ADVERTISEMENT

വർക്കല∙ തലനാരിഴയ്ക്ക് മരണം തലയില്‍പതിക്കാതെ രക്ഷപ്പെട്ട ഭാഗ്യവാൻ! വര്‍ക്കല റെയില്‍വെ സ്റ്റേഷനടുത്ത് പുന്നമൂട് ഗണപതിക്ഷേത്രനടുത്തെ ആല്‍മരം വീഴുമ്പോള്‍ മനഃസാന്നിധ്യം വിടാതെ ഒാടിമാറിയതുകൊണ്ടുമാത്രം രക്ഷപ്പെട്ട രാജുവാണ് ആ ഭാഗ്യവാന്‍. രണ്ടുദിവസമായി തുടരുന്ന കനത്തമഴയിലാണ് നൂറിലേറെ വര്‍ഷം പഴക്കമുള്ള ആല്‍മരം കടപുഴകിയത്.

ആല്‍മരം കടപുഴകി പതിക്കുന്നതുകണ്ട് രാജു ഒന്ന് അന്ധാളിച്ചുപോയിരുന്നെങ്കില്‍ ഈ വാര്‍ത്തതന്നെ മറ്റൊരു രൂപത്തിലായേനെ. രാജു ക്ഷണനേരത്തില്‍ ഒാടിമാറിയ അതേസ്ഥലത്താണ് ആല്‍മരം വന്നുപതിച്ചത്. ഇടറോഡില്‍നിന്ന് പ്രധാന പാതയിലേക്ക് നടന്നുവരികയായിരുന്നു രാജു. വര്‍ക്കല കുരയ്ക്കണ്ണി സ്വദേശിയായ രാജു സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റിയാണ്. വ്യാഴാഴ്ച, ജോലികഴിഞ്ഞ് പുന്നമൂട് എത്തി സൈക്കിള്‍ ഒാരത്തുവച്ച് ക്ഷേത്രത്തില്‍ തൊഴാന്‍ വരികയായിരുന്നു. അപ്പോഴാണ് ആല്‍മരം വീണത്.

വന്‍ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടെങ്കിലും ഈ നാല്‍പ്പതുകാരന്റെ നടുക്കം വിട്ടുമാറിയിട്ടില്ല. മരംവീഴുന്നതിന് നിമിഷങ്ങള്‍ മുൻപ് ഒരുവാഹനവും കടന്നുപോയിരുന്നു. മരം വീണതിനെത്തുടര്‍ന്ന് വര്‍ക്കല–ഇടവ റോഡ് അടഞ്ഞു. സാധാരണ ദിവസങ്ങളില്‍ ഏറെ വാഹന ഗതാഗതമുള്ള റോഡാണിത്. റോഡിന്റെ മറുഭാഗത്ത് റെയില്‍വേ ലൈന്‍ കടന്നുപോകുന്നു.

ഗണപതിക്ഷേത്രത്തിനും ഒരുകേടുപാടും സംഭവിച്ചില്ല. വര്‍ക്കല പൊലീസും അഗ്നിരക്ഷാസേനയും എത്തി മരം മുറിച്ചുമാറ്റി. മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ ശിഖരങ്ങള്‍ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു. നിയുക്ത എംഎല്‍എ വി. ജോയ് ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി. രണ്ടുദിവസമായി തുടരുന്ന മഴ അല്‍പം ശമിച്ചത് ആശ്വാസമായി.

English Summary : Man escapes luckily as tree falls in Varkala

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com