ADVERTISEMENT

മുംബൈ ∙ കോവിഡ് പ്രതിസന്ധി നേരിടാൻ ചെറിയ അയൽരാജ്യങ്ങൾ പോലും ഇന്ത്യയ്ക്കു സഹായം വാഗ്ദാനം ചെയ്യുമ്പോൾ, ഡൽഹിയിൽ കോടിക്കണക്കിനു രൂപയുടെ സെൻട്രൽ വിസ്ത പദ്ധതിയുടെ പ്രവർത്തനം നിർത്താൻ നരേന്ദ്ര മോദി സർക്കാർ തയാറല്ലെന്നു ശിവസേന. മുൻ പ്രധാനമന്ത്രിമാരായ ജവാഹർലാൽ നെഹ്‌റു, ഇന്ദിര ഗാന്ധി, മൻ‌മോഹൻ സിങ് എന്നിവരുൾപ്പെടെ കഴിഞ്ഞ 70 വർഷത്തിനിടയിൽ സൃഷ്ടിച്ച സംവിധാനമാണു ദുഷ്‌കരമായ ഈ സമയത്തു രാജ്യത്തെ അതിജീവിക്കാൻ സഹായിക്കുന്നതെന്നും ശിവസേന ചൂണ്ടിക്കാട്ടി.

‘കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്നതിനാൽ ഇന്ത്യയിൽനിന്നു ലോകത്തിനു ഭീഷണിയുണ്ടെന്നാണു യുനിസെഫ് ആശങ്ക പ്രകടിപ്പിച്ചത്. കോവിഡിനെതിരായ പോരാട്ടത്തിൽ പരമാവധി രാജ്യങ്ങൾ ഇന്ത്യയെ സഹായിക്കണമെന്നും അവർ അഭ്യർഥിച്ചു. ബംഗ്ലദേശ് 10,000 റെംഡെസിവിർ അയച്ചിട്ടുണ്ട്. ഭൂട്ടാൻ മെഡിക്കൽ ഓക്സിജൻ അയച്ചു. നേപ്പാൾ, മ്യാൻമർ, ശ്രീലങ്ക എന്നിവയും ‘ആത്മനിർഭർ ഭാരതിന്’ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്’– മുഖപത്രമായ സാമ്നയിലെ എഡിറ്റോറിയലിൽ ശിവസേന അഭിപ്രായപ്പെട്ടു. നെഹ്റുവിന്റെ ഭരണകാലത്തെ കുറിച്ച് ബിജെപി കുറ്റപ്പെടുത്താറുള്ള പശ്ചാത്തലത്തിലാണു ശിവസേനയുടെ വിമർശനം.

നെഹ്‌റു-ഗാന്ധി കുടുംബം സൃഷ്ടിച്ച സംവിധാനത്തിലാണ് ഇന്ത്യ നിലനിൽക്കുന്നത്. നിരവധി പാവപ്പെട്ട രാജ്യങ്ങൾ ഇന്ത്യയ്ക്കു സഹായം വാഗ്ദാനം ചെയ്യുന്നു. നേരത്തേ പാക്കിസ്ഥാൻ, റുവാണ്ട, കോംഗോ തുടങ്ങിയ രാജ്യങ്ങൾ മറ്റുള്ളവരുടെ സഹായം തേടിയിരുന്നു. എന്നാൽ ഇന്നത്തെ ഭരണാധികാരികളുടെ തെറ്റായ നയങ്ങൾ കാരണം ഇന്ത്യ ഇപ്പോൾ ആ അവസ്ഥയിലൂടെ കടന്നുപോവുകയാണ്. പാവപ്പെട്ട രാജ്യങ്ങൾ അവർക്കാവുംവിധം ഇന്ത്യയെ സഹായിക്കുന്നു. അതേസമയം, 20,000 കോടി രൂപയുടെ സെൻട്രൽ വിസ്ത പദ്ധതി നിർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറല്ല. ബംഗ്ലദേശ്, ശ്രീലങ്ക, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സഹായം സ്വീകരിക്കുന്നതിൽ ആർക്കും ഖേദവുമില്ല.

സൂക്ഷ്മബോധവും ദേശീയതയും ഉള്ളിലുള്ള സർക്കാർ രാഷ്ട്രീയ നേട്ടങ്ങളെക്കുറിച്ചു ചിന്തിക്കില്ല. പകർച്ചവ്യാധിയെ പരാജയപ്പെടുത്താനുള്ള വഴികൾ ചർച്ച ചെയ്യാൻ എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളുടെയും ദേശീയ പാനൽ രൂപീകരിക്കുകയാണു ചെയ്യേണ്ടത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ ചുമതല നൽകണമെന്നു ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ ആരോഗ്യ മന്ത്രാലയം പൂർണമായും പരാജയപ്പെട്ടുവെന്നതിന്റെ തെളിവാണിത്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ കൂടുതൽ കോവിഡ് മരണങ്ങൾ ഇന്ത്യയിലാണു റിപ്പോർട്ട് ചെയ്തത്. ആഗോളതലത്തിൽ, സജീവമായ അഞ്ചു രോഗികളിൽ ഒരാൾ ഇന്ത്യയിലാണ്. ലോകം ഇപ്പോൾ ഇന്ത്യയെ ഭയപ്പെടുന്നു– ശിവസേന പറഞ്ഞു.

English Summary: "India Surviving Because Of Nehru-Gandhi" Family: Sena To Modi Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com