺ.): 71,467

ലിബിൻ ബാലുശ്ശേരി (ബിജെപി): 16,490

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ വരവാണ് ബാലുശേരിയിലെ മത്സരത്തിന് താരപരിവേഷം കൈവന്നത്. ഇടതു കോട്ട പിടിക്കാന്‍ ധര്‍മജനെ ഇറക്കിയപ്പോള്‍ എഫ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവിനെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയത്. 2016ല്‍ സിപിഎമ്മിന്റെ പുരുഷന്‍ കടലുണ്ടി 15,464 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ ജയിച്ചത്. 82,914 വോട്ട് അദ്ദേഹത്തിനു ലഭിച്ചു. യുഡിഎഫിന്റെ യു.സി. രാമന്‍ 67,450 വോട്ടും എന്‍ഡിഎയുടെ പി.കെ. സുപ്രന്‍ 19,324 വോട്ടും നേടി. 2011ല്‍ പുരുഷന്‍ കടലുണ്ടിയുടെ ഭൂരിപക്ഷം 8,882 വോട്ടായിരുന്നു.

പേരാമ്പ്ര

ടി.പി. രാമകൃഷ്ണന്‍
ടി.പി. രാമകൃഷ്ണന്‍

മന്ത്രി ടി.പി. രാമകൃഷ്ണന്‍  22,592 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മണ്ഡലം നിലനിര്‍ത്തിയത്. യുഡിഎഫ് സ്വതന്ത്രന്‍ സി.എച്ച്. എബ്രാഹിംകുട്ടിയെയും ബിജെപിയുടെ കെ.വി. സുധീറിനെയുമാണ് ടിപി പരാജയപ്പെടുത്തിയത്.

ഭൂരിപക്ഷം: 22,592

ആകെ വോട്ട്: 1,98,218

പോൾ ചെയ്തത്: 1,63,663

ടി.പി.രാമകൃഷ്ണൻ (സിപിഎം): 86,023

സി.എച്ച്.ഇബ്രാഹിംകുട്ടി (യുഡിഎഫ് സ്വത): 63,431

കെ.വി.സുധീർ (ബിജെപി): 11,165

ഇരുമുന്നണികളെയും തുണച്ചിട്ടുളള പേരാമ്പ്ര 1980 മുതല്‍ ഇടതിനൊപ്പമാണ്. എന്നാല്‍ 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ. മുരളീധരന് 13,204 വോട്ടിന്റെ ലീഡാണ് പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലുണ്ടായത്. മന്ത്രി ടി.പി. രാമകൃഷ്ണന്‍ തുടര്‍ച്ചയായി രണ്ടാമതാണ് ഇവിടെ മത്സരിക്കുന്നത്. 2016ല്‍ 4,101 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിനു ലഭിച്ചത്. ടി.പി. രാമകൃഷ്ണന്‍ 72,359 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് ഇഖ്ബാല്‍ 68,258 വോട്ടും നേടി. 2011ല്‍ എല്‍ഡിഎഫിന്റെ കെ. കുഞ്ഞഹമ്മദ് 15,269 വോട്ടിനാണ് ജയിച്ചത്.

കോഴിക്കോട് സൗത്ത്

kozhikode-ahammed-devarkovil-ldf

തുടർച്ചയായ രണ്ടുവർഷത്തിനു ശേഷം യുഡിഎഫിൽനിന്നു കോഴിക്കോട് സൗത്ത് മണ്ഡലം എൽഡിഎഫ് തിരിച്ചു പിടിച്ചു. ഇന്ത്യൻ നാഷനൽ ലീഗിന്റെ ദേശീയ സെക്രട്ടറി അഹമ്മദ് ദേവർകോവിൽ മുസ്‌ലിം ലീഗിന്റെ നൂർബിന റഷീദിനെ തോൽപ്പിച്ചു. 25 വർഷത്തിനുശേഷം വനിതാ സ്ഥാനാർഥിയെ മൽസരിപ്പിച്ച ലീഗിന് പക്ഷേ, അവരെ ജയിപ്പിക്കാൻ സാധിച്ചില്ല. 

ഭൂരിപക്ഷം: 12,459

ആകെ വോട്ട്: 1,57,275

പോൾ ചെയ്തത്: 1,18,451

അഹമ്മദ് ദേവർകോവിൽ (ഐഎൻഎൽ): 52,557

നൂർബീന റഷീദ് (ലീഗ്): 40,098

നവ്യ ഹരിദാസ് (ബിജെപി): 24,873

കഴിഞ്ഞ രണ്ട് തവണ തുടര്‍ച്ചയായി ജയിച്ച എം.കെ. മുനീര്‍ കൊടുവള്ളിയിലേക്കു മാറിയതും കാല്‍നൂറ്റാണ്ടിനു ശേഷം ഒരു വനിത മുസ്്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി എത്തി എന്നതുമാണ് മണ്ഡലത്തെ ശ്രദ്ധേയമാക്കിയത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി നൂര്‍ബിനാ റഷീദ് എത്തിയപ്പോള്‍ ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവില്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 2016ല്‍ മുനീര്‍ ജയിച്ചത് 6,327 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.പി. അബ്ദുള്‍ വഹാബ് 43,536 വോട്ടും എന്‍ഡിഎയുടെ സതീഷ് കുറ്റിയില്‍ 19,146 വോട്ടും നേടി. 2011ല്‍ മുനീറിന്റെ ഭൂരിപക്ഷം 1,376 ആയിരുന്നു.

English Summary: Kerala Assembly Election Result: Kozhikode District

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com