ADVERTISEMENT

തൃശൂർ ∙ എഴുത്തുകാരനും നടനും സാംസ്കാരിക പ്രവർത്തകനുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ (81) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്നു. ‌ സംസ്കാരം കിരാലൂരിലെ വീട്ടുവളപ്പിൽ നടത്തി. ത്യശൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോവിഡ് മാനദണ്ഡങ്ങളോടെയാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്. സഹോദരൻ ചിതയ്ക്ക് തീ കൊളുത്തി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

പത്തിലേറെ നോവലുകളും അഞ്ചു തിരക്കഥകളും എഴുതിയിട്ടുണ്ട്. പത്തോളം സിനികളിൽ അഭിനയിച്ചു. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം (കരുണം– 2000)), കേരള സാഹിത്യ അക്കാദമി പുരസ്കാരം മഹാപ്രസ്ഥാനം –1982) എന്നിവ ലഭിച്ചിട്ടുണ്ട്.

1941 ല്‍ കിരാലൂര്‍ മാടമ്പ് മനയില്‍ ശങ്കരന്‍ നമ്പൂതിരിയുടേയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനായാണ് ജനനം. മാടമ്പ് മനയിൽ ശങ്കരൻ നമ്പൂതിരി എന്നാണ് യാഥാർഥ പേരെങ്കിലും വിളിപ്പേരായ കുഞ്ഞുക്കുട്ടൻ പിന്നീട് ഒൗദ്യാഗിക പേരാക്കി. പരമ്പരാഗതമായ സംസ്കൃതപഠനത്തിനു ശേഷമായിരുന്നു സ്കൂൾ വിദ്യാഭ്യാസം. 16 വയസ്സിനു മുൻപ് നാലുവർഷം അമ്പലങ്ങളിൽ ശാന്തിക്കാരനായി. റേഡിയോ റിപ്പയറിങ്, സ്പ്രേ പെയിന്റിങ് തുടങ്ങിയ ജോലികളും ചെയ്തു. ടെപ്പ് റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടും ട്യൂട്ടോറിയൽ കോളജും നടത്തിയിരുന്നു. പൂമുള്ളി ആറാം തമ്പുരാനിൽനിന്ന് ആനവൈദ്യം പഠിച്ചിട്ടുണ്ട്. തൃശൂർ ആകാശവാണിയിൽ കുറച്ചുകാലം ജോലിചെയ്തിരുന്നു.

ട്യൂട്ടോറിയൽ കോളജിൽ അധ്യാപകനായിരിക്കെ വിദ്യാർഥികൾക്കുവേണ്ടി നാടകങ്ങൾ എഴുതിയാണ് സാഹിത്യജീവിതത്തിന്റെ തുടക്കം. 1970 ൽ എഴുതിയ അശ്വത്ഥാമാവാണ് ആദ്യ നോവൽ. തൊട്ടുപിന്നാലെ വന്ന ഭ്രഷ്ട് എന്ന നോവൽ വിവാദമുണ്ടാക്കി. ജയരാജ് സംവിധാനം ചെയ്ത ദേശാടനത്തിനാണ് ആദ്യമായി തിരക്കഥയെഴുതിയത്. തപസ്യ കലാ സാഹിത്യ വേദിയുടെ സംസ്ഥാന രക്ഷാധികാരിയാണ്. 2001 ൽ കൊടുങ്ങല്ലൂരിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി മൽസരിച്ചെങ്കിലും പരാജയപ്പെട്ടു.

സാഹിത്യത്തിലും സിനിമയിലും മാത്രമല്ല, തത്വചിന്തയിലും വേദങ്ങളിലും മാതംഗശാസ്ത്രത്തിലുമെല്ലാം ആഴത്തിലുള്ള അറിവുണ്ടായിരുന്നു മാടമ്പിന്. അശ്വത്ഥാമാവ് സിനിമയാക്കിയപ്പോൾ തിരക്കഥയെഴുതി. നായകനായി അഭിനയിച്ചു. പൈതൃകം, ആനച്ചന്തം, വടക്കുംനാഥൻ, കരുണം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്നമസ്തു, ഭ്രഷ്ട്, മാരാരാശ്രീ, എന്തരോ മഹാനുഭാവുലു, പോത്ത്, നിഷാദം, പാതാളം, ആര്യാവർത്തം, അമൃതസ്യ പുത്രഃ, കോളനി, പുതിയ പഞ്ചതന്ത്രം, സാരമേയം, തോന്ന്യാസം തുടങ്ങിയവയാണ് നോവലുകൾ, മകൾക്ക്, ഗൗരീശങ്കരം, സഫലം, കരുണം, ദേശാടനം എന്നിവയാണ് തിരക്കഥകൾ. ഭാര്യ: പരേതയായ സാവിത്രി അന്തര്‍ജനം. മക്കൾ: ഹസീന, ജസീന.

English Summary: Madambu Kunjukuttan Passes Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com