ADVERTISEMENT

‘പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ...’ – ‘രാക്കുയിലിൻ രാഗസദസ്സിൽ’ എന്ന ചിത്രത്തിനായി എസ്.രമേശൻ നായർ രചിച്ച വരികൾ. കുടുംബത്തിൽ പ്രകാശമേറ്റുന്ന സ്ത്രീസാന്നിധ്യം ഇത്ര മധുരിതമാർന്ന തരത്തിൽ കുറിച്ചിട്ട മറ്റൊരു ഗാനം മലയാളത്തിലില്ല. ലാളിത്യമാർന്ന കാവ്യഭംഗിയിൽ മനംപിടിച്ചടക്കുന്ന 450 ലേറെ ചലച്ചിത്രഗാനങ്ങൾക്കും അതിലുമിരട്ടി ഭക്തിഗാനങ്ങൾക്കും തൂലിക ചലിപ്പിച്ചാണ് എസ്.രമേശൻ നായർ വിടപറയുന്നത്.

‘ചന്ദനം മണക്കുന്ന പുന്തോട്ടം...’ (അച്ചുവേട്ടന്റെ വീട് ). ‘ഒരു പൂവിരിയുന്ന സുഖമറിഞ്ഞു...’ (വിചാരണ), ‘ദേവസംഗീതം നീയല്ലേ...’ (ഗുരു), ‘ഓ.. പ്രിയേ, പ്രിയേ നിനക്കൊരു ഗാനം...’(അനിയത്തിപ്രാവ്), ‘നീയെൻ കിനാവോ...’(ഹലോ മൈ ഡിയർ റോങ് നമ്പർ), ‘പുതുമഴയായി വന്നൂ നീ...’ (ആകാശഗംഗ), ‘എത്ര പൂക്കാലമിനിയെത്ര മധുമാസമതിലെത്ര നവരാത്രികളിലമ്മേ..’ (രാക്കുയിലിൻ രാഗസദസ്സിൽ) തുടങ്ങി ആസ്വാദകർ നെഞ്ചേറ്റുന്ന നിരവധി ഗാനങ്ങളുണ്ട് എസ്.രമേശൻ നായരുടേതായി. ഗാനരചയിതാവ്, റേഡിയോ പ്രക്ഷേപകൻ, തിരക്കഥാകൃത്ത്, കവി, കഥാകൃത്ത്‌ തുടങ്ങി വിവിധ രംഗങ്ങളിൽ കയ്യൊപ്പു പതിപ്പിച്ച ശേഷമാണ് മഹാമാരിയുടെ കാലത്ത് പൊടുന്നനെയുള്ള ഈ വിടവാങ്ങൽ.

വിവാദക്കൊടുങ്കാറ്റായ ‘ശതാഭിേഷകം’

മലയാണ്മയുറപ്പിച്ച വരികളിൽ ശ്രദ്ധേയനാകുന്നതിനിടെയാണ് കേരളത്തിലുടനീളം രാഷ്ട്രീയക്കൊടുങ്കാറ്റുയർത്തിയ ഒരു വിവാദരചന രമേശൻ നായരുടേതായി വരുന്നത്. 1994 ലായിരുന്നു അത്. അന്ന് ആകാശവാണിയിൽ ഉദ്യോഗസ്ഥനായിരുന്ന രമേശൻ നായർ രചിച്ച നാടകമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.

അഖില കേരള റേഡിയോ നാടകോത്സവത്തിലേക്ക് തിരുവനന്തപുരം നിലയത്തിൽ നിന്ന് അവതരിപ്പിച്ച നാടകമായിരുന്നു ‘ശതാഭിഷേകം’. പെട്ടെന്ന് അവതരിപ്പിക്കേണ്ട നാടകമായിരുന്നതിനാൽ ഒറ്റദിവസം കൊണ്ടാണ് താൻ ആ നാടകമെഴുതിയതെന്ന് പിന്നീട് രമേശൻ നായർ തന്നെ പറഞ്ഞിട്ടുണ്ട്.

തറവാട്ടിലെ കസേരയൊഴി‍ഞ്ഞുകൊടുക്കാത്ത കിട്ടുമ്മാവനും മാനസികവളർച്ചയില്ലാത്ത മകൻ കിങ്ങിണിക്കുട്ടനുമായിരുന്നു അതിലെ പ്രധാന കഥാപാത്രങ്ങൾ. കെ.എസ്.റാണാ പ്രതാപന്റെ സംവിധാനത്തിൽ അവതരിപ്പിച്ച ഹാസ്യരസപ്രധാനമായ നാടകത്തിൽ കടന്നെത്തിയ കവിതകൾക്ക് സംഗീതം നൽകിയത് അന്ന് ആകാശവാണിയിലെ ഉദ്യോഗസ്ഥനായിരുന്ന സംഗീത സംവിധായകൻ എം.ജി.രാധാകൃഷ്ണനും. എന്നാൽ താൻപോലും ഉദ്ദേശിക്കാത്ത തലങ്ങളിലാണ് ആ രചന വിവാദത്തേരേറിയതെന്നു രമേശൻ നായർ പിന്നീട് പറഞ്ഞു.

