ADVERTISEMENT

കോട്ടയം ∙ സൈക്കിൾ വേണ്ട, ചിഹ്നമായി ‘ട്രാക്ടർ ഓടിക്കുന്ന കർഷകൻ’ മതിയെന്നു കേരള കോൺഗ്രസ്. കേരള കോൺഗ്രസുകളുടെ കൊടിയായ ചുവപ്പും വെള്ളയും തന്നെയാകും പതാക. പാർട്ടിയുടെ ആസ്ഥാനം കോട്ടയത്തു തന്നെ. സംസ്ഥാന കമ്മിറ്റി ഓഫിസും കോട്ടയത്താണ്. പാർട്ടിയുടെ പേര് കേരള കോൺഗ്രസ് എന്നു മാത്രം. പി.ജെ.ജോസഫും പി.സി.തോമസും ലയിച്ചശേഷം പുതുക്കിയ ഭരണഘടന കേരള കോൺഗ്രസ് തിരഞ്ഞെടുപ്പു കമ്മിഷനു സമർ‌പ്പിച്ചു. ഭരണഘടന കമ്മിഷൻ അംഗീകരിച്ചാൽ പുതിയ പാർട്ടിക്ക് റജിസ്ട്രേഷനായി.

4 എംഎൽഎമാർ ഇല്ലാത്തതിനാൽ സംസ്ഥാന പാർട്ടി എന്ന അംഗീകാരമില്ല. സംസ്ഥാന പാർട്ടി അംഗീകാരമില്ലാത്തതിനാൽ ട്രാക്ടർ സ്വന്തം ചിഹ്നമാക്കുന്നതിനും തടസമുണ്ട്. തിരഞ്ഞെടുപ്പുകളിൽ റജിസ്റ്റർ ചെയ്ത പാർട്ടി എന്ന നിലയിൽ ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നം  ലഭിക്കുന്നതിനു മുൻഗണന കിട്ടും. പക്ഷേ പാർട്ടി മത്സരിക്കാത്ത സ്ഥലങ്ങളിൽ സ്വതന്ത്രർക്കും ഈ ചിഹ്നം ലഭിക്കും. ജോസഫിന്റെ പഴയ ചിഹ്നം സൈക്കിളാണ്. കെ.എം.മാണിയുമായി ലയിച്ചപ്പോൾ ആ ചിഹ്നം പോയി. പാർട്ടിയുടെ ആവശ്യ പ്രകാരം സൈക്കിൾ തിരഞ്ഞെടുപ്പു കമ്മിഷൻ മരവിപ്പിച്ചു. ആ ചിഹ്നം പുനരുജ്ജീവിപ്പിക്കാൻ ശ്രമം നടത്തി. നീക്കം വൈകുമെന്നു കണ്ടാണ് ഔദ്യോഗികമായി ട്രാക്ടർ ചോദിക്കുന്നത്.

ആസ്ഥാനം കോട്ടയം

പി.ജെ.ജോസഫിന്റെ കേരള കോൺഗ്രസ് (ജെ) ഓഫിസ് കോട്ടയം സ്റ്റാർ ജംക്‌ഷനു സമീപമാണ്. പാർട്ടി ലയിച്ചപ്പോൾ ഇതു ഗാന്ധിജി സ്റ്റഡീസ് സെന്റർ ഓഫിസാക്കി. പുതിയ പാർട്ടിയുടെ ഓഫിസും ഇതു തന്നെയാകും. പി.സി.തോമസിന്റെ കേരള കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഓഫിസും കോട്ടയത്തായിരുന്നു. 

കൊടി കണ്ടാൽ ഒരു പോലെ

കേരള കോൺഗ്രസുകളുടെ കൊടി എല്ലാം ഒന്നു പോലെയാണ്. ചുവപ്പും വെള്ളയും മാത്രം. ഇതേ കൊടി കേരള കോൺഗ്രസും ഉപയോഗിക്കും. ടി.എം.ജേക്കബിന്റെ കേരള കോൺഗ്രസ് (ജേക്കബ്) മാത്രം കൊടിയിൽ ജേക്കബിന്റെ പേര് എഴുതുന്നുണ്ട്. പാർട്ടിക്ക് പ്രത്യേക മുദ്രാവാക്യങ്ങളോ ലോഗോയോ കൊടുത്തിട്ടില്ല. 

