ADVERTISEMENT

കുതിച്ചുയരുന്ന കോവിഡ് രോഗികളുടെ എണ്ണം, ഓക്സിജൻ പ്രതിസന്ധി, വാക്സീൻ ക്ഷാമം, രാജ്യവ്യാപക ലോക്ഡൗണ്‍, ഉയരുന്ന മരണ നിരക്ക്. ഏതൊരു ഓഹരിവിപണിയെയും നഷ്ടത്തിലേക്ക് തള്ളിവിടാൻ ഈ സാഹചര്യങ്ങളുടെ മൂന്നിലൊന്നു തന്നെ ധാരാളം. എന്നാൽ, കോവിഡിന്റെ രണ്ടാം തരംഗം എന്നൊന്ന് സംഭവിച്ചിട്ടേ ഇല്ല എന്ന പോലെയാണ് ഇപ്പോൾ ഇന്ത്യൻ ഓഹരി വിപണിയുടെ യാത്ര. ഈ മാർക്കറ്റിനെന്താ മനഃസാക്ഷിയില്ലേ എന്നു ചിലരെങ്കിലും ചോദിച്ചേക്കാം.

കോവിഡ് രണ്ടാംതരംഗത്തിൽ രാജ്യത്തെ ആരോഗ്യ മേഖലയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രതിസന്ധിയുടെ നേ൪പകുതിപോലും കഴിഞ്ഞ വ൪ഷത്തെ ആദ്യകോവിഡ് വ്യാപനത്തിൽ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. എന്നിട്ടും അന്ന് സെൻസെക്സ് 40 ശതമാനമാണ് തകർന്നടിഞ്ഞത്. നിഫ്റ്റി സൂചികയാകട്ടെ 4,908 പോയിന്റ് ഇടിഞ്ഞു. 2020ലെ ഓൾ ടൈം ഹൈ ആയിരുന്ന 12,431ൽ നിന്ന് 40 ശതമാനത്തോളം ഇടിഞ്ഞ് 7,519ലേക്ക്. ബാങ്ക്നിഫ്റ്റിയുടെ 16,461 പോയിന്റും (50%) നഷ്ടമായി.

എന്നാൽ, ഒരു കോവിഡ് വർഷം പിന്നിട്ട് 2021ൽ നിൽക്കുമ്പോൾ വിപണി ആളാകെ മാറി. നിഫ്റ്റി ഫെബ്രുവരിയിൽ അടയാളപ്പെടുത്തിയ പുതിയ ഉയ൪ന്ന ലെവൽ ആയ 15,428 എത്തിപ്പിടിക്കാൻ ബുള്ളുകൾക്ക് ഇത് എഴുതുന്ന സമയം വെറും 490 (3.28%) പോയിന്റു മാത്രം മതി.

വിദേശ നിക്ഷേപക൪ ക്യാഷ് മാ൪ക്കറ്റിൽ നിന്ന് ഏപ്രിൽ മാസം മാത്രം 9,600 കോടിയോളം രൂപയും മേയ് മാസം ആദ്യ ആഴ്ചകളിൽ 4,508 കോടി രൂപയും പിൻവലിച്ച് കൊണ്ടുപോയിട്ടും പതുക്കെ പതുക്കെയെങ്കിലും എണ്ണയിട്ട യന്ത്രം പോലെ വിപണി മുന്നേറുന്നത് യഥാ൪ഥത്തിൽ നിക്ഷേപകർക്ക് ശുഭകരമാണോ?

share-market-123

രാജ്യത്ത് ഒട്ടും ശുഭകരമല്ലാത്ത കാര്യങ്ങൾ സംഭവിക്കുമ്പോഴും വിപണി ഇടിയുന്നതിന്റെ സൂചന പോലും നൽകാത്തതിന്റെ കാരണങ്ങൾ എന്തൊക്കെയാകും? അടുത്ത ദിവസങ്ങളിൽ നിഫ്ടിയും സെൻസെക്സും ഏറ്റവും ഉയ൪ന്ന ലെവൽ കയ്യെത്തി പിടിക്കുമോ അതോ, തൊട്ടടുത്ത സപ്പോ൪ട്ടുകളിലേക്ക് വീണ്ടും വീഴുമോ? ഈയവസരത്തിൽ നിക്ഷേപകർ ചെയ്യേണ്ടതെന്തൊക്കെ?

ആദ്യ കോവിഡ് വീഴ്ചയിൽനിന്നു പഠിച്ച പാഠം

തീയിനെ അതിജീവിച്ച ഇന്ത്യൻ വിപണി വെയിലത്ത് വാടില്ല എന്ന സാമാന്യ ലോജിക്കാവാം ഇത്തവണ വിപണിയെ പിടിച്ചു നിർത്തിയതെന്നാണ് ദലാൽ സ്ട്രീറ്റിലെ പൊതുവെയുള്ള ജനസംസാരം. 2020ലെ ആദ്യ കോവിഡ് പ്രതിസന്ധിയിൽനിന്ന് വിപണി ഏറെ പാഠങ്ങൾ ഉൾക്കൊണ്ടു.

‘മേയ് മാസമായി, സ്റ്റോക്കുകൾ വിറ്റൊഴിവാക്കി വീട്ടിൽ പോവുക’ എന്ന വിദേശ നിക്ഷേപകരുടെ വിശ്വാസപ്രമാണം ഇത്തവണയും അവർ നിറവേറ്റുന്നുണ്ടെങ്കിലും ആഭ്യന്തര നിക്ഷേപകർ ചിന്തിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറെ പരിഭ്രാന്തരാകേണ്ട എന്നുതന്നെയാണ്. ആർബിഐയും കേന്ദ്രഗവൺമെന്റും വിപണിയെ പിന്താങ്ങുന്നു എന്ന് അവർ വിശ്വസിക്കുന്നു. കഴിഞ്ഞവർഷം കണ്ട പോലെ വൻതോതിലുള്ള സ്റ്റോക്ക് വിറ്റൊഴിക്കൽ ഇത്തവണ കണ്ടില്ല എന്നതു തന്നെ ഇതിന് ഉദാഹരണമാണ്.

ഫാർമ, ബാങ്കിങ്, റീടെയിൽ, ഓട്ടോ തുടങ്ങിയ സെക്ടറുകളിലെ മുൻനിര സ്റ്റോക്കുകള്‍ വീണാലും തിരികെ മുന്നേറുമെന്ന് അവർ പഠിച്ചു. റിലയൻസ്, ടാറ്റാ മോട്ടോഴ്സ്, ഡിവിസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ മുൻനിരക്കാർ 2020ലെ വീഴ്ചയിൽ നിന്ന് 100 ശതമാനത്തിന് മുകളിലേക്കാണ് കയറി വന്നത്.

Stock Market | Representational Image

എന്തുകൊണ്ടു വിപണി വീണില്ല

രാജ്യത്ത് ഒരു വലിയ പ്രതിസന്ധി ഉണ്ടാകുമ്പോൾ വിപണി പരിശോധിക്കുന്നത് വിവിധ വ്യവസായങ്ങൾ അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണെന്ന് പ്രമുഖ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് ആയ അഭിലാഷ് പുറവൻതുരുത്തിൽ പറയുന്നു.

ലോക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ തവണത്തേപ്പോലെ രാജ്യം മുഴുവൻ അടച്ചിടുന്ന സാഹചര്യം ഇപ്പോഴില്ല. ഫാക്ടറികൾ പ്രവർത്തിക്കുന്നു. നിർമാണ മേഖല നിർജീവമായില്ല. ചരക്ക് നീക്കം നിലച്ചില്ല. അതോടൊപ്പം കോവിഡ് ഉണ്ട് എന്ന സാഹചര്യവുമായി ഒത്തു പോകാം എന്ന നിക്ഷേപകരുടെ വിശ്വാസവും വിപണിക്ക് ഗുണകരമായി.

കോവിഡിന്റെ അതിവ്യാപനത്തിനിടയിലും നല്ല വാർത്തകളുണ്ട്. രണ്ടാം തരംഗത്തില്‍ ഉലഞ്ഞ ഡൽഹിയും മഹാരാഷ്ട്രയിലും രോഗികളുടെ എണ്ണം കുറയുന്നതിന്റെ കണക്കുകള്‍ പുറത്തു വരുന്നു. ഡൽഹിയിലെ പോസിറ്റിവിറ്റി റേറ്റ് 19ൽ നിന്ന് 8.42 ശതമാനമായി കുറഞ്ഞു.

കൊറോണ വൈറസിനെതിരെ വാക്സീനും ഫലപ്രദമായ മരുന്നുകൾ ഉണ്ടെന്നുമുള്ളതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രതീക്ഷ. നാലു ലക്ഷം കോവിഡ് രോഗികൾ എന്ന കണക്കിൽ നിന്നു. അഞ്ചു ലക്ഷത്തിലേക്കോ അതിനു മുകളിലേക്കോ എണ്ണം കൂടിയില്ല, അഞ്ചു ലക്ഷത്തിലേക്ക് കയറിയിട്ടും രോഗികളുടെ എണ്ണത്തിനും കുറവില്ലായിരുന്നു എങ്കിൽ ഈ അവസ്ഥയാകില്ല.

അത്തരം സാഹചര്യം ഉണ്ടായിരുന്നെങ്കിൽ മാർക്കറ്റ് ഇടിഞ്ഞേക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഭാരതി എയർടെൽ , സിപ്‌ല, യുപിഎൽ, വെൽസ്പൺ ഇന്ത്യ, കോൾഗേറ്റ്– പാമോലിവ് തുടങ്ങിയ പല കമ്പനികളും മികച്ച ക്വാർട്ടേർലി റിസൽറ്റുകളുമായി കോവിഡ് കാലത്ത് പിടിച്ചുനിന്നതും വിപണിക്ക് ഗുണകരമായി.

വമ്പൻ വീഴ്ചയ്ക്ക് ഇനി സാധ്യതയുണ്ടോ

വലിയ വീഴ്ചയ്ക്ക് സാധ്യതയില്ല ഇനി സാധ്യതയില്ലെന്നു വിപണിയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. കോവിഡ് കേസുകൾ കുറയുന്ന സാഹചര്യം ഉണ്ടാവുകയും ക്വാർട്ടർലി റിസൽറ്റുകൾ നന്നാവുകയും ചെയ്താൽ വലിയ രീതിയിലുള്ള വീഴ്ചയ്ക്ക് സാധ്യതയില്ല. റിസൽട്ട് സീസൺ കഴിയുന്നതോടെ എഫ്എംസിജി, അഗ്രോ, കെമിക്കൽ സെക്ടറുകളിൽ ഉണർവുണ്ടാകും. ഈ മേഖലകളിൽ പുതിയ ബയേഴ്സ് വരും. നിഫ്റ്റിയുടെ 14,400, 14,000 ലെവലുകളില്‍ ശക്തമായ പിന്തുണ കാണുന്നുണ്ട്. ഈ പിന്തുണ ഭേദിച്ച് താഴേക്ക് കൊണ്ടുപോകാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ ബെയറുകൾ നന്നായി കഷ്ടപ്പെടേണ്ടി വരും.

