ADVERTISEMENT

വാഷിങ്ടൻ ∙ ലോകം മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ, കോവിഡ് വാക്സീൻ നിർമിക്കുന്ന ഏതാനും കമ്പനികൾ ലക്ഷക്കണക്കിനു കോടി രൂപയുടെ സമ്പത്ത് വാരിക്കൂട്ടുകയാണെന്ന ആക്ഷേപം ആഗോള വ്യാപകമായതോടെ വാക്സീന്റെ പേറ്റന്റ് താല്‍ക്കാലികമായി ഒഴിവാക്കാന്‍ അമേരിക്ക ഒരുങ്ങുന്നു. ബുധനാഴ്ചയാണ് കോവിഡ് വാക്സീന്‍ പേറ്റന്റ് ഒഴിവാക്കണമെന്ന നിരവധി രാജ്യങ്ങളുടെ നിരന്തരമായ ആവശ്യത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജോ ബൈഡൻ ഭരണകൂടം രംഗത്തെത്തിയത്. 

ബൈഡന്റെ തീരുമാനത്തെ ചരിത്രപരം എന്നാണ് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയോസിസ് വിശേഷിപ്പിച്ചത്. കോവിഡ് വ്യാപനം അതിരൂക്ഷമാകുകയും മരണങ്ങൾ വർധിക്കുകയും ചെയ്തതോടെ വാക്സീൻ ക്ഷാമം അവസാനിപ്പിക്കാൻ പേറ്റന്റ് ഒഴിവാക്കണമെന്ന് ഇന്ത്യ, ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. 

പേറ്റന്റ് നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സാധിച്ചാൽ  കൂടുതൽ കമ്പനികൾക്കു വാക്സീൻ നിർമിക്കാനാകും. വളരെ വേഗം ലോകജനതയ്ക്ക് അവ ലഭ്യമാകും. യുഎസ് കമ്പനികളുടെ വാക്സീൻ പേറ്റന്റുകൾ താൽക്കാലികമായി മരവിപ്പിക്കണമെന്നും കൂടുതൽ കമ്പനികൾക്ക് അവ ഉൽപാദിപ്പിക്കാൻ അനുമതി നൽകണമെന്നും ഡെമോക്രാറ്റ് അംഗങ്ങളും നൂറിലധികം രാജ്യങ്ങളും നിരന്തരം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നിർണായക തീരുമാനം.

അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ–ബയോടെക്നോളജി കമ്പനിയായ മൊഡേണ, ലോകത്തെ വൻകിട ബയോഫാർമസ്യൂട്ടിക്കൽ കമ്പനികളിലൊന്നായ ഫൈസർ തുടങ്ങിയവയുടെ എതിർപ്പ് തള്ളിയാണ് വാക്സീൻ പേറ്റന്റ് താല്‍ക്കാലികമായി ഒഴിവാക്കാനുള്ള നടപടികളുമായി യുഎസ് മുന്നോട്ടു പോകുന്നത്. കോവിഡ് മഹാമാരി ആഗോള ആരോഗ്യ പ്രതിസന്ധിയാണെന്നും അസാധാരണ കാലത്ത് അസാധാരണ നടപടി വേണമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി.

അതിസമ്പന്ന രാജ്യങ്ങൾ വാക്സീൻ നിർമിക്കുകയും സ്വന്തം പൗരന്മാർക്കു മുൻഗണന നൽകുകയും ചെയ്യുന്നു. വാക്സീൻ നിർമിക്കുന്നില്ലെങ്കിലും സമ്പന്ന രാജ്യങ്ങൾ വൻ തുക മുടക്കി അവ വാങ്ങി ജനങ്ങൾക്കു ലഭ്യമാക്കുന്നു. എന്നാൽ, ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങൾക്കും ഇതു രണ്ടും സാധിക്കുന്നില്ല. അവർക്കു പണമില്ല, വാക്സീനും. ഇതോടെയാണ് വാക്സീൻ പേറ്റന്റ് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായത്. 

English Summary: US Backs Covid Vaccine Patent Waiver Plan Proposed By India, South Africa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com