2018–19 കാലയളവില്‍ കെഎസ്ഇബിക്ക് കോടികളുടെ നഷ്ടം: വിമർശിച്ച് സിഎജി

kseb-electricity
ഫയല്‍ ചിത്രം
SHARE

തിരുവനന്തപുരം∙ കെഎസ്ഇബിയെ വിമര്‍ശിച്ച് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർ‌ട്ട്. പീക്ക് അവറുകളില്‍ ആവശ്യത്തിന് വൈദ്യുതി ഉല്‍പാദിപ്പിക്കാതെയും യന്ത്രങ്ങള്‍ പരിപാലിക്കാതെയും കെഎസ്ഇബി കോടികളുടെ അധിക ചെലവുവരുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. 1860 കോടിയാണ് 2018–19 വര്‍ഷത്തെ കെഎസ്ഇബിയുടെ നഷ്ടം. ഊര്‍ജേതര മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 1222 കോടിയാണെന്നും നിയമസഭയില്‍വച്ച സിഎജി റിപ്പോര്‍ട്ടിലുണ്ട്.

കെഎസ്ഇബി ജലവൈദ്യുതി ഉല്‍പാദനനയം പാലിക്കുന്നതില്‍ പരാജയപ്പെട്ടു. പീക്ക് അവറുകളില്‍ അധിക വൈദ്യുതി ആവശ്യമനുസരിച്ച് ഉല്‍പാദനം നടത്തിയില്ല. ഇതുമൂലം 25.31 കോടിയുടെ വൈദ്യുതി അധികം വാങ്ങേണ്ടി വന്നു. ജലവൈദ്യുതി പദ്ധതികളിലെ യന്ത്രങ്ങള്‍ യഥാസമയം പരിപാലിക്കാത്തതിനാല്‍ 920 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദന നഷ്ടമുണ്ടായി. ഇതുവഴി വൈദ്യുതി വാങ്ങുന്ന‌ ഇനത്തില്‍ 269.77 കോടിയുടെ അധിക ചെലവുണ്ടായി. കുറ്റ്യാടി പദ്ധതിയുടെ പെന്‍സ്റ്റോക്ക് വിഭജിച്ചത് 10 മെഗാവാട്ട് ഉല്‍പാദനശേഷി കുറയ്ക്കുന്നതിനിടയാക്കി.

ഈ പ്രശ്നം പരിഹരിക്കുന്നതിലെ കാലതാമസം മൂലം 52.36 കോടിയുടെ വൈദ്യുതി വാങ്ങേണ്ടി വന്നു. കുറ്റ്യാടി പദ്ധതിയുടെ ടെയില്‍ റേസ് ചാനലില്‍ തടയണ കെട്ടിയതുമൂലം ഉല്‍പാദനശേഷി 20 മെഗാവാട്ട് കുറയ്ക്കേണ്ടി വന്നു. ഇതുവഴി 39.20 കോടിയുടെ വൈദ്യുതി വാങ്ങേണ്ടി വന്നു. ഇടുക്കി, ശബരിഗിരി പദ്ധതികളുടെ ശേഷികൂട്ടല്‍ സാധ്യത ഉപയോഗിച്ചില്ല. ഇതുമൂലം പ്രതിവര്‍ഷം 212 ദശലക്ഷം യൂണിറ്റ് വൈദ്യുതി അധികം ഉല്‍പാദിപ്പിക്കാനുള്ള അവസരം നഷ്ടമായി.

ബിഡുകളുടെ വിലയിരുത്തലിലെ പോരായ്മ മൂലം ഇടുക്കി വൈദ്യുത പദ്ധതിയുടെ നവീകരണത്തിന് 21 മാസത്തെ കാലതാമസമുണ്ടായി. ശബരിഗിരി പദ്ധതിയുടെ യൂണിറ്റ് നാല് നവീകരിച്ചിരുന്നു. അതിനുശേഷം സാങ്കേതിക പ്രശ്നങ്ങള്‍ കാരണം യൂണിറ്റ് നിര്‍ബന്ധിതമായി അടച്ചിട്ടതിനാല്‍ വൈദ്യുതി വാങ്ങുന്നതില്‍ 59 കോടി അധിക ചെലവുണ്ടാക്കി. കാര്‍ബറണ്ടം യൂണിവേഴ്സല്‍ ലിമിറ്റഡുമായുള്ള കരാറിലെ വ്യവസ്ഥകള്‍ പാലിക്കാതിരുന്നതിനാല്‍ രണ്ടുകോടിയുടെ വരുമാന നഷ്ടമുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. ഊര്‍ജേതരമേഖലയില്‍ ലാഭത്തിലുള്ളത് 53 പൊതുമേഖലാ സ്ഥാപനങ്ങളാണ്. 58 എണ്ണം നഷ്ടത്തിലെന്നും റിപ്പോർട്ടിൽ പറയുന്നു. 

∙ ധനവകുപ്പിനെതിരെയും സിഎജി

പരിശോധനാ, ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ തീര്‍പ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്നതിൽ ധനവകുപ്പിനെതിരെ സിഎജി. ചരക്ക് സേവന നികുതി വകുപ്പില്‍ തീര്‍പ്പാക്കാനുള്ളത് 2404 റിപ്പോര്‍ട്ടുകളാണ്. തീര്‍പ്പാക്കല്‍ വൈകുന്നത് ജിഎസ്ടി നഷ്ടപരിഹാര സാധ്യത ഇല്ലാതാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

∙ ‘നെല്ല് സംഭരണം പാളി’

സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങൾ ആവശ്യത്തിന് നെല്ല് സംഭരിച്ചില്ലെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. നെല്ല് സംസ്കരണ ശേഷി കാര്യമായി ഉപയോഗിച്ചില്ല. 21.85 കോടി രൂപയ്ക്ക് സ്ഥാപിച്ച ശേഷി ഉപയോഗിച്ചില്ല. വിതരണം ചെയ്തത് ഉല്‍പ്പാദിപ്പിച്ച അരിയുടെ തുച്ഛമായ അളവ് മാത്രമാണ്. പൊതുവിതരണ സംവിധാനത്തിലൂടെ കാര്യമായി അരി വിതരണം ചെയ്തില്ല. കർഷകർക്ക് ന്യായവിലയും ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ അരിയും ലഭിച്ചില്ലെന്നും സിഎജി റിപ്പോർട്ടിലുണ്ട്.

English Summary: CAG report on KSEB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA