ADVERTISEMENT

ഏപ്രിൽ–മേയ് മാസങ്ങൾ മാർ ക്രിസോസ്റ്റത്തിന് ജന്മദിന സമ്മാനങ്ങൾ മാത്രമല്ല, ജീവിതത്തിലെ നാഴികകല്ലുകൾ പിന്നിടാനുള്ള മുഹൂർത്തങ്ങളും സമ്മാനിച്ചു. അപൂർവതകളും റെക്കോർഡുകളും കൊണ്ട് സമ്പന്നമായ ആ ജീവിതരേഖയെ ഈ മാസങ്ങൾ നേട്ടങ്ങളുടെ വരകൾ കൊണ്ട് കൂടുതൽ ദൃഡമാക്കി. ബിഷപായി അദ്ദേഹത്തെ നിയമിക്കാൻ മാർത്തോമ്മാ സഭാ പ്രതിനിധി മണ്ഡലം അന്തിമ തീരുമാനമെടുക്കുന്നതു 1952 മേയ് ആറിന്. 69 വർഷങ്ങൾക്കു ശേഷം അതേ ദിവസം തന്നെ താൻ സ്നേഹിച്ച സഭയെയും സമൂഹത്തെയും വിട്ട് യാത്രയാകുമ്പോൾ സഭാ ചരിത്രത്തിൽ ഇത് മറ്റൊരു അപൂർവത. 

കുറിയന്നൂർ സെന്റ് തോമസ് ഇടവകയിലെ റവ. എം.ജി. ചാണ്ടി, കോട്ടയം ജറുസലം ഇടവകയിലെ പനംപുന്നയിൽ റവ. പി. തോമസ് എന്നിവർക്കൊപ്പമാണ് ഇരവിപേരൂർ ഇമ്മാനുവൽ ഇടവകയിലെ റവ. ഫിലിപ്പ് ഉമ്മൻ എന്ന മാർ ക്രിസോസ്റ്റം അന്ന് തിരഞ്ഞെടുക്കപ്പെട്ടത്. ഡോ. അലക്സാണ്ടർ മാർത്തോമ്മയും തോമസ് മാർ അത്താനാസിയോസുമാണ് മറ്റ് രണ്ടുപേർ. 

മാർ ക്രിസോസ്റ്റം റമ്പാനാകുന്നത് 1953 മേയ് 20 ന്. എപ്പിസ്കോപ്പയാകുന്നത് മേയ് 23ന്. സഫ്രഗൻ മെത്രാപ്പൊലീത്തയാകുന്നത് 1978 ലെ മേയ് മാസത്തിൽ. 1953 ലോക ചരിത്രത്തിൽ മാത്രമല്ല, കേരളത്തിലെ സഭാ ചരിത്രത്തിലും നേട്ടങ്ങളുടെ അടയാളമിട്ട വർഷമാണ്. ബ്രിട്ടനി‍ൽ എലിസബത്ത് രാജ്ഞി ചുമതലയേറ്റ് 1953 ഫെബ്രുവരി ആറിന്. ഇവർ ഇപ്പോഴും ഭരണം തുടരുന്നു.

ഇതേ വർഷം മേയ് 29 നാണ് ടെൻസിങ് നോർഗെയും എഡ്മൺഡ് ഹിലരിയും എവറസ്റ്റ് കീഴടക്കിയതെന്നതും കൗതുകകരമായ യാദൃശ്ചികത. ആർച്ച് ബിഷപ് ബെനഡിക്ട് മാ‍ർ ഗ്രിഗോറിയോസും (1953 ജനുവരി 29) രണ്ടു കാതോലിക്കാ ബാവാമാർ ഉൾപ്പെടെ അഞ്ചുപേരും ബിഷപുമാരായി വാഴിക്കപ്പെട്ട വർഷം. 

ഓരോ ബിഷപും ദേശത്തിന്റെ ബിഷപ്, ഓരോ വൈദികനും ദേശത്തിന്റെ പട്ടക്കാരൻ – മാർ ക്രിസോസ്റ്റം മേലങ്കി ധരിപ്പിക്കാൻ ശ്രമിച്ചത് ഈ ആശയത്തെയാണ്. ഒരു ഇടയൻ താൻ ഉൾപ്പെടുന്ന പ്രദേശത്തിന്റെ ഇടയനായിരിക്കണമെന്ന് അദ്ദേഹം വിശ്വസിച്ചു. 2007 നു ശേഷമുള്ള മാർ ക്രിസോസ്റ്റത്തിന്റെ യാത്രാവഴി പരിശോധിച്ചാൽ ഇത് മനസ്സിലാകും. ജാതിമത ചിന്തകൾക്കതീതമായി അന്യോന്യം കരുതുകയും സ്നേഹിക്കയും ചെയ്യുന്ന സമൂഹമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. 

English Summary: April, May months and milestones in Philipose Mar Chrysostom's life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com