ADVERTISEMENT

ഇടതുതരംഗത്തിൽ ആടിയെങ്കിലും ഇളകാതെ യുഡിഎഫ് ശക്തികേന്ദ്രം. കയ്യിലുണ്ടായിരുന്ന 12 സീറ്റുകൾ യുഡിഎഫും 4 സീറ്റുകൾ എൽഡിഎഫും നിലനിർത്തി. ഇരുമുന്നണികളിലുമായി 11 സിറ്റിങ് എംഎൽഎമാർ വീണ്ടും വിജയിച്ചു. ഏറ്റവും ശ്രദ്ധേയ പോരാട്ടം നടന്ന തവനൂരിൽ മുൻ മന്ത്രി കെ.ടി.ജലീൽ ആദ്യ ഘട്ടങ്ങളിലൊക്കെ പിന്നിലായിരുന്നെങ്കിലും അവസാന റൗണ്ടിലെ ഉജ്വലമായ തിരിച്ചുവരവിലൂടെ യുഡിഎഫിലെ ഫിറോസ് കുന്നംപറമ്പിലിനെ കീഴടക്കി. കഴിഞ്ഞതവണ എൽഡിഎഫിലെ വി.അബ്ദുറഹ്മാൻ അട്ടിമറിച്ച താനൂർ പിടിച്ചടക്കാൻ യുഡിഎഫ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിനെ രംഗത്തിറങ്ങി പോര് മുറുക്കിയെങ്കിലും വിജയമുണ്ടായില്ല.

നിലമ്പൂരിൽ എൽഡിഎഫ് സ്വതന്ത്രനും സിറ്റിങ് എംഎൽഎയുമായ പി.വി.അൻവറിനെ യുഡിഎഫിന് ഇത്തവണയും വീഴ്ത്താനായില്ല. വോട്ടെടുപ്പിന് 2 ദിവസം മുൻപ് അന്തരിച്ച വി.വി.പ്രകാശ് രണ്ടാമതായി. മൂന്നിടത്തും പക്ഷേ എൽഡിഎഫ് സ്ഥാനാർഥികൾക്ക് കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം കുറവാണ്. എന്നാൽ സ്ഥാനാർഥി നിർണയത്തെത്തുടർന്ന് പ്രതിഷേധമുണ്ടായ പൊന്നാനിയിൽ എൽഡിഎഫിന്റെ പി.നന്ദകുമാറും തിരൂരങ്ങാടിയിൽ യുഡിഎഫിന്റെ കെ.പി.എ.മജീദും കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷത്തോടെ മണ്ഡലങ്ങൾ നിലനിർത്തി.

ആവേശകരമായ മത്സരം നടന്ന പെരിന്തൽമണ്ണയിൽ അവസാന ബൂത്തിലെ വോട്ടെണ്ണലിലാണ് യുഡിഎഫിലെ നജീബ് കാന്തപുരം മണ്ഡലം നിലനിർത്തിയത്. മലപ്പുറം മുൻ നഗരസഭാധ്യക്ഷനായിരുന്ന കെ.പി.എം.മുസ്തഫയെ മറുകണ്ടം ചാടിച്ച് സ്വതന്ത്രനായാണ് എൽഡിഎഫ് പരീക്ഷിച്ചതെങ്കിലും വിജയത്തിലെത്തിക്കാനായില്ല. വേങ്ങരയിൽ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ഇത്തവണയും മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു.

കടുത്ത മത്സരം പ്രതീക്ഷിച്ചിരുന്ന മങ്കടയിൽ മുൻ മന്ത്രി മഞ്ഞളാംകുഴി അലി അനായാസവിജയം നേടി. കോൺഗ്രസിന് ഇത്തവണയും വണ്ടൂരിലെ എ.പി.അനിൽകുമാർ മാത്രമാണ് എംഎൽഎയായുള്ളത്. ലീഗ് സിറ്റിങ് സീറ്റുകളായ ഏറനാട്, കോട്ടയ്ക്കൽ, തിരൂർ, വള്ളിക്കുന്ന്, കൊണ്ടോട്ടി എന്നിവിടങ്ങളിൽ കഴിഞ്ഞ വർഷത്തെക്കാൾ ഭൂരിപക്ഷം കൂടിയപ്പോൾ മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിൽ നേരിയ കുറവും ഉണ്ടായി. എൻഡിഎയിൽ 14 സീറ്റിൽ ബിജെപിയും 2 സീറ്റിൽ ബിഡിജെഎസും മത്സരിച്ചപ്പോൾ വോട്ട്‌വിഹിതത്തിൽ പലയിടത്തും വലിയ കുറവുണ്ടായി.

രൂപം കൊണ്ട കാലം മുതല്‍ മുസ്‌ലിം ലീഗ് അപ്രമാദിത്യം ഉയര്‍ത്തിപ്പിടിച്ച ജില്ലയാണ് മലപ്പുറം. മലപ്പുറം ജില്ലയില്‍ ആകെയുള്ള 16 നിയമസഭാ മണ്ഡലങ്ങളില്‍ 12 എണ്ണവും യുഡിഎഫിനൊപ്പമാണ്. 2016ല്‍ പൊന്നാനി, തവനൂര്‍, നിലമ്പൂര്‍, താനൂര്‍ എന്നീ നാല് മണ്ഡലങ്ങളാണ് എല്‍ഡിഎഫിനെ തുണച്ചത്. ഇക്കുറി പുകുതിയോളം മണ്ഡലങ്ങളിലും അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്.

കൊണ്ടോട്ടി

ടി.വി.ഇബ്രാഹിം
ടി.വി.ഇബ്രാഹിം

മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയും സിറ്റിങ് എംഎല്‍എയുമായ ടി.വി.ഇബ്രാഹിം 17,713 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു. സാമൂഹിക പ്രവര്‍ത്തകനും മുന്‍പ് ലീഗ് അനുഭാവിയുമായിരുന്ന കെ.പി. സുലൈമാന്‍ ഹാജിയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 

ഭൂരിപക്ഷം: 17,713

ആകെ വോട്ട്: 2,05261

പോൾ ചെയ്തത്: 1,59,186

ടി.വി.ഇബ്രാഹിം (മുസ്‌ലിം ലീഗ്) 80,597

കാട്ടുപ്പരുത്തി സുലൈമാൻ ഹാജി (എൽഡിഎഫ് സ്വത) 62,884

ഷീബ ഉണ്ണിക്കൃഷ്ണൻ (ബിജെപി) 10,723

കൊണ്ടോട്ടി മണ്ഡലം എക്കാലവും കൂടുതല്‍ അടുപ്പം കാണിച്ചിട്ടുള്ളത് യുഡിഎഫിനോടാണ്. 2016ല്‍ മുസ്ലിം ലീഗിന്റെ വി.ടി. ഇബ്രാഹിം 10,654 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം സ്വതന്ത്രന്‍ കെ.പി. ബീരാന്‍ കുട്ടിയെ തോല്‍പ്പിച്ചത്. വി.ഇബ്രാഹിമിന് 69,668 വോട്ടും കെ.പി.ബീരാന്‍കുട്ടിക്ക് 59,014 വോട്ടും ബിജെപിയുടെ കെ.രാമചന്ദ്രന്‍ 12,513 വോട്ടും നേടി. 1957 മുതല്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്കു നേരെ മാത്രം വിജയക്കൊടി വീശിയ മണ്ഡലത്തില്‍ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ മാത്രമാണു പിന്നീട് ഏറ്റക്കുറച്ചിലുകളുണ്ടായത്.

