പുതിയ മുഖം, പുതുവേഗം: ഇൻകം ടാക്സ് ഇ ഫയലിങ് 2.0 പോർട്ടൽ പൂർണസജ്ജം

it-e-filing-portal
SHARE

‘തുറന്നുവരാൻ’ അൽപം താമസമുണ്ടായെങ്കിലും ഒടുവിൽ പുതിയ ഇൻകം ടാക്സ് ഇ ഫയലിങ് പോർട്ടൽ പൂർണസജ്ജമായി. കഴിഞ്ഞ 7ന് പുതിയ പോർട്ടൽ സജ്ജമാകുമെന്നായിരുന്നു അറിയിപ്പെങ്കിലും ഉപയോക്താക്കൾക്ക് ലഭ്യമായിരുന്നില്ല. ‘നല്ല കാര്യങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്’ എന്ന അറിയിപ്പു മാത്രമായിരുന്നു പേജിൽ. കാത്തിരിപ്പു നീണ്ടപ്പോൾ പരാതി ഉയരുകയും, ധനമന്ത്രി നിർമല സീതാരാമൻ തന്നെ സൈറ്റ് തയാറാക്കിയ ഇൻഫോസിസിനെയും സഹസ്ഥാപകൻ നന്ദൻ നിലേകനിയെയും ടാഗ് ചെയ്ത് സാങ്കേതിക തകരാറുകൾ എത്രയും വേഗം പരിഹരിക്കണമെന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഈയാഴ്ച തന്നെ തകരാറുകൾ പരിഹരിച്ച് നികുതിദായകർക്കായി സൈറ്റ് തുറക്കാനാവുമെന്ന് പിന്നാലെ നന്ദൻ നിലേകനി പ്രതികരിച്ചു. രണ്ടു ദിവസത്തിനകം തന്നെ വാഗ്ദാനം പാലിച്ചാണ് ഇപ്പോൾ പോർട്ടൽ സജ്ജമായിരിക്കുന്നത്. നികുതി അടയ്ക്കാനുള്ള സംവിധാനം ഈ മാസം 18 മുതലാണ് ലഭ്യമാകുക.

പുതിയ മുഖം

കാഴ്ചയില്‍ പുതുമയോടെ ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങളുമായാണ് പോർട്ടൽ സജ്ജമായിരിക്കുന്നത്. വേഗം, കൃത്യത, സൗകര്യം, ഉപയോഗക്ഷമത എന്നീ കാര്യങ്ങളിൽ ഊന്നിയാണ് രൂപകൽപനയെന്ന ആദായനികുതി വകുപ്പിന്റെ അവകാശവാദത്തെ ശരിവയ്ക്കുന്നതാണ് പോർട്ടലിന്റെ പുതിയ മുഖം. പോർട്ടലിലെ മാറ്റങ്ങൾ പരിചയപ്പെടുത്തുന്ന വിശദമായ ഗൈഡഡ് ടൂർ വിഡിയോ ഉൾപ്പെടുത്തിയിട്ടുണ്ട്. 

സർവീസ് പോർട്ടലുകളുടെ തിങ്ങിനിറഞ്ഞ പൂമുഖക്കാഴ്ചയല്ല, പുതിയ ഇ ഫയലിങ് പോർട്ടിലിനുള്ളത്. തികച്ചും സിംപിളായ നിറയെ വൈറ്റ് സ്പേസുള്ള പ്രസന്നമായ പുതിയ മുഖം. വ്യത്യസ്ത സേവനങ്ങളിലേക്കു തുറക്കുന്ന വിൻഡോകളിലൂടെ അകത്തേക്കു നാവിഗേറ്റ് ചെയ്യുന്ന രീതി ആയതിനാൽ ഹോം പേജിൽ തിക്കും തിരക്കുമില്ല. ആവശ്യങ്ങൾക്കനുസരിച്ചു ക്രമീകരിച്ചിട്ടുള്ള ഡാഷ് ബോർഡിൽ റിട്ടേൺ വിവരങ്ങൾ, റിട്ടേൺ സമർപ്പിച്ചതിന്റെ പുരോഗതി (സ്റ്റാറ്റസ്), ഇ വെരിഫിക്കേഷൻ നില, ചെയ്യാനുള്ള കാര്യങ്ങൾ (പെൻഡിങ് ആക്‌ഷൻസ്) എന്നിവ ഒറ്റനോട്ടത്തിൽ അറിയാനാകും. മുൻപത്തെപ്പോലെ ഫയൽ ചെയ്ത റിട്ടേണുകൾ  കാണാനും പ്രിന്റ് എടുക്കാനുമാകും.

INDIA-ECONOMY-FINANCE

ഇതിനൊപ്പം അവസാന വർഷങ്ങളിലെ റിട്ടേണുകളിലെ നികുതി ബാധ്യതയുള്ള വരുമാനം, അടയ്ക്കേണ്ട നികുതി, അടച്ച തുക തുടങ്ങിയ വിവരങ്ങൾ താരതമ്യത്തിനായി ഗ്രാഫിക്കലായി ചിത്രീകരിച്ചതും ലഭിക്കുന്നതാണ് പുതിയ മാറ്റം. ഇ ഫയൽ, ഇ പേ, ചെയ്യാനുള്ള കാര്യങ്ങൾ, പരാതികൾ, ഹെൽപ് എന്നീ വിൻഡോകളിലൂടെയാണ് സേവനങ്ങൾ ലഭ്യമാക്കുന്നത്.  നികുതി സംബന്ധമായ ഓർമപ്പെടുത്തലുകൾ പോർട്ടലിലുണ്ടാകും. റിട്ടേൺ നൽകിക്കഴിഞ്ഞാൽ ശേഷിക്കുന്ന നടപടിക്രമങ്ങൾ സന്ദേശങ്ങളായി ലഭിക്കും.

it-e-filing-portal1

പോർട്ടലിൽ പുതുതായി ലഭ്യമാകുന്ന സൗകര്യങ്ങൾ ഇവയെല്ലാമാണ്.

റിട്ടേൺ തയാറാക്കാൻ

സ്വതന്ത്രമായി റിട്ടേൺ തയാറാക്കാനുള്ള സോഫ്റ്റ്‌വെയർ ലഭ്യമാക്കുന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. ഐടിആർ 1, 4 (ഓൺലൈനായും ഓഫ്‌ലൈനായും), ഐടിആർ 2 (ഓഫ്‌ലൈൻ) ഫോമുകൾ അനായാസം പൂരിപ്പിക്കാൻ സോഫ്റ്റ്‌വെയർ സഹായിക്കും. ഇതിനായി നിർദേശങ്ങളും സഹായക ചോദ്യങ്ങളുമുണ്ടാകും. ഐടിആർ 3, 5, 6, 7 എന്നിവയ്ക്കുള്ള സംവിധാനം പിന്നീട് ലഭ്യമാക്കും. 

വ്യത്യസ്ത ഇൻകം ടാക്സ് ഫോമുകൾ തിരഞ്ഞെടുത്ത് ഓൺലൈനായിത്തന്നെ റിട്ടേൺ തയാറാക്കാം. ഫോമുകൾ ഡൗൺലോഡ് ചെയ്തെടുക്കാനുള്ള സൗകര്യവുമുണ്ട്. നികുതിദായകനു ശമ്പളം സംബന്ധിച്ച വിവരങ്ങൾ, വരുമാന മാർഗങ്ങൾ എന്നിവ ഉൾപ്പെടുത്തി പ്രൊഫൈൽ തയാറാക്കാം. റിട്ടേൺ നൽകുന്ന സമയത്ത് ഈ വിവരങ്ങൾ പ്രീഫില്ലിങ് ആയി ഫോമിൽ ഉൾപ്പെടുത്താനാകും. 

നികുതി അടയ്ക്കാൻ, റീഫണ്ടിന് 

നികുതി അടയ്ക്കാൻ വ്യത്യസ്ത രീതിയിലുള്ള സൗകര്യങ്ങൾ ലഭ്യമാകും. നിലവിൽ സൗകര്യം നൽകിത്തുടങ്ങിയിട്ടില്ലെങ്കിലും 18 മുതൽ ലഭ്യമാകും. നെറ്റ് ബാങ്കിങ്, യുപിഐ, ക്രെഡിറ്റ് കാർഡ്, ആർടിജിഎസ്, എൻഇഎഫ്ടി വഴി നികുതി അടയ്ക്കാൻ സൗകര്യമുണ്ടാകും. 

ടാക്സ് റീഫണ്ട് കൂടുതൽ എളുപ്പത്തിലും വേഗത്തിലും ആകും എന്നതാണ് മറ്റൊരു സൗകര്യം. നേരത്തേ തന്നെ ആദായനികുതി വകുപ്പ് റീഫണ്ട് വേഗത്തിലാക്കുന്നതിന് പല നടപടികളും സ്വീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് കൂടുതൽ മികച്ച സാങ്കേതിക സൗകര്യം കൂടി ലഭ്യമാക്കുന്നത്. നികുതിദായകന്റെ വ്യക്തിഗത വിവരങ്ങൾ നോക്കാതെ റിട്ടേണുകൾ വിലയിരുത്തി ഉടൻ റീഫണ്ട് ലഭ്യമാകുന്ന രീതിയിലാകും പ്രവർത്തനം.

