ആരെല്ലാമുണ്ടാകും ‘ക്യാപ്റ്റനൊപ്പം’ ഭരിക്കാൻ? വരുമോ ഘടകകക്ഷികളുടെ ‘ജംബോമന്ത്രിസഭ’

1200-pinarayi-vijayn-election
പിണറായി വിജയൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ. ചിത്രം∙ സമൂഹമാധ്യമം.
SHARE

കണ്ണൂർ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് ചരിത്രവിജയം നേടിയതോടെ അടുത്ത മന്ത്രിസഭയിൽ ആരൊക്കെ അംഗങ്ങളാകുമെന്ന ചർച്ചയിലേക്ക് പാർട്ടികളും മുന്നണിയും കടക്കുന്നു. പാർട്ടിതലത്തിലും മുന്നണി തലത്തിലുമുള്ള ചർച്ചകൾക്കു ശേഷമേ തീരുമാനമുണ്ടാകുവെങ്കിലും നേതാക്കളുടെ മനസ്സിൽ ഇതുസംബന്ധിച്ച ആലോചനകളുണ്ട്. 

നിലവിൽ ജയിച്ചുവന്ന മന്ത്രിമാരിൽ ആരെയൊക്കെ വീണ്ടും ഉൾക്കൊള്ളുമെന്നും പുതുമുഖങ്ങളായി ആരെല്ലാം എത്തുമെന്നുമാണ് സിപിഎമ്മിൽനിന്ന് അറിയേണ്ടത്. ഒറ്റ സീറ്റിൽ ജയിച്ച ഘടകകക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകേണ്ടതുണ്ടോയെന്ന കാര്യവും സിപിഎം ആലോചിക്കും. അവരെ ഉൾക്കൊള്ളേണ്ടി വന്നാൽ 5 പേരെ ഉൾപ്പെടുത്തേണ്ടി വരുമെന്നും ‘ജംബോ മന്ത്രിസഭ’ വേണ്ടിവരുമെന്നതുമാണ് സിപിഎമ്മിനു മുന്നിലുള്ള പ്രശ്നം. വലിയ ഭൂരിപക്ഷം കിട്ടിയതിനാൽ ചെറിയ കക്ഷികളെ തഴഞ്ഞുവെന്ന ആക്ഷേപം ഉയരാതെ നോക്കേണ്ടതും പാർട്ടിയുടെ ചുമതലയാണ്. ഇതെല്ലാം പരിഗണിച്ചായിരിക്കും സിപിഎമ്മും ഘടകകക്ഷികളും ആലോചനയിലേക്കു കടക്കുക.

1200-mv-govindhan-master
എം.വി. ഗോവിന്ദൻ

പുതിയവരും പഴയവരും

രൂപീകരിക്കാൻ പോകുന്ന മന്ത്രിസഭയിൽ പഴയ ആളുകളും പുതിയ ആളുകളും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. സിപിഎമ്മിൽനിന്നു ജയിച്ചു വന്ന മന്ത്രിമാർ ഇവരാണ്. കെ.കെ.ശൈലജ (മട്ടന്നൂർ), ടി.പി.രാമകൃഷ്ണൻ (പേരാമ്പ്ര), കെ.ടി.ജലീൽ (തവനൂർ) എ.സി.മൊയ്തീൻ (കുന്നംകുളം), എം.എം. മണി (ഉടുമ്പൻചോല), കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം). ഇതിൽ കെ.ടി.ജലീൽ വിവാദത്തെ തുടർന്ന് രാജിവച്ചതിനാൽ മന്ത്രിസ്ഥാനത്തേക്കു വീണ്ടും വരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മന്ത്രിസ്ഥാനത്തിനു പകരം സ്പീക്കർ പദവി കൊടുക്കാനും സാധ്യതയുണ്ട്. 