എം.പി.എം.അഹമ്മദ് കുരിക്കളിലൂടെ 1957ല്‍ യുഡിഎഫിനൊപ്പം കൂടിയ മണ്ഡലം 1970ല്‍ സി.എച്ച്.മുഹമ്മദ് കോയയെയും തുടര്‍ന്നു 3 തവണ പി.സീതി ഹാജിയെയും നിയമസഭയിലേക്ക് അയച്ചു. 2011ല്‍ കെ.മുഹമ്മദുണ്ണി ഹാജിക്കു ലഭിച്ച 28,149 വോട്ടിന്റെ ലീഡാണ് മണ്ഡലത്തിന്റെ ചരിത്രത്തിലെ ഉയര്‍ന്ന ഭൂരിപക്ഷം. സിറ്റിങ് എംഎല്‍എ ടി.വി.ഇബ്രാഹിമിന് മുസ്‌ലിം ലീഗ് രണ്ടാം തവണയും സീറ്റ് നല്‍കിയപ്പോള്‍ സാമൂഹിക പ്രവര്‍ത്തകനും മുന്‍പ് ലീഗ് അനുഭാവിയുമായിരുന്ന കെ.പി.സുലൈമാന്‍ ഹാജിയെയാണ് എല്‍ഡിഎഫ് കളത്തിലിറക്കുന്നത്. ബിജെപി ജില്ലാ സെക്രട്ടറി ഷീബ ഉണ്ണിക്കൃഷ്ണനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി

ഏറനാട്

പി.കെ.ബഷീർ
പി.കെ.ബഷീർ

ലീഗിന്റെ സിറ്റിങ് എംഎല്‍എ പി.കെ.ബഷീര്‍ വീണ്ടും വിജയക്കൊടി നാട്ടി. 22546 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്വതന്ത്രന്‍ കെ.ടി. അബ്ദുറഹിമാനെ ബഷീര്‍ പരാജയപ്പെടുത്തിയത്.

ഭൂരിപക്ഷം: 22,546

ആകെ വോട്ട്: 1,79,786

പോൾ ചെയ്തത്: 1,43,272

പി.കെ.ബഷീർ (ലീഗ്) 78,076

കെ.ടി.അബ്ദുറഹിമാൻ (എൽഡിഎഫ് സ്വത) 55,530

സി.ദിനേശ് (ബിജെപി) 6683

ഭൂരിപക്ഷം ഏറിയാലും കുറഞ്ഞാലും യുഡിഎഫിനൊപ്പം നില്‍ക്കുന്ന മണ്ഡലമാണ് ഏറനാട്. ലീഗിന്റെ സിറ്റിങ് എംഎല്‍എ പി.കെ.ബഷീര്‍ വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് രംഗത്തിറങ്ങിയത്. മലയോരക്കര്‍ഷകരുടെ പ്രശ്‌നങ്ങളും പ്രളയപുനരധിവാസവുമെല്ലാമാണ് ചൂടേറിയ ചര്‍ച്ചാ വിഷയമായത്. രാഹുല്‍ ഗാന്ധിയുടെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട സ്ഥലമായതിനാല്‍ അദ്ദേഹത്തിന്റെ പ്രചാരണവും ഏറനാട്ടില്‍ ഓളങ്ങളുണ്ടാക്കി. 2016ല്‍ ലീഗിന്റെ പി.കെ. ബഷീര്‍ 12,893 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. പി.കെ.ബഷീറിന് 69,048 വോട്ട്, സിപിഐ സ്വതന്ത്രന്‍ കെ.ടി.അബ്ദുറഹിമാന്‍ 56,155 വോട്ട്, ബിജെപിയുടെ കെ.പി.ബാബുരാജ് 6,055 വോട്ട് നേടി.

നിലമ്പൂര്‍

PV-Anwar

വിവാദങ്ങളെല്ലാം കാറ്റില്‍ പറത്തി നിലമ്പൂര്‍ നിലനിര്‍ത്തി എല്‍ഡിഎഫ് സ്വതന്ത്രന്‍ പി.വി. അന്‍വര്‍. 2700 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. വി.വി. പ്രകാശിനെ അന്‍വര്‍ പരാജയപ്പെടുത്തിയത്.

ഭൂരിപക്ഷം:  2700 

ആകെ വോട്ട്: 2, 25, 356

പോൾ ചെയ്തത് 1,73,205

‌പി.വി.അൻവർ (എൽഡിഎഫ് സ്വത) 81,227

വി.വി.പ്രകാശ് (യുഡിഎഫ്) 78, 527

ടി.കെ.അശോക് കുമാർ (എൻഡിഎ) 8595

പി.വി. അന്‍വറിന്റെ ആഫ്രിക്കന്‍ യാത്രയും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള മടങ്ങിവരവുമാണ് ഇക്കുറി നിലമ്പൂരില്‍ ഏറെ ചര്‍ച്ചയായത്. ദീര്‍ഘകാലം യുഡിഎഫ് കോട്ടയായിരുന്ന നിലമ്പൂര്‍ 2016-ലെ തിരഞ്ഞെടുപ്പില്‍ ഇടതുസ്വതന്ത്രനായ പി.വി. അന്‍വര്‍ പിടിച്ചെടുക്കുകയായിരുന്നു. 30 വര്‍ഷം തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ 11,504 വോട്ടിനാണ് അന്‍വര്‍ 2016ല്‍ പരാജയപ്പെടുത്തിയത്. അന്‍വറിന് 77,858 വോട്ടും ഷൗക്കത്തിന് 66,354 വോട്ടുമാണ് ലഭിച്ചത്. എന്‍ഡിഎയുടെ ഗിരീഷ് മേക്കാട്ട് 12,284 വോട്ട് നേടി. 2011ല്‍ ആര്യാടന്‍ മുഹമ്മദ് 5,687 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു ജയിച്ചത്.

