ADVERTISEMENT

ഇസ്രയേൽ–പലസ്തീൻ സംഘർഷത്തിനിടെ ഗാസയിൽനിന്ന് ഹമാസ് വിക്ഷേപിച്ച നൂറിലധികം റോക്കറ്റുകൾ ലക്ഷ്യസ്ഥാനത്തെത്താതെ ഇസ്രയേലിന്റെ ആകാശത്തുതന്നെ കത്തിയമരുന്നതിന്റെ വിഡിയോ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പരക്കുന്നത്. ഇത്രയധികം മിസൈലുകൾ വിക്ഷേപിച്ചിട്ടും ഇസ്രയേലിൽ വളരെ കുറച്ചു നാശനഷ്ടങ്ങൾ മാത്രം സംഭവിച്ചത് എന്തുകൊണ്ടാകാം? ആകാശം കീറിമുറിച്ചു പാഞ്ഞെത്തുന്ന മിസൈലുകൾ നശിപ്പിക്കാൻ പ്രത്യേകം വികസിപ്പിച്ച പ്രതിരോധ സംവിധാനമാണ് ഇവിടെ ഇസ്രയേലിനു തുണയായത് – അയൺ ഡോം.

ചിത്രം: ടെൽ അവീവിൽ റാബിൻ സ്ക്വയറിൽ അയൺ ഡോം പ്രദർശിപ്പിച്ചപ്പോൾ. (Photo by JACK GUEZ / AFP)
ചിത്രം: ടെൽ അവീവിൽ റാബിൻ സ്ക്വയറിൽ അയൺ ഡോം പ്രദർശിപ്പിച്ചപ്പോൾ. (Photo by JACK GUEZ / AFP)

ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനമാണ് അയൺ ഡോം. ഇസ്രയേൽ കമ്പനികളായ റഫാൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റവും ഇസ്രയേൽ എറോസ്പേസ് ഇൻഡസ്ട്രീസും ചേർന്നാണ് വികസിപ്പിച്ചെടുത്തത്. യുഎസിൽനിന്ന് ഇതിന് സാങ്കേതിക, ധനസഹായം ലഭിച്ചിട്ടുമുണ്ട്. ശത്രുമിസൈലുകൾ എത്തുമ്പോൾ ലക്ഷ്യസ്ഥാനത്തു പതിക്കും മുൻപ് ആകാശത്തുവച്ചുതന്നെ അവയെ ഇല്ലാതാക്കുകയും ജനത്തിനു മുന്നറിയിപ്പു സൈറൺ മുഴക്കുകയും ചെയ്യും ഇത്. ഹ്രസ്വ ദൂര റോക്കറ്റുകൾ, മോർട്ടാർ ആർട്ടിലറി ഷെല്ലുകൾ, വിമാനങ്ങൾ, ഹെലിക്കോപ്റ്ററുകൾ, ഡ്രോണുകൾ പോലുള്ളവ തടയുകയാണ് ഈ പ്രതിരോധ സംവിധാനത്തിന്റെ ദൗത്യം.

ചിത്രം: ഗാസയിൽനിന്ന് വിക്ഷേപിച്ച റോക്കറ്റ് തടയാനായി അയൺഡോമിൽനിന്ന് മിസൈൽ തൊടുക്കുന്നു. (Photo by JACK GUEZ / AFP)
ചിത്രം: ഗാസയിൽനിന്ന് വിക്ഷേപിച്ച റോക്കറ്റ് തടയാനായി അയൺഡോമിൽനിന്ന് മിസൈൽ തൊടുക്കുന്നു. (Photo by JACK GUEZ / AFP)

വിവിധ തരത്തിലുള്ള ഭീഷണികൾ നേരിടാനായി വിന്യസിക്കുന്ന അയൺ ഡോമിൽ മൂന്നു പ്രധാനപ്പെട്ട സംവിധാനങ്ങളുടെ സംയുക്ത പ്രവർത്തനമാണ് നടക്കുക.