കെ.ടി.ജലീൽ പരിഗണിക്കപ്പെടുന്നില്ലെങ്കിൽ സിഐടിയുവിന്റെ മുതിർന്ന നേതാവ് പി.നന്ദകുമാറിനെ (പൊന്നാനി) മന്ത്രി സ്ഥാനത്തേക്കു പരിഗണിച്ചേക്കും. സിഐടിയു പ്രാതിനിധ്യവും നന്ദകുമാറിന് അനുകൂല ഘടകമാണ്. നേമത്ത് അട്ടിമറി വിജയം നേടിയ വി.ശിവൻകുട്ടിയെ പരിഗണിക്കേണ്ടി വന്നാൽ കടകംപള്ളി സുരേന്ദ്രന്റെ സാധ്യത കുറയും. സിപിഎമ്മിൽനിന്ന് പുതുതായി തളിപ്പറമ്പിൽനിന്നു ജയിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ മന്ത്രിയാകും. ഇതിനു പുറമേ കെ.രാധാകൃഷ്ണൻ (ചേലക്കര), കെ.എൻ.ബാലഗോപാൽ (കൊട്ടാരക്കര), പി.രാജീവ് (കളമശേരി), എം.ബി.രാജേഷ് (തൃത്താല) എന്നിവർ മന്ത്രിസഭയിലെത്തുമെന്നാണു വിവരം.

1200-kn-balagopal-mb-rajesh
കെ.എൻ.ബാലഗോപാൽ, എം.ബി രാജേഷ് (ഫയൽ ചിത്രം)

ആലപ്പുഴയിൽ നിന്ന് പി.പി.ചിത്തരഞ്ജനെ സിപിഎം മന്ത്രിയായി പരിഗണിക്കുന്നുണ്ടെന്നാണു സൂചന. മത്സ്യത്തൊഴിലാളി സംഘടനാ രംഗത്തെ പ്രവർത്തനം പരിഗണിച്ചായിരിക്കും ഇത്. കുണ്ടറയിൽ ജെ.മേഴ്സിക്കുട്ടിയമ്മയുടെ പരാജയമാണ് ചിത്തരഞ്ജന്റെ സാധ്യത കൂട്ടുന്നത്. സജി ചെറിയാനും (ചെങ്ങന്നൂർ) നേതാക്കളുടെ ചർച്ചയിലുണ്ട്. ശൈജലയ്ക്കു പുറമേ വനിതാ മന്ത്രിമാരെ പരിഗണിച്ചാൽ വീണാ ജോർജ‍് (ആറന്മുള), ആർ.ബിന്ദു (ഇരിങ്ങാലക്കുട) എന്നിവരിൽ ആരെങ്കിലും ഒരാൾ മന്ത്രിസഭയിൽ എത്താം. ഉദുമയിൽനിന്ന് ജയിച്ച സി.എച്ച്.കുഞ്ഞമ്പുവും പരിഗണിക്കപ്പെടാം. 

ചന്ദ്രശേഖരൻ വീണ്ടും ഉണ്ടാകുമോ?

സിപിഐയിൽ നിന്നു കാഞ്ഞങ്ങാട് ജയിച്ച ഇ.ചന്ദ്രശേഖരൻ വീണ്ടും മന്ത്രിയാവണോ എന്നു പാർട്ടി തീരുമാനിക്കാനിരിക്കുന്നതേയുള്ളൂ. ഒരാൾ രണ്ടു തവണ മന്ത്രിയാവേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ മാത്രം ചന്ദ്രശേഖരന് ഒഴിവാകേണ്ടി വരും. അല്ലെങ്കിൽ തുടർന്നും അദ്ദേഹമുണ്ടാകും. ഇ.കെ.വിജയൻ (നാദാപുരം), കെ.രാജൻ (ഒല്ലൂർ), പി.പ്രസാദ് (ചേർത്തല), സി.കെ.ആശ (വൈക്കം), പി.എസ്.സുപാൽ (പുനലൂർ), ചിറ്റയം ഗോപകുമാർ (അടൂർ), ജെ.ചിഞ്ചുറാണി (ചടയമംഗലം) എന്നിവരിൽ ആരെങ്കിലും പരിഗണിക്കപ്പെട്ടേക്കാം. 

റോഷിയോ ജയരാജോ?

കേരള കോൺഗ്രസ് (എം) ആരെ പരിഗണിക്കുമെന്ന് അവരുടെ പാർട്ടി യോഗത്തിനു ശേഷമേ തീരുമാനമാകൂ. റോഷി അഗസ്റ്റിൻ (ഇടുക്കി), എൻ.ജയരാജ് (കാഞ്ഞിരപ്പള്ളി) എന്നിവരാണ് പരിഗണിക്കപ്പെടുന്നത്. ജോസ് കെ മാണി പാലായിൽ പരാജയപ്പെട്ടതോടെയാണ് ഇവരിൽ ആർക്കെങ്കിലും നറുക്കു വീഴാനുള്ള സാധ്യത തെളിഞ്ഞത്. കേരള കോൺഗ്രസ് എമ്മിന് എത്ര മന്ത്രിസ്ഥാനം ഉണ്ടാകുമെന്ന കാര്യത്തിലും വ്യക്തതയില്ല. രണ്ടു വേണമെന്നാണ് അവരുടെ ആവശ്യം. 