വണ്ടൂര്‍

എ.പി.അനിൽകുമാർ
എ.പി.അനിൽകുമാർ

വണ്ടൂരില്‍ മുന്‍മന്ത്രി എ.പി. അനില്‍കുമാറിന് അഞ്ചാം ജയം. മലപ്പുറത്തെ കോണ്‍ഗ്രസിന്റെ ഏക സിറ്റിങ് സീറ്റില്‍ 15563 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാര്‍ഥി പി. മിഥുനയെ അനില്‍കുമാര്‍ പരാജയപ്പെടുത്തിയത്. 

ഭൂരിപക്ഷം: 15,563

ആകെ വോട്ട്: 2,26,426

പോൾ ചെയ്തത്: 1,69,871

എ.പി.അനിൽകുമാർ (കോൺ) 87,415

പി.മിഥുന (സിപിഎം) 71,852

ഡോ. പിസി.വിജയൻ (ബിജെപി) 7057

നാല് തവണ വണ്ടൂരിന്റെ മുഖമായി നിയമസഭയിലെത്തിയ എ.പി.അനില്‍കുമാര്‍ വീണ്ടും യുഡിഎഫ് സ്ഥാനാര്‍ഥിയാകുമ്പോള്‍ യുവത്വത്തിന്റെ പ്രസരിപ്പുമായി പി.മിഥുനയാണ് എല്‍ഡിഎഫിന്റെ സാരഥി. പി.സി.വിജയന്‍ എന്‍ഡിഎ ടിക്കറ്റില്‍ ജനവിധി തേടുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി സി.കൃഷ്ണനും ഇവിടെ മത്സരരംഗത്തുണ്ട്.

1977ല്‍ മഞ്ചേരിയില്‍നിന്നു വേര്‍പിരിഞ്ഞ് വണ്ടൂര്‍ സ്വതന്ത്ര മണ്ഡലമായ കാലം മുതല്‍ യുഡിഎഫിനായിരുന്നു മേല്‍ക്കൈ. 2016ല്‍ മലപ്പുറം ജില്ലയില്‍ മത്സരിച്ച 4 സീറ്റില്‍ മൂന്നിലും കോണ്‍ഗ്രസ് തോറ്റപ്പോഴും 23,864 വോട്ടിന്റെ ഭൂരിപക്ഷം നല്‍കി വണ്ടൂര്‍ അനില്‍കുമാറിനെ ചേര്‍ത്തുപിടിച്ചു. സിപിഎമ്മിന്റെ നിഷാന്ത് മോഹന്‍ 58,100 വോട്ടാണ് നേടിയത്. ബിജെപിയുടെ സുനിത മോഹന് ലഭിച്ചത് 9,471 വോട്ടുകള്‍.

തുടക്കം മുതല്‍ സംവരണ മണ്ഡലമായ വണ്ടൂരില്‍ 77ല്‍ വി.ഈച്ചരനും 80ല്‍ ഡോ. എം.എ.കുട്ടപ്പനും വിജയിച്ച സീറ്റ് 82 മുതല്‍ 91 വരെ യുഡിഎഫിനു വേണ്ടി പന്തളം സുധാകരന്‍ നിലനിര്‍ത്തി. എന്നാല്‍, 1996ല്‍ നാട്ടുകാരനായ എന്‍.കണ്ണനിലൂടെ 4,201 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് വണ്ടൂരില്‍ വിജയം നേടി. 2001ല്‍ എ.പി.അനില്‍കുമാര്‍ 28,225 വോട്ടിന്റെ വന്‍ഭൂരിപക്ഷത്തില്‍ കണ്ണനെ പരാജയപ്പെടുത്തിയാണ് മണ്ഡലം തിരിച്ചുപിടിച്ചത്. പിന്നീടിങ്ങോട്ടുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന്റെ സുരക്ഷിത മണ്ഡലമായിരുന്നു വണ്ടൂര്‍.

മഞ്ചേരി

യു.എ. ലത്തീഫ്
യു.എ. ലത്തീഫ്

പുതുമുഖങ്ങളുടെ പോരില്‍ വിജയചരിത്രം ആവര്‍ത്തിച്ച് മുസ്‌ലിം ലീഗ്. ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി യു.എ.ലത്തീഫ് 14,573 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മണ്ഡലം നിലനിര്‍ത്തിയത്. സിപിഐയുടെ ഡിബോണ നാസറിനെയാണ് പരാജയപ്പെടുത്തിയത്.

ഭൂരിപക്ഷം : 14,573

ആകെ വോട്ട്: 2,06,960

പോൾ ചെയ്തത്: 1,63,352

യു.എ.ലത്തീഫ് (ലീഗ്) 78,836

നാസർ ഡിബോണ (സിപിഐ) 64,263

പി.ആർ.രശ്മിൽ നാഥ് (ബിജെപി) 11,350

ഫലം വന്നപ്പോഴൊക്കെ യുഡിഎഫ് നിറഞ്ഞു ചിരിച്ച മണ്ഡലമാണ് മഞ്ചേരി. ആ ചിരി നിലനിര്‍ത്താന്‍ ലീഗ് നിര്‍ത്തിയിരിക്കുന്നത് ജില്ലാ ജനറല്‍ സെക്രട്ടറി യു.എ.ലത്തീഫിനെ. ജില്ലയില്‍ സിപിഐ സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുന്ന ഏക മണ്ഡലം കൂടിയാണു മഞ്ചേരി. ഡിബോണ നാസര്‍ എന്ന പോരാളിയിലാണ് അവരുടെ പ്രതീക്ഷ. ഈ രണ്ടു മുന്നണി സ്ഥാനാര്‍ഥികളുടെയും നിയമസഭയിലേക്കുള്ള കന്നിയങ്കം കൂടിയാണിത്. 2016ല്‍ ലീഗിന്റെ എം ഉമ്മര്‍ 19,616 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മഞ്ചേരി പിടിച്ചത്. ഉമ്മറിന് 69,779 വോട്ടും സിപിഐ സ്ഥാനാര്‍ഥി കെ.മോഹന്‍ദാസിന് 50,163 വോട്ടും ബിജെപിയുടെ സി. ദിനേശിന് 11,223 വോട്ടും ലഭിച്ചു.

പെരിന്തല്‍മണ്ണ

നജീബ് കാന്തപുരം
നജീബ് കാന്തപുരം

ഇടതുപക്ഷത്തെ തറപറ്റിച്ച് ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന് 38 വോട്ടിന്റെ ജയം. ലീഗിലൂടെ മലപ്പുറം നഗരസഭാ ചെയര്‍മാനായ കെ.പി.മുഹമ്മദ് മുസ്തഫയെയാണ് നജീബ് പരാജയപ്പെടുത്തിയത്. 

