ADVERTISEMENT

മന്ത്രി സ്ഥാനം ഏറ്റെടുത്ത ഉടനെ ക്വാറന്റീനിൽ പ്രവേശിച്ചതാണു റോഷി അഗസ്റ്റിൻ. ഓഫിസിലെത്താനോ സ്വന്തം തട്ടകമായ ഇടുക്കിയിലേക്കു വരാനോ മന്ത്രിക്കു സാധിച്ചിട്ടില്ല. ക്വാറന്റീൻ കാലത്തിനിടെ കേരള കോൺഗ്രസി(എം)ന്റെ ഭാവിയെ പറ്റിയും മന്ത്രി പദവിയെപ്പറ്റിയും റോഷി അഗസ്റ്റിൻ മനസ്സുതുറക്കുന്നു.

കേരള കോൺഗ്രസ് (എം) കേഡർ രീതിയിലേക്കു പ്രവർത്തനം മാറ്റുന്നു. പാർട്ടിയെ ഇത് എത്രത്തോളം സഹായിക്കും?

കേഡർ രീതിയിലേക്കു പ്രവർത്തനം മാറ്റുന്നതു എന്തുകൊണ്ടും കേരള കോൺഗ്രസിനു(എം) ഗുണകരമാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ഈ മാറ്റം പ്രകടമായതാണ്. അച്ചടക്കമുള്ള പ്രവർത്തകരാണ് എന്നും രാഷ്ട്രീയ പാർട്ടികളുടെ കരുത്ത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് വിട്ടുകൊടുത്ത നീക്കം കേരളം ശ്രദ്ധിച്ചില്ലേ, യാതൊരു അസ്വാരസ്യങ്ങളും ഇല്ലാതെയായിരുന്നു വിട്ടുവീഴ്ചയുണ്ടായത്. കേഡർ പാർട്ടിക്കു സമാനമായ പ്രവർത്തനമല്ലേ ഇത്, ഈ ശൈലി തുടരുന്നത് ഗുണം ചെയ്യും.

കേരള കോൺഗ്രസുകളുടെ ചരിത്രം നോക്കുമ്പോൾ പാർലമെന്ററി പാർട്ടി ലീഡറും പാർട്ടി ചെയർമാനും ഒരാൾ ആവാതിരുന്ന കാലത്തൊക്കെ പിളർപ്പുകൾ ഉണ്ടായിട്ടുണ്ട്?

കേരള കോൺഗ്രസിന്റെ ആ ഘട്ടമൊക്ക കഴിഞ്ഞു. അങ്ങനെ ചിന്തിക്കുന്നവരും പ്രവർത്തിക്കുന്നവുമെല്ലാം ഈ പാർട്ടിയിൽനിന്നു പുറത്തുപോയി. അവർ എന്തിനാണു പുറത്തുപോയതെന്നു അവർക്കു പോലും മനസ്സിലായിട്ടില്ല. യഥാർഥ പ്രത്യയശാസ്ത്രം മറന്നുപോയവരാണവർ.

റോഷി അഗസ്റ്റിൻ കെ.എം. മാണിക്കൊപ്പം.
റോഷി അഗസ്റ്റിൻ കെ.എം. മാണിക്കൊപ്പം.

7 വയസ്സുമുതൽ മാണി സാറിനെ കണ്ടുംകേട്ടും വളർന്നവനാണു ഞാൻ. കേരള കോൺഗ്രസി(എം)ന്റെ വളർച്ചയ്ക്കു വേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും ഞങ്ങൾ തയാറാണ്. അധികാരത്തിനും സ്വാർഥലാഭത്തിനും വേണ്ടിയുള്ള പാർട്ടിയായി ഞങ്ങളിതിനെ കാണുന്നില്ല. നിലപാടുകൾക്കാണു ശക്തി. ഇനി ഈ പാർട്ടിയിൽ അധികാര വടംവലികൾ ഉണ്ടാവില്ല. ഈ പാർട്ടിക്ക് ഒരു ചെയർമാനെ ഉള്ളു. അതു ജോസ് കെ. മാണിയാണ്.

