അനിവാര്യം നെതന്യാഹുവിന് ഈ യുദ്ധം; ഹമാസിന് ഇതു ശക്തിപ്രകടനം

Al-Sharouk tower | Gaza | Israeli air strike | (Photo by Mahmud Hams / AFP)
ഗാസയിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്ന അൽ ഷറൗക് ടവർ. (Photo by Mahmud Hams / AFP)
SHARE

പശ്ചിമേഷ്യ യുദ്ധസമാന സാഹചര്യത്തിലേക്കു പോകുകയാണ്. ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിന് ഒരാഴ്ചയാകുമ്പോഴും അയവില്ല. ഇക്കഴിഞ്ഞ ചെറിയ പെരുന്നാൾ പോലും മനസമാധാനത്തോടെ ആഘോഷിക്കാൻ ഗാസയിലെ നിവാസികൾക്കു കഴിഞ്ഞില്ല. ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് ശനിയാഴ്ച വരെ 139 പലസ്തീൻകാരാണ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ 39 കുട്ടികളും ഉൾപ്പെടും. ഇസ്രയേലിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ 10 പേരും കൊല്ലപ്പെട്ടു.

ഹമാസും ഇസ്രയേലും തമ്മിൽ വെടിനിർത്തല്‍ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങൾ വിദേശ നയതന്ത്ര പ്രതിനിധികളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ടെങ്കിലും അണുവിട വിട്ടുവീഴ്ച ചെയ്യാൻ ഇരുകൂട്ടരും തയാറല്ല. യുഎന്നും ഈജിപ്തും ഖത്തറുമാണ് സന്ധിസംഭാഷണത്തിനു നേതൃത്വം നൽകുന്നത്. പലസ്തീനിൽ രണ്ടു ഭരണകൂടമാണ് ഉള്ളത്. റമല്ല തലസ്ഥാനമാക്കി ഫത്താ നിയന്ത്രണത്തിലുള്ള പ്രദേശവും ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയും. ഫത്താ നേതൃത്വത്തെ ഇസ്രയേൽ അംഗീകരിച്ചതാണ്. ഇരു നേതൃത്വങ്ങളും തമ്മിൽ സംഘർഷവുമില്ല. എന്നാൽ ഹമാസിനോട് ഇസ്രയേലിന്റെ നിലപാട് അങ്ങനെയല്ല.

Civilians evacuation | Gaza | (Photo by MAHMUD HAMS / AFP)
ഇസ്രയേലിന്റെ വ്യോമാക്രമണ ഭീഷണിയെത്തുടർന്ന് ഗാസയിലെ കെട്ടിടത്തിൽനിന്ന് ഇറങ്ങിയോടുന്നവർ. (Photo by MAHMUD HAMS / AFP)

അനിവാര്യമാണ് യുദ്ധം ഇരുകൂട്ടർക്കും

കൃത്യമായ ഭൂരിപക്ഷമില്ലാതെ സഖ്യകക്ഷികളെ കൂട്ടിയുള്ള ഭരണമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ഇപ്പോള്‍ നടത്തിവരുന്നത്. അതിനൊപ്പം അനവധി അഴിമതി ആരോപണങ്ങളും കേസുകളും അഞ്ചാം വട്ട പ്രധാനമന്ത്രിയായ നെതന്യാഹുവിന്റെ പേരിലുണ്ട് (തുടർച്ചയായി നാലാം വട്ടം). ഈ പ്രശ്നങ്ങൾക്കിടയിൽ നെതന്യാഹുവിന്റെ എതിരാളികൾ സഖ്യത്തിലായി പുതിയൊരു സർക്കാരിനെ രൂപീകരിക്കാൻ ഒരുക്കങ്ങൾ തകൃതിയായി നടത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ജറുസലമിൽ സംഘർഷം ഉടലെടുത്തത്. ഒന്നു രണ്ടു ദിവസത്തിനുള്ളിൽ നെതന്യാഹു ഇല്ലാത്ത പുതിയ ഭരണസഖ്യത്തെക്കുറിച്ച് പ്രസിഡന്റിനെ അറിയിക്കാനിരിക്കെയാണ് സംഘർഷം പൊട്ടിപ്പുറപ്പെടുന്നത്.

