ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് മഹാമാരിയോട് പൊരുതുന്നതില്‍ ലോകശ്രദ്ധ നേടിയ ആരോഗ്യമന്ത്രി കെ.കെ.ശൈലജ മന്ത്രിസഭയിലുണ്ടാകുമെന്ന പ്രതീക്ഷകള്‍ പാര്‍ട്ടി നിയന്ത്രണത്തില്‍ അസ്തമിച്ചു.

തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 60,963 വോട്ടുകള്‍ നേടിയതോടെ ആരോഗ്യമന്ത്രിയായി കെ.കെ.ശൈലജ തുടരുമെന്ന ചിന്ത പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കും ഉണ്ടായെങ്കിലും പുതുമുഖങ്ങള്‍ വരട്ടെയെന്ന മുതിര്‍ന്ന നേതാക്കളുടെ നിലപാട് സാധ്യത കെടുത്തി. മന്ത്രിമാര്‍ എല്ലാവരും പുതുമുഖങ്ങളാകട്ടെയെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം പിബിയും സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും അംഗീകരിച്ചു.

സംസ്ഥാന സമിതി യോഗത്തില്‍ കോടിയേരി ബലാകൃഷ്ണന്‍ ആണ് മന്ത്രിമാര്‍ എല്ലാവരും പുതുമുഖങ്ങളായിരിക്കുമെന്നും കെ.കെ. ശൈലജയ്ക്കു മാത്രം ഇളവു വേണ്ടെന്നുമുള്ള നിലപാട് അറിയിച്ചത്. മന്ത്രിമാരുടെ പട്ടികയും അദ്ദേഹം വായിച്ചു. കമ്മിറ്റിയില്‍ ഭൂരിപക്ഷവും നിര്‍ദേശത്തെ പിന്തുണച്ചു. ഏഴ് പേര്‍ ശൈലജയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. മുതിര്‍ന്ന നേതാവ് എം.വി. ജയരാജനും ശൈലജയെ പിന്തുണച്ചു. വ്യക്തിപ്രഭാവത്തിനു മുന്‍തൂക്കം നല്‍കേണ്ടതില്ലെന്നു ചര്‍ച്ചയില്‍ അഭിപ്രായമുണ്ടായി.

പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നതായി കെ.കെ. ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. മട്ടന്നൂര്‍ എംഎല്‍എയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ.ശൈലജ ആര്‍എസ്പി സ്ഥാനാര്‍ഥി ഇല്ലിക്കല്‍ അഗസ്തിയെയാണ് പരാജയപ്പെടുത്തിയത്. കെ.കെ.ശൈലജയുടെ മന്ത്രിപദത്തിലെ ആദ്യവര്‍ഷ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി തലത്തില്‍ അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍, നിപ്പയുടെ വരവിനെ ഫലപ്രദമായി തടുക്കാനും മികച്ച ഭരണാധികാരിയെന്ന നിലയില്‍ പേരെടുക്കാനും അവര്‍ക്കു കഴിഞ്ഞു. കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം അവരെ ലോകശ്രദ്ധയിലേക്കുയര്‍ത്തി. 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരക്കിലാകുന്ന മന്ത്രി, ജോലി കഴിഞ്ഞു പലപ്പോഴും അര്‍ധരാത്രിയാണ് സെക്രട്ടേറിയറ്റില്‍നിന്നും വീട്ടിലേക്കു മടങ്ങിയിരുന്നത്. അപ്പോഴും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വിദേശത്തുനിന്നും എത്തുന്ന സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും സ്‌നേഹത്തോടെ മറുപടി നല്‍കി, പരിഹാരമുണ്ടാക്കി. ടീച്ചറമ്മയെന്ന വിളിപ്പേര് കേരളത്തിലൊരു മന്ത്രിക്കു കിട്ടുന്നതും ആദ്യമായിരുന്നു. ഉദ്യോഗസ്ഥരോടുള്ള മന്ത്രിയുടെ സമീപനവും ശ്രദ്ധേയമായിരുന്നു. വീഴ്ചകള്‍ കണ്ടാല്‍ കര്‍ശനമായി ശാസിക്കുമെങ്കിലും എല്ലാവരോടും കരുതലോടും സ്‌നേഹത്തോടും പെരുമാറി. മന്ത്രിയെന്ന നിലയില്‍ വലിയ ആത്മവിശ്വാസം അവര്‍ക്കു പകര്‍ന്നു നല്‍കി. കോവിഡിന്റെ ആദ്യഘട്ടത്തിലെ പ്രവര്‍ത്തനങ്ങളിലൂടെ മുഖ്യമന്ത്രിയുടെ മുകളിലേക്ക് ആരോഗ്യമന്ത്രിയുടെ പ്രതിച്ഛായ വളര്‍ന്നു.

കെ.ടി. ജലീൽ
കെ.ടി. ജലീൽ

കെ.കെ. ശൈലജയെ ഒഴിവാക്കിയ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും പാര്‍ട്ടി വേദികളിലും സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചകള്‍ സജീവമാണ്. തീരുമാനം അപ്രതീക്ഷിതമാണെങ്കിലും പുതിയ നേതൃനിര കെട്ടിപ്പെടുക്കാന്‍ തീരുമാനം സഹായിക്കുമെന്ന് വാദമുണ്ട്. എന്നാല്‍, കെ.ആര്‍. ഗൗരിയമ്മയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതിനോട് ഉപമിച്ചാണ് മറുവശത്തിന്റെ പ്രതികരണങ്ങള്‍. വീണ്ടും മന്ത്രിസ്ഥാനത്തേക്കോ അല്ലെങ്കില്‍ സ്പീക്കര്‍ സ്ഥാനത്തേക്കോ പരിഗണിക്കപ്പെടുമെന്നു കരുതിയിരുന്ന കെ.ടി. ജലീലും ഒഴിവായി. ലോകായുക്തയിലെ കേസ് അടക്കമുള്ള വിവാദങ്ങള്‍ തിരിച്ചടിയായി.

English Summary: KK Shailaja, Ex-Minister Lauded For Covid Handling, Not In Kerala Cabinet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com