ഭൂരിപക്ഷം: 38

ആകെ വോട്ട്: 2,19,580

പോൾ ചെയ്‌ത വോട്ട്: 1,65,616

നജീബ് കാന്തപുരം (ലീഗ്) 76,530

കെ.പി.എം.മുസ്‌തഫ (എൽഡിഎഫ് സ്വത) 76,492

സുചിത്ര മാട്ടട (ബിജെപി) 8021

ജില്ല ഉറ്റുനോക്കുന്ന പോരാട്ടമാണ് പെരിന്തല്‍മണ്ണയില്‍ നടന്നത്. നിലവില്‍ യുഡിഎഫിന്റെ സീറ്റാണ്. പക്ഷേ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മൂവായിരത്തിലേറെ വോട്ടിന്റെ ലീഡ് നല്‍കിയതോടെയാണ് ഇടത് പ്രതീക്ഷകള്‍ ഉയര്‍ന്നത്. കഴിഞ്ഞ തവണ കുറഞ്ഞ ലീഡേ യുഡിഎഫിനുണ്ടായിരുന്നുള്ളൂവെന്നതും മണ്ഡലം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് എല്‍ഡിഎഫിന് ഊര്‍ജം പകര്‍ന്നു. മുസ്ലിം ലീഗിലൂടെ മലപ്പുറം നഗരസഭാ ചെയര്‍മാനായ കെ.പി.മുഹമ്മദ് മുസ്തഫയെ ഇറക്കി എല്‍ഡിഎഫ് ചെക്ക് വയ്ക്കുകയും ചെയ്തു. യൂത്ത് ലീഗിന്റെ സൈബര്‍ ആവേശമായ നജീബ് കാന്തപുരത്തെയാണ് യുഡിഎഫ് രംഗത്തിറക്കിയത്.

ആദ്യ ഘട്ടത്തില്‍ എല്‍ഡിഎഫ് മുന്നേറിയപ്പോള്‍ കിതച്ചു നിന്ന യുഡിഎഫ് സട കുടഞ്ഞെഴുന്നേറ്റത് രാഹുല്‍ ഗാന്ധിയുടെ പെരിന്തല്‍മണ്ണയിലെ റോഡ് ഷോയിലൂടെയാണ്. ബിജെപിയുടെ സുചിത്ര മാട്ടടയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്റെ പി.ടി.അബ്ദുല്‍ അഫ്‌സലിനു പുറമേ 4 അപര സ്ഥാനാര്‍ഥികളും സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുന്നു. 2016ല്‍ 579 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലീഗിന്റെ മഞ്ഞളാംകുഴി അലി ഇവിടെ ജയിച്ചത്. അലിക്ക് 70,990 വോട്ടാണ് ലഭിച്ചത്. സിപിഎമ്മിന്റെ വി. ശശികുമാര്‍ 70,411 വോട്ടും ബിജെപിയുടെ എം.കെ.സുനില്‍ 5,917 വോട്ടും നേടി.

മങ്കട

മഞ്ഞളാംകുഴി അലി
മഞ്ഞളാംകുഴി അലി

ലീഗ് സ്ഥാനാര്‍ഥി മഞ്ഞളാംകുഴി അലിയെ സിപിഎം സ്ഥാനാര്‍ഥി ടി.കെ റഷീദലിക്കെതിരെ മങ്കട വിജയിപ്പിച്ചത് 6246 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. നാട്ടുകാര്‍ തമ്മിലുള്ള മത്സരമായതിനാല്‍ പാര്‍ട്ടി വോട്ടുകള്‍ മാത്രമല്ല, വ്യക്തിപരമായി സ്വാധീനിക്കാവുന്ന വോട്ടുകളും നിര്‍ണായകമായി.

ഭൂരിപക്ഷം: 6246.

ആകെ വോട്ട്: 2,18,872

പോൾ ചെയ്തത് 1,68,500

മഞ്ഞളാംകുഴി അലി (ലീഗ്) 83,231.

ടി.കെ.റഷീദലി (സിപിഎം) 76,985

സജേഷ് ഏലായിൽ (ബിജെപി) 6641

കഴിഞ്ഞ തവണ വെറും 1,508 വോട്ടിന് എല്‍ഡിഎഫിന് നഷ്ടപ്പെട്ട മണ്ഡലമാണ് മങ്കട. മണ്ഡലത്തിന്റെ മനസ്സ് മറ്റാരെക്കാളും നന്നായറിയാവുന്ന മഞ്ഞളാംകുഴി അലി യുഡിഎഫ് കോട്ട കാക്കാന്‍ വീണ്ടും തിരിച്ചെത്തി. ആഞ്ഞുപിടിച്ച് ഒപ്പമുണ്ടായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.കെ.റഷീദലി. എത്ര നനച്ചിട്ടാലും പൊടിപാറുന്ന പോരാട്ടമാണ് മങ്കടയില്‍ നടക്കുന്നത്. നാട്ടുകാര്‍ തമ്മിലുള്ള മത്സരമായതിനാല്‍ പാര്‍ട്ടി വോട്ടുകള്‍ മാത്രമല്ല, വ്യക്തിപരമായി സ്വാധീനിക്കാവുന്ന വോട്ടുകളും നിര്‍ണായകമായി. 2016ല്‍ ലീഗിന്റെ ടി.എ.അഹമ്മദ് കബീര്‍ 69,165 വോട്ട് നേടിയിരുന്നു. സിപിഎം സ്ഥാനാര്‍ഥി ടി.കെ.റഷീദലി 67,657 വോട്ടും ബിജെപിയുടെ രതീഷ് 6,641 വോട്ടും നേടി.

മലപ്പുറം

പി.ഉബൈദുല്ല
പി.ഉബൈദുല്ല

ഇത്തവണ മൂന്നാം അങ്കത്തിനിറങ്ങിയ ലീഗിന്റെ പി.ഉബൈദുല്ല 35208 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഹാട്രിക് ജയത്തോടെ മലപ്പുറം നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ഥി സ്പിന്നിങ് മില്‍ ചെയര്‍മാന്‍ പാലോളി അബ്ദുറഹ്മാന്‍ രണ്ടാമതെത്തി.

