ADVERTISEMENT

ന്യൂഡ‍ൽഹി ∙ കോവിഡ് വ്യാപനത്തെ തുടർന്നുള്ള ആദ്യ ലോക്ഡൗണിന്റെ സമയത്തു പിതാവുമായി 1200 കിലോമീറ്റർ സൈക്കിൾ ചവിട്ടി നാട്ടിലെത്തി താരമായ ജ്യോതികുമാരിക്ക് (15) അച്ഛനെ നഷ്ടമായി. ഹൃദയാഘാതത്തെ തുടർന്നാണ് ഇ–റിക്ഷ ഡ്രൈവറായ മോഹൻ പസ്വാൻ മരിച്ചത്.

ഡൽഹിക്കു സമീപം ഗുഡ്ഗാവിലായിരുന്നു ബിഹാർ സ്വദേശിയായ മോഹൻ പസ്വാൻ ഇ–റിക്ഷ ഓടിച്ചിരുന്നത്. 2020 മാർച്ചിൽ അപകടത്തെത്തുടർന്ന് വിശ്രമിക്കുകയായിരുന്ന പിതാവിനെ കാണാൻ ജ്യോതികുമാരിയെത്തിയതിനു പിന്നാലെയാണ് രാജ്യവ്യാപക ലോക്ഡൗൺ പ്രഖ്യാപിച്ചത്. പൊതുഗതാഗത സംവിധാനങ്ങളെല്ലാം നിശ്ചലമായതിനെത്തുടർന്ന് സൈക്കിളിലാണ് സ്വന്തം നാടായ ബിഹാറിലെ ദർഭംഗയിലേക്ക് ഇരുവരും പോയത്.

ഏഴു ദിവസം സൈക്കിൾ ചവിട്ടിയാണ് നാട്ടിലെത്തിയത്. പണമില്ലാത്തതിനാൽ പലപ്പോഴും പട്ടിണിയായിരുന്നു. ഉള്ള കാശും കടം വാങ്ങിയതും വച്ചാണ് സൈക്കിൾ വാങ്ങിയത്. ലോക്ഡൗണിൽ നരകിക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ പ്രതിനിധിയായാണ് ജ്യോതികുമാരിയെ എല്ലാവരും കണ്ടത്. വാർത്ത പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രി രാഷ്ട്രീയ ബൽ പുരസ്കാരം ജ്യോതിയെ തേടിയെത്തി.

ഐഐടി – ജെഇഇ പരിശീലന ക്ലാസ് നടത്തുന്ന സൂപ്പർ 30 കോച്ചിങ് കേന്ദ്രത്തിന്റെ ആനന്ദ് കുമാർ മത്സരപരീക്ഷയ്ക്ക് സൗജന്യ ട്യൂഷൻ നൽകാമെന്ന് വാഗ്ദാനം ചെയ്തു. ബിഹാറിലെ ലോക് ജനശക്തി പാർട്ടി ജ്യോതിയുടെ വിദ്യാഭ്യാസ ചെലവ് വഹിക്കാമെന്നു പറഞ്ഞിരുന്നു. യുപിയിലെ സമാജ്‌വാദി പാർട്ടി ജ്യോതിക്കും കുടുംബത്തിനുമായി ഒരു ലക്ഷം രൂപ വാഗ്ദാനം നൽകി. സൈക്കിൾ ഫെഡറേഷൻ ഓഫ് ഇന്ത്യ ഡൽഹിയിലെ ട്രയലിലേക്ക് ജ്യോതിയെ ക്ഷണിച്ചിരുന്നു.

English Summary: Father Of Bihar Girl, Who Cycled 1,200 Km For Him During Lockdown, Dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com