ADVERTISEMENT

പത്തനംതിട്ട ∙ മഞ്ഞു കണങ്ങൾക്കു പകരം നാട് കണ്ണീർ പൊഴിക്കുന്ന പുലരി. ദേശത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെയും കൂടി നഷ്ടമായി മാറുകയാണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ വേർപാട്.

അചഞ്ചലമായ ദൈവവിശ്വാസമുണ്ടെങ്കിൽ ഏതു മഹാമാരിയെയും അതിജീവിക്കാമെന്ന വിശ്വാസ പാഠം ലോകത്തിനു പകർന്നാണ് മാർ ക്രിസോസ്റ്റം യാത്രയാകുന്നത്. നർമത്തിന്റെ നറുനിലാവിൽ നാടിനെ അഭിഷേകം ചെയ്ത ധർമത്തിന്റെ ബിഷപ് ഓർമയാകുമ്പോൾ വിശേഷിപ്പിക്കാൻ വാക്കുകളില്ല; ഇതൊരു യുഗാന്ത്യം.

മഹാമാരിയുടെ കാറ്റിനെ ചെറുത്തുതോൽപ്പിച്ചാണ് ആ ജീവിതം ലക്ഷ്യത്തിലേക്കുള്ള മോക്ഷയാത്രയിൽ മുന്നേറിയത്. ആ ദൈവീക ജീവിതത്തെ തൊടാതെ അകന്നു വഴിമാറാനുള്ള ഔചിത്യം കാട്ടി മഹാമാരിയും മൂന്നടി മാറി നടന്നു. മൂന്നു മഹാപ്രളയം കണ്ട് ഒടുവിൽ മഹാമാരിയെയും അതിജീവിച്ച് 19, 20 നൂറ്റാണ്ടുകളെ ധന്യമാക്കി യാത്രയുടെ പുസ്തകം സുബോധത്തോടെ ദൈവകരങ്ങളിലേക്ക് തിരികെ ഏൽപ്പിച്ചാണ് ആ ജീവിതത്തിനു തിരശീല വീഴുന്നത്.

ഷഷ്ടി പൂർത്തിയും സപ്തതിയും നവതിയും ശതാബ്ദിയും പിന്നെ ആയിരം പൂർണചന്ദ്രന്മാരെ കാണാനും കഴിഞ്ഞ ചരിത്രത്തിലെ അപൂർവ മേലധ്യക്ഷന്മാരിൽ ഒരാളായ മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത വിടപറയുമ്പോൾ ഒരു കാലഘട്ടത്തിനു തിരശീല വീഴുന്നു.

ധർമവും നർമവും കോർത്തിണക്കിയ ധർമിഷ്ഠനെന്ന സുവർണനാവുകാരൻ വിടപറയുമ്പോൾ 103 വയസ്സും 16 ദിവസവും പിന്നിട്ടിരുന്നു. ലോകമെങ്ങും കോവിഡ് രണ്ടാം തരംഗമുയർത്തി നിൽക്കുന്നതിനിടെ 23 ന് രോഗബാധ സംശയിച്ചാണ് അദ്ദേഹത്തെ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പിന്നീടു നടത്തിയ ആർടിപിസിആർ പരിശോധനയിൽ കോവിഡ് ഇല്ലെന്നു തെളിഞ്ഞെങ്കിലും ഏതാനും ദിവസംകൂടി തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ശേഷം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ആരോഗ്യവാനായി ആശുപത്രി വിട്ട് കുമ്പനാട് ഫെലോഷിപ് മിഷൻ ആശുപത്രിയിലെ തന്റെ വിശ്രമ മുറിയിൽ തിരിച്ചെത്തിയിരുന്നു. അതിനു ശേഷം ഏതാനും മണിക്കൂറുകൾക്കുള്ളിൽ യാത്രയാകുമ്പോൾ നല്ല ഇടയന്റെ ധന്യ ജീവിതത്തെ ഓർത്ത് സഭയും സമൂഹവും കണ്ണീർ പൊഴിക്കുന്നു. വിട, നല്ലഇടയാ, സമാധാനത്താലേ പോവുക.

English Summary: Remembering the senior metropolitan of Mar Thoma church Philipose Mar Chrysostom Mar Thoma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com