മറ്റു പാർട്ടികളിൽനിന്നു നേതാക്കൾ കേരള കോൺഗ്രസിലേക്കു വരുമെന്നു ചെയർമാൻ സൂചിപ്പിച്ചു, പാർട്ടിക്ക് ഏതു രീതിയിൽ ഇതു ഗുണം ചെയ്യും?

മറ്റു പാർട്ടികളിൽനിന്നു നേതാക്കൾ വരട്ടെ. കേരള കോൺഗ്രസിലൂടെ (എം) കൂടുതൽ പേർ ഇടതുപക്ഷത്തിലേക്കു വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നല്ലതല്ലേ? ഇടതുപക്ഷത്തിന്റെ അടിത്തറ വികസിപ്പിക്കാൻ കൂടുതൽ നേതാക്കളും പ്രവർത്തകരും പാർട്ടിയിലേക്കു വരും. അങ്ങനെ വലിയൊരു നദിയായി കേരള കോൺഗ്രസ് (എം) മാറും. മാണി സാറിന്റെ പ്രത്യയശാസ്ത്രം കേരളം അംഗീകരിക്കുന്നുവെന്നതിന്റെ തെളിവാണു പാർട്ടിയിലേക്കുള്ള ഈ ഒഴുക്ക്.

റോഷി അഗസ്റ്റിൻ
റോഷി അഗസ്റ്റിൻ

ജന്മനാടായ പാലായിൽനിന്നു ജനപ്രതിനിധി ആവണമെന്നു സ്വപ്നമുണ്ടോ ?

അങ്ങനെ ആഗ്രഹിക്കാൻ പാടില്ലല്ലോ? എന്നെ നിയമസഭയിലെത്തിച്ച സമൂഹത്തെ മറക്കില്ല. അവരുടെ കൂടെയായിരിക്കും ഇനിയുള്ള കാലവും. എനിക്കു ജന്മം നൽകിയ നാടായി പാലായെ ഞാൻ സൂക്ഷിക്കുമ്പോളും എന്നെ വളർത്തിയത് ഇടുക്കിയാണ്. എന്റെ പൊതുജീവിതം എനിക്കു സമ്മാനിച്ച നാടാണ് ഇടുക്കി. ഞാനിപ്പോൾ നിസ്സാരക്കാരനല്ല, 20 വർഷം പാരമ്പര്യമുള്ള കുടിയേറ്റക്കാരനാണ് ഞാൻ. തീരെ മോശമല്ലാത്ത കുടിയേറ്റ പാരമ്പര്യമാണ് എനിക്കുള്ളത്. പലരും ഞാൻ ഇടുക്കി വിടുമെന്നും അഭ്യൂഹങ്ങളുണ്ടാക്കി.

കേരള കോൺഗ്രസ് മുൻ മന്ത്രിസഭകളിൽ സുപ്രധാനമായ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. നിലവിലെ മന്ത്രിസഭയിൽ ലഭിച്ച വകുപ്പിന്റെ പ്രാധാന്യം കുറഞ്ഞതായി തോന്നുന്നുണ്ടോ?

അങ്ങനെ എനിക്ക് ഒരു തോന്നലില്ല. എല്ലാ വകുപ്പുകൾക്കും അതിന്റെ പ്രാധാന്യമുണ്ട്. മന്ത്രിയാവുമെന്നു കരുതിയ വ്യക്തിയല്ല ഞാൻ . വ്യക്തിപരമായ നേട്ടങ്ങൾക്കായി മന്ത്രി പദവി ഞാൻ ഉപയോഗിക്കില്ല. മാണി സാറിന്റെ പേരിൽ കമ്യൂണിറ്റി ബേസ്ഡ് ഇറിഗേഷൻ പദ്ധതി ഗവർണറുടെ നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തി. ഈ പദ്ധതി മാണി സാറിന്റെ പേരിൽ തുടങ്ങാൻ സാധിച്ചുവെന്നതു പോരെ, ഇതിനപ്പുറം എന്റെ പൊതുജീവിതത്തിൽ മറ്റെന്തുവേണം. ചർച്ച ചെയ്തു തീരുമാനമെടുക്കുന്ന രീതിയിലേക്കു കേരള കോൺഗ്രസ്(എം) മാറി.

ജോസ് കെ. മാണിയും റോഷി അഗസ്റ്റിനും.
ജോസ് കെ. മാണിയും റോഷി അഗസ്റ്റിനും.

