ADVERTISEMENT

റൂസോ (ഡൊമിനിക്ക) ∙ തന്നെ തട്ടിക്കൊണ്ടു പോയതും മർദിച്ചതും ആന്റിഗ്വന്‍ പൊലീസാണെന്ന് അറസ്റ്റിലായ വജ്രവ്യാപാരി മെഹുൽ ചോക്സി. ഡൊമിനിക്കയിൽ ചോക്സിയുടെ അഭിഭാഷകർ നൽകിയ പരാതിയിലാണു വെളിപ്പെടുത്തൽ. തന്നെ കുടുക്കി തട്ടിക്കൊണ്ടു പോകാൻ സഹായിച്ചത് ബാർബറ ജബറിക എന്ന വനിതയാണെന്നും ഇന്ത്യക്കാരനായ ഉന്നത രാഷ്ട്രീയക്കാരനു മുന്നിലെത്തിക്കാനാണു ഡൊമിനിക്കയില്‍ കൊണ്ടുവന്നതെന്ന് അവർ പറഞ്ഞുവെന്നും ചോക്സി ആരോപിക്കുന്നു.

ഡൊമിനിക്കയിൽ തനിക്കു പൗരത്വം നൽകാമെന്നും അപ്പോൾ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാവുന്നതാണെന്നും അ‍ഞ്ചു പേജുള്ള പരാതിയിൽ പറയുന്നുണ്ട്. ഒരു വർഷമായി ബാർബറയുമായി പരിചയമുണ്ട്. പിടിയിലായ തന്നെ ഒരു തരത്തിലും സഹായിക്കാൻ അവർ തയാറായിരുന്നില്ല. അതിനാൽ തട്ടിക്കൊണ്ടു പോകലിൽ അവർക്ക് പങ്കുള്ളതായി സംശയിക്കാം. ആന്റിഗ്വയിൽ ജോളി ഹാർബർ ടൗണിലെ തന്റെ വീടിനു സമീപമുള്ള സ്ട്രീറ്റിലാണ് ബാർബറ കഴിഞ്ഞിരുന്നത്.

പിന്നീട് കോകോ ബേ ഹോട്ടലിലേക്ക് മാറിയെന്നും ചോക്സിയുടെ പരാതിയിലുണ്ട്. ‘എന്റെ ജീവനക്കാരുമായി ബാർബറ സൗഹൃദത്തിലായിരുന്നു. ഞാൻ ബാർബറയ്ക്കൊപ്പം നടക്കാൻ പോകുകയും സമയം ചെലവഴിക്കുകയും ചെയ്യുമായിരുന്നു. 2021 മേയ് 23ന് അവരുടെ വീട്ടിൽനിന്ന് പിക്ക് ചെയ്യണമെന്ന് ബാർബറ അഭ്യർഥിച്ചു. 5.15ന് അവരുടെ വീട്ടിലെത്തിയപ്പോൾ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. വൈൻ കുടിക്കാൻ സമയം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു അത്.

കരുത്തരായ എട്ടുപത്തു പേർ ചേർന്നാണ് എന്നെ തട്ടിക്കൊണ്ടുപോയത്. ആന്റിഗ്വന്‍ പൊലീസാണെന്ന് അവർ അവകാശപ്പെട്ടിരുന്നു. അവർ എന്നെ താഴെയിട്ട് മർദിക്കുകയും മുഖത്ത് കുത്തുകയും കൈകളിലും ശരീരത്തിലും പൊള്ളലേല്‍‍പ്പിക്കുകയും ചെയ്തു. മൊബൈൽ ഫോണും വാച്ചും പഴ്സും തട്ടിയെടുത്തു. എന്നെ തല്ലിച്ചതച്ചപ്പോൾ ബാർബറ സഹായിക്കാനോ മറ്റാരെയെങ്കിലും വിളിച്ചു രക്ഷിക്കാനോ ശ്രമിച്ചില്ല. പൊലീസില്‍ പോലും ബന്ധപ്പെടാതെ മാറിനിന്ന അവരുടെ പ്രവൃത്തിയിൽനിന്നുതന്നെ, തട്ടിക്കൊണ്ടു പോകലിൽ അവർക്ക് പങ്കുണ്ടെന്ന് വ്യക്തമാണ്’ – പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

‘എന്നെ ചെറിയ ബോട്ടിൽനിന്ന് വലുതിലേക്ക് മാറ്റി. അവിടെ വച്ചാണ് ഇന്ത്യൻ ഏജന്റുമാരെ കണ്ടത്. രണ്ട് ഇന്ത്യക്കാരും കരീബിയക്കാരെന്ന് തോന്നിക്കുന്ന മൂന്നു പേരുമാണ് ബോട്ടിലുണ്ടായിരുന്നത്. ഇത്തരം കാര്യങ്ങളില്‍ പരിചയ സമ്പന്നരെന്നു തോന്നുന്നവരായിരുന്നു ബോട്ടിലുണ്ടായിരുന്ന ഇന്ത്യക്കാർ. ഒരു വര്‍ഷമായി തന്നെ നിരീക്ഷിച്ചു വരുകയായിരുന്നുവെന്ന് അവർ എന്നോട് പറഞ്ഞു.

മറ്റൊരാൾ എന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഓഫ്–ഷോര്‍ അക്കൗണ്ടുകളെക്കുറിച്ചും ചോദിച്ചു. സഹകരിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടാൻ തയാറായിരിക്കണമെന്ന് മുന്നറിയിപ്പു നൽകി. കേസിന്റെ ചുമതല വഹിക്കുന്ന നരീന്ദർ സിങ്ങിനോട് സംസാരിപ്പിച്ചു’ – ചോക്സി പറഞ്ഞു. ബാർബറയുമായുള്ള സൗദഹൃദത്തെക്കുറിച്ച് എവിടെയും പറയരുതെന്നും അത് പുറത്തുവന്നാൽ ഭാര്യ വിഷമിക്കുമെന്നും അദ്ദേഹം പറഞ്ഞുവെന്നും ചോക്സി കൂട്ടിച്ചേർത്തു.

മെഹുൽ ചോക്സിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയതിനു പിന്നാലെയാണ് അയൽരാജ്യമായ ഡൊമിനിക്കയിൽനിന്ന് ചോക്സിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വനിതാ സുഹൃത്തിനൊപ്പം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ചോക്സി പിടിയിലായതെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

English Summary: "She Did Not Help When...": Mehul Choksi Names Mystery Woman In Complaint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com