1) ഏതു ഭീഷണിയും തിരിച്ചറിയാനും ട്രാക്ക് ചെയ്യാനുമുള്ള റഡാർ
2) ബാറ്റിൽ മാനേജ്മെന്റ് ആൻഡ് വെപ്പൺ കൺട്രോൾ സിസ്റ്റം (ബിഎംസി)
3) മിസൈൽ ഫയറിങ് യൂണിറ്റ്

ശത്രുറോക്കറ്റിനെ കണ്ടെത്തിയാൽ അവയെ റഡാറിലൂടെ ട്രാക്ക് ചെയ്യും. ഇങ്ങനെ, ലക്ഷ്യം ഏതാണെന്നു വിലയിരുത്തി കണ്ടെത്തും. ഇതിനാണ് ബിഎംസി ഉപയോഗിക്കുന്നത്. ലക്ഷ്യം വയ്ക്കുന്ന റോക്കറ്റും അവയുയർത്തുന്ന വെല്ലുവിളിയും കൃത്യമായി അപഗ്രഥിച്ച്, റോക്കറ്റ് തകർക്കാനുള്ള നിർദേശം നൽകും. തുടർന്ന്, കഴിവതും ആൾപ്പാർപ്പില്ലാത്ത പ്രദേശം കണ്ടെത്തി അതിനു മുകളിൽ വച്ച് റോക്കറ്റിനെ നശിപ്പിക്കും. കാര്യങ്ങൾ ലളിതമെന്നു തോന്നാമെങ്കിലും നിമിഷത്തിന്റെ ചെറിയൊരു അംശത്തിനുള്ളിൽ കണക്കുകൂട്ടലുകളുടെയും പ്രതികരണത്തിന്റെയും മാമാങ്കമാകും യന്ത്രങ്ങൾക്കുള്ളിൽ.

ചിത്രം: ഗാസയിൽനിന്ന് വിക്ഷേപിച്ച റോക്കറ്റ് അയൺ ഡോം തടയുന്നു. (Photo by JACK GUEZ / AFP)
ചിത്രം: ഗാസയിൽനിന്ന് വിക്ഷേപിച്ച റോക്കറ്റ് അയൺ ഡോം തടയുന്നു. (Photo by JACK GUEZ / AFP)

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏതു കാലാവസ്ഥയിലും പ്രവർത്തിക്കും. മഴയോ വെയിലോ പൊടിക്കാറ്റോ പ്രശ്നമല്ല. 70 കിലോമീറ്റർ വരെയുള്ള ഭീഷണികളെ പ്രതിരോധിക്കും. 2011 മാർച്ചിലാണ് അയൺ ഡോം ഇസ്രയേൽ വ്യോമസേനയിൽ വിന്യസിച്ചത്. 2011 ഏപ്രിൽ ഏഴിന് ഗാസയിൽനിന്നു വിക്ഷേപിച്ച ബിഎം–21 ഗ്രാഡ് റോക്കറ്റായിരുന്നു ആദ്യം വീഴ്ത്തിയത്.

ചിത്രം: അഷ്കെലോണിൽ അയൺ ഡോമിനു സമീപം കാവൽനിൽക്കുന്ന ഇസ്രയേൽ സൈനികർ. (Photo by JACK GUEZ / AFP)
ചിത്രം: അഷ്കെലോണിൽ അയൺ ഡോമിനു സമീപം കാവൽനിൽക്കുന്ന ഇസ്രയേൽ സൈനികർ. (Photo by JACK GUEZ / AFP)

ഐ–ഡോം എന്നത് ഒരു ട്രക്കിൽ വിന്യസിക്കാവുന്ന പ്രതിരോധ സംവിധാനമാണ്. സൈനിക, വ്യാവസായിക, ഭരണപരമായ സ്ഥാപനങ്ങൾക്ക് സംരക്ഷണം ഒരുക്കാൻ ഐ–ഡോം ഉപയോഗിക്കാമെന്നതാണ് ഏറ്റവും വലിയ സവിശേഷത. എന്നാൽ നാവികസേന ഉപയോഗിക്കുന്നത് സി–ഡോം ആണ്. കപ്പലുകൾക്കും മറ്റു കടൽ അനുബന്ധ സുരക്ഷയ്ക്കുമായാണ് സി–ഡോം ഉപയോഗിക്കുന്നത്. 2014 ഒക്ടോബറിലാണ് സി–ഡോം നാവികസേനയോടു ചേരുന്നത്.

ചിത്രം: ഗാസയിൽനിന്ന് വിക്ഷേപിച്ച റോക്കറ്റ് അയൺ ഡോം തടയുന്നു. (Photo by MAHMUD HAMS / AFP)
ചിത്രം: ഗാസയിൽനിന്ന് വിക്ഷേപിച്ച റോക്കറ്റ് അയൺ ഡോം തടയുന്നു. (Photo by MAHMUD HAMS / AFP)

ഇതുവരെ ആയിരക്കണക്കിനു ശത്രുമിസൈലുകളെ തടഞ്ഞിട്ടുണ്ടെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. 90 ശതമാനത്തോളമാണ് ഈ സംവിധാനത്തിന്റെ ഫലപ്രാപ്തിയുടെ കണക്കുകൾ.

English Summary: Iron Dome defense system: Why Hamas rockets fail to hit targets in Israel?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com