ADVERTISEMENT

തിരുവനന്തപുരം ∙ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ.വി.തോമസിനെ ഒഴിവാക്കി. പി.ടി.തോമസിനെയും ടി.സിദ്ദിഖിനെയും വര്‍ക്കിങ് പ്രസിഡന്റുമാരായി നിയമിച്ചു. കൊടിക്കുന്നില്‍ സുരേഷും വര്‍ക്കിങ് പ്രസിഡന്റായി തുടരും. വർക്കിങ് പ്രസിഡന്റായിരുന്ന കെ.സുധാകരൻ പ്രസിഡന്റായതിനു പിന്നാലെയാണ് മാറ്റം. ഗ്രൂപ്പുകളുടെ എതിര്‍പ്പുകള്‍ മറികടന്നാണ് സുധാകരനെ പ്രസിഡന്റായി നിയമിക്കാനുള്ള ഹൈക്കമാന്‍ഡ് തീരുമാനമുണ്ടായത്.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ ശക്തനായൊരു നേതാവ് വേണമെന്നും അതിന് ഏറ്റവും അനുയോജ്യന്‍ കെ.സുധാകരനാണെന്നുമുള്ള അണികളുടെ പൊതുവികാരം ഹൈക്കമാന്‍ഡ് ചെവിക്കൊണ്ടു. സുധാകരനെ പ്രസിഡന്‍റായി നിയമിക്കാനുള്ള തീരുമാനത്തിലേക്ക് തിങ്കളാഴ്ച വൈകിട്ടോടെ ഹൈക്കമാന്‍ഡ് എത്തിയിരുന്നു. രാഹുല്‍ ഗാന്ധി സുധാകരനെ ഫോണില്‍ വിളിച്ച് തീരുമാനം ഔദ്യോഗികമായി അറിയിച്ചു.

ഉത്തരവാദിത്തത്തോടെ പുതിയ സ്ഥാനം ഏറ്റെടുക്കുന്നെന്നും പാര്‍ട്ടിയെ തിരികെ കൊണ്ടുവരാനുള്ള ദൗത്യം സത്യസന്ധമായി നിര്‍വഹിക്കുമെന്നും സുധാകരന്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ സമവായമുണ്ടാക്കി പ്രഖ്യാപനം നടത്താനായിരുന്നു ഹൈക്കമാന്‍ഡ് താല്‍പര്യം. ഇതിനായി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുമായും ജനപ്രതിനിധികളുമായും വിപുലമായ ആശയവിനിയമം എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നടത്തിയിരുന്നു.

പക്ഷേ, ചര്‍ച്ചകളോട് ഗ്രൂപ്പ് നേതാക്കള്‍ സഹകരിച്ചില്ല. ഇതോടെ ഗ്രൂപ്പ് താൽപര്യങ്ങള്‍ വകവയ്ക്കാതെ മുന്നോട്ട് പോകാന്‍ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നിര്‍ദേശം നല്‍കുകയായിരുന്നു. സംഘടനാ തലത്തില്‍ അണികളെ ഊര്‍ജസ്വലരാക്കാനും പ്രതിപക്ഷമെന്ന നിലയിലുള്ള പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാനും സുധാകരന്‍റെ പ്രവര്‍ത്തന ശൈലിക്ക് കഴിയുമെന്നും ഹൈക്കമാന്‍ഡ് പ്രതീക്ഷിക്കുന്നു.

English Summary: PT Thomas And T Siddique, New KPCC Working Presidents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com