ഭൂരിപക്ഷം : 35,208

ആകെ വോട്ട്: 2,06,659

പോൾ ചെയ്തത് : 1,60,831

പി.ഉബൈദുല്ല (ലീഗ്): 93, 166

പാലോളി അബ്ദുറഹ്മാൻ (സിപിഎം): 57, 958, 

എ.സേതുമാധവൻ (ബിജെപി): 5883

യുഡിഎഫിനും മുസ്‌ലിംലീഗിനും മണ്ണും മനസ്സും കൊടുത്ത മണ്ഡലമാണ് മലപ്പുറം. ഇത്തവണ മൂന്നാം അങ്കത്തിനിറങ്ങിയ പി.ഉബൈദുല്ലയാണ് മണ്ഡലത്തിന്റെ ചരിത്രത്തിലെ ഉയര്‍ന്ന ഭൂരിപക്ഷം നേടിയത്. 2011ല്‍ തന്റെ കന്നി മത്സരത്തില്‍ മലപ്പുറം ഉബൈദുല്ലയ്ക്കു നല്‍കിയ 44,322 വോട്ടിന്റെ ലീഡ് ആ തിരഞ്ഞെടുപ്പിലെ സംസ്ഥാനത്തെ മികച്ച ഭൂരിപക്ഷമായിരുന്നു. കഴിഞ്ഞതവണ കെ.പി.സുമതിയെ മത്സരിപ്പിച്ച സിപിഎം ഉബൈദുല്ലയുടെ ഭൂരിപക്ഷം 35,672 ആയി കുറച്ചിരുന്നു. പി.ഉബൈദുല്ല 81,072 വോട്ടും കെ.പി.സുമതി 45,400 വോട്ടും നേടി. മുസ്‌ലിംലീഗിന്റെ ഹൈക്കമാന്‍ഡും പൊളിറ്റ് ബ്യൂറോയുമൊക്കെയായ പാണക്കാട് തറവാട് സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍നിന്നു ലീഗ് സ്ഥാനാര്‍ഥിയല്ലാതെ മറ്റൊരാള്‍ വിജയിച്ച ചരിത്രമില്ല.

ലീഗിന്റെ ഉറച്ചകോട്ടയായ മലപ്പുറം ജില്ലയിലെ ആസ്ഥാന മണ്ഡലം എന്നതിനപ്പുറം കേരള രാഷ്ട്രീയത്തില്‍ മുസ്‌ലിംലീഗിന് ഏക മുഖ്യമന്ത്രിയെ സമ്മാനിച്ച സീറ്റ് കൂടിയാണിത്. 1979 ലെ തിരഞ്ഞെടുപ്പില്‍ മലപ്പുറത്തുനിന്ന് 23,638 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ശേഷമാണ് സിഎച്ച് മുഹമ്മദ്‌കോയ 3 മാസക്കാലം കേരളത്തിന്റെ മുഖ്യമന്ത്രിയായത്. തുടര്‍ന്നു സിഎച്ചിന്റെ മകന്‍ എം.കെ.മുനീറിന് 2 തവണയും മലപ്പുറം നിയമസഭയിലേക്കുള്ള വിജയ വാതില്‍ തുറന്നുകൊടുത്തു. 2001ല്‍ മലപ്പുറത്തുനിന്നു തിരഞ്ഞെടുക്കപ്പെട്ട മുനീര്‍ മന്ത്രിസഭയില്‍ അംഗമായി. യു.എ.ബീരാനെയും പി.കെ.കുഞ്ഞാലിക്കുട്ടിയെയും 2 തവണ വീതം വിജയിപ്പിച്ചതിന്റെ ചരിത്രവും മലപ്പുറത്തിനു പറയാനുണ്ട്.

ഇത്തവണ ഉബൈദുല്ല മൂന്നാം അങ്കത്തിനിറങ്ങുമ്പോള്‍ മലപ്പുറം സ്പിന്നിങ് മില്‍ ചെയര്‍മാന്‍ പാലോളി അബ്ദുറഹ്മാനെയാണു സിപിഎം കളത്തിലിറക്കുന്നത്. ബിജെപി ജില്ലാ കമ്മിറ്റി അംഗം എ.സേതുമാധവനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും ബിഎസ്പിയുടെയും സ്ഥാനാര്‍ഥികളടക്കം 6 പേരാണ് ഇത്തവണ മലപ്പുറം മണ്ഡലത്തില്‍ നിന്നു ജനവിധി തേടുന്നത്.

വേങ്ങര

പി.കെ.കുഞ്ഞാലിക്കുട്ടി
പി.കെ.കുഞ്ഞാലിക്കുട്ടി

മുസ്ലിം ലീഗിന്റെ ഉരുക്കുകോട്ടയായ വേങ്ങരയില്‍ 30522 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പി.കെ. കുഞ്ഞാലിക്കുട്ടി വിജയിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് ഇക്കുറി തിരഞ്ഞെടുപ്പ് പ്രചാരണത്തിലാകെ ചര്‍ച്ചാവിഷയമായിരുന്നു. 

ഭൂരിപക്ഷം 30,522 

ആകെ വോട്ട്: 1,85, 356

പോൾ ചെയ്തത്: 1,31,102

പി.കെ.കുഞ്ഞാലിക്കുട്ടി (ലീഗ്) 70,193

പി.ജിജി (സിപിഎം ) 39,671

എം.പ്രേമൻ (ബിജെപി) 5938

ജില്ലയില്‍ മുസ്ലിം ലീഗിന്റെ സുരക്ഷിത മണ്ഡലമാണ് വേങ്ങര. 2016ല്‍ ജില്ലയില്‍ ഏറ്റവും കൂടിയ ഭൂരിപക്ഷം (38,057) നേടിയാണ് കുഞ്ഞാലിക്കുട്ടി എംഎല്‍എ ആയത്. 72,181 വോട്ടാണ് കുഞ്ഞാലിക്കുട്ടി നേടിയത്. സിപിഎമ്മിന്റെ പി.പി. ബഷീറിന് 34,124 വോട്ടാണ് നേടാന്‍ കഴിഞ്ഞത്. ഇ.അഹമ്മദിന്റെ നിര്യാണത്തെത്തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് മത്സരിക്കാനായി എംഎല്‍എ സ്ഥാനം രാജിവച്ച ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച കെ.എന്‍.എ.ഖാദറിന്റെ ഭൂരിപക്ഷം 23,310 ആയി കുറഞ്ഞു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്ക് വേങ്ങര നല്‍കിയ ഭൂരിപക്ഷം 51,888. ഡിസംബറില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വിവിധ പഞ്ചായത്തുകളിലായി യുഡിഎഫ് ഭൂരിപക്ഷം 35,029.

വള്ളിക്കുന്ന്

പി.അബ്ദുൽ ഹമീദ്
പി.അബ്ദുൽ ഹമീദ്

വള്ളിക്കുന്നില്‍ മുസ്‌ലിം ലീഗിന്റെ സിറ്റിങ് എംഎല്‍എ പി.അബ്ദുല്‍ ഹമീദ് 14,116  വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയക്കൊടി നാട്ടി. എല്‍ഡിഎഫില്‍ ഐഎന്‍എല്ലിന് നല്‍കിയ സീറ്റില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എ.പി.അബ്ദുല്‍ വഹാബാണ് മത്സരിച്ചത്. 

ഭൂരിപക്ഷം: 14,116 

ആകെ വോട്ട്: 1,93,626

പോൾ ചെയ്തത്: 1,48,037

പി. അബ്ദുൽ ഹമീദ് (മുസ്‌ലിം ലീഗ്) 71,823 

എ.പി.അബ്ദുൽ വഹാബ് (ഐഎൻഎൽ) 57,707

പീതാംബരൻ പാലാട്ട് (ബിജെപി) 19,853

സ്ഥാപിതമായ ശേഷം മത്സരം നടന്ന രണ്ട് തവണയും യുഡിഎഫിനെ പിന്തുണച്ച മണ്ഡലമാണ് വള്ളിക്കുന്ന്. മുസ്ലിം ലീഗിന്റെ സിറ്റിങ് എംഎല്‍എ പി.അബ്ദുല്‍ ഹമീദ് തുടര്‍ച്ചയായ രണ്ടാം തവണയും യുഡിഎഫിനായി പോരിനിറങ്ങിയതോടെ വികസന നേട്ടങ്ങളുയര്‍ത്തിയായിരുന്നു പ്രചാരണം. എല്‍ഡിഎഫില്‍ ഐഎന്‍എല്ലിന് നല്‍കിയ സീറ്റില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എ.പി.അബ്ദുല്‍ വഹാബാണ് സ്ഥാനാര്‍ഥി. എന്‍ഡിഎ അവരുടെ എ ക്ലാസ് മണ്ഡലമായി കരുതുന്ന ഇവിടെ പീതാംബരന്‍ പാലാട്ടിനെയാണ് സ്ഥാനാര്‍ഥിയാക്കിയത്. 2016ല്‍ പി.അബ്ദുല്‍ ഹമീദ് 12,610 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. പി.അബ്ദുല്‍ ഹമീദ് 59,720 വോട്ടും ഐഎന്‍എല്‍ സ്ഥാനാര്‍ഥി ഒ.കെ.തങ്ങള്‍ 47,110 വോട്ടും ബിജെപിയുടെ കെ.ജനചന്ദ്രന്‍ 22,887 വോട്ടും നേടി.

തിരൂരങ്ങാടി

കെ.പി.എ.മജീദ്
കെ.പി.എ.മജീദ്

സ്ഥാനാര്‍ഥി നിര്‍ണയവേളയില്‍ ട്വിസ്റ്റുകള്‍ നിറഞ്ഞുനിന്ന തിരൂരങ്ങാടിയില്‍ വിജയത്തുടര്‍ച്ചയുമായി മുസ്‌ലിം ലീഗ്. മുതിര്‍ന്ന നേതാവ് കെ.പി.എ. മജീദ് 9578 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മണ്ഡലം നിലനിര്‍ത്തിയത്.

ഭൂരിപക്ഷം: 9578

ആകെ വോട്ട്: 1,97,080

പോൾ ചെയ്തത്: 1,48,014

കെ.പി.എ.മജീദ് (മുസ്‍ലിംലീഗ്) 73,499

നിയാസ് പൂളിക്കലകത്ത് (എൽഡിഎഫ് സ്വത) 63,921

കള്ളിയത്ത് സത്താർ ഹാജി (ബിജെപി) 8314,

ഉറച്ച കോട്ടയായി യുഡിഎഫ് കരുതുന്ന മണ്ഡലത്തില്‍ ഇത്തവണ അപ്രതീക്ഷിത ട്വിസ്റ്റുകളാണുണ്ടായത്. മുസ്ലിം ലീഗില്‍ ആദ്യം കേട്ട പേരുകള്‍ മാറി കെ.പി.എ.മജീദിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതായിരുന്നു ആദ്യ ട്വിസ്റ്റ്. നേരത്തേ പരിഗണിച്ചിരുന്ന പി.എം.എ.സലാമിനെ സ്ഥാനാര്‍ഥിയാക്കാത്തില്‍ പ്രതിഷേധിച്ച് ഒരു സംഘം പരാതിയുമായി പാണക്കാട് വരെയെത്തി. എന്നാല്‍ സലാമിന് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല നല്‍കിയാണ് നേതൃത്വം പ്രശ്‌നം പരിഹരിച്ചത്. ഇതോടെ യുഡിഎഫ് ഊര്‍ജസ്വലമായി കളത്തിലിറങ്ങി.

എന്നാല്‍ യുഡിഎഫിലെ അസാധാരണ സാഹചര്യം മുതലാക്കാന്‍ ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് എല്‍ഡിഎഫിലും ട്വിസ്റ്റുണ്ടായി. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അജിത് കൊളാടി പ്രചാരണം തുടങ്ങിയ ശേഷം അദ്ദേഹത്തെ പിന്‍വലിക്കുകയും കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ച വച്ച നിയാസ് പുളിക്കലകത്തിന് സ്വതന്ത്ര ചിഹ്നത്തില്‍ ഒരവസരം കൂടി നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതോടെ എല്‍ഡിഎഫിലും ഉണര്‍വായി. കള്ളിയത്ത് സത്താര്‍ ഹാജിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. 2016ല്‍ ലീഗിന്റെ പി.കെ.അബ്ദുറബ്ബ് 6,043 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഐ സ്വതന്ത്രനായിരുന്ന നിയാസ് പുളിക്കലകത്തിനെ തോല്‍പിച്ചത്. അബ്ദുറബ്ബ് 62,927 വോട്ടും നിയാസ് പുളിക്കലകത്ത് 56,884 വോട്ടും ബിജെപിയുടെ പി.വി.ഗീതാ മാധവന്‍ 8,046 വോട്ടും നേടി.

താനൂര്‍

V-Abdurahman-Tanur

എൽഡിഎഫ് സ്ഥാനാർഥി വി. അബ്ദുറഹ്‌മാന് താനൂരിൽ രണ്ടാം ജയം. കഴിഞ്ഞ തവണ ലീഗിനെ ഞെട്ടിച്ച അബ്ദുറഹ്‌മാൻ ഇത്തവണ പി.കെ. ഫിറോസിനെയാണ് 985 വോട്ടിനു തോൽപിച്ചത്. 