ഇതിനൊപ്പം മുൻനിര ബാങ്കുകളും ഐടി മേഖലകളിലെ സ്റ്റോക്കുകളും റിലയൻസും മുകളിലേക്ക് ചലിക്കാൻ തുടങ്ങിയാൽ മാർക്കറ്റ് മേലേക്ക് തന്നെ പോകും. 15,000നു മുകളിൽ നിഫ്ടി വ്യാപാരം തുടങ്ങുന്ന വേളയിൽ ഈ മേഖലകളിൽ തുടർചലനം കാണാനാകും. ഇതിനോടൊപ്പം വിദേശ, ആഭ്യന്തര നിക്ഷേപകരും വിപണിയിൽ വാങ്ങൽ ആരംഭിച്ചാൽ 3 മാസത്തെ കൺസോളിഡേഷനു ശേഷം ശക്തമായ ഒരു കുതിപ്പാകും ഇന്ത്യൻ വിപണി കാണുക. നിഫ്റ്റി ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് വിഭാഗത്തിൽ ആഭ്യന്തര, വിദേശ നിക്ഷേപകർ വാങ്ങൽ ആരംഭിച്ചു കഴിഞ്ഞു. മേയ് 17ന് 886.43 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്.

1200-stock-market

മറിച്ച് കോവിഡ് തരംഗം കൂടുതൽ ശക്തി പ്രാപിക്കുകയും ആഗോള വിപണിയിൽ കാര്യമായ തിരുത്തൽ സംഭവിക്കുകയും ചെയ്താൽ ഇന്ത്യൻ വിപണിയും ഇടിയാൻ സാധ്യതയുണ്ട്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ കോവിഡ് പടർന്നു പിടിക്കുന്നുവെന്നുള്ള വാർത്തയും പുറത്തുവരുന്നുണ്ട്. കൂടാതെ അമേരിക്കൻ ഫെഡ് റിസർവ് പലിശ നിരക്ക് ഉയർത്തിയാൽ നാസ്ഡാക്ക് ഇൻഡെക്സിൽ 10% തിരുത്തലിനു സാധ്യതയുണ്ട്. ഇതിന്റെ ഫലമായി 5-6% തിരുത്തൽ ഇന്ത്യൻ വിപണിയിലും സംഭവിച്ചേക്കാം.

നിക്ഷേപകർ എന്തു ചെയ്യണം

എപ്പോൾ തിരുത്തൽ സംഭവിക്കുന്നോ അപ്പോഴെല്ലാം വാങ്ങാനുള്ള അവസരമാണ്. 14,400, 14,200 തുടങ്ങിയ ലെവലിലേക്ക് നിഫ്റ്റി താഴ്ന്നാൽ വാങ്ങാനുള്ള മികച്ച അവസരമുണ്ടെന്ന് അഭിലാഷ് പുറവൻതുരുത്തിൽ പറയുന്നു. നിക്ഷേപകർ പ്രധാനമായും നിഫ്റ്റിയുടെ 14,400, 14,200, 13,600 തുടങ്ങിയ ലെവലുകൾ നോക്കി വയ്ക്കുക. അവിടെ നിന്ന് വാങ്ങൽ ആരംഭിക്കുമ്പോൾ നിക്ഷേപകരും വാങ്ങാൻ ആരംഭിക്കാവുന്നതാണ്. നിഫ്റ്റി ഈ ലെവലുകളിലേക്ക് വീണില്ലെങ്കിലും ദീർഘകാല, ഹൃസ്വകാല നിക്ഷേപകർക്ക് ഇപ്പോഴും മികച്ച അവസരം തന്നെ.

മൺസൂൺ ആരംഭിക്കുന്നതിനാൽ കൃഷി, അഗ്രോ, കെമിക്കൽ, ട്രാക്ടർ, പെസ്റ്റിസൈഡ് തുടങ്ങിയ മേഖലയിലുള്ള സ്‌റ്റോക്കുകൾ വാങ്ങാനാണ് അവസരം. ഉദാ. യുപിഎൽ, റാലിസ്. ഫാർമ, ടെലികോം കമ്പനികളുടെ ഷെയറുകൾ അക്യുമുലേറ്റ് ചെയ്യാം. എഫ്എംസിജി സ്റ്റോക്കുകളും ഉയരുന്ന കാഴ്ചയാണ്.

English Summary: Covid second wave: Will stock market crash again?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com