ADVERTISEMENT

തിരുവനന്തപുരം∙ ഡല്‍ഹിയിലെ ജിബി പന്ത് ആശുപത്രിയില്‍ നഴ്സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കിയതില്‍ പ്രതിഷേധവുമായി മുഖ്യമന്ത്രി.  മലയാളത്തെ മാത്രം തിരഞ്ഞുപിടിച്ച് ഒഴിവാക്കിയത് വൈവിധ്യങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റ‌മാണ്. ഭാഷയുടെ പേരില്‍ ജീവനക്കാരെ വേര്‍തിരിച്ച് കാണാനും വിഭജിക്കാനുള്ള ശ്രമത്തില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണം. വൈകിയാണെങ്കിലും ശരിയായ നിലപാട് സ്വീകരിക്കാന്‍ തയാറായ അധികാരികളെ അഭിനന്ദിക്കുന്നതായും പിണറായി വിജയൻ ഫെയ്സ്ബുക്കില്‍ കുറിച്ചു.

മലയാളം സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ വിവാദ സര്‍ക്കുലര്‍ ഡല്‍ഹി ജിബി പന്ത് ആശുപത്രി  പിന്‍വലിച്ചു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍ ഇടപെട്ടതോടെയാണ് വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചത്. സര്‍ക്കുലര്‍ ഇറക്കിയത് തങ്ങളുടെ അറിവോടെയല്ലെന്ന് ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടു. 

ഡൽഹി സർക്കാരിന് കീഴിലെ ജി ബി പന്ത് ആശുപത്രിയിൽ മലയാളം സംസാരിക്കുന്നത് വിലക്കി നഴ്സിങ് സൂപ്രണ്ട് ഉത്തരവിറക്കിയത് മനോരമന്യൂസാണ് പുറത്തുകൊണ്ടുവന്നത്. ഭാഷാപരമായ വിവേചനം അവസാനിപ്പിക്കണമെന്നും മലയാളം മറ്റേതൊരു ഇന്ത്യൻ ഭാഷയേയും പോലെയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ്ചെയ്തു. വിചിത്രവും ഭരണഘടന വിരുദ്ധവുമായ തീരുമാനമെന്ന് ജയറാം രമേഷ് പ്രതികരിച്ചു. കുറ്റകരമായ ഈ തീരുമാനം അംഗീകരിക്കാനാകില്ലെന്നും ഇന്ത്യൻ പൗരന്റെ അവകാശലംഘനമാണെന്നും ശശി തരൂർ പറഞ്ഞു. എംപിമാരായ കെ.സി. വേണുഗോപാൽ, എളമരം കരീം, തോമസ് ചാഴികാടൻ, വി. ശിവദാസൻ എന്നിവരും വിഷയത്തിൽ ഇടപെട്ടു.

സമൂഹമാധ്യമങ്ങളിൽ ഹാഷ്ടാഗ് ക്യാംപെയിനും ശക്തമായി. വിവാദ ഉത്തരവ് പിൻവലിക്കാൻ ഡൽഹി ആരോഗ്യവകുപ്പ് ആശുപത്രി അധികൃതരോട് നിർദേശിച്ചു. നഴ്സുമാർ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം സംസാരിക്കണമെന്നായിരുന്നു നഴ്സിങ് സൂപ്രണ്ടിന്റെ നിർദേശം. ഇല്ലെങ്കിൽ കർശന നടപടി നേരിടേണ്ടിവരും. മലയാളം സംസാരിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും രോഗികൾക്കും സഹപ്രവർത്തകർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നുമാണ് സൂപ്രണ്ടിന്റെ വാദം. ഇതരഭാഷക്കാര സഹപ്രവർത്തകരോടും രോഗികളോടും ഹിന്ദിയിലോ, ഇംഗ്ലീഷിലോ ആണ് സംസാരിക്കുന്നതെന്ന് മലയാളി നഴ്സുമാർ പറയുന്നു. എന്നാൽ മലയാളി നഴ്സുമാർ പരസ്പരം മാതൃഭാഷയിൽ സംസാരിക്കുന്നത് വിലക്കുന്നത് എന്തിനാണെന്നും ഇവർ ചോദിക്കുന്നു.

English Summary : CM Pinarayi Vijayan on Delhi GB Pant hospital malayalam language row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com