ഭൂരിപക്ഷം: 985

ആകെ വോട്ട്: 1,96,087

പോൾ ചെയ്തത്: 1,50,196

വി.അബ്ദുറഹിമാൻ (എൽഡിഎഫ് സ്വത) 70,704

പി.കെ.ഫിറോസ് (ലീഗ്) 69,719

കെ.നാരായണൻ (ബിജെപി) 10,590

ജില്ലയില്‍ ഏറ്റവും ശക്തമായ പോരാട്ടം നടന്ന മണ്ഡലമാണ് താനൂര്‍. മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ വി.അബ്ദുറഹ്മാന്‍ ഇടത് പിന്തുണയോടെയെത്തി കഴിഞ്ഞ തവണ എല്‍ഡിഎഫിന് ചരിത്രത്തിലാദ്യമായി വിജയം സമ്മാനിച്ചതോടെയാണ് മണ്ഡലം ശ്രദ്ധ നേടിയത്. അബ്ദുറഹ്മാന്‍ തന്നെ ഇത്തവണയും എല്‍ഡിഎഫ് സ്വതന്ത്രനായി ഇറങ്ങുമ്പോള്‍ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി മണ്ഡലം തിരിച്ചു പിടിക്കണമെന്ന് യുഡിഎഫ് ഉറപ്പിച്ചിരുന്നു. നറുക്കു വീണത് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസിനാണ്. കഠ്വ കേസിലെ അഭിഭാഷക ദീപിക സിങ് രജാവത്തിനെ കൊണ്ടു വന്നതടക്കം താനൂരില്‍ ഇന്നോളം യുഡിഎഫ് നടത്തിയിട്ടില്ലാത്ത പ്രചാരണവുമായാണ് ഫിറോസ് മുന്നോട്ട് പോയത്. 2016ല്‍ ഇടത് സ്വതന്ത്രനായിരുന്ന വി.അബ്ദുറഹ്മാന്‍ 4,918 വോട്ടിനാണ് താനൂരില്‍ ജയിച്ചത്. അദ്ദേഹത്തിന് 64,472 വോട്ടുകള്‍ ലഭിച്ചു. ലീഗിന്റെ അബ്ദുറഹിമാന്‍ രണ്ടത്താണിക്ക് 59,554 വോട്ടും ബിജെപിയുടെ പി.ആര്‍.രശ്മില്‍നാഥ് 11,051 വോട്ടും നേടി.

തിരൂര്‍

കുറുക്കോളി മൊയ്തീൻ
കുറുക്കോളി മൊയ്തീൻ

മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി കുറുക്കോളി മൊയ്തീന്‍ 7214 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തിരൂര്‍ നിലനിര്‍ത്തിയത്. സിപിഎം സ്ഥാനാര്‍ഥി ഗഫൂര്‍ പി. ലില്ലീസ് രണ്ടാമതും ബിജെപിക്കു വേണ്ടി മത്സരിച്ച കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എം.അബ്ദുല്‍ സലാം മൂന്നാമതുമെത്തി.

ഭൂരിപക്ഷം 7214

ആകെ വോട്ട്: 22,9458

പോൾ ചെയ്തത്: 17,0742

കുറുക്കോളി മൊയ്തീൻ (ലീഗ്) 82,314

ഗഫൂർ.പി.ലില്ലീസ് (സിപിഎം) 75,100

എം.അബ്ദുൽസലാം (ബിജെപി) 9,097

പൊതുവേ യുഡിഎഫിന് മേല്‍ക്കൈ ഉള്ള മണ്ഡലമാണ് തിരൂര്‍. എന്നാല്‍ 2006ല്‍ എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തതോടെയാണ് ശക്തമായ മത്സരം മണ്ഡലത്തിലുണ്ടായത്. പിന്നീടുള്ള 2 തിരഞ്ഞെടുപ്പിലും കരുത്തോടെ പ്രവര്‍ത്തിച്ച് യുഡിഎഫ് മണ്ഡലത്തെ കൂടെ നിര്‍ത്തി. കഴിഞ്ഞ തവണ സ്വതന്ത്രനായി മത്സരിച്ച ഗഫൂര്‍ പി.ലില്ലീസിനെ ഇക്കുറി പാര്‍ട്ടി ചിഹ്നത്തിലാണ് സിപിഎം മത്സരിപ്പിച്ചത്. താഴെത്തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച് നേതൃസ്ഥാനത്തെത്തിയ കുറുക്കോളി മൊയ്തീനെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ യുഡിഎഫ് ആവേശത്തിലായി.

കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എം.അബ്ദുസ്സലാമിനെ എന്‍ഡിഎ സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ചതായിരുന്നു തിരൂരിലെ തന്ത്രപരമായ മറ്റൊരു നീക്കം. എസ്ഡിപിഐയുടെ പി.അഷ്‌റഫിനു പുറമേ അപരന്മാരടക്കം 6 സ്വതന്ത്ര സ്ഥാനാര്‍ഥികളും രംഗത്തുണ്ട്. 2016ല്‍ ലീഗിന്റെ സി. മമ്മൂട്ടി 7.061 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. മമ്മൂട്ടിക്ക് 73,432 വോട്ടാണ് ലഭിച്ചത്. സിപിഎം സ്വതന്ത്രന്‍ ഗഫൂര്‍ പി.ലില്ലീസിന് 66,371 വോട്ടും ബിജെപിയുടെ എം.കെ. ദേവിദാസന് 9,083 വോട്ടും ലഭിച്ചു.

കോട്ടയ്ക്കല്‍

കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ
കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ

ലീഗ് സ്ഥാനാര്‍ഥി, സിറ്റിങ് എംഎല്‍എ കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ 16,588 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എന്‍സിപി സ്ഥാനാര്‍ഥി എന്‍.എ. മുഹമ്മദ് കുട്ടിയെ പരാജയപ്പെടുത്തി. കഴിഞ്ഞ തവണത്തെ അതേ സ്ഥാനാര്‍ഥികളെ തന്നെയാണ് യുഡിഎഫും എല്‍ഡിഎഫും ഇക്കുറിയും ഇറക്കിയത്.

ഭൂരിപക്ഷം: 16, 588 

ആകെ വോട്ട്: 2,16,480

പോൾ ചെയ്തത്: 1,59,933

കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ (ലീഗ്) 81,700

എൻ.എ.മുഹമ്മദ്കുട്ടി (എൻസിപി) 65,112

പി.പി. ഗണേശൻ (ബിജെപി) 10796

രൂപീകൃതമായതിനു ശേഷം രണ്ട് തവണയും യുഡിഎഫ് വിജയിച്ച മണ്ഡലമാണെങ്കിലും കുറഞ്ഞു വരുന്ന ഭൂരിപക്ഷത്തിലൂടെ പിടിച്ചു കയറാനുള്ള ശ്രമമാണ് എല്‍ഡിഎഫ് നടത്തുന്നത്. കഴിഞ്ഞ തവണത്തെ അതേ സ്ഥാനാര്‍ഥികളെ തന്നെയാണ് യുഡിഎഫും എല്‍ഡിഎഫും ഇറക്കിയതെന്ന പ്രത്യേകതയുമുണ്ട്. മുസ്ലിം ലീഗിന്റെ സിറ്റിങ് എംഎല്‍എ കെ.കെ.ആബിദ് ഹുസൈന്‍ തങ്ങളാണ് യുഡിഎഫ് സ്ഥാനാര്‍ഥി.