പാർട്ടി ചെയർമാൻ എന്ന നിലയിലല്ലാതെ ജോസ് കെ. മാണിയുമായുള്ള സുഹൃദ് ബന്ധം എങ്ങനെയാണ്?

ചേട്ടനും അനിയനും തമ്മിലുള്ള ബന്ധമാണു ഞങ്ങൾക്കിടയിൽ. ഒരു കുടുംബമെന്ന പോലെയാണ് ഞങ്ങൾ. അതിനു വേറൊരു മറുവാക്ക് പറയാനില്ല. പാർട്ടി ഒരു കുടുംബമാണ്.

5 വർഷത്തിനിടെ ജോസ് കെ. മാണി നിയമസഭയിലെത്താനുള്ള സാഹചര്യമുണ്ടായാൽ മന്ത്രി സ്ഥാനം ഒഴിഞ്ഞു കൊടുക്കുമോ?

നൂറു ശതമാനം, ഒരു സംശയമില്ല. പാർട്ടി ചെയർമാനു സഭയിൽ എന്നു വരാൻ അവസരം കിട്ടുന്നോ, അന്നു ഞാൻ രാജിവച്ചു മന്ത്രി സ്ഥാനം കൈമാറും. പാർട്ടി ചെയർമാൻ താഴെ ഇരിക്കുകയും ഞാൻ പാർലമെന്ററി പാർട്ടി നേതാവായിരിക്കുകയും ചെയ്യുന്നതു ശരിയല്ലല്ലോ.

റോഷി അഗസ്റ്റിൻ
റോഷി അഗസ്റ്റിൻ

അഞ്ചാം തവണയും ഇടുക്കിക്കാർ തിരഞ്ഞെടുത്തു. ഇപ്പോൾ മന്ത്രിയും, മണ്ഡലത്തെയും ജില്ലയെയും കുറിച്ചുള്ള സ്വപ്നങ്ങൾ?

ഇടുക്കിയിൽനിന്നു വിജയിച്ചു എന്നതുകൊണ്ടാണു മന്ത്രിപദവിയിലെത്തിയത്. ഇടുക്കിയോട് കൂടുതൽ കടപ്പെടേണ്ട കാലമാണിത്. ഇടുക്കി പാക്കേജിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയാണ്. ഇടുക്കിയെ കൂടുതൽ ഇടുക്കിയാക്കാൻ സാധിക്കുന്ന വിഷയങ്ങളിലെല്ലാം ഇടപെടും. അതിനൊപ്പം കേരളത്തിനു വേണ്ടി മന്ത്രിയെന്ന നിലയിൽ ആത്മാർഥമായി പ്രവർ‍ത്തിക്കും.

റോഷി അഗസ്റ്റിൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു.
റോഷി അഗസ്റ്റിൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു.

ഭൂപതിവു ചട്ടത്തിന്റെ ഭേദഗതി തിരഞ്ഞെടുപ്പ് പ്രഖ്യാപനമായിരുന്നു?

ഒരു സർക്കാരിനും ഒരു നിമിഷംകൊണ്ടു പരിഹരിക്കാൻ കഴിയുന്നതല്ല ഭൂപ്രശ്നങ്ങൾ. ഭൂപതിവു ചട്ടത്തിൽ ഭേദഗതി കൊണ്ടുവരും ഇടുക്കിയുടെ അടിസ്ഥാനപരമായ പ്രശ്നമാണിത്.

പൊതുപ്രവർത്തകനെന്ന നിലയിൽ മക്കളുടെ കാര്യങ്ങൾക്കു സമയം കിട്ടാറുണ്ടോ?

അതിന്റേതായ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഭാര്യ റാണിയാണു അവരുടെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നുണ്ട്. പൊതുപ്രവർത്തകനെന്ന നിലയിൽ കുട്ടികൾ എന്റെ തിരക്കുകൾ മനസ്സിലാക്കുന്നുണ്ട്. ഈ കാര്യത്തിൽ ഭാര്യയുടെ പിന്തുണ വളരെ വലുതാണ്.

English Summary: Special Interview with Kerala Congress M leader and minister Roshy Augustine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com