1200-pj-joseph
പി.ജെ.ജോസഫ്

3 വർഷത്തിനകം തിരഞ്ഞെടുപ്പ്

ചെയർമാൻ പി.ജെ.ജോസഫ് അടക്കം 25 സംസ്ഥാന ഭാരവാഹികളുടെ പട്ടികയും തിരഞ്ഞെടുപ്പു കമ്മിഷനു സമർപ്പിച്ചു. പാർട്ടി തിരഞ്ഞെടുപ്പു 3 വർഷത്തിനകം നടത്തുമെന്നും ഉറപ്പു നൽകുന്നു. അഭിഭാഷകരായ ജോസഫ് ജോൺ, കെ.സി.വിൻസന്റ്, ജോസി ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണു ഭരണഘടന തയാറാക്കിയത്. 

കേസിൽ ഒന്നു പോയി, ഒരെണ്ണം തുടരുന്നു

കേരള കോൺഗ്രസിലെ (എം) പിളർപ്പിനു ശേഷം രണ്ടു കേസുകളാണ് പാർട്ടികൾ തമ്മിലുണ്ടായിരുന്നത്. 2018 ജൂൺ 16ന് ജോസ് കെ.മാണിയെ ചെയർമാനായി തിരഞ്ഞെടുത്തതിന് എതിരെ മുൻസിഫ് കോടതിയിൽ നൽകിയതാണ് ഒരു കേസ്. സംസ്ഥാന സമിതി അംഗങ്ങളായ സ്റ്റീഫൻ ചേരിയിൽ, മനോഹരൻ നടുവിലേടത്ത് എന്നിവരാണ് കേസ് നൽകിയത്.

KOCHI 2019 MARCH 18 : Kerala  Congress leaders PJ  Joseph and Jose K Mani MP  in Ernakulam parliament constituency UDF  election convention @ Josekutty Panackal
പി.ജെ.ജോസഫ്, ജോസ് കെ.മാണി

അതിനെതിരെ ജോസ് കെ.മാണി ഇടുക്കി സബ് കോടതി, ഹൈക്കോടതി എന്നിവിടങ്ങളിൽ ഹർജി സമർപ്പിച്ചു. ആ കേസ് ഇപ്പോഴും നിലവിലുണ്ടെന്ന് അഡ്വ. ജോസി ജേക്കബ് പറഞ്ഞു. തിരഞ്ഞെടുപ്പ് രണ്ടില ചിഹ്നം ജോസിന് അനുവദിച്ച തിരഞ്ഞെടുപ്പു കമ്മിഷൻ നടപടിക്കെതിരെ കേസ് നൽകിയെങ്കിലും ജോസഫ് വിഭാഗത്തിന് തിരിച്ചടിയായി. ആ കേസ് അതോടെ തീർന്നു. 

കിട്ടുമോ 4 എംഎൽഎമാരെ?

പി.ജെ.ജോസഫും മോൻസ് ജോസഫുമാണ് പാർട്ടി എംഎൽഎമാർ. 2 പേർ കൂടി ഉണ്ടെങ്കിൽ സംസ്ഥാന പാർട്ടി എന്ന അംഗീകാരമായി. 4 എംഎൽഎമാർ അല്ലെങ്കിൽ ഒരു എംപി വേണം. അനൂപ് ജേക്കബ്, മാണി സി.കാപ്പൻ എന്നിവരുമായി ലയിക്കാൻ നീക്കമുണ്ടെന്നു സംസാരമുണ്ട്. അങ്ങനെ വന്നാൽ 4 എംഎൽഎമാരായി, സംസ്ഥാന പാർട്ടി അംഗീകാരവും. എന്നാൽ ഇതു വെറും സംസാരം മാത്രമാണെന്നു പാർട്ടി നേതാക്കൾ പറയുന്നു. 

Content Highlights: Kerala Congress, PJ Joseph, PC Thomas, Election Commission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com