എന്‍സിപിയുടെ എന്‍.എ.മുഹമ്മദ് കുട്ടിയാണ് എല്‍ഡിഎഫിന് വേണ്ടി വീണ്ടും രംഗത്തിറങ്ങിയത്. ബിജെപിയുടെ പി.പി.ഗണേശനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. 2016ല്‍ മുസ്‌ലിംലീഗിന്റെ കെ.കെ.ആബിദ് ഹുസൈന്‍ തങ്ങള്‍ 15,042 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ആബിദ് ഹുസൈന്‍ തങ്ങള്‍ക്ക് 71,768 വോട്ടും എന്‍സിപി സ്ഥാനാര്‍ഥി എന്‍.എ.മുഹമ്മദ്കുട്ടി 56,726 വോട്ടും ബിജെപിയുടെ വി.ഉണ്ണിക്കൃഷ്ണന്‍ 13,205 വോട്ടും സ്വന്തമാക്കി.

തവനൂര്‍

കെ.ടി. ജലീൽ
കെ.ടി. ജലീൽ

ഏറെ വിവാദങ്ങൾക്കും ആരോപണങ്ങൾക്കുമിടയിലും തവനൂരിൽ മുൻ മന്ത്രി കെ.ടി ജലീൽ വിജയിച്ചു. യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിനെ 2,564 വോട്ടിനാണ് ജലീൽ തോൽപ്പിച്ചത്. 2011 ൽ നിലവിൽവന്ന തവനൂർ മണ്ഡലത്തിൽനിന്ന് മൂന്നാം തവണയാണ് ജലീൽ ജയിക്കുന്നത്. 

ഭൂരിപക്ഷം: 2564

ആകെ വോട്ട്: 1,92,911

കെ.ടി.ജലീൽ (എൽഡിഎഫ് സ്വത): 70358

ഫിറോസ് കുന്നംപറമ്പിൽ (കോൺഗ്രസ്) : 67794

മലപ്പുറം ജില്ലയില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്ന മണ്ഡലമാണ് തവനൂര്‍. ഇടതു ശക്തികേന്ദ്രമായ മണ്ഡലത്തില്‍ ജീവകാരുണ്യപ്രവര്‍ത്തകനായ ഫിറോസ് കുന്നുംപറമ്പിലിനെ യുഡിഎഫ് കളത്തിലിറക്കുകയായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ നേരിടേണ്ടിവന്ന കെ.ടി. ജലീലിനെ ഏതു വിധേനെയും വീഴ്ത്താനുള്ള തന്ത്രങ്ങളാണ് യുഡിഎഫ് ഒരുക്കിയത്. അപരന്മാരുടെ വോട്ടു പിടിത്തവും ജയപരാജയങ്ങളെ നിശ്ചയിക്കും.

ജലീലിന് ഒന്നും ഫിറോസിനു നാലും അപര സ്ഥാനാര്‍ഥികളുണ്ട്. 2011ല്‍ മണ്ഡലം രൂപീകൃതമായതിനു ശേഷം രണ്ടു തിരഞ്ഞെടുപ്പിലും ജലീലിനായിരുന്നു വിജയം. 2016ല്‍ 68,179 വോട്ട് നേടിയ ജലീല്‍ 17,064 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിന്റെ പി.ഇഫ്തിഖാറുദ്ദീനെ തോല്‍പ്പിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥി രവി തേലത്തിന് 15,801 വോട്ട് ലഭിച്ചു. 2011ല്‍ ജലീലിന് 6,854 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.

പൊന്നാനി

പി.നന്ദകുമാർ
പി.നന്ദകുമാർ

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനു പകരം കളത്തിലിറങ്ങിയ സിപിഎം സ്ഥാനാര്‍ഥി പി. നന്ദകുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എ.എം. രോഹിത്തിനെതിരെ 17,043 വോട്ടിന്റെ ഭൂരിപക്ഷത്തിനു മണ്ഡലം നിലനിര്‍ത്തി. 

ഭൂരിപക്ഷം: 17,043

ആകെ വോട്ട്: 20,52,91

പോൾ ചെയ്തത്: 1,45,595

പി.നന്ദകുമാർ (സിപിഎം) 74,668

എ.എം.രോഹിത്ത് (കോൺഗ്രസ്) 57,625

സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി (ബിഡിജെഎസ്) 7419

സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടക്കും വരെ എല്‍ഡിഎഫ് സുരക്ഷിതമായി കണ്ട മണ്ഡലമായിരുന്നു പൊന്നാനി. രണ്ട് ടേം പൂര്‍ത്തിയാക്കിയ സിറ്റിങ് എംഎല്‍എ പി.ശ്രീരാമകൃഷ്ണന് ഇത്തവണ സീറ്റില്ലെന്നറിഞ്ഞപ്പോള്‍ ആകാംക്ഷയുണര്‍ന്നു. ആരായിരിക്കും അടുത്ത സ്ഥാനാര്‍ഥി?. പ്രാദേശിക നേതാവും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ ടി.എം.സിദ്ദീഖിനെ പരിഗണിച്ചേക്കുമെന്ന് വാര്‍ത്തകളുണ്ടായി.

എന്നാല്‍ സിഐടിയു അഖിലേന്ത്യ സെക്രട്ടറിയും സംസ്ഥാന സമിതിയംഗവുമായ പി.നന്ദകുമാറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ തീരദേശമിളകി. സിദ്ദീഖിനെ അനുകൂലിക്കുന്നവര്‍ പ്രതിഷേധ റാലി വരെ നടത്തി. എന്നാല്‍ തീരുമാനത്തില്‍ പാര്‍ട്ടി ഉറച്ചു നിന്നു. 2016ല്‍ പി. ശ്രീരാമകൃഷ്ണന്‍ 15,640 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പൊന്നാനിയില്‍നിന്ന് ജയിച്ചത്. അദ്ദേഹത്തിന് 69,332 വോട്ട് ലഭിച്ചു. യുഡിഎഫിന്റെ പി.ടി. അജയ്‌മോഹന്‍ 53,692 വോട്ടും എന്‍ഡിഎയുടെ കെ.കെ. സുരേന്ദ്രന്‍ 11,662 വോട്ടും നേടി. 2011ല്‍ ശ്രീരാമകൃഷ്ണന്‍ 4,101 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

English Summary: Kerala Assembly Election Resullts- Malappuram District

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com