ADVERTISEMENT

ഗ്രീൻവിൽ∙ യുഎസ് സാംക്രമിക രോഗ വിദഗ്ധൻ ആന്റണി ഫൗചിയുടെ കോവിഡ് നിയന്ത്രണ നടപടികൾക്കും ശൈലിക്കുമെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കോവിഡ് വ്യാപനത്തിനു വഴിതെളിച്ച ചൈനയിൽനിന്നു നഷ്ടപരിഹാരത്തുക ഈടാക്കണമെന്നും ഫൗചിയുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും നോർത്ത് കാരലൈനയിലെ റിപ്പബ്ലിക്കൻ പാർട്ടി കൺവൻഷനിലെ പ്രസംഗത്തിൽ ട്രംപ് പറഞ്ഞു.

വൈറസിൽനിന്നു രക്ഷ നേടാൻ മാസ്ക് ധരിക്കണമെന്നും ചൈനീസ് നഗരമായ വുഹാനിലെ ലാബിൽനിന്നാണു വൈറസ് പുറത്തുകടന്നതെന്നുമുള്ള സിദ്ധാന്തത്തിൽ വിശ്വസിക്കുന്നില്ലെന്നുമുള്ള ഫൗചിയുടെ പരാമർശങ്ങളെ നിശിതമായ വിമർശിച്ച റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായിരുന്നു ട്രംപിന്റെ പ്രസംഗം.

‘ഫൗചി ഒരു നല്ല ഡോക്ടറല്ല, മികച്ച പ്രമോട്ടറാണ്,’ പതിവായി ടിവി പ്രോഗ്രാമുകളിൽ പങ്കെടുക്കുന്ന ഫൗചിയെ ട്രംപ് കളിയാക്കിയത് ഇങ്ങനെ. എല്ലാ കാര്യങ്ങളിലും ഇയാളുടെ നിലപാടുകൾ ഇങ്ങനെയാണ്. ചൈനീസ് ലാബിന്റെയും വുഹാന്റെയും കാര്യവും ഇങ്ങനെ കണ്ടാൽ മതി– ട്രംപ് പറഞ്ഞു. വൈറസിന്റെ ഉദ്ഭവത്തെപ്പറ്റി യുഎസിലെ വിദഗ്ധ ഏജൻസികൾ നടത്തുന്ന പഠനം ഇതുവരെ പൂർത്തിയായിട്ടില്ല.

ട്രംപ് പ്രസിഡന്റായിരുന്ന കാലയളവിൽ യുഎസിൽ ആറുലക്ഷത്തോളം ആളുകളാണു കോവിഡ് ബാധിച്ചു മരിച്ചത്. ട്രംപും കോവിഡ് പോസിറ്റീവായിരുന്നു. മാസ്ക് ധരിക്കാൻ കൂട്ടാക്കാതിരുന്ന ട്രംപിന്റെ ശൈലിക്കെതിരെയും വ്യാപക വിമർശനം ഉണ്ടായിരുന്നു. 2020 നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി ജോ ബൈഡനോടു ട്രംപ് പരാജയപ്പെട്ടതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നും ഇതായിരുന്നു.

കോവിഡ് വൈറസിനെ നിയന്ത്രിക്കുന്നതിൽ ഉണ്ടായ പാളിച്ചയുടെ നഷ്ടപരിഹാരമായി ചൈന യുഎസിനും മറ്റു രാജ്യങ്ങൾക്കുമായി 10 ട്രില്യൺ ഡോളർ നൽകണമെന്നും ചൈനയിൽനിന്നെടുത്ത കടം മറ്റു രാജ്യങ്ങൾ തിരികെ നൽകേണ്ടതില്ലെന്നും ട്രംപ് മുൻപു പറ‍ഞ്ഞിരുന്നു.

English Summary: In rare public outing, Trump denounces Fauci, China; dangles 2024 prospects

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com