ഈ വർഷം ആദ്യ മൂന്നു മാസങ്ങൾ വളരെ സമാധാനപരമായ അന്തരീക്ഷമായിരുന്നു മേഖലയിൽ. ഇത്രയും സമാധാനം അടുത്തകാലത്തൊന്നും മേഖലയിൽ കണ്ടിട്ടില്ല. ഗാസയിൽനിന്ന് ഒരു റോക്കറ്റുപോലും അതിർത്തി കടന്നു വന്നിട്ടില്ല. വെസ്റ്റ് ബാങ്കിനുനേർക്ക് ഒരു ആക്രമണവും നടന്നില്ല. ഇതിനർഥം എല്ലാം ശുഭമായിരുന്നുവെന്നല്ല. പലസ്തീൻകാരുടെ ജീവിതം ദുസ്സഹമാക്കുന്ന പല കാര്യങ്ങളും ഇസ്രയേൽ നടപ്പാക്കുന്നുണ്ടായിരുന്നു. എന്നിരുന്നാലും കാര്യമായി രക്തച്ചൊരിച്ചിൽ ഇല്ലാതിരുന്ന സമയമായിരുന്നു ആ നാളുകൾ.

അതുകൊണ്ടുതന്നെ ഭരണമാറ്റത്തിന് അരങ്ങൊരുങ്ങിയപ്പോൾ ഉടലെടുത്ത സംഘർഷത്തെ സംശയദൃഷ്ടിയോടെയാണ് കാണുന്നത്. ഇസ്രയേലിലെ 20% വരുന്ന അറബ് വംശജരെ പ്രതിനിധീകരിക്കുന്ന യുണൈറ്റഡ് അറബ് ലിസ്റ്റ് (യുഎഎൽ) എന്ന പാർട്ടിയുടെ കൂടി പിന്തുണയുണ്ടെങ്കിലേ നെതന്യാഹു വിരുദ്ധർക്ക് അധികാരം പിടിക്കാനാകൂ. ഇസ്രയേൽ സർക്കാരിൽ ഇതുവരെ ഒരു അറബ് പാർട്ടിക്കും പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. അതിനാൽതന്നെ പരസ്പരം പോരടിക്കുന്ന സമയത്ത് അത്തരമൊരു സഖ്യം അധികാരത്തിൽ വരുന്നത് അചിന്ത്യമാണു താനും. സംഘർഷം തുടങ്ങിയതിനു പിന്നാലെ യുഎഎൽ ചെയർമാൻ മൻസൂർ അബ്ബാസ് സഖ്യ ചർച്ചകൾ നിർത്തിവയ്ക്കുകയും ചെയ്തു.

AP12_15_2019_000107A
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു (ഫയൽ ചിത്രം)

വലതുപക്ഷത്തിന്റെ കിങ്മേക്കർ എന്നു വിശേഷിപ്പിക്കപ്പെടുന്ന നഫ്താലി ബെന്നെറ്റ് പൊടുന്നനെ കളംമാറ്റിച്ചവിട്ടുകയും ചെയ്തതോടെ നെതന്യാഹു ഇല്ലാത്ത ഭരണകൂടമെന്ന മോഹത്തിനു താഴുവീണു. അറബ് നേതാക്കൻമാർ ഉൾപ്പെടെയുള്ള പുതിയ സഖ്യത്തിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് അറബ് വംശജർക്കുനേരെ സൈന്യത്തെ അയയ്ക്കുന്നതിനെ പിന്തുണയ്ക്കാൻ കഴിയില്ലെന്നും ഇപ്പോൾ ഇസ്രയേൽ നഗരങ്ങളിൽ അടിയന്തര സാഹചര്യമാണുള്ളതെന്നും പറഞ്ഞ്, പുതിയ സഖ്യവുമായുള്ള ചർച്ചകൾ നിർത്തിവച്ച് നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയുമായി നഫ്താലി ചർച്ച പുനരാരംഭിക്കുകയും ചെയ്തു.

പുതിയ സർക്കാരെന്ന നീക്കം പരാജയപ്പെട്ടതോടെ അടുത്തുതന്നെ ഇസ്രയേലിന് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വരും. അതായത് 30 മാസത്തിനുള്ളിൽ അഞ്ചാമതും ഇസ്രയേൽ പൗരൻമാർ ഭരണകൂടത്തെ തിരഞ്ഞെടുക്കാൻ വോട്ട് ചെയ്യേണ്ട സാഹചര്യമാണ്. അടുത്ത ഒക്ടോബറിലേക്കാണ് ഈ തിരഞ്ഞെടുപ്പ് വരിക. അതുവരെ നെതന്യാഹുവിന് പ്രധാനമന്ത്രിക്കസേരയിൽ തുടരാം. സംഘർഷത്തിൽനിന്ന് നേട്ടം കൊയ്യുകയാണെങ്കിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച് അധികാരത്തിൽ തുടരാനും നെതന്യാഹുവിന് ആകും. അതുകൊണ്ടുതന്നെ ഒരു യുദ്ധം രാഷ്ട്രീയ വിജയം നേടിക്കൊടുക്കുകയും ചെയ്യും.

യുദ്ധം നെതന്യാഹുവിന് അനിവാര്യമാണെങ്കിൽ, ഹമാസിന് അത് പലസ്തീൻ ജനതയ്ക്കു മുന്നിൽ ഫത്തായെക്കാൾ കേമൻമാർ ഞങ്ങൾ തന്നെയെന്ന് തെളിയിക്കേണ്ട ആവശ്യമാണ്. ഇസ്രയേലുമായി സമാധാനം എന്നത് നിരന്തരം തള്ളിക്കളയുന്ന സംഘടനയാണ് ഹമാസ്. ഇസ്രയേലിനെ എന്നന്നേക്കും തകർത്ത് ആത്യന്തിക വിജയം നേടുക എന്നതുതന്നെയാണ് ഹമാസിന്റെ ലക്ഷ്യം. ഇസ്രയേലും പലസ്തീനും സഹവർത്തിത്വത്തോടെ കഴിയുക എന്ന ‘ഇരു രാഷ്ട്ര പരിഹാരം’ അംഗീകരിക്കുന്ന വിഭാഗമാണ് ഫത്താ. അതിനാൽത്തന്നെ യുദ്ധമുണ്ടായാൽ അതു ഫത്തായുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്തേക്കാം.

പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് നേതൃത്വം നൽകുന്ന ഫത്താ ഭരണകൂടം ഈ മാസം നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് റദ്ദാക്കാൻ തീരുമാനിച്ചിരുന്നു. ഈ നീക്കം ഭരണകൂടത്തിലും ഹമാസ് ഉൾപ്പെടെയുള്ള എതിർ വിഭാഗത്തിലും പ്രതിഷേധം ഉയരാൻ കാരണമായി. അബ്ബാസിനോടും ഫത്തായോടുമുള്ള ജനങ്ങളുടെ എതിർപ്പ് മുതലെടുക്കാനുള്ള അവസരമായാണ് ഹമാസും ഈ സംഘർഷത്തെ കാണുന്നതെന്നാണ് വിലയിരുത്തൽ.

നെതന്യാഹു തന്റെ ഭരണദിനങ്ങൾ കുറച്ചുകൂടി നീട്ടിക്കിട്ടാൻ കരുക്കൾ നീക്കുമ്പോൾ ഇത്തരം സംഘർഷങ്ങളിലൂടെ പലസ്തീൻകാരുടെ ഇടയിൽ സ്വാധീനം ഊട്ടിയുറപ്പിക്കാനുള്ള നീക്കങ്ങളാണ് ഹമാസ് നടത്തുന്നത്. 14 വർഷമായി ഗാസ ഹമാസിന്റെ നിയന്ത്രണത്തിലാണ്. ഇസ്രയേലിനോടു നേർക്കുനേർ പോരാടുന്ന ഹമാസിനോട് വെസ്റ്റ് ബാങ്ക് ജനത താദാത്മ്യം പ്രാപിക്കുന്നുവെന്നാണ് പലസ്തീനിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെസ്റ്റ് ബാങ്കിലും വലിയതോതിൽ പിന്തുണ ലഭിക്കുന്നത് ഇസ്രയേലിനെ നേരിടാൻ ഹമാസിന് കൂടുതൽ ശക്തി നൽകും. മാത്രമല്ല, പലസ്തീൻ രാഷ്ട്രീയത്തിൽ സ്വാധീനം വർധിപ്പിക്കാനും ഫത്തായെ എതിർക്കാനും ഉപകാരപ്പെടും.

Intaj Bank Building | Gaza | (Photo by MAHMUD HAMS / AFP)
ഹമാസുമായി ബന്ധമുള്ള ഇൻതാജ് ബാങ്ക് കെട്ടിടത്തിനുനേർക്ക് ഇസ്രയേലിന്റെ വ്യോമാക്രമണം. (Photo by MAHMUD HAMS / AFP)

ഹമാസിനെ പാഠം പഠിപ്പിക്കാൻ ഇസ്രയേൽ

സംഘർഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ബെന്യമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്വന്തം ഭൂപ്രദേശം സംരക്ഷിക്കാനുള്ള എല്ലാ അവകാശവും ഇസ്രയേലിനുണ്ടെന്നും ബൈഡൻ കൂട്ടിച്ചേർത്തു. എന്നാൽ ഗാസയിലേക്കു കയറിച്ചെല്ലാനാണ് സൈന്യത്തിനു ഇസ്രയേൽ ഭരണകൂടം നൽകിയിരിക്കുന്ന നിർദേശം.

ഹമാസ് ഒരു പാഠം പഠിക്കുന്നതുവരെ വ്യോമാക്രമണം അവസാനിപ്പിക്കേണ്ടെന്നും. ഹമാസ് ഇസ്രയേലിലേക്ക് റോക്കറ്റുകൾ അയയ്ക്കാതിരുന്നാൽ ഈ സംഘർഷം അവസാനിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ സേനയുടെ വക്താവ് ലഫ്. കേണൽ. ജൊനാഥൻ കോൺറിക്കസ് പറഞ്ഞിരുന്നു. ഹമാസ് ഇതുവരെ പാഠം പഠിച്ചില്ലെന്നും അദ്ദേഹം ബ്രിട്ടിഷ് ചാനലായ സ്കൈ ന്യൂസിനോടു പറഞ്ഞു.

ഹമാസിന്റെ റോക്കറ്റ് ആക്രമണത്തെ പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് ഇസ്രയേൽ പറയുമ്പോഴും ഒരു ചോദ്യമുയരുന്നു. സൈനികപരമായി ഏറെ മുന്നിൽനിൽക്കുന്ന ഇസ്രയേൽ ഒട്ടും തുല്യശക്തിയല്ലാത്ത ഹമാസിനോടു നടത്തുന്ന യുദ്ധത്തിന്റെ പ്രസക്തിയെന്ത്? സേനയെ വലിയതോതിൽ വിന്യസിച്ചുതന്നെയാണ് മേഖലയിൽ ഇസ്രയേൽ നേട്ടം കൊയ്തിരുന്നത്. പിന്നീടു വർഷങ്ങൾകൊണ്ട് ജോർദാനും ഈജിപ്തുമായി സമാധാന കരാർ ഒപ്പിട്ടു. യുഎഇ, ബഹ്റൈൻ, മൊറോക്കോ, സുഡാൻ എന്നിവയുമായും സമാധാന കരാറിൽ ഇസ്രയേൽ എത്തിയിരുന്നു. സൗദി അറേബ്യയും ഇസ്രയേലുമായി സമാധാനത്തിന്റെ പാതയിലാണെന്ന് സൂചനകൾ.

Civilians evacuation | Gaza | (Photo by MAHMUD HAMS / AFP)
ഇസ്രയേലിന്റെ വ്യോമാക്രമണ ഭീഷണിയെത്തുടർന്ന് ഗാസയിലെ കെട്ടിടത്തിൽനിന്ന് ഇറങ്ങിയോടുന്നവർ. (Photo by MAHMUD HAMS / AFP)

എന്തുകൊണ്ട് ഗാസ?

ഇസ്രയേലിന്റെ കര, നാവിക, വ്യോമ സേനയിൽനിന്ന് അതിശക്തമായ ആക്രമണമാണ് ഈയാഴ്ച ഗാസ നേരിടുന്നത്. ഹമാസ് തിരിച്ചടിയായി റോക്കറ്റാക്രമണം നടത്തുന്നുമുണ്ട്. ഹമാസും ഇസ്രയേലും തമ്മിൽ 2008നു ശേഷമുള്ള നാലാമത്തെ വലിയ സംഘർഷമാണ് ഇപ്പോൾ നടക്കുന്നത്. ഈ സംഘർഷങ്ങളിൽ പെട്ടുഴലുന്നത് ഏതാണ്ട് 20 ലക്ഷത്തോളം പലസ്തീൻ ജനങ്ങളും.

ഇസ്രയേലിനും ഈജിപ്തിനുമിടയിൽ ഏതാണ്ട് 40 കിലോമീറ്റർ നീളവും 10 കിലോമീറ്റർ വീതിയിലും കിടക്കുന്ന പ്രദേശമാണ് ഗാസ. 1948ലെ യുദ്ധത്തിനുമുൻപ് ബ്രിട്ടിഷ് നിയന്ത്രിത പലസ്തീന്റെ ഭാഗമായിരുന്നു. പിന്നീട് ഇസ്രയേൽ രൂപീകൃതമായതിനു പിന്നാലെ ഈജിപ്തിന്റെ നിയന്ത്രണത്തിൽ വരികയും ചെയ്തു.

ഇസ്രയേൽ രൂപീകരണ സമയത്ത് പ്രദേശത്തുനിന്ന് പലായനം ചെയ്ത പലസ്തീൻകാർ വന്നെത്തിയത് ഗാസയിലാണ്. ഗാസയിലുള്ളവരും അഭയാർഥികളും അവരുടെ പിൻതലമുറയും എല്ലാം ചേർത്ത് 14 ലക്ഷത്തോളം പേർ വരും. ഗാസയിലെ പകുതിയിലധികവും ഇവരാണ്.

1967ലെ യുദ്ധത്തിൽ ഗാസയും വെസ്റ്റ് ബാങ്കും കിഴക്കൻ ജറുസലമും ഇസ്രയേൽ പിടിച്ചെടുത്തിരുന്നു. 1987ലാണ് ഗാസയിൽ ആദ്യ വിപ്ലവം ഉണ്ടാകുന്നത്. അതേ വർഷം ഹമാസിന്റെ പിറവിയും ഉണ്ടായി. 1990കളിലെ ഓസ്‌ലോ സമാധാന കരാർ പ്രകാരം പലസ്തീനിയൻ അതോറിറ്റിക്ക് ഗാസ, വെസ്റ്റ് ബാങ്ക് എന്നീ പ്രദേശങ്ങളിൽ നിയന്ത്രിത സ്വയംഭരണാധികാരം നൽകുകയും ചെയ്തു.

Ansar compound | Gaza | (Photo by MAHMUD HAMS / AFP)
ഗാസയിലെ അൻസാർ കോംപൗണ്ട് മേഖലയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം. (Photo by MAHMUD HAMS / AFP)

ഹമാസിന്റെ വളർച്ച

2005ൽ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ഇസ്രയേൽ സൈന്യത്തെയും ജൂത കുടിയേറ്റത്തെയും ഗാസയിൽനിന്നു പിൻവലിച്ചു. പിറ്റേ വർഷം പലസ്തീൻ തിരഞ്ഞെടുപ്പിൽ ഹമാസിന് വലിയ ഭൂരിപക്ഷം ലഭിച്ചു. എന്നാൽ മഹ്മൂദ് അബ്ബാസിന്റെ ഫത്താ പാർട്ടിയുമായി അധികാര വടംവലിയുണ്ടായി. 2007ൽ ഒരാഴ്ചയോളം നീണ്ട സംഘർഷത്തിനു പിന്നാലെ ഗാസയുടെ നിയന്ത്രണം ഹമാസ് ഏറ്റെടുത്തു. പിന്നീടു മൂന്നു യുദ്ധങ്ങൾ നടന്നെങ്കിലും 14 വർഷമായി ഗാസയുടെ നിയന്ത്രണം ഹമാസിന്റെ കൈകളിൽത്തന്നെയാണ്.

ഹമാസിന്റെ നിയന്ത്രണത്തിലായതോടെ ഇസ്രയേലും ഈജിപ്തും ഗാസയ്ക്ക് വിലക്ക് ഏർപ്പെടുത്തി. എതിരാളികളുടെ കൈവശം ആയുധങ്ങൾ എത്താതിരിക്കാനാണ് ഉപരോധമെന്ന് ഇസ്രയേൽ ആവർത്തിക്കുമ്പോഴും എല്ലാത്തരത്തിലും ഈ വിലക്ക് ജനജീവിതം ദുസ്സഹമാക്കി. ഗാസയുടെ സമ്പദ്‌വ്യവസ്ഥ തകർന്നു. തൊഴില്ലില്ലായ്മ 50 ശതമാനമാണ്. വൈദ്യുതി ഇല്ലായ്മ സ്ഥിരമാണ്. കുടിവെള്ളം പോലും മലിനമായി. മാത്രമല്ല, വിദേശത്തെ ജോലിക്കോ പഠനത്തിനോ കുടുംബത്തെ സന്ദർശിക്കാനോ പോലും കടുത്ത നിയന്ത്രണം പലസ്തീൻകാർ നേരിടേണ്ടിവന്നു. അതിനാൽ തന്നെ ഗാസ എന്നത് ലോകത്തിലെ ഏറ്റവും വലിയ ‘തുറന്ന ജയിൽ’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

മൂന്നു യുദ്ധങ്ങളാണ് ഹമാസും ഇസ്രയേലും നടത്തിയിട്ടുള്ളത്. ഇതിനൊപ്പം ചെറിയതോതിലുള്ള നിരവധി പോരാട്ടങ്ങളും. 2014ലെ യുദ്ധമാണ് ഏറ്റവും തീവ്രതയേറിയത്. 50 ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ 2,200 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇതിൽ പകുതിയിൽ അധികവും സാധാരണ പൗരന്മാരായിരുന്നു. 73 ഇസ്രയേൽ പൗരന്മാരും കൊല്ലപ്പെട്ടു.

English Summary: Israel - Palestine conflict: War is a need for Netanyahu & Hamas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA