ADVERTISEMENT

ന്യൂഡല്‍ഹി ∙ കേരളത്തില്‍ ഇടതുപക്ഷവുമായി പോരടിക്കുന്ന സമയത്തു തന്നെ കോണ്‍ഗ്രസ് ബംഗാളില്‍ ഇടതുപാര്‍ട്ടികള്‍ക്കൊപ്പം സഖ്യത്തില്‍ ഏര്‍പ്പെട്ടതിന്റെ പ്രത്യയശാസ്ത്രമെന്താണെന്നു കഴിഞ്ഞ ദിവസം പാര്‍ട്ടിവിട്ട് ബിജെപിയിലെത്തിയ ജിതിന്‍ പ്രസാദ. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ശിവസേനയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനെയും ജിതിന്‍ വിമര്‍ശിച്ചു. 

ജിതിന്റേത് പ്രത്യയശാസ്ത്രത്തിനപ്പുറം വ്യക്തിതാല്‍പര്യം നിറഞ്ഞ ‘പ്രസാദ രാം രാഷ്ട്രീയം’ ആണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് ജിതിന്‍ രംഗത്തെത്തിയത്. ‘കപില്‍ സിബല്‍ മുതിര്‍ന്ന നേതാവാണ്. നിലവില്‍ ആശയസംഹിതയെന്നത് രാഷ്ട്രതാല്‍പര്യം മാത്രമാണ്. ശിവസേനയുമായി സഹകരിച്ചപ്പോഴും കേരളത്തില്‍ എതിര്‍ക്കുന്ന ഇടതുപാര്‍ട്ടികളുമായി ബംഗാളില്‍ സഖ്യത്തില്‍ ഏര്‍പ്പെട്ടപ്പോഴും കോണ്‍ഗ്രസിന്റെ തത്വസംഹിത എന്തായിരുന്നു. എന്നെപ്പോലെ ഒരു ചെറിയ നേതാവിനെതിരെ പ്രസ്താവന ഇറക്കിയതു കൊണ്ടൊന്നും കോണ്‍ഗ്രസിന്റെ ഭാവി മാറില്ല’- ജിതിന്‍ പറഞ്ഞു. 

ഇതുവരെ എതിര്‍ത്തിരുന്ന പാര്‍ട്ടിയിലേക്കു ജിതിന്‍ മാറിയതിനെ കപില്‍ സിബല്‍ വിമര്‍ശിച്ചിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലല്ല തീരുമാനങ്ങള്‍ എടുക്കുന്നത്. മുൻപ് ‘ആയാ റാം ഗയാ റാം’ എന്ന നിലയായിരുന്നെങ്കില്‍ ഇപ്പോള്‍ ‘പ്രസാദ രാം രാഷ്ട്രീയം’ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയയ്ക്ക് കത്തയച്ച ജി-23 നേതാക്കളില്‍ ജിതിനൊപ്പം കപില്‍ സിബലും ഉണ്ടായിരുന്നു. 1999-നു ശേഷം കോണ്‍ഗ്രസിലുണ്ടായ ഏറ്റവും ശക്തമായ വിമതനീക്കമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 1999ല്‍ ജിതിന്റെ പിതാവ് ജിതേന്ദ്ര പ്രസാദ സോണിയ ഗാന്ധിയുടെ നേതൃത്വം ചോദ്യം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിച്ചിരുന്നു.

English Summary: "What About Alliance With Sena and left parties?" Jitin Prasada Hits Back At Kapil Sibal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com