1200-roshy-augustine-jose-k-mani
റോഷി അഗസ്റ്റിൻ, ജോസ്.കെ. മാണി (ഫയൽ ചിത്രം)

എൻസിപിയിൽ  ആര്?

രണ്ട് സീറ്റ് നേടിയ എൻസിപിയിൽ ആര് മന്ത്രിയാകുമെന്നതിൽ ആശയക്കുഴപ്പമുണ്ട്. എലത്തൂരിൽനിന്ന് ജയിച്ച നിലവിലെ മന്ത്രി എ.കെ.ശശീന്ദ്രനെ തുടരാൻ പാർട്ടി അനുവദിക്കുമോ അതോ കുട്ടനാട്ടിൽ ജയിച്ച തോമസ് കെ. തോമസിനെ പരിഗണിക്കുമോ എന്നു വ്യക്തമല്ല. പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ  ഇക്കാര്യത്തിൽ ഉണ്ടാകേണ്ടി വരും.

കൃഷ്ണൻ കുട്ടിയോ മാത്യു ടി തോമസോ?

ജനതാദൾ എസിൽ നിന്ന് രണ്ടു പേർ ജയിച്ചിട്ടുണ്ട്. നിലവിലെ മന്ത്രി കെ.കൃഷ്ണൻകുട്ടി (ചിറ്റൂർ), മാത്യു ടി തോമസ് (തിരുവല്ല) എന്നവരാണു ജയിച്ചത്. ഇതിൽ ആര് മന്ത്രിയാവണമെന്നതിലും ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ വേണ്ടി വരും. 

ഘടകകക്ഷികൾക്ക് നെഞ്ചിടിപ്പ് 

ഒരാളെ മാത്രം സഭയിലെത്തിക്കാൻ കഴിഞ്ഞ ഘടകകക്ഷികൾക്ക് നെഞ്ചിടിപ്പ് ഏറുകയാണ്. അവരെ സിപിഎം എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാനുള്ള കാത്തിരിപ്പാണ്. കോൺഗ്രസ് എസ്, ഐഎൻഎൽ, ജനാധിപത്യ കേരള കോൺഗ്രസ്, എൽജെഡി, കേരള കോൺഗ്രസ് (ബി), ആർഎസ്പി ലെനിനിസ്റ്റ് കക്ഷികളുടെ ഭാവിയാണു തീരുമാനിക്കപ്പെടേണ്ടത്. 

യഥാക്രമം രാമചന്ദ്രൻ കടന്നപ്പള്ളി (കണ്ണൂർ), അഹമ്മദ് ദേവർകോവിൽ (കോഴിക്കോട് സൗത്ത്), ആന്റണി രാജു (തിരുവനന്തപുരം), കെ.പി.മോഹനൻ (കൂത്തുപറമ്പ്), കെ.ബി.ഗണേഷ് കുമാർ (പത്തനാപുരം), കോവൂർ കുഞ്ഞിമോൻ (കുന്നത്തൂർ) എന്നിവരാണ് ജയിച്ചത്. 

ഇതിൽ രാമചന്ദ്രൻ കടന്നപ്പള്ളി നിലവിൽ മന്ത്രിയായതിനാൽ വീണ്ടും പരിഗണിച്ചേക്കും. മറ്റുള്ളവരുടെ കാര്യത്തിൽ തീരുമാനമുണ്ടാകേണ്ടത് സിപിഎമ്മിന്റെ ഭാഗത്തു നിന്നാണ്. നേരത്തേ മന്ത്രിമാരായിരുന്ന കെ.പി.മോഹനൻ, കെ.ബി.ഗണേഷ് കുമാർ എന്നിവരെ പരിഗണിക്കേണ്ടതുണ്ടോയെന്നും സിപിഎം തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നു. 

English Summary: Pinarayi cabinet 2.0 to have young, new faces at helm of affair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA