ADVERTISEMENT

2017- ലെ പാർട്ടി കോൺഗ്രസിനു മുന്നോടിയായി ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവയിൽ ഒരു ലേഖനം പ്രത്യക്ഷപ്പെടുന്നു. ആ ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇവയാണ്– ‘പാശ്ചാത്യ ജനാധിപത്യം സംഘർഷഭരിതവും ദുരിതപൂർണവുമാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള പാശ്ചാത്യ ജനാധിപത്യത്തിന് കാലപ്പഴക്കത്തിനനുസൃതമായ അവശതകളുണ്ട്. ലോകത്തിതുവരെ ഉണ്ടായിട്ടുള്ള സംഘർഷങ്ങളെ കൂടുതൽ രൂക്ഷമാക്കുവാനേ പാശ്ചാത്യ ജനാധിപത്യത്തിനു കഴിഞ്ഞിട്ടുള്ളൂ. ഈ ഭരണ സംവിധാനം ജനങ്ങളെ ഭിന്നിപ്പിക്കുകയും അസ്ഥിരത സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാൽ പരാജയപ്പെട്ട, തികച്ചും ന്യൂനതകൾ മാത്രമുള്ള  ഈ പഴഞ്ചൻ ജനാധിപത്യ സംവിധാനമല്ല ചൈനയുടേത്. ചൈനയുടെ ഭരണവ്യവസ്ഥ രാജ്യത്തിലെ ജനങ്ങളെ ഒത്തൊരുമയോടെ മുന്നോട്ടു കൊണ്ടുപോകുന്നു. പാശ്ചാത്യ നാടുകളിലുള്ളതുപോലുള്ള കലാപങ്ങൾ ചൈനയിലില്ല. സൗഹാർദ്ദവും  ഒത്തൊരുമയും നിറഞ്ഞ സമൂഹവും ജനക്ഷേമ ഭരണസംവിധാനവുമാണ് ചൈനയുടേത്.’

2019- ൽ ലോകമാകമാനം സമൂഹ മാധ്യമങ്ങളിൽ ഒരു വിഡിയോ പ്രത്യക്ഷപ്പെട്ടു. ഒരു റെയിൽവേ സ്റ്റേഷൻ പരിസരത്ത് തടവുകാരെന്നു തോന്നിപ്പിക്കുന്ന നൂറുകണക്കിന് ആൾക്കാരെ ഇരുത്തിയിരിക്കുന്നു. സുരക്ഷാ സൈനികർ കാവൽ നിൽക്കുന്നുണ്ട്. തടവുകാരുടെ ശിരസ്സ് മുണ്ഡനം ചെയ്തിരുന്നു. നീലയും വെള്ളയും കലർന്ന വസ്ത്രങ്ങൾ ധരിച്ചിരുന്ന അവരുടെ കൈകൾ പിന്നിൽ കൂട്ടിക്കെട്ടി, കണ്ണുകൾ മൂടിക്കെട്ടി തലകുമ്പിട്ട അവസ്ഥയിലായിരുന്നു. സൈനികർ അവരിൽ ചിലരെ നിരനിരയായി ട്രെയിനിലേക്ക് കയറ്റുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിയിരുന്നു. ഒരു ജനതയെ കൂട്ടത്തോടെ അടിമകളാക്കി എവിടേക്കോ കൊണ്ടുപോകുന്ന പ്രതീതിയാണ് ആ വിഡിയോ സൃഷ്ടിച്ചത്.

വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ അതെവിടെ നിന്നുള്ളതാണെന്ന അന്വേഷണവും ആരംഭിച്ചു. അതിൽ നിർണായക തെളിവുകൾ പുറത്തു വിട്ടത് നഥാൻ റസർ എന്ന ഓസ്ട്രേലിയൻ ഗവേഷകനായിരുന്നു. അതിരടയാളങ്ങളും സൂര്യന്റെ സ്ഥാനവുമൊക്കെ ശാസ്ത്രീയമായി വിശകലനം ചെയ്ത ശേഷം റസർ വ്യക്തമായ ചില നിഗമനങ്ങളിൽ എത്തി– വിഡിയോ ചൈനയിൽ നിന്നാണ്. ചൈനയിലെ സിൻജിയാങ് പ്രവിശ്യയുടെ തെക്ക് കിഴക്ക് ഭാഗത്തുള്ള കോർല റെയിൽവേ സ്റ്റേഷനാണ് വിഡിയോയിൽ കാണുന്നത്. ഈ പ്രവിശ്യ  ഉയിഗുർ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണ്. ആ പ്രദേശത്തുനിന്നും തടവിലാക്കപ്പെട്ട ഉയിഗുർ മുസ്‌ലിംകളെ ഏതോ ക്യാംപിലേക്കു കൊണ്ട് പോകുന്ന ദൃശ്യങ്ങളാണത്.

ചൈനയിലെ ഉയിഗുർ മുസ്‌ലിംകൾ നിരന്തരമായി ക്രൂര പീഡനങ്ങൾ ഏറ്റുവാങ്ങുകയാണെന്ന ആരോപണങ്ങൾ മനുഷ്യാവകാശ സംഘടനകൾ ഉയർത്തിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് ഈ വിഡിയോ പുറത്തു വന്നത്. തുടർന്ന് അമേരിക്ക വിഷയം രാജ്യാന്തര വേദികളിലുയർത്തിയെങ്കിലും ചൈന ആരോപണങ്ങളെ പരിഹസിച്ചു തള്ളിക്കളയുകയായിരുന്നു. 2017- ലെ പാർട്ടി കോൺഗ്രസിനു മുന്നോടിയായി സിൻഹുവയിൽ പ്രഖ്യാപിച്ചതിന്റെ ആവർത്തനമാണ് ഈ അവസരത്തിലും ചൈന നടത്തിയത് – ‘രാജ്യത്ത് ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നില്ല. എല്ലാ വിഭാഗം ജനങ്ങളും തുല്യരാണ്. ചൈനയിലെ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുവാൻ തടവറകളില്ല. ഉയിഗുർ മുസ്‌ലിംകൾക്ക് മികച്ച വിദ്യാഭ്യാസവും തൊഴിലും നൽകുന്നതിനുള്ള പരിശീലന കേന്ദ്രങ്ങളാണ് ചൈനയിലുള്ളത്’. എന്നാൽ ചൈനയുടെ ഉയിഗുർ മുസ്‌ലിം പീഡനങ്ങളെ യുഎൻ മനുഷ്യാവകാശ സമിതി ചർച്ചയ്ക്കെടുക്കുകയും വംശീയ വിവേചനങ്ങൾക്ക് എതിരായ യുഎൻ കമ്മിറ്റി (സിആർഡി) ശക്തമായ ഭാഷയിൽ അപലപിക്കുകയുമാണ് ചെയ്തത്.

(Photo: OZAN KOSE / AFP)
(Photo: OZAN KOSE / AFP)

എല്ലാ ജനവിഭാഗങ്ങളും തുല്യതയോടെ കഴിയുന്ന ജനതയാണ് ചൈനയിലേത് എന്ന, ആ രാജ്യത്തിലെ ഭരണകൂടത്തിന്റെ അവകാശ വാദത്തിൽ കഴമ്പുണ്ടോ? ആരാണ് ഉയിഗുർ വംശജർ എന്നറിയപ്പെടുന്ന പീഡിത ന്യൂനപക്ഷം? എന്തുകൊണ്ട് ഉയിഗുർ ജനത എപ്പോഴും ലോകമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നു? ഏകകക്ഷി ഭരണത്തിന്റെ കാൽക്കീഴിൽ വായ്മൂടിക്കെട്ടി ജീവിക്കുവാൻ വിധിക്കപ്പെട്ടവരാണോ ഉയിഗുർ ജനത?

ചൈനയിലെ വടക്കു പടിഞ്ഞാറൻ ഭാഗത്തെ ഒരു പ്രദേശമാണ് സിൻജിയാങ്. ഇവിടുത്തെ ജനസംഖ്യയിൽ ഭൂരിപക്ഷവും ഉയിഗുർ മുസ്‌ലിംകളായതിനാൽ ഉയിഗുർ സ്വയംഭരണ പ്രദേശമായാണ് ഈ ഭൂപ്രദേശം അറിയപ്പെടുന്നത്. ചൈനയുടെ ആറിലൊന്ന് വിസ്തൃതിയുള്ള ഈ പ്രദേശം പ്രകൃതിവാതകം, കൽക്കരി തുടങ്ങിയവയാൽ സമ്പന്നമാണ്. കസഖിസ്ഥാൻ, ടിബറ്റ്, ഇന്ത്യയിലെ ലേ, കിർഗിസ്ഥാൻ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സിൻജിയാങ്ങിലെ മുസ്‌ലിംജനത തുർക്കി വംശജരാണ്. തനതു സംസ്കാരത്തിനുള്ളിൽ നിന്നുകൊണ്ട് രാജഭരണത്തിന് വിധേയരായി  കഴിഞ്ഞിരുന്ന ഈ ജനത രാജഭരണം തകർന്നതോടെ സ്വതന്ത്രരാകുവാനാണ് ആഗ്രഹിച്ചത്. എന്നാൽ 1949 ൽ ഇവർ ചൈനയുടെ അധിനിവേശത്തിന് അടിമപ്പെടുകയായിരുന്നു.

(Photo: OZAN KOSE / AFP)
(Photo: OZAN KOSE / AFP)

കമ്യൂണിസ്റ്റ് ചൈനയിൽ അംഗീകൃത മതങ്ങളായി ഭരണകൂടം നിശ്ചയിച്ചിരിക്കുന്നത് താവോയിസം, ചൈനീസ് ബുദ്ധിസം, പ്രൊട്ടസ്റ്റന്റിസം, കാത്തലിസം, ഇസ്‌ലാം എന്നിവയെയാണ്. ചൈനയിലെ എല്ലാ മതങ്ങളും കമ്യൂണിസ്റ്റ് ആശയങ്ങളുമായി പൊരുത്തപ്പെട്ടു പോകണം എന്ന കാര്യത്തിൽ ഭരണകൂടത്തിന് നിർബന്ധമുണ്ട്. അതു പാലിക്കപ്പെട്ടില്ല എന്ന് ബോധ്യപ്പെട്ടാൽ കർക്കശ നടപടികൾക്ക് വിശ്വാസികൾ വിധേയരാകേണ്ടി വരും. ഇതിൽ ഉയിഗുർ പ്രദേശത്തെ മുസ്‌ലിംകളാകട്ടെ തങ്ങളുടെ പ്രത്യേക മതപാരമ്പര്യങ്ങളും സംസ്കാരവും പിന്തുടരുവാൻ താല്പര്യപ്പെടുന്നവരാണ്. തങ്ങളുടെ വേറിട്ട സംസ്കാരത്തിന് അവർ ഏറെ പ്രാധാന്യം നൽകുന്നു. ചൈനയിലേക്ക് ഈ ഭൂപ്രദേശം കൂട്ടിച്ചേർക്കപ്പെടുമ്പോൾത്തന്നെ ശക്തമായ പ്രതിഷേധങ്ങൾ സിൻജിയാങ്ങിന്റെ പല ഭാഗങ്ങളിലും അലയടിച്ചെങ്കിലും അധിനിവേശ ചൈനീസ് ഭരണകൂടം അവയെല്ലാം അടിച്ചമർത്തുകയാണുണ്ടായത്. സ്വയംഭരണ പ്രദേശമെന്ന ആലങ്കാരിക പദവി നൽകി ഉയിഗുറുകളെ അടക്കി നിർത്തുവാൻ ചൈന അന്നു മുതലേ ശ്രമിച്ചുവെങ്കിലും ആ ജനതയുടെ അസ്തിത്വബോധത്തെ തകർക്കുവാൻ അത് പര്യാപ്തമായിരുന്നില്ല.

ചൈനീസ് അധിനിവേശത്തിനുശേഷം പ്രകൃതിവാതക ഉൽപാദന, കൽക്കരി ഖനന, കൃഷി മേഖലകളിൽ ഉയിഗുറുകൾക്കുണ്ടായിരുന്ന മേൽക്കോയ്മ നഷ്ടപ്പെട്ടു. അതിനൊരു കാരണവുമുണ്ടായിരുന്നു. ഉയിഗുർ വംശജരെ പാർശ്വവൽക്കരിക്കുവാനായി ചൈന ഭൂരിപക്ഷ ജനവിഭാഗമായ ഹാൻ വംശജരെ 1950 കളിൽ തന്നെ ഈ മേഖലയിലേക്ക് കൊണ്ടുവന്നിരുന്നു. ഹാൻ വംശജരുടെ സാമ്പത്തിക, സാമൂഹിക പുരോഗതിക്കായി ചൈനീസ് സർക്കാർ എല്ലാ സഹായസഹകരണങ്ങളും നൽകി. അതോടെ ഹാൻ വംശജർ ഈ മേഖലയിൽ അധീശത്വം നേടുകയും ചെയ്തു. തങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തിനും സാമൂഹിക സുരക്ഷിതത്വത്തിനും ഹാൻ വംശജർ ഭീഷണിയാണെന്ന് ഉയിഗുർ ജനതയ്ക്ക് മനസ്സിലായതോടെ ഉയിഗുർ വംശജരും ഹാൻ വംശജരും തമ്മിലുള്ള സംഘർഷങ്ങൾ നിത്യസംഭവങ്ങളായി മാറി. ആ സംഘർഷങ്ങൾ ചൈനീസ് ഭരണകൂടം ആഗ്രഹിച്ച അനിവാര്യതയായിരുന്നു. സംഘർഷങ്ങളുടെ പേരു പറഞ്ഞ് ഉയിഗുർ വംശജരെ ഭരണകൂടം നിരന്തരം വേട്ടയാടി. ഇതോടെ നിരവധി ഉയിഗുർ വംശജർ കൊല ചെയ്യപ്പെടുകയോ ജയിലിലടയ്ക്കപ്പെടുകയോ ചെയ്തു. ചൈനയുടെ ഈ ഏകപക്ഷീയ നടപടികൾ ഉയിഗുർ ജനതയെ മുഖ്യധാരയിൽനിന്നു കൂടുതൽ അകറ്റുവാനേ ഉപകരിച്ചുള്ളൂ. ഏകകക്ഷി ഏകാധിപത്യ ഭരണമുള്ള ചൈനയിൽ വിമതസ്വരങ്ങൾക്ക് നേരേ അനുനയത്തിന്റെ കരങ്ങൾ ഒരിക്കലും നീളാറില്ല. അടിച്ചൊതുക്കലും ഉന്മൂലനവുമാണ് അവർക്ക് ആയാസരഹിതവും മുഖ്യവുമായ പരിഹാരമാർഗ്ഗം. വളരെ ആസൂത്രിതമായി അവർ അത് നടപ്പിൽവരുത്തിത്തുടങ്ങിയതോടെയാണ് ഉയിഗുർ ജനത ദേശവിരുദ്ധ തീവ്രവാദികൾ എന്ന പരിവേഷത്തിന് അടിമപ്പെട്ടത്. ചൈന ആസൂത്രിതമായി കൽപിച്ചു കൊടുത്തൊരു പരിവേഷമായിരുന്നു അത്.

ഹാൻ വംശജരെ ഉയിഗുർ മേഖലകളിൽ കുടിയിരുത്തുന്നതും ഉയിഗുറുകൾക്കെതിരെ നിഷ്ക്കരുണമായ പീഡന പരമ്പര ആരംഭിക്കുന്നതും മാവോയുടെ കാലം മുതലാണ്. അതിർത്തി പ്രദേശമായ സിൻജിയാങ്ങിലെ ജനത ചൈനയുടെ സ്വാഭാവിക സാംസ്കാരികതയുമായി ഇഴുകിച്ചേർന്നു ജീവിക്കുന്നവരല്ലെന്ന് മാവോയ്ക്ക് അറിയാമായിരുന്നു. സിൻജിയാങ്ങിലും കമ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മാവോയ്ക്ക് ബോധ്യമുണ്ടായിരുന്നു. 1950 ൽത്തന്നെ മാവോ ഭരണകൂടം മുസ്‌ലിം പള്ളികൾ വ്യക്തിഗത തർക്കങ്ങളിലും നിയമ തർക്കങ്ങളിലും ഇടപെടുന്നത് തടഞ്ഞുകൊണ്ട് ഉത്തരവിറക്കി. അതുവരെ ഉയിഗുർ സാമൂഹിക ജീവിതത്തെ നിയന്ത്രിച്ചിരുന്ന ഇസ്‌ലാമിക കോടതികളും നിരോധിച്ചു. പള്ളികളിലെ ആരാധന നിരോധിച്ച് അവയെ പാർട്ടി ഓഫിസുകളാക്കി. ഉയിഗുർ ഭാഷയുടെ അന്തഃസത്ത കെടുത്തുവാൻ ആ ഭാഷയ്ക്ക് ലാറ്റിൻ ലിപികൾ നിർബന്ധപൂർവം അടിച്ചേൽപ്പിച്ചു. വഖഫ് സ്വത്തുവകകൾ സർക്കാരിലേക്ക് കണ്ടുകെട്ടി. മാവോയുടെ ഈ ഏകപക്ഷീയ നടപടികൾ ഉയിഗുർ ജനതയ്ക്ക് ഉൾക്കൊള്ളുവാൻ കഴിയുന്നതായിരുന്നില്ല. കടുത്ത പ്രതിഷേധമുയർന്നെങ്കിലും നിഷ്കരുണം അടിച്ചമർത്തപ്പെട്ടു. തുടർന്ന് ഉയിഗുർ ജനതയെ ചൈനീസ് കമ്യൂണിസ്റ്റ്  പാർട്ടിയുടെ തത്വങ്ങളിൽ അധിഷ്ഠിതമായ ദേശീയധാരയിൽ വളർത്തിയെടുക്കുവാനായുള്ള ബൃഹത്തായ പദ്ധതി ആരംഭിച്ചു.  ആ പദ്ധതി പ്രകാരമാണ് ഹാൻ വംശജരെ സിൻജിയാങ്ങിൽ‌ എത്തിച്ചത്. ഹാൻ വംശജരുമായി ചേർന്ന് ദേശീയ ധാരയിലേക്ക് ചേരുക. അല്ലാത്തവരെ പാർശ്വവൽക്കരിച്ച് പീഡനങ്ങൾക്ക് വിധേയരാക്കുക, മാറ്റമില്ലാതെ നിലകൊള്ളുന്നവരെ ഉന്മൂലനം ചെയ്യുക എന്നതായിരുന്നു ഈ കുടിയേറ്റ നയത്തിന്റെ കാതൽ. ഈ പദ്ധതി പ്രകാരം മുൻ സൈനികർ, കടുത്ത കമ്യൂണിസ്റ്റ് പ്രവർത്തകർ, പാർട്ടി അനുഭാവികൾ, വ്യാപാര വ്യവസായ കാർഷിക മേഖലകളിൽ താൽപര്യമുള്ളവർ തുടങ്ങിയവരെ സിൻജിയാങ്ങിലേക്ക് തിരഞ്ഞു പിടിച്ച് ആനയിച്ചു.

(Photo: GEOFFROY VAN DER HASSELT / AFP)
ഉയിഗുർ ജനതയെ പിന്തുണയ്ക്കുന്നതിനായി പാരീസിലെ ചൈനീസ് എംബസിയുടെ മതിലിൽ ബാനർ പതിച്ചിരിക്കുന്നു. (Photo: GEOFFROY VAN DER HASSELT / AFP)

മാവോയുടെ കാലശേഷം ഉയിഗുറുകളോടുള്ള ഭരണകൂടത്തിന്റെ സമീപനങ്ങളിൽ അനുകൂലപരമായ മാറ്റം വന്നു.  ഉയിഗുറുകൾക്കെതിരെയുള്ള കർക്കശ നടപടികൾ ഒന്നൊന്നായി പിൻവലിച്ചതോടെ ആ ജനതയ്ക്ക് നഷ്ടപ്പെട്ട സ്വാതന്ത്ര്യങ്ങൾ കിട്ടിത്തുടങ്ങി. അടച്ചിട്ടിരുന്ന പള്ളികളിൽ ആരാധനകൾ പുനഃസ്ഥാപിക്കപ്പെട്ടു. തീർഥാടനങ്ങൾക്കുള്ള സ്വാതന്ത്ര്യവും തിരിച്ചു കിട്ടി. സാംസ്കാരിക രംഗത്തും മാറ്റങ്ങൾ പ്രകടമായി. ഉയിഗുർ ഭാഷയിൽ നിരവധി സർഗ്ഗാത്മക സൃഷ്ടികൾ പ്രസിദ്ധീകരിക്കുവാൻ കഴിഞ്ഞു. മാത്രവുമല്ല നിരോധിക്കപ്പെട്ട അറബ് ഭാഷാ ലിപി ആ ജനതയ്ക്ക് തിരിച്ചു ലഭിക്കുകയും ചെയ്തു. എന്നാൽ പുനരുണർവ്വിന്റെ ഈ കാലം അധികനാൾ നീണ്ടുനിന്നില്ല. 1989-ലെ ടിയാനൻമെൻ പ്രക്ഷോഭത്തെ തുടർന്ന് ഉയിഗുറുകൾ വീണ്ടും സംശയത്തിന്റെ നിഴലിലായി. അധ്യാപകരുടെയും സാംസ്കാരിക നായകന്മാരുടെയും പൗരസമൂഹത്തിന്റെയും പിന്തുണയോടെ ടിയാനൻമെൻ സ്ക്വയറിൽ വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭത്തിന് പങ്കാളിത്തവും പിന്തുണയും ഉയിഗുറുകളുടെ ഭാഗത്തുനിന്നുമുണ്ടായിരുന്നു എന്ന വിശ്വാസത്തിൻമേൽ ചൈന വീണ്ടും സിൻജിയാങ് പ്രദേശത്ത് ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആരാധനാലയങ്ങൾക്ക് കർക്കശ നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തുകയും ജനങ്ങളുടെ ഒത്തുചേരലുകൾക്കെല്ലാം നിരോധനമേർപ്പെടുത്തുകയും ചെയ്തു. 2001 വേൾഡ് ട്രേഡ് സെന്റർ ആക്രമണവും ഉയിഗുറുകളുടെ നില കൂടുതൽ പരുങ്ങലിലാക്കി. ഈ ആക്രമണത്തെ തുടർന്ന് ഉയിഗുറുകൾ എല്ലാം തീവ്രവാദികളാണെന്ന നിലപാടാണ് ചൈന സ്വീകരിച്ചത്.

ആ കാലത്ത് ലോകത്താകമാനമായി ഉയർന്നു വന്ന തീവ്ര ഇസ്‌ലാമിക ഭയത്തെ മറയാക്കിക്കൊണ്ട് ഉയിഗുർ മേഖലയിലെ ജനങ്ങൾ ഒന്നടങ്കം തീവ്രവാദികളാണെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് അവരെ നിരന്തരം വേട്ടയാടി. ഇതിനെതിരെ ഉയർന്ന രാജ്യാന്തര പ്രതിഷേധങ്ങളെ മത തീവ്രവാദം എന്ന മുനകൊണ്ട് ചൈന നേരിട്ടു. ഉയിഗുറുകൾക്കുവേണ്ടിയുള്ള അന്നത്തെ പ്രതിഷേധ സ്വരങ്ങൾ വേൾഡ് ട്രേഡ് സെന്റർ ആക്രമണം സൃഷ്ടിച്ച ഭയത്തിന്റെ മുനമ്പിൽ തികച്ചും ദുർബലമാകുകയാണ് ചെയ്തത്. രാജ്യാന്തര മാധ്യമ ശ്രദ്ധകളിൽ നിന്നുപോലും ഉയിഗുറുകൾ അനുഭവിക്കുന്ന പീഡനങ്ങൾ അകന്നുപോയി. തീവ്രവാദ നിർമാജനം എന്ന പേരുപറഞ്ഞു ഉരുക്കുമറക്കുള്ളിൽ ഉയിഗുർ ജനതയെ പൂർണമായും ഉന്മൂലനം ചെയുന്ന ചൈനയുടെ അജൻഡയ്ക്ക് മറുപടികൊടുക്കുവാൻ കെൽപ്പുള്ള നേതാക്കളും അന്ന് ലോകത്തില്ലാതെ പോയി.

(ലേഖകന്റെ അഭിപ്രായങ്ങൾ വ്യക്തിപരം)

English Summary: Special series on China Uighur Muslims - Part-1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com