ADVERTISEMENT

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് തോല്‍വിക്കും ഫണ്ട് വിവാദത്തിനും ഇടയാക്കിയത് നേതൃത്വത്തിന്റെ ഭരണപരവും ധാര്‍മികവുമായ വീഴ്ചയാണെന്നു ബിജെപി കേന്ദ്ര നേതൃത്വം നിയോഗിച്ച സമിതി. ഇ.ശ്രീധരന്‍, ജേക്കബ് തോമസ് ഐപിഎസ് (റിട്ട), സി.വി.ആനന്ദബോസ് എന്നിവരാണ് സമിതിയില്‍ ഉണ്ടായിരുന്നത്. 

പാര്‍ട്ടിയില്‍ നവാഗതരായ മൂന്നുപേരും വെവ്വേറെ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നേതൃത്വത്തെ പ്രതികൂട്ടിലാക്കുന്നതാണ്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം, മാധ്യമ വാര്‍ത്തകളിലൂടെയാണ് സമിതിയെക്കുറിച്ച് സംസ്ഥാന നേതൃത്വം അറിയുന്നത്. സംസ്ഥാന നേതാക്കൾ ഉള്‍പ്പെടുന്ന പതിവു സമിതിക്കു പകരമായി മൂന്നംഗ സമിതി രൂപീകരിച്ചത് പാര്‍ട്ടി നേതൃത്വത്തിനു നാണക്കേടായി. കൃത്യമായ റിപ്പോര്‍ട്ടുകള്‍ സംസ്ഥാന തലത്തില്‍നിന്ന് ലഭിക്കാത്തതിനെത്തുടര്‍ന്നാണ് അടുത്തിടെ പാര്‍ട്ടിയിലേക്കെത്തിയ മുന്‍ ഉദ്യോഗസ്ഥരെ കാര്യങ്ങള്‍ വിലയിരുത്താനായി ചുമതലപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു തീരുമാനം. അദ്ദേഹത്തിന്റെ ഓഫിസിനാണ് റിപ്പോര്‍ട്ട് കൈമാറിയതും.

നേമത്തെ ഏക സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടതോടെയാണ് കേന്ദ്ര നേതൃത്വം വീഴ്ചകളെക്കുറിച്ച് പരിശോധിക്കാന്‍ തീരുമാനിച്ചത്. ഒരുഘട്ടത്തില്‍, കേരളത്തില്‍ 10 സീറ്റുവരെ ലഭിക്കുമെന്നാണ് സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നത്. കനത്ത പരാജയം നേരിട്ടതോടെ സംസ്ഥാന നേതൃത്വത്തിലുള്ള വിശ്വാസം വീണ്ടും കുറഞ്ഞു. പുറത്തു നിന്നെത്തിയ പ്രമുഖര്‍ കാര്യങ്ങള്‍ വിലയിരുത്തട്ടെ എന്ന തീരുമാനത്തിലേക്കെത്തുന്നത് അങ്ങനെയാണ്.

പാര്‍ട്ടിയെ താഴേത്തട്ടില്‍ വളര്‍ത്താന്‍ ശ്രമം നടക്കുന്നില്ലെന്നും അധികാരം പങ്കുവയ്ക്കുന്ന ഗ്രൂപ്പുകളായി പാര്‍ട്ടി മാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചന. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പോരാട്ടം ചെറുക്കാന്‍ കഴിയാത്തത് പാര്‍ട്ടിയുടെ വളര്‍ച്ചയെ ബാധിച്ചു. നേതാക്കള്‍ തമ്മിലുള്ള മത്സരത്തിനിടെ താഴെത്തട്ടിലുള്ള സംഘടനാ സംവിധാനം പല ജില്ലകളിലും നിര്‍ജീവമായി. യുവാക്കളെ പാര്‍ട്ടിയിലേക്കു ആകര്‍ഷിക്കാന്‍ കഴിയുന്നില്ല. കേരളത്തില്‍ വേരുറപ്പിക്കണമെങ്കില്‍ എല്ലാ മത വിഭാഗങ്ങളുടെയും പിന്തുണ ആര്‍ജിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയം ശരിയായി നടന്നില്ല. ഗ്രൂപ്പുകള്‍ ഇക്കാര്യത്തില്‍ വീതംവയ്പ്പു നടത്തി. പല സ്ഥലങ്ങളിലും തിരഞ്ഞെടുപ്പ് ഫണ്ട് ആവശ്യത്തിനു ലഭിച്ചില്ല. ബി ക്ലാസ് മണ്ഡലങ്ങളില്‍ പലതിലും സ്ഥാനാര്‍ഥികള്‍ സജീവമായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English Summary: Three member panel submitted report to PM Narendra Modi on Kerala BJP hawala money issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com