ADVERTISEMENT

കോഴിക്കോട് ∙ ‘എങ്ങുമെങ്ങും നിറയും വെളിച്ചമേ എൻകരളിൽ കുടിയിരിക്കേണമേ..’ പുറമ്പോക്കു ഭൂമിയിൽ, പഴയ ഫ്ലക്സ്ഷീറ്റിട്ടു കെട്ടിയ മേൽക്കൂരയ്ക്കു കീഴിലിരുന്ന് അഞ്ചാംക്ലാസുകാരി കുഞ്ഞാറ്റ പാടിപഠിക്കുകയാണ്. പ്രവേശനോത്സവത്തിൽ പാടേണ്ട പ്രാർഥനയാണ്. അമ്മയുടെ സഹോദരൻ രാഹുലിന്റെ ഫോണിൽ അമ്മ രമ്യ ഈ പ്രാർഥനാഗാനം ചിത്രീകരിക്കുന്നുണ്ട്.

ഓൺലൈനായി നടക്കുന്ന സ്കൂൾ പ്രവേശനോത്സവത്തിനു പ്രാർഥന ചൊല്ലാൻ അവസരം കിട്ടിയതിന്റെ സന്തോഷം കുഞ്ഞാറ്റയുടെ മുഖത്തുണ്ട്. പുതിയറ ബിഇഎം യുപി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയാണ് കെ.അനന്യ രഞ്ജിത്. വീട്ടുകാരുടെ വിളിപ്പേരാണ് കുഞ്ഞാറ്റ. പൊറ്റമ്മൽ കേലാട്ടുകുന്ന് കോളനിയിൽ മരം കൊണ്ടും ഫ്ലക്സ് ഷീറ്റുകൊണ്ടുമുണ്ടാക്കിയ വീട്ടിലാണ് അനന്യയുടെ താമസം. അച്ഛൻ രഞ്ജിത് ടൈൽസ് പണിക്കാരനാണ്.

കുഞ്ഞാറ്റയുടെ പാട്ടുകേട്ട് താളംപിടിച്ച് അമ്മയുടെ അച്ഛൻ മണികൃഷ്ണൻ അടുത്തിരിപ്പുണ്ട്. ഹൃദ്രോഗത്തിന് മൂന്ന് ശസ്ത്രക്രിയകൾക്കു വിധേയനായ ആളാണ് മണികൃഷ്ണൻ. അമ്മയുടെ അമ്മ ബേബിയും അടുത്തുനിൽപ്പുണ്ട്. പാട്ടുകേൾക്കാൻ കുഞ്ഞാറ്റയുടെ സുന്ദരിപ്പൂച്ചയും നിൽപ്പുണ്ട്. ഓൺലൈൻ ക്ലാസിൽ പഠിക്കാൻ അമ്മാവന്റെയോ അച്ഛന്റെയോ മൊബൈൽഫോണാണ് ഉപയോഗിക്കുന്നത്.

ഫോണുണ്ടെങ്കിലും റീചാർജ് ചെയ്യാൻ മാസാമാസം പണം വേണമല്ലോ. പുതിയറ എസ്കെ സാംസ്കാരിക നിലയത്തിൽ ഗായകൻ ജുനാദിന്റെ ശിഷ്യയായി നാലഞ്ചു വർഷമായി കുഞ്ഞാറ്റ പാട്ടുപഠിക്കുന്നുണ്ട്. ടൗൺഹാളിലെ പൊതുപരിപാടിയിൽ പാടിയിട്ടുണ്ട്. ഒപ്ടീഷ്യനായി ജോലി ചെയ്യുന്ന അമ്മാവൻ രാഹുലാണ് കുഞ്ഞാറ്റയെ പാട്ടുപഠിപ്പിക്കാനുള്ള ചെലവുകൾ വഹിക്കുന്നത്.

കേലാട്ടുകുന്ന് കോളനിയിലെ കുടിൽ നിൽക്കുന്ന സ്ഥലം ഇതുവരെ ഇവരുടെ സ്വന്തമായിട്ടില്ല. പൊതുമരാമത്ത് വകുപ്പിന്റെ പുറംമ്പോക്കു ഭൂമിയിലേക്ക് 29 വർഷങ്ങൾക്കുമുൻപ് 19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതാണ്. ഇടക്കാലത്ത് വേറെ സ്ഥലം നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല. ഇതുവരെ ഭൂമിയുടെ പട്ടയവും നൽകിയിട്ടില്ല.

നടപടികൾ ഉടനുണ്ടാവുമെന്നും കുടിലുകൾ തൽക്കാലം കെട്ടിമേയേണ്ടെന്നും എല്ലാ വർഷവും അധികൃതർ പറയാറുണ്ട്. വീണ്ടുമൊരു മഴക്കാലം കൂടി വരുമ്പോൾ എത്ര കുടിലുകൾ ബാക്കിയാവുമെന്ന ആശങ്കയിലാണ്. മൂന്നാം ക്ലാസ് മുതൽ ഡിഗ്രി വരെ പഠിക്കുന്ന ഒൻപതു കുട്ടികളാണ് കോളനിയിലുള്ളത്.

English Summary: An inspiration Story about Kunjatta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com