ADVERTISEMENT

തിരുവനന്തപുരം ∙ പതിവുപോലെ ചൊവ്വാഴ്ച പുലർച്ചെ എണീറ്റ കെ.കെ.ശൈലജ കോവിഡ് കാര്യങ്ങളുടെ തിരക്കിലായിരുന്നു എട്ടു വരെ. അവസാനത്തെ ഫയൽ ഒപ്പിടാൻ വേണ്ടി എടുത്തപ്പോഴേ പഴ്സണൽ അസിസ്റ്റന്റ് കെ.പ്രമോദിനോടു പറഞ്ഞു, ‘‘ഈ ടേമിലെ അവസാനത്തെ ഔദ്യോഗിക ഒപ്പുവയ്ക്കലാണല്ലേ?’’ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിന്റെ മിനുട്സായിരുന്നു അത്.

പിന്നീടു പത്രങ്ങളിലെ കോവിഡ് വാർത്തകളിലൂടെ കടന്നുപോയി. കോവിഡ് കേസുകൾ ഉയർന്നു നിൽക്കുന്ന ജില്ലകളിലെ ഡിഎംഒമാരെ വിളിച്ചു പ്രവർത്തനങ്ങളെക്കുറിച്ച് ആരാഞ്ഞു. കന്റോൺമെന്റ് വളപ്പിൽ ഔദ്യോഗിക വസതിയായ നിളയിൽ നിന്ന് 9.15ന് ഇറങ്ങി, എ.കെ.ജി.സെന്ററിലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കാൻ. മന്ത്രിമാരെ ഔദ്യോഗികമായി തീരുമാനിക്കുന്ന ദിവസമായ ചൊവ്വാഴ്ച ശൈലജയ്ക്ക് ആശംസാപ്രവാഹമായിരുന്നു. വിളിച്ചവർക്കും സന്ദേശം അയച്ചവർക്കും ശൈലജ മന്ത്രിയായി തുടരുമെന്ന കാര്യത്തിൽ സംശയം ഉണ്ടായിരുന്നില്ല.

KK Shylaja
തിരുവനന്തപുരത്ത് എകെജി സെന്ററില്‍ എല്‍ഡിഎഫ് നിയമസഭാകക്ഷി യോഗത്തിനു ശേഷം മടങ്ങുന്ന മന്ത്രി കെ.കെ.ശൈലജ. ചിത്രം – മനോജ് ചേമഞ്ചേരി ∙ മനോരമ

സെക്രട്ടേറിയറ്റ് യോഗത്തിനു പിന്നാലെ സംസ്ഥാന സമിതിയും കഴിഞ്ഞു 12.45നാണു ശൈലജ പുറത്തേക്കു വരുന്നത്. തന്റെ സ്റ്റാഫിനോട് പറഞ്ഞു, ‘ഞാൻ മന്ത്രിസ്ഥാനത്തേക്കില്ല. പാർട്ടി നയമാണ്. അത് എല്ലാവരും അംഗീകരിച്ചു.’ അപ്പോഴേക്കും ചാനൽ വാർത്തകളിൽ ശൈലജ ഇല്ലെന്നു ഫ്ലാഷുകൾ വന്നിരുന്നു. ലോകത്തിന്റെ പല ഭാഗത്തുനിന്നും നിലയ്ക്കാതെ വിളികൾ. അവരോടെല്ലാം പാർട്ടി നയമാണെന്നു ശൈലജ ആവർത്തിച്ചുകൊണ്ടിരുന്നു.

തിരികെ നിളയിൽ എത്തിയപ്പോൾ ഭർത്താവും മട്ടന്നൂർ മുനിസിപ്പാലിറ്റി മുൻ ചെയർമാനുമായ കെ.ഭാസ്കരൻ ടിവി കാണുകയായിരുന്നു. അദ്ദേഹം എണീറ്റ് അടുത്തു വന്നപ്പോൾ ശൈലജ ചിരിച്ചു. ഗൾഫിൽ ജോലി ചെയ്യുന്ന മകൻ ശോഭിത്തും കണ്ണൂർ വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന ലസിത്തും അമ്മയെ ഫോണിൽ വിളിച്ചാണു വാർത്തകൾ സ്ഥിരീകരിച്ചത്. വൈകാതെ ശൈലജയും ഭാസ്കരനും ഭക്ഷണം കഴിക്കാനിരുന്നു. അപ്പോഴും ശൈലജയുടെ ഫോണിൽ വിളികൾക്കു ശമനമില്ല.

KK Shylaja
തിരുവനന്തപുരത്ത് എകെജി സെന്ററില്‍ എല്‍ഡിഎഫ് നിയമസഭാകക്ഷി യോഗത്തിനു ശേഷം മടങ്ങുന്ന മന്ത്രി കെ.കെ.ശൈലജ. ചിത്രം – മനോജ് ചേമഞ്ചേരി ∙ മനോരമ

അത്ഭുതവും ഞെട്ടലുമൊക്കെയായി പ്രതികരണങ്ങൾ വന്നപ്പോൾ ശൈലജ വികാരാധീനയായില്ല. മാറ്റം നല്ലതാണെന്ന് ഓർമിപ്പിച്ചുകൊണ്ടാണു സംഭാഷണങ്ങൾ അവസാനിപ്പിച്ചത്. വൈകിട്ട് പാർലമെന്ററി പാർട്ടി യോഗം കഴിഞ്ഞു ശൈലജ മടങ്ങിയെത്തിയപ്പോൾ മന്ത്രിയുടെ ഓഫിസ് ജീവനക്കാരെല്ലാം നിളയിൽ എത്തിയിരുന്നു. അവരോടു സംസാരിച്ചശേഷം മികച്ച പ്രവർത്തനത്തിന് എല്ലാവരെയും അഭിനന്ദിച്ചാണു മടക്കിയയച്ചത്. 24ന് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തശേഷം ശൈലജ നിളയിൽ നിന്നിറങ്ങും. ഇനി താമസം എംഎൽഎ ഹോസ്റ്റലിലെ ഫ്ലാറ്റിൽ.

English Summary: CPM drops KK Shylaja, fully abide by the party leadership says Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com