ADVERTISEMENT

കോഴിക്കോട്∙ ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന നടൻ ധർമജൻ ബോൾഗാട്ടിക്കെതിരെ രൂക്ഷവിമർശനവുമായി യുഡിഎഫ്  മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ. കോൺഗ്രസ് നേതാക്കൾക്കെതിരെ ധർമജൻ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കോൺഗ്രസ് നേതാവ് ഗിരീഷ് മൊടക്കല്ലൂർ പറഞ്ഞു. രണ്ട് കോൺഗ്രസ് നേതാക്കൾ ചേർന്നു തന്റെ പേരിൽ ലക്ഷങ്ങൾ പിരിച്ചെടുത്തെന്നും തന്നെ തോൽപിക്കാൻ ശ്രമിച്ചെന്നു ധർമജൻ കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റിന് പരാതി നൽകിയിരുന്നു. 

സ്ഥാനാര്‍ഥികൾക്കു സ്വന്തം നിലയില്‍ പ്രചാരണത്തിന് പണം കണ്ടത്താൻ കഴിയാതെ വരുമ്പോൾ  തിരഞ്ഞെടുപ്പ് കമ്മിറ്റി സംഭാവന സ്വീകരിക്കുന്നതു സാധാരണമാണ്. ഫണ്ടില്ലാത്തതിനാൽ പ്രചാരണം മുന്നോട്ടുപോകില്ലെന്ന ഘട്ടത്തിലാണ് സ്ഥാനാര്‍ഥിയുടെ അനുമതിയോടുകൂടി ചില പ്രധാന വ്യക്തികളില്‍നിന്ന് സംഭാവന സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് ഗിരീഷ് പറയുന്നു. ‘രശീത് നൽകിയാണ് പണം പിരിച്ചത്. 80,000 രൂപ മാത്രമാണ് ഇത്തരത്തിൽ ലഭിച്ചത്. ഇത് തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യുന്ന കെപിസിസി നിർവാഹക സമിതി അംഗത്തെയും ഡിസിസി ഭാരവാഹിയെയും ഏൽപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ഈ നേതാക്കളാണ് കൈകാര്യം ചെയ്തത്. സാമ്പത്തിക കാര്യങ്ങൾ ഒന്നും തിരഞ്ഞെടുപ്പ് കമ്മിറ്റിയെ അറിയിക്കാറില്ല. 

സ്ഥാനാര്‍ഥി എന്ന നിലയിൽ ധർമജൻ വൻ പരാജയമായിരുന്നു. മുന്‍പ് മത്സരിച്ച ഒരു യുഡിഎഫ് സ്ഥാനാര്‍ഥിയും ഇത്രയും വലിയ പരാജയം ഏറ്റുവാങ്ങിയിട്ടില്ല. രാവിലെ ആറിന് കോളനി സന്ദർശിക്കാൻ കമ്മിറ്റി തീരുമാനിച്ചെങ്കിലും ഒരു ദിവസം പോലും ധർമജൻ അതിനു തയാറായിട്ടില്ല. സന്ധ്യക്ക് ശേഷം സ്ഥാനാർഥി എവിടെയായിരുന്നു എന്ന് ഒരാള്‍ക്കു പോലും അറിയില്ല. രാവിലെ പത്തിനു ശേഷമാണ് സ്ഥാനാര്‍ത്ഥി പ്രത്യക്ഷപ്പെടാറുള്ളത്. ഒന്നാം ഘട്ട സ്ഥാനാര്‍ത്ഥി പര്യടനം കമ്മറ്റിയുടെ അറിവിലോ, നിയന്ത്രണത്തിലോ അല്ല നടന്നിട്ടുള്ളത്. രണ്ടാംഘട്ട പര്യടനം വേണ്ട എന്ന് തീരുമാനിച്ചതും കമ്മിറ്റിയില്ല. പരമാവധി കുടുംബസംഗമങ്ങൾ സംഘടിപ്പിക്കാനാണു കമ്മിറ്റി തീരുമാനിച്ചത്. എംപി ഉൾപ്പെടെ ഈ കുടുംബസംഗമങ്ങളിൽ എത്തി. പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും ബാലുശ്ശേരിയിലെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. 

വോട്ടെണ്ണല്‍ ദിവസം സ്ഥാനാര്‍ത്ഥി ബാലുശ്ശേരിയിൽ വന്നതേയില്ല. തിരഞ്ഞെടുപ്പുമായ് ബന്ധപ്പെട്ട് ഉണ്ണികുളത്ത് സിപിഎം നടത്തിയ അക്രമങ്ങൾ ഒട്ടേറെ യുഡിഎഫ് പ്രവർത്തകർക്കു പരുക്കേറ്റിരുന്നു. പലരെയും പൊലീസ് കള്ളക്കേസിൽ പ്രതികളാക്കി. സ്ഥാനാർഥിയായിരുന്ന ധർമജൻ ഇതുവരെ അവിടെ സന്ദർശനം നടത്താൻ തയാറായിട്ടില്ല. ആത്മാർഥമായി പ്രവർത്തിച്ച യുഡിഎഫ് പ്രവർത്തകരോടു ധർമജൻ നന്ദികേടാണ് കാണിക്കുന്നത്. 

സ്ഥാനാർഥി പ്രഖ്യാപനത്തിന് രണ്ടു മാസം മുൻപു തന്നെ ധർമജനെ സ്ഥാനാർഥിവേഷം കെട്ടി ബാലുശ്ശേരിയിൽ അവതരിപ്പിച്ചത് രണ്ടു കോൺഗ്രസ് നേതാക്കളാണ്. ബാലുശ്ശേരിയിൽ ജനങ്ങളുമായി ബന്ധമുള്ള ഒട്ടേറെ പേർ സ്ഥാനാർഥികളാവാൻ യോഗ്യരായിട്ടും ധർമജനെ സ്ഥാനാർഥിയാക്കിയതിനു പിന്നിലുള്ള താൽപര്യം ദുരൂഹമാണ്. ചില ആളുകളുടെ പ്രേരണയിൽ യാഥാർഥ്യം മനസിലാക്കാതെയാണ് ധർമജൻ പരാതി നൽകിയത്. കെപിസിസി ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ഗിരീഷ് മൊടക്കല്ലൂർ ആവശ്യപ്പെട്ടു. 

English Summary : UDF against Dharmajan Balussery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com