ADVERTISEMENT

ന്യൂഡൽഹി∙ ബിജെപിയിൽനിന്ന് തൃണമൂൽ കോൺഗ്രസിലേക്ക് തിരികെയെത്തിയ ബംഗാൾ നേതാവും എംഎല്‍എയുമായ മുകുൾ റോയിയുടെ സെഡ് കാറ്റഗറി സുരക്ഷ പിന്‍വലിച്ചു. മുകുൾ റോയിയുടെ സുരക്ഷച്ചുമതലയിൽനിന്ന് പിന്മാറാന്‍ സെന്‍ട്രൽ റിസർവ് പൊലീസിന് (സിആർപിഎഫ്) കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, മുകുൾ റോയ് തന്നെയാണ് തന്റെ സെഡ്–കാറ്റഗറി സുരക്ഷ പിൻവലിക്കാന്‍ ആവശ്യപ്പെട്ടതെന്ന് റിപ്പോർട്ടുണ്ട്. തൃണമൂൽ കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറി എന്ന പദവിയിൽനിന്ന് നീക്കിയതിൽ പ്രതിഷേധിച്ചാണ് മുകുൾ ബിജെപിയിലേക്ക് പോയത്. 2017 നവംബറില്‍ ടിഎംസി വിട്ട മുകുളിനെ ബിജെപി അവരുടെ ദേശീയ വൈസ് പ്രസിഡന്റാക്കിയിരുന്നു. അതിനു പിന്നാലെ വൈ പ്ലസ് സുരക്ഷ നല്‍കി. തുടർന്ന് സെഡ് കാറ്റഗറിയിലെ രണ്ടാം നിര സുരക്ഷയിലേക്ക് ഉയർത്തിയത്. 22–24 സിആർപിഎഫ് ആയുധധാരികളായ കമാൻഡോകളാണ് മുകുളിനൊപ്പമുണ്ടായിരുന്നത്.

മുകുളിനു പുറമെ മകൻ ശുഭ്രാൻസുവിന് നൽകിയിരുന്ന സുരക്ഷയും പിൻവലിച്ചിട്ടുണ്ട്. സംസ്ഥാന പൊലീസിന്റെ സുരക്ഷയാകും ഇരുവർക്കും ഇനി ലഭിക്കുക.

മമതയെ നന്ദിഗ്രാമിൽ തോൽപിച്ച പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്ക് തന്നേക്കാളും പ്രധാന്യം ലഭിച്ചത് മുകുളിനെ അസ്വസ്ഥനാക്കിയിരുന്നു. ബിജെപിയിൽ തനിക്കു ശ്വാസംമുട്ടുന്നുവെന്നു മുകുൾ അടുപ്പക്കാരോടും സൂചിപ്പിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ വേണ്ടത്ര പ്രാധാന്യം അദ്ദേഹത്തിനു ബിജെപി നൽകിയില്ല. ഇതോടെയാണ് തിരികെ ടിഎംസിയിലേക്കെത്താൻ മുകുൾ റോയിയെ പ്രേരിപ്പിച്ചത്.

English Summary: Centre Withdraws Mukul Roy's 'Z-Category' Security Cover: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com