കെ.കരുണാകരൻ മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് കോൺഗ്രസിൽ തർക്കം രൂക്ഷമായ കാലം കൂടിയായിരുന്നു അത്. ‘തിരുത്തൽവാദികൾ’ എന്നറിയപ്പെട്ട യുവനേതാക്കളുടെ സംഘം കോൺഗ്രസിൽ ലീഡർക്കെതിരെ മുഖാമുഖം നിലയുറപ്പിച്ച കാലം. ആകാശവാണിയിൽ വന്ന ഈ നാടക സന്ദർഭം അക്കാലത്തെ രാഷ്ട്രീയവുമായി ചിലർ ചേർത്തുവെച്ചതോടെയാണ് വിവാദം കൊടുമുടിയേറിയത്. നെടുമുടിവേണു, ജഗന്നാഥൻ, ആറന്മുള പൊന്നമ്മ തുടങ്ങിയവരായിരുന്നു നാടകത്തിനു ശബ്ദസാന്നിധ്യമായത്. മുഖ്യമന്ത്രിയേയും മകനെയും കളിയാക്കുന്നതെന്നു സൂചിപ്പിച്ച് ചില നേതാക്കൾ കൂടി ഈ നാടകം ഉയർത്തിയതോടെ സംസ്ഥാനത്തെങ്ങും ഇത് വിവാദമായി മുഴങ്ങി.

ജന്മനാടായ നാഞ്ചിനാട്ടിലെ ഒരു കാരണവരെയും കുടുംബത്തെയും വരച്ചിടുകയായിരുന്നു നാടകത്തിലൂടെ താൻ ചെയ്തതെന്ന് രമേശൻ നായർ പിന്നീട് തുറന്നുപറഞ്ഞു. ബോധപൂർവമല്ലായിരുന്നു ആ നാടകത്തിലെ കഥാപാത്ര അവതരണമെന്ന് ഔദ്യോഗിക തലത്തിൽ രമേശൻ നായർ വാദിച്ചെങ്കിലും അതൊന്നും വിലപ്പോയില്ല. ആൻഡമാനിലേക്ക് സ്ഥലംമാറ്റമായിരുന്നു ഫലം. ഔദ്യോഗികരംഗത്തെ ഒറ്റപ്പെടുത്തൽ വേദനിപ്പിച്ചതോടെ അദ്ദേഹം ആകാശവാണിയിൽ നിന്ന് സ്വയം വിരമിച്ചു.

പ്രോഗ്രാം പ്രൊഡ്യൂസിങ് വിഭാഗത്തിന്റെ ചുമതലയിലിരിക്കെ 12 വർഷം കൂടി സർവീസ് ശേഷിക്കെയായിരുന്നു ‘ശതാഭിഷേക’ത്തിന്റെ പേരിലെ ഈ പടിയിറക്കം. ‘ശതാഭിഷേകം’ പിന്നീട് പുസ്തകരൂപത്തിൽ പുറത്തിറങ്ങിയപ്പോൾ ആയിരക്കണക്കിനു കോപ്പികളാണ് നാടെങ്ങും വിറ്റഴിഞ്ഞത്. രണ്ടു ദിവസം കൂടുമ്പോൾ പുതിയ പതിപ്പ് അച്ചടിച്ചിറക്കുകയെന്ന അപൂർവതയും ‘ശതാഭിഷേകം’ കുറിച്ചു. ഒരു മാസത്തിനുള്ളില്‍ വിറ്റത് 25,000-ത്തിലധികം കോപ്പി.

പിന്നീട് കെ.കരുണാകരനും രമേശൻ നായരും നിറമനസ്സോടെ ഒന്നിച്ച കാഴ്ചയ്ക്കും ഗുരുവായൂർ ക്ഷേത്രപരിസരം വേദിയായി. ഗുരുവായൂരപ്പന്റെ തികഞ്ഞ ഭക്തന്മാരായിരുന്ന ഇരുവരെയും കാലം ഒന്നിപ്പിച്ച കാഴ്ച. രമേശൻ നായരുടെ ഒരു സംഗീത ആൽബം ഗുരുവായൂരിൽ പിന്നീട് പുറത്തിറക്കിയതും കെ.കരുണാകരൻ തന്നെ. രമേശൻ നായർ എഴുതിയ കൃഷ്ണഭക്തിഗാനങ്ങളാണ് തനിക്കേറെ ഇഷ്ടമെന്ന് ഗുരുവായൂരപ്പന്റെ പ്രശസ്ത ഭക്തരിൽ ‘ലീഡറാ’യ കരുണാകരൻ തന്നെ പിന്നീട് പറഞ്ഞു. ‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ...’ എന്ന ഗാനമാണ് അതിൽ ഏറെ ഇഷ്ടമെന്നും.

ഭക്തിരസമേറിയ ‘മയിൽപ്പീലി’

മലയാളത്തിലെ ഭക്തിഗാന ആൽബങ്ങളിൽ പഴക്കമേറുംതോറും പ്രിയമേറുന്ന ഒരു ക്ലാസിക് ആൽബമാണ് ‘മയിൽപ്പീലി’. ജയവിജയന്മാരിൽ ജയന്റെ സംഗീതത്തിൽ ‘തരംഗിണി’ പുറത്തിറക്കിയ ഈ ആൽബത്തിലെ ഒൻപതു ഗാനങ്ങളും ആലപിച്ചത് ഗാനഗന്ധർവൻ യേശുദാസും.

‘രാധതൻ പ്രേമത്തോടാണോ കൃഷ്ണാ...’ , ‘അണിവാകച്ചാർത്തിൽ ഞാൻ...’, ‘ചന്ദനചർച്ചിതനീലകളേബരം...’, ‘ചെമ്പൈക്കു നാദം നിലച്ചപ്പോൾ...’, ‘ഗുരുവായൂരപ്പാ നിൻ...’, ‘ഹരികാംബോജി രാഗം...’, ‘നീയെന്നെ ഗായകനാക്കി...’, ‘ഒരു പിടി അവിലുമായി...’, ‘യമുനയിൽ ഖരഹരപ്രിയയായിരുന്നെങ്കിൽ...’ എന്ന ‘മയിൽപ്പീലി’യിലെ ഗാനങ്ങളെല്ലാം ആസ്വാദകഹൃദയങ്ങളിൽ നിത്യസുഗന്ധികളാണ്.

മലയാളസംഗീതത്തിലെ ഇരട്ടസഹോദരന്മാരായ ജയവിജയന്മാരിൽ വിജയന്റെ അകാലമരണത്തിനു ശേഷം സംഗീതലോകം വിട്ടുനിന്ന ജയനെ യേശുദാസ് നിർബന്ധപൂർവം കൂട്ടിക്കൊണ്ടുപോയി സൃഷ്ടിച്ച ഭക്തിഗാന ആൽബം കൂടിയായിരുന്നു ‘മയിൽപ്പീലി’. ഇതിലെ ഒൻപതുഗാനങ്ങളിൽ എട്ടും ഒരു ദിവസം അർധരാത്രിക്കു മുൻപുതന്നെ ജയനും രമേശൻ നായരും തയാറാക്കി സംഗീതവും ചിട്ടപ്പെടുത്തി. ഒൻപതാമത്തെ ഗാനം ജയൻ ആദ്യം ഈണമിട്ട ശേഷം അതനുസരിച്ചെഴുതാമെന്നായിരുന്നു രമേശൻ നായരുടെ തീരുമാനം.

ഇതിനിടെ ടിവിയിൽ കണ്ട ഒരു ഗസലിന്റെ ഈണം ജയനെ ഏറെ സ്വാധീനിച്ചു. ആ ഗസൽരാഗത്തോടു ചേർന്നു നിന്ന് ഹിന്ദുസ്ഥാനിഛായയിൽ ഒരു ഈണം തയാറാക്കി. ‘രാധതൻ പ്രേമത്തോടാണോ കൃഷ്ണാ’ എന്ന ‘മയിൽപ്പീലി’ഗാനത്തിന്റെ പിറവിയിങ്ങനെ. ഒറ്റ ദിവസം കൊണ്ടെഴുതി ചിട്ടപ്പെടുത്തിയ ‘മയിൽപ്പീലി’യിലെ ഗാനങ്ങൾ ഇന്നും സൂപ്പർഹിറ്റാണ്. 1988 സെപ്റ്റംബറിൽ പുറത്തിറങ്ങിയ ആൽബത്തിന്റെ കസെറ്റുകൾ ലക്ഷക്കണക്കിനാണ് വിറ്റുപോയതും.

രമേശൻ നായരുടെ ആദ്യ കസെറ്റ് ‘പുഷ്പാഞ്ജലി’യിലെ ഗാനങ്ങളും ഏറെ പ്രശസ്തം. ‘നെയ്യാറ്റിൻകര വാഴും കണ്ണാ നിൻ മുന്നിലൊരു നെയ്‌വിളക്കാവട്ടെ എന്റെ ജന്മം’ ‘വിഘേനേശ്വരാ ജന്മ നാളികേരം നിന്റെ തൃക്കാൽക്കലുടയ്ക്കുവാൻ വന്നു...’ തുടങ്ങിയ ഗാനങ്ങളായിരുന്നു ഇതിലെ ഹൈലൈറ്റ്. യുവജനോത്സവ വേദികളിലെ ലളിതഗാന മൽസരത്തിൽ ആവർത്തിച്ച് ഉയർന്നുകേട്ട ഗാനങ്ങളിലൊന്നു കൂടിയാണ് ഇതിലെ ‘നെയ്യാറ്റിൻകര വാഴും കണ്ണാ’ എന്ന ഗാനം.

Content Highlights: Malayalam lyricist and poet S Ramesan Nair, Sathabhishekam, Mayilpeeli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com