ചോദിക്കൂ, പറയാം

വിപുലമായ ഹെൽപ് സെക്‌ഷൻ, പോർട്ടലിനെ കൂടുതൽ യൂസർഫ്രൻഡ്‍ലി ആക്കുന്നു. നികുതിദായകന്റെ ഏതു സംശയത്തിനും  മറുപടി നൽകാനും സേവനങ്ങൾ പ്രയാസമില്ലാതെ ലഭ്യമാക്കാനും പോർട്ടലിൽ സൗകര്യമുണ്ട്. ഇതിനായി പതിവ് ഹെൽപ് വിൻഡോയിലെ ചോദ്യോത്തരങ്ങൾക്കൊപ്പം വിവിധ സേവനങ്ങൾ ലളിതമായി പ്രതിപാദിക്കുന്ന ട്യൂട്ടോറിയൽ വിഡിയോകളുണ്ട്. ആധാറും പാനും എങ്ങനെ ലിങ്ക് ചെയ്യാം, എങ്ങനെ റിട്ടേൺ ഇ വെരിഫൈ ചെയ്യാം തുടങ്ങി പാസ്‌വേഡ് മാറ്റുന്നതു വരെയുള്ള കാര്യങ്ങൾ വിശദമാക്കുന്ന വിഡിയോകളുണ്ട്. ഇതിലേക്ക് കൂടുതൽ വിഡിയോകൾ പിന്നീട് ചേർക്കും.

ചാറ്റ് ബോട്ട് ആണ് പുതുതായി ഏർപ്പെടുത്തിയിട്ടുള്ള മറ്റൊരു സൗകര്യം. സംശയങ്ങൾ ചാറ്റ് ചെയ്യാനുള്ള സൗകര്യമാണിത്. ലൈവ് ഏജന്റ് മറുപടിയുമായി സദാസമയവുമുണ്ടാകും. ഹെൽപ്‌ലൈൻ നമ്പറുകൾ നൽകി സംശയനിവാരണത്തിനുള്ള സൗകര്യം നിലനിർത്തിയിട്ടുണ്ട്. വൈകാതെ 24 മണിക്കൂറും ലഭ്യമാകുന്ന പുതിയ കോൾ സെന്റർ സൗകര്യവും ലഭ്യമാകും. പരാതി നൽകാനുള്ള ഗ്രീവൻസ് വിൻഡോയുമുണ്ട്. പരാതികളിലെ നടപടി പുരോഗതിയും ഇവിടെ  അറിയാനാകും.

പ്രൊഫൈൽ, ലോഗിൻ

പ്രൊഫൈൽ സെക്‌ഷൻ കൂടുതൽ വിപുലമാക്കിയിട്ടുണ്ട്. ഇതിൽ വ്യക്തിഗത വിവരങ്ങൾക്കു പുറമേ ശമ്പളം അടക്കമുള്ള വരുമാനം, ഹൗസ് പ്രോപ്പർട്ടി വിവരങ്ങൾ, സ്രോതസ്സിൽ പിടിച്ച നികുതിത്തുക (ടിഡിഎസ്) തുടങ്ങിയ വിവരങ്ങൾ ചേർക്കാം. ഇത് റിട്ടേൺ ഫിൽ ചെയ്യുമ്പോൾ പ്രീഫിൽ ആയി ഉപയോഗിക്കാനാകും. 

നികുതിദായകർ തങ്ങളുടെ മൊബൈൽ നമ്പർ, ഇ മെയിൽ തുടങ്ങിയ വിവരങ്ങൾ അപ്‍ഡേറ്റ് ചെയ്യണമെന്ന് നിർദേശമുണ്ട്. പാൻ – ആധാർ ലിങ്കിങ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകൽ എന്നിവയ്ക്കും നിർദേശമുണ്ട്. വിവരങ്ങൾ പുതുക്കാൻ എഡിറ്റ് സൗകര്യമുണ്ട്. പ്രൊഫൈലിൽ നൽകേണ്ട വിവരങ്ങൾ എത്ര ശതമാനം ലഭ്യമാക്കിയിട്ടുണ്ട് എന്ന് ഓരോ യൂസർക്കും അറിയാനാകും. ഇതനുസരിച്ച് സമ്പൂർണ വിവരദായകനാകാൻ ശ്രമിക്കുകയും ചെയ്യാം. കൂടുതൽ ലോഗിൻ സുരക്ഷയും പോർട്ടൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇനിയും വരാനുണ്ട്

ഇ ഫയലിങ് പോർട്ടലിലെ മാറ്റങ്ങൾക്കു പിന്നാലെ നികുതിദായകർക്കായി  പുതിയ മൊബൈൽ ആപ് തയാറാകുന്നുണ്ട്. റിട്ടേൺ പുരോഗതി വിവരങ്ങളും ആദായനികുതിയുമായി ബന്ധപ്പെട്ട സന്ദേശങ്ങളും കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ ആപ് സഹായിക്കും. 24 മണിക്കൂർ കോൾ സെന്ററാണ് വരാനുള്ള മറ്റൊരു സേവനം. പുതിയ ഇ ഫയലിങ് പോർട്ടലിനെ നേരിട്ടറിയാം: www.incometax.gov.in 

English Summary: New Income Tax e-filing portal: ITR e-filing 2.0 portal link, features, benefits – all details here

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA