ADVERTISEMENT

തിരുവനന്തപുരം∙ ലോക്ഡൗണിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ താൽകാലിക നിയമനത്തിന് അഭിമുഖം നടത്തിയത് തെറ്റായ നടപടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആള്‍ക്കൂട്ടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. ഇക്കാര്യത്തിലുണ്ടായ വീഴ്ച ഉള്‍പ്പെടെ പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മന്ത്രി നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളജിന്റെ അടിയന്തര യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.

മരുന്നുകളുടെയും ഗ്ലൗസ് ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെയും മെഡിക്കല്‍ കോളജിലെ ലഭ്യത സംബന്ധിച്ചും മന്ത്രി വിശദീകരണം തേടി. മെഡിക്കല്‍ കോളജില്‍ തുടര്‍ന്നുപോന്ന രീതിയില്‍നിന്നും മാറി കോവിഡ് കാലത്ത് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന കണക്കിലെടുത്ത് ഗ്ലൗസ് ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ വാങ്ങണമെന്ന് മന്ത്രി നിർദേശിച്ചു.

അവശ്യ മരുന്നുകളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ പലതും തെറ്റിദ്ധാരണ പരത്തുന്നതാണ്. മരുന്നുകളുടെയും ഗ്ലൗസ് ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടേയും ലഭ്യത ഉറപ്പാക്കാന്‍ അടിയന്തരമായി ഇടപെടാന്‍ കെഎംഎസ്‌സിഎല്‍നോട് ആവശ്യപ്പെട്ടു. ബദല്‍ മാര്‍ഗത്തിലൂടെ ഇവ അടിയന്തരമായെത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. നാളെ മുതല്‍ ആവശ്യമായ ഗ്ലൗസുകള്‍ എത്തിക്കുമെന്ന് കെഎംഎസ്‌സിഎല്‍ ഉറപ്പ് നല്‍കി. കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകള്‍ മരുന്ന് കമ്പനികളില്‍നിന്നും കിട്ടാന്‍ വൈകിയാല്‍ കാരുണ്യാ ഫാര്‍മസി വഴി ശേഖരിച്ച് നല്‍കണം. ദിവസവും അവലോകന യോഗം നടത്തി മരുന്നിന്റെയും ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പ് വരുത്തണമെന്നും മന്ത്രി നിർദേശിച്ചു.

സംസ്ഥാനത്ത് കോവിഡ് ചികിത്സ സൗജന്യമാണ്. അതിനാല്‍ തന്നെ എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ ചികിത്സ ഉറപ്പാക്കണം. നിശ്ചിത മരുന്ന് ആശുപത്രിയില്‍ ലഭ്യമല്ലെങ്കില്‍ ബദല്‍ മാര്‍ഗം ലഭ്യമാക്കണം. ലോക്കല്‍ പര്‍ച്ചേസ് ചെയ്‌തെങ്കിലും മരുന്ന് ലഭ്യമാക്കണം. മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ ആത്മാര്‍ഥമായി ജോലി ചെയ്യുന്നവരാണ്. എങ്കിലും ചെറിയ വീഴ്ച പോലും ഉണ്ടാകരുത്. കോവിഡിന്റെ മൂന്നാം തരംഗം മുന്‍കൂട്ടികണ്ട് മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു.

English Summary: Veena George holds emergency meeting with medical college authorities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com