ADVERTISEMENT

കൊച്ചി∙ കോവിഡ് വ്യാപിച്ചതോടെയുണ്ടായ കെട്ടിട നിർമാണ സാമഗ്രികളുടെ വിലക്കയറ്റം ട്രെസ് വർക്ക് രംഗത്തും ആഘാതമായി. മഴക്കാലത്തു വീടുകളിലെ ചോർച്ച തടയുന്നതിനും മറ്റും ട്രെസ് ചെയ്യുന്നതു പതിവായതോടെ, കേരളത്തിൽ നൂറുക്കണക്കിനുപേർക്കു തൊഴിൽ നൽകിയ മേഖലയാണ് ഇപ്പോൾ മേൽക്കൂര നഷ്ടപ്പെട്ടു തകർച്ചയിലായത്. കാലവർഷം എത്താൻ അധിക ദിവസമില്ലെന്നിരിക്കെ, ഏറ്റവും കൂടുതൽ ജോലികൾ പൂർത്തിയാക്കേണ്ട സമയത്താണു ലോക്ഡൗണും നിയന്ത്രണങ്ങളും പിടിമുറുക്കിയത്. ഇതോടെ, പലരുടെയും പദ്ധതികൾ പാതി വഴിയിലായി.

ഇതിനൊപ്പമാണു വിലക്കയറ്റത്തിന്റെ പ്രഹരം. കോൺക്രീറ്റ് മേൽക്കൂരയുടെ ചോർച്ചയ്ക്കു പരിഹാരം മാത്രമല്ല, ഇഷ്ടാനുസരണം വീടുകളുടെ മുഖഛായത്തന്നെ മാറ്റാവുന്ന പരീക്ഷണങ്ങൾ നടത്താനും ട്രെസ് വർക്ക് പ്രയോജനപ്പെട്ടതോടെ, കേരളത്തിലെ ഗ്രാമങ്ങൾ തോറും ഇത്തരം ജോലികൾ ഏറ്റെടുത്തു ചെയ്യുന്ന ചെറുകിട സ്ഥാപനങ്ങളുടെ എണ്ണം വർധിക്കുകയായിരുന്നു. ഈ രംഗത്ത് ഇപ്പോൾ ഓരോ ജില്ലകളിലും നൂറുക്കണക്കിനുപേരാണു പ്രവർത്തിക്കുന്നത്. ഇതിനൊപ്പമാണു പൈപ്പുകളും ഷീറ്റുകളും മറ്റ് അനുബന്ധ സാമഗ്രികളും വിൽക്കുന്ന കടകളും ഉയർന്നുവന്നത്.

പ്രതീകാത്മക ചിത്രം (Image Courtesy - FotoHelin/Shutterstock)
പ്രതീകാത്മക ചിത്രം (Image Courtesy - FotoHelin/Shutterstock)

തോരാ ദുരിതമായി വിലക്കയറ്റം

നിർമാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റമാണ് ഇപ്പോൾ ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഈ രംഗത്തു ദീർഘകാലമായി അനുഭവ സമ്പത്തുള്ള എറണാകുളം സ്വദേശി ജോൺസൺ പറഞ്ഞു. കോവിഡ് വ്യാപിച്ചതോടെ, കെട്ടിട നിർമാണ സാമഗ്രികളുടെ വില കുതിച്ചുകയറി. ഇതോടൊപ്പമാണു ഷീറ്റ്, പൈപ്പ് തുടങ്ങിയവയുടെ വിലയും ഉയർന്നത്.

സാധാരണ ഉപയോഗിക്കുന്ന ജിപി പൈപ്പുകൾക്ക് കിലോഗ്രാമിന് നൂറു രൂപയും കടന്നു കുതിക്കുകയാണ്. കഴിഞ്ഞ വർഷം 55 –60 രൂപ നിരക്കിലായിരുന്നു വിലയെന്നു തൃശൂർ സ്വദേശി ഇന്നസന്റ് പറഞ്ഞു. പൈപ്പിന്റെ വില ഈ വർഷമാദ്യം 65 രൂപയായിരുന്നത്, മാർച്ചിൽ 68 ആയി. ഏപ്രിലായതോടെ, 78–85ലെത്തി. പിന്നെ 95 ആയി അധികം വൈകാതെ നൂറും കടന്നും ഞെട്ടിക്കുകയാണ്. ജിഐ പൈപ്പിന്റെ വിലയാണെങ്കിൽ ഇതിലേറെയാണ്. പൗഡർ കോട്ട് ചെയ്ത .35 ഗേജുള്ള ജിഐ ഷീറ്റുകൾക്ക് ഏഴുരൂപയോളമാണു ചതുരശ്രയടിയിൽ വില കയറിയത്. സാമാന്യം ഗുണമേൻമയുള്ള ഷീറ്റിന് ചതുരശ്രയടിക്ക് മുപ്പതു രൂപയിലേറെയായി.

പ്രതീകാത്മക ചിത്രം (Image Courtesy - SOORACHET  KHEAWHOM/Shutterstock)
പ്രതീകാത്മക ചിത്രം (Image Courtesy - SOORACHET KHEAWHOM/Shutterstock)

അനുബന്ധ സാമഗ്രികളായ സെൽഫ് സ്ക്രൂകൾ, ബോൾട്ടുകൾ, പിവിസി ഡ്രെയിനേജ് പാത്തികൾ തുടങ്ങിയവയ്ക്കും വില കുത്തനെ കയറി. ഇതിനിടെ, ഷീറ്റും പൈപ്പും സ്റ്റോക്കില്ലെന്ന ഉത്തരമാണു പല കച്ചവടക്കാരിൽനിന്നും ലഭിക്കുന്നതെന്നു ജോൺസൺ പറഞ്ഞു. സ്റ്റോക്കുണ്ടെങ്കിൽ തീപിടിച്ച വിലയുമാണ്. ലോക്ഡൗണും മറ്റും ആയതോടെ, കേരളത്തിനു പുറത്തുനിന്നുള്ള സാമഗ്രികളുടെ വരവ് നിലച്ചെന്നാണു കടയുടമകൾ പറയുന്നത്.

ഇവയുടെ നിർമാണത്തിനു വിദേശത്തു നിന്നുൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്നും കോവിഡ് മറവിൽ, ഈ രംഗത്ത് കുത്തകയുള്ള ഇന്ത്യയിലെ പല കമ്പനികളും അവസരം മുതലാക്കുകയാണെന്നും ആരോപണമുണ്ട്. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ പലരും തൽക്കാലത്തേക്ക് പണികൾ നീട്ടിവച്ചിരിക്കുകയാണ്. ലോക്ഡൗൺ വന്നതോടെ പാതിവഴിയിലായ ജോലികളും ഒട്ടേറെയാണ്. കോവിഡ് വ്യാപനത്തോടെ, നാട്ടിലേക്കു മടങ്ങിയ ജോലിക്കാർ പലരും തിരിച്ചുവന്നെങ്കിലും ഇപ്പോഴും പഴയ രീതിയിലേക്ക് കാര്യങ്ങൾ മാറിയിട്ടില്ല.

English Summary: Truss work sector in